TopTop
Begin typing your search above and press return to search.

റഷ്യ കോവിഡ് വാക്സിൻ ഉൽപ്പാദനം തുടങ്ങി, ഓഗസ്റ്റ് അവസാനം വിപണിയിലെത്തിയേക്കും

റഷ്യ കോവിഡ് വാക്സിൻ ഉൽപ്പാദനം തുടങ്ങി, ഓഗസ്റ്റ് അവസാനം വിപണിയിലെത്തിയേക്കും

റഷ്യ കോവിഡ് വാകിസിന്റെ ഉൽപ്പാദനം തുടങ്ങി. റഷ്യൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യയിലെ ഇൻറർഫാക്സ് ന്യൂസ് എജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തു. മോസ്കോയിലെ ഗമാലെയ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ആണ് ലോകത്തെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചത്. റഷ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചതായും തന്റെ മകൾക്ക് ആദ്യ കുത്തിവയ്പ് നൽകിയതായും പ്രസിഡന്റ് വ്ളാദിമിർ പുടിൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളിൽ വിജയം നേടി കോവിഡ് വാക്സിന്റെ സുരക്ഷിതത്വം തെളിയിച്ചതായി ചൈനീസ് കമ്പനി സിനോഫാം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

യുഎസ്സും യുകെയുമടക്കമുള്ള രാജ്യങ്ങളിലെ മരുന്ന് കമ്പനികൾ കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ തുടരുകയാണ്. ആസ്ട്ര സെനീക്ക അടക്കമുള്ള കമ്പനികളാണ് ഗവേഷണവുമായി രംഗത്തുള്ളത്. ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാലയുടെ മരുന്ന് വികസിപ്പിക്കാനുള്ള അവസാനഘട്ട ഗവേഷണപ്രവർത്തനങ്ങളിലാണ്. ഇന്ത്യയിൽ ഹൈദരാബാദിലെ ഭാരത് ബയോട്ടെക്കിന്റെ കോവിഡ് വാക്സിൻ പരീക്ഷണമാണ് മുന്നിൽ. രാജ്യത്ത് മൂന്ന് കോവിഡ് വാക്സിനുകളിൽ പരീക്ഷണം നടക്കുകയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞത്.

അതേസമയം റഷ്യയുടെ കോവിഡ് വാക്സിനെ സംശയത്തോടെയാണ് വിവിധ ലോകരാജ്യങ്ങൾ കാണുന്നത്. മരുന്നിന്റെ സുരക്ഷിതത്വത്തേക്കാൾ റഷ്യ പ്രാധാന്യം നൽകുന്നത് ദേശീയ അഭിമാനത്തിനാണെന്ന് പാശ്ചാത്യരാജ്യങ്ങളിലെ ഗവേഷകർ വിമർശിച്ചിരുന്നു. യുഎസ് കോവിഡ് പ്രതിരോധ പരിപാടിയുടെ തലവനായ ഡോ.ആന്റണി ഫോസി അടക്കമുള്ളവർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. റഷ്യയിലെ വാക്സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നാണ് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഡയറക്ടർ കഴിഞ്ഞ ദിവസം പറഞ്ഞത്. 21,176,811 പേ‍ർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 7,65,099 പേർ ഇതുവരെ കോവിഡ് മൂലം മരിച്ചു.


Next Story

Related Stories