Top

ലങ് കാന്‍സറിന്റേതാവാം ഈ ലക്ഷണങ്ങള്‍

ലങ് കാന്‍സറിന്റേതാവാം ഈ ലക്ഷണങ്ങള്‍

ഇന്ത്യയില്‍ ശ്വാസകോശസംബന്ധിയായ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇതിന്റെ പ്രധാന കാരണങ്ങള്‍ വായു മലിനീകരണവും പുകവലിയുമാണ്. ശ്വാസകോശാര്‍ബുദം ((Lung cancer) സ്ത്രീകളിലാണ് കൂടുതല്‍. പുകവലിക്കാത്തവരിലും ഇത് വരാറുണ്ട്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല എന്നതും രോഗം ബാധിച്ചവരെ പ്രശ്‌നത്തിലാഴ്ത്തുന്നു. രോഗം തിരിച്ചറിയുമ്പോഴേക്കും അത് അപകടകരമായ സ്റ്റേജില്‍ എത്തിയിട്ടുണ്ടാകാം.

ലങ് കാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇവയെ പ്രതിരോധിക്കാന്‍ എളുപ്പമാണ്.

നീണ്ടു നില്‍ക്കുന്ന ചുമയാണ് ഇതിന്റെ ആദ്യ ലക്ഷണം. ജലദോഷം, ശ്വസന അണുബാധ മുതലായവ കൊണ്ടുണ്ടാകുന്ന ചുമ ഒരാഴ്ച കൊണ്ട് മാറും. എന്നാല്‍ ചുമ നീണ്ടു നില്‍ക്കുകയാണെങ്കില്‍ പരിശോധന നടത്തണം. മിക്ക ലങ് കാന്‍സര്‍ കേസുകളിലും ശ്വാസകോശത്തില്‍ ട്യൂമര്‍ വളരുന്നുണ്ടാകും. എന്നാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ടാവുകയില്ല. ശ്വാസകോശവുമായി ബന്ധിപ്പിച്ചിരിക്കുന്ന വായുവിന്റെ പാസേജിനെ ട്യൂമര്‍ തളളും. ഇത് ചുമ കൂട്ടും. ചുമയോടൊപ്പം മ്യൂക്കസ് ഉണ്ടെങ്കിലോ വരണ്ടതോ വലിയ ശബ്ദത്തോടെയുള്ള ചുമയോ ആണെങ്കിലും ചുമയ്ക്കുമ്പോള്‍ കട്ട പിടിച്ച രക്തം വരികയാണെങ്കിലും ഡോക്ടറെ കാണണം.

ശ്വാസതടസ്സമാണ് മറ്റൊരു ലക്ഷണം. നടക്കുമ്പോഴോ സംസാരിക്കുമ്പോഴോ എന്തെങ്കിലും സാധാരണ ജോലികള്‍ ചെയ്യുമ്പോഴോ പെട്ടെന്ന് ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടാല്‍ അത് ലങ് കാന്‍സറിന്റെ ലക്ഷണമാകാം. ട്യൂമര്‍ വളര്‍ന്നു വലുതാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

എല്ലുകള്‍ക്ക് വേദനയുണ്ടെങ്കിലും ശ്രദ്ധ നല്‍കണം. ലങ് കാന്‍സര്‍ എല്ലുകളിലേക്ക് വ്യാപിച്ചാല്‍ പുറംവേദന ഉണ്ടാകാം. മിക്കപ്പോഴും എല്ലുകളുടെയും പേശികളുടെയും വേദന തിരിച്ചറിയാന്‍ പ്രയാസമാകും. എല്ലുകളുടെ വേദന രാത്രിയില്‍ കൂടാനും സാധ്യതയുണ്ട്.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുന്നത് ലങ് കാന്‍സറിന്റെയോ മറ്റേതെങ്കിലും കാന്‍സറുകളുടെയോ ലക്ഷണമാകാം. കാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം മൂലം പെട്ടെന്ന് ഭാരം കുറയും. വെയ്റ്റ് ലോസ് ഡയറ്റ് പിന്തുടരാതെതന്നെ ഒരു മാസം കൊണ്ട് 5 കിലോവരെ കുറഞ്ഞാല്‍ അത് അനാരോഗ്യത്തിന്റെ ലക്ഷണമാകാം.

കാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് ഇവയെങ്കിലും ഇത്തരം ലക്ഷണങ്ങളെല്ലാം ക്യാന്‍സര്‍ ആകണമെന്നില്ല. എങ്കിലും ഇത്തരം ലക്ഷണങ്ങളെ നിസാരമായി തള്ളിക്കളയാന്‍ പാടില്ല.


Next Story

Related Stories