TopTop

മൃഗങ്ങളുടെ ആരോഗ്യത്തില്‍ നിങ്ങളുടേതെന്ന പോലെ ജാഗ്രത പാലിക്കുക; അവര്‍ എന്നും അരുമകളായി തുടരട്ടെ

മൃഗങ്ങളുടെ ആരോഗ്യത്തില്‍ നിങ്ങളുടേതെന്ന പോലെ ജാഗ്രത പാലിക്കുക; അവര്‍ എന്നും അരുമകളായി തുടരട്ടെ

കാലില്‍ മുട്ടിയുരുമ്മുന്ന, പതുപതുത്ത പൂച്ചക്കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. പട്ടിയും പൂച്ചയും, കുടുംബാംഗങ്ങളോളം തന്നെ പ്രിയപ്പെട്ടവരാവുന്ന വീടുകളും ഒട്ടും കുറവല്ല. കഴിഞ്ഞ ദിവസം, വീട്ടിലെ പൂച്ചയില്‍ നിന്ന് പേവിഷബാധയേറ്റ പതിനൊന്നു വയസ്സുകാരന്റെ മരണവാര്‍ത്ത ഏറെ സങ്കടത്തോടെയാണ് വായിച്ചത്. പൂച്ച മാന്തിയത് കുട്ടി കാര്യമാക്കിയിരുന്നോ എന്നു സംശയമാണ്. വീട്ടില്‍ എപ്പോഴും കൂടെയുള്ള പട്ടിയുടെയോ, പൂച്ചയുടെയോ ചെറിയ മാന്തലുകളൊക്കെ, പലപ്പോഴും നിസ്സാരമായി നാം കാണാറുണ്ട്. വീട്ടുകാരും അങ്ങനെയൊരു സംഭവം അറിഞ്ഞിരുന്നില്ല. പേവിഷബാധയുടെ ലക്ഷണങ്ങള്‍ അവസാന ഘട്ടത്തില്‍ കണ്ട്, ഡോക്ട്ടര്‍മാര്‍ സംശയമുന്നയിച്ചപ്പോഴാണ്, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, വീട്ടില്‍ ഒരു പൂച്ച ചത്തത് അവര്‍ ഓര്‍മ്മിച്ചെടുത്തത്. പേയിളകിയ ഏതോ മൃഗത്തില്‍ നിന്നും കടിയേറ്റ ആ പൂച്ച, കുട്ടിയെ മാന്തുകയോ കടിക്കുകയോ ചെയ്തിരിക്കാം. കുട്ടിയുടെ ദേഹത്ത് മുന്‍പ് മുറിവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍, പൂച്ച നക്കിയാല്‍ പോലും, ഉമിനീരിലുള്ള റാബീസ് വൈറസ് മുറിവിലൂടെ ശരീരത്തില്‍ പ്രവേശിക്കാം.

വന്യജീവികളുടെയും മനുഷ്യന്റെയും അധീന പ്രദേശങ്ങള്‍ രണ്ടാണ്. രണ്ടു കൂട്ടരും, ഈ അതിര്‍ത്തികള്‍ കഴിവതും ലംഘിക്കാതെ, ജീവിക്കുവാന്‍ ശീലിച്ചിട്ട് കാലങ്ങളായിരിക്കുന്നു. വന്യജീവികളില്‍ നിന്ന് ഏറെ വ്യത്യസ്തമായി, മനുഷ്യനെ ഭയക്കാതെ, അവന്റെ അരുമയായി, പട്ടിയും പൂച്ചയുമൊക്കെ അവന്റെ കൂടെ കൂട്ടിയിട്ട് പതിനായിരത്തിലധികം വര്‍ഷങ്ങളായിരിക്കുന്നു.

നമ്മുടെ ഇടങ്ങളും, ഭക്ഷണശീലങ്ങളും അവര്‍ അവരുടേതു കൂടിയാക്കി. വന്യവാസനകള്‍ പലതും മറന്നു പോലും പോയ ഈ മൃഗങ്ങളെ, ഭയക്കണമെന്നല്ല, ഇത്തരം സംഭവങ്ങളില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. പക്ഷെ എപ്പോള്‍ വേണമെങ്കിലും, വന്യതയില്‍ നിലനില്‍ക്കുന്ന രോഗങ്ങള്‍, അതിര്‍ത്തികള്‍ ലംഘിച്ച് ,

മനുഷ്യനിലേക്ക് എത്താനുള്ള കണ്ണികളായി ഇവര്‍ പ്രവര്‍ത്തിക്കാം എന്ന അവബോധം തീര്‍ച്ചയായും ഉണ്ടായിരിക്കണം.

പേവിഷബാധയുണ്ടായാല്‍ മനുഷ്യനെപ്പോലെ, പട്ടിയ്ക്കും പൂച്ചയ്ക്കും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരണം നിശ്ചയമാണ്. പരമാവധി പത്ത് ദിവസമൊക്കെയാണ് അവ പേയിളകിയതിന് ശേഷം ജീവിക്കുന്നത്.

കുറുക്കന്മാര്‍, മറ്റ് വന്യമൃഗങ്ങള്‍ എന്നിവ പേവിഷബാധയുടെ വാഹകരാവാം. ഇവയുടെ കടിയേറ്റാല്‍ സസ്തനികളായ വളര്‍ത്തുമൃഗങ്ങള്‍ക്ക് വിഷബാധയുണ്ടാവും.

• പട്ടികളാണ് മനുഷ്യര്‍ക്ക് റാബീസ് പരത്തുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍(90%).

• പൂച്ചകളും മനുഷ്യരിലേക്ക് രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

• പശു, ആട് തുടങ്ങിയ നാല്‍ക്കാലികളില്‍ നിന്നും പേവിഷബാധയേല്‍ക്കാനുള്ള സാധ്യതകളുണ്ട്.പേവിഷബാധയേറ്റ പശുവോ, ആടോ , മറ്റ് സസ്തനികളോ കടിച്ചാലോ, മുറിവില്‍ നക്കിയാലോ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണം. പലപ്പോഴും പേയിളകി ചത്ത വളര്‍ത്തുമൃഗങ്ങളുടെ പാല്‍ കുടിച്ചു പോയതിനാല്‍ പരിഭ്രാന്തരായി കൂട്ടത്തോടെ ആളുകള്‍ പ്രതിരോധകുത്തിവെപ്പിനായി എത്താറുണ്ട്. തിളപ്പിച്ച പാല്‍ കുടിച്ചവര്‍ക്ക് യാതൊന്നും ആശങ്കപ്പെടാനില്ല, ആ ചൂടില്‍ വൈറസ് പൂര്‍ണ്ണമായും നശിച്ചു പോവും. തിളപ്പിക്കാത്ത പാല്‍ കുടിച്ച് പേവിഷബാധയേറ്റതായി ഇത് വരെ ലോകത്തെവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും വായിലെയോ മറ്റോ, ചെറിയ മുറിവുകളിലൂടെ പാലിലെ വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിക്കാനുള്ള സാങ്കേതിക സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇനി ഇല്ലെങ്കില്‍ പോലും, തിളപ്പിക്കാത്ത പാല്‍ കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. പാസ്ചറൈസ് ചെയ്ത പാലിലും റാബീസ് വൈറസ് നശിച്ചു പോവും.

• അണ്ണാന്‍, മുയല്‍, വീടുകളില്‍ കാണുന്ന ചെറിയ എലികള്‍ എന്നിവ റാബീസ് പടര്‍ത്തുന്നതായി കണ്ടെത്തിയിട്ടില്ല. അതു കൊണ്ട്, ഇവ കടിച്ചാല്‍ പ്രതിരോധകുത്തിവെപ്പുകള്‍ സാധാരണയായി നല്‍കാറില്ല.

• വലിയ പെരുച്ചാഴി (bandicoot rats) കടിച്ചാലോ , മാന്തിയാലോ പേവിഷബാധയേല്‍ക്കാതിരിക്കാനുള്ള കുത്തിവെപ്പുകള്‍ എടുക്കേണ്ടതാണ്.

• ഇന്ത്യയില്‍ സാധാരണ കാണാറുള്ള വവ്വാലുകളില്‍ ഇത് വരെ റാബീസ് വൈറസ് കണ്ടെത്താനായിട്ടില്ല. എന്നാല്‍ പല പാശ്ചാത്യ രാജ്യങ്ങളിലും കാണുന്ന, ചിലയിനം വവ്വാലുകള്‍ അവിടെ രോഗവാഹകരാണ്.

കടിക്കുമ്പോള്‍ ഉമിനീരിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന റാബീസ് വൈറസ്, നാഡികള്‍ വഴി, തലച്ചോറില്‍ എത്തുന്നു. ഇടയ്ക്കിടെ കാല്‍പാദങ്ങള്‍ നക്കിത്തുടച്ചു വൃത്തിയാക്കുന്ന ശീലമുള്ള മൃഗങ്ങള്‍, മാന്തിയാലും, ഉമിനീരിലുള്ള വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിക്കാം. തുടര്‍ന്ന് തലച്ചോറില്‍ ഉണ്ടാക്കുന്ന എന്‍സെഫലൈറ്റിസ് അഥവാ മസ്തിഷ്‌കവീക്കം പല വിധ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും തുടക്കം തലവേദനയോട് കൂടിയ ഒരു പനിയില്‍ നിന്നാണ് . ചിലര്‍ക്ക് കടിയേറ്റ ഭാഗത്ത് തരിപ്പോ, ചൊറിച്ചിലോ അനുഭവപ്പെടാം.എന്നാല്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, പെരുമാറ്റത്തിലുള്ള വ്യത്യാസങ്ങള്‍, ഉറക്കമില്ലായ്മ, വിഭ്രാന്തി എന്നിവ പ്രകടിപ്പിക്കുന്നു. വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട് പലപ്പോഴും വെള്ളം കാണുമ്പോഴുള്ള പേടി (hydrophobia) ആയാണ് രോഗി പ്രകടിപ്പിക്കുക. അന്ത്യം പലപ്പോഴും ദാരുണമാണ്. ചെറിയ വെളിച്ചമോ, ഇളം കാറ്റോ പോലും കടുത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന, ഇടയ്ക്കിടെ അപസ്മാരമുണ്ടാവുന്ന, ബോധത്തിനും അബോധാവസ്ഥയ്ക്കുമിടയില്‍ മുങ്ങിനിവരുന്ന ദാരുണമായ അവസ്ഥ. പേവിഷബാധയുണ്ടായാല്‍ മരണം നൂറുശതമാനത്തോളം ഉറപ്പാണ്. അപൂര്‍വമായി ചിലര്‍, ലോകത്ത് പല ഭാഗങ്ങളിലായി രക്ഷപ്പെട്ടതായി രേഖപ്പെടുത്തിയുണ്ടെങ്കില്‍ പോലും, അതൊക്കെ വിരലില്‍ എണ്ണാവുന്നവ മാത്രമാണ്.

കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് മുറിവ് പത്ത് പതിനഞ്ച് മിനിറ്റോളം, സോപ്പുപയോഗിച്ച് നന്നായി കഴുകുക. മുറിവിന്റെ വായിലുള്ള വൈറസുകളെ നശിപ്പിക്കാനാണിത്. വെറും കൈ കൊണ്ട് കഴിവതും മുറിവില്‍ തൊടാതെ നോക്കണം, കൈകളില്‍ മറ്റു മുറിവുകള്‍ ഉണ്ടെങ്കില്‍ അതിലൂടെ വൈറസ് പകരാതിരിക്കാനാണിത്. കഴുകിയതിനു ശേഷം മുറിവില്‍ ബീറ്റാഡിന്‍ പോലെയുള്ള അണുനശീകരണ മരുന്നുകള്‍ ഇടാവുന്നതാണ്. അതേ മൃഗത്തില്‍ നിന്ന് വീണ്ടും കടി ഏല്‍ക്കാതെ നോക്കണം. സാധിക്കുമെങ്കില്‍, മൃഗത്തെ എവിടെയെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യാം. മുന്‍പ് പറഞ്ഞ മൃഗങ്ങളില്‍ ഏതിന്റെയെങ്കിലും കടിയോ മാന്തലോ ഏറ്റാല്‍ താമസിയാതെ തന്നെ വൈദ്യസഹായം തേടുക.

പ്രതിരോധചികിത്സാരീതി നിര്‍ണ്ണയിക്കുന്നത് പലവിധ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ്. ആന്റിറാബീസ് വാക്‌സിന്‍, ഇമ്മ്യൂണോഗ്‌ളോബുലിന്‍ എന്നീ രണ്ട് മരുന്നുകളാണ് പ്രധാനമായി പ്രതിരോധചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. വിഷബാധയുണ്ടാവാനുള്ള സാധ്യത അളക്കാന്‍ ചില മാനദണ്ഡങ്ങള്‍ നിലവിലുണ്ട്.

• മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങള്‍ നക്കുക, എന്നിവ വഴി വിഷബാധയേല്‍ക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ (കാറ്റഗറി 1), കുത്തിവെപ്പുകള്‍ നല്‍കേണ്ടതില്ല. ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പുപയോഗിച്ചു പത്തു പതിഞ്ചു മിനിറ്റു കഴുകിയാല്‍ മാത്രം മതിയാവും.

• തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ എന്നിവയ്ക്ക് (കാറ്റഗറി 2) പ്രതിരോധ കുത്തിവെയ്പ്പ് വേണം.

• രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക, വന്യമൃഗങ്ങളുടെ കടി എന്നിവയുടെ അപകടസാധ്യത ( കാറ്റഗറി 3 )വളരെ കൂടുതല്‍ ആയത് കൊണ്ട് തന്നെ, സാധാരണ നല്കാറുള്ള ആന്റിറാബീസ് കുത്തിവെപ്പിനോടൊപ്പം, ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി നല്‍കാറുണ്ട്.

മുറിവിന് ചുറ്റുമായി എടുക്കുന്ന ഈ ഇമ്മ്യൂണോഗ്ലോബിനുകള്‍, പെട്ടെന്ന് തന്നെ പ്രതിരോധം പ്രദാനം ചെയ്യുന്നവയാണ്. ആന്റിറാബീസ് വാക്സിന്‍ ശരീരത്തില്‍ പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടാക്കി വരാനെടുക്കുന്ന കാലയളവില്‍, ഇമ്മ്യുണോഗ്ലോബലിന്‍ സുരക്ഷ ഉറപ്പാക്കും.

മുറിവുകള്‍ കഴിവതും തുന്നാറില്ല. തുന്നുമ്പോള്‍, മുറിവിന് ചുറ്റുമുള്ള നാഡികളിലൂടെ വൈറസ് മസ്തിഷ്‌കത്തിലെത്താനുള്ള സാധ്യത കൂടിയേക്കാം എന്നത് കൊണ്ടാണിത്. എന്നാല്‍ തുന്നിടേണ്ടി വരുന്ന ചില സാഹചര്യങ്ങളില്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കിയാണ് തുന്നിടാറുള്ളത്.

പൊക്കിളിനു ചുറ്റും, ഒരുമിച്ചെടുക്കുന്ന വേദനാജനകമായ പഴയ കുത്തിവെപ്പുകളൊന്നും ഇപ്പോഴില്ല. തോളിന് താഴെ, തൊലിപ്പുറത്ത് പല ദിവസങ്ങളിലായി എടുക്കുന്ന നാലു ഡോസുകള്‍ (0,3,7,28 ദിവസങ്ങളില്‍) ആണ് ഇപ്പോഴത്തെ രീതി. പേശികളില്‍ പല ദിവസങ്ങളിലായി എടുക്കുന്ന അഞ്ചു ഡോസുകളുള്ള രീതിയും സ്വീകാര്യമാണ്, ചില സ്വകാര്യആശുപത്രികളില്‍ ഇങ്ങനെയാണ് നല്‍കുന്നത്.

• ആര്‍ക്ക് കടിയേറ്റാലും പ്രതിരോധ കുത്തിവെപ്പ് എടുക്കണം, അതിനി ഗര്‍ഭിണിയാവട്ടെ, മുലയൂട്ടുന്ന അമ്മയാവട്ടെ, നവജാതശിശുവാവട്ടെ. നൂറു ശതമാനത്തോളം മരണസാധ്യതയുള്ള ഈ രോഗത്തിന്, ആകെയുള്ള ഈ പ്രതിരോധമാര്‍ഗ്ഗം, ഒരു കാരണവശാലും നല്കാതിരിക്കേണ്ടതില്ല.

• ഒരിക്കല്‍ കടിയേറ്റ്, മുഴുവന്‍ കുത്തിവെപ്പുകളും എടുത്തവര്‍ക്ക്, മൂന്നു മാസത്തിനുള്ളില്‍ വീണ്ടും കടിയേറ്റാല്‍, ഒരിക്കല്‍ കൂടി കുത്തിവെപ്പുകള്‍ എടുക്കേണ്ടതില്ല.

• പ്രതിരോധ കുത്തിവെപ്പുകള്‍ മുഴുവന്‍ ഡോസുകളും ഒരിക്കല്‍ എടുത്താല്‍, വര്‍ഷങ്ങളോളം പ്രതിരോധശേഷി നിലനില്‍ക്കുമെന്ന് തന്നെയാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നാലും, മൂന്നു മാസത്തിനു ശേഷം, വീണ്ടുമുണ്ടാവുന്ന കടികള്‍ക്ക്, രണ്ട് ഡോസുകള്‍ കൂടി (0,3 ദിവസങ്ങളില്‍), ഒരു തോളില്‍ തന്നെ കൊടുക്കാറുണ്ട്. മുന്‍പ് ഉണ്ടാക്കിയ ആന്റിബോഡികളെ ഒന്നുകൂടി ഉണര്‍ത്തി, പ്രതിരോധം ശക്തിപ്പെടുത്താനാണിത്. എന്നാല്‍ ഇവര്‍ക്കും ഇമ്മ്യൂണോഗ്ലോബുലിനുകള്‍ ആവശ്യമില്ല.

• ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ പേവിഷബാധാ പ്രതിരോധ നിര്‍ദ്ദേശങ്ങളില്‍ ഏറെ വ്യതാസങ്ങള്‍ വന്നിട്ടുണ്ട്. വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തിലും, ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കേണ്ടുന്ന രീതിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വിലകൂടിയ ഇമ്മ്യൂണോഗ്ലോബുലിന്‍ മരുന്നുകളുടെ വിനിയോഗം അളവില്‍ കുറയ്ക്കാന്‍ സാധിക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍, വൈകാതെ ഇന്ത്യയിലും നടപ്പില്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സര്‍ക്കാര്‍തലത്തില്‍ സൗജന്യമായി ആന്റിറാബീസ് വാക്‌സിനുകള്‍ ലഭ്യമാണ്. മിക്ക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും, എല്ലാ താലൂക്, ജില്ലാ ആശുപത്രികളിലും ഇവ ലഭ്യമാണ്. ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പുകള്‍ മിക്ക ജില്ലാ ആശുപത്രികളിലും, മെഡിക്കല്‍ കോളേജുകളിലും ഉണ്ടാവാറുണ്ട്. ചില സ്വകാര്യ ആശുപത്രികളില്‍ ഇവ രണ്ടും ലഭ്യമാണ്. ശരീര ഭാരത്തിനനുസൃതമായാണ് ആന്റി റാബീസ് ഇമ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്.

ചിലര്‍ കടിയേറ്റ് രണ്ടു മാസമൊക്കെ കഴിഞ്ഞ് വരാറുണ്ട്, പ്രതിരോധ കുത്തിവെപ്പ് ഇനി എടുക്കേണ്ടതില്ലല്ലോ എന്ന് ചോദിച്ച് കൊണ്ട്. കടിച്ചതോ, മാന്തിയതോ ആയ, പട്ടിയോ പൂച്ചയോ പത്തു ദിവസത്തിനു ശേഷവും ജീവനോടെയുണ്ടെങ്കില്‍ കുത്തിവെപ്പിനു പ്രസക്തിയില്ല. പട്ടിയോ പൂച്ചയോ അല്ലാത്ത, മറ്റേത് മൃഗങ്ങള്‍ ആണെങ്കിലും, പത്തുദിവസം എന്ന കണക്ക് നോക്കാന്‍ പാടുള്ളതല്ല. തെരുവ് നായ കടിക്കുകയോ, കടിച്ച മൃഗത്തെ പിന്നെ കാണാതാവുകയോ, അത് മരണപ്പെടുകയോ ചെയ്താല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പോലും, തീര്‍ച്ചയായും കുത്തിവെപ്പുകള്‍ എടുക്കണം. കടിയേറ്റ് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പേവിഷബാധയേറ്റ കേസുകള്‍ ഉണ്ടെങ്കിലും, ആദ്യ ലക്ഷണങ്ങള്‍ കാണാന്‍ ശരാശരി ഒന്നു മുതല്‍ മൂന്നു മാസങ്ങള്‍ വരെ സാധാരണ എടുക്കാറുണ്ട് ( ഇന്‍ക്യൂബേഷന്‍ കാലയളവ്) . മുഖത്തോ, വിരലുകളിലോ കടിയേറ്റാല്‍ വിഷബാധ പെട്ടെന്നുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. വിരലുകള്‍ നാഡീനിബിഡമായത് കൊണ്ടും, മസ്തിഷ്‌കത്തില്‍ പെട്ടെന്ന് വൈറസ് എത്തിയേക്കാം എന്നുള്ളത് കൊണ്ടുമാണ് അപകടസാധ്യത കൂടുന്നത്.

കടിയേറ്റ് ആറേഴ് വര്‍ഷങ്ങള്‍ക്ക് ശേഷവും, അപൂര്‍വമായി, പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമൊക്കെ ചിലരില്‍ പേവിഷബാധ കാണാറുണ്ട്. കടിയേറ്റ്, ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പേവിഷബാധയുടെ ലക്ഷണങ്ങളുമായി എത്തി മരണപ്പെട്ട ആളുടെ കേസ് ഗോവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്!

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പേവിഷബാധ പകരുമോ എന്നത് സ്വാഭാവിക സംശയമാണ്. പേവിഷബാധയേറ്റ വ്യക്തിയുടെ അവയവങ്ങള്‍ സ്വീകരിച്ച മറ്റൊരാള്‍ക്ക് വരുന്നതായി പറയുന്നുണ്ടെങ്കിലും, ലോകത്തെവിടെയും, മനുഷ്യന്‍ കടിച്ചതോ, മാന്തിയതോ വഴി രോഗം പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അവസാന ഘട്ടത്തില്‍ രോഗിയുടെ ഉമിനീരില്‍ റാബീസ് വൈറസ് ഉണ്ടായിരിക്കാം എന്നിരിക്കെ, കടിയ്ക്കുന്നതിലൂടെ പകരാനുള്ള സാങ്കേതിക സാധ്യത നിലനില്‍ക്കുന്നുണ്ടെന്നു മാത്രം. മൃഗങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനു, അഞ്ചാറു ദിവസം മുന്‍പ് മുതല്‍, മരിക്കുന്നത് വരെ ഉമിനീരില്‍ റാബീസ് വൈറസ് ഉണ്ടായിരിക്കും.

നിങ്ങളുടെ വീടുകളില്‍, അരുമമൃഗങ്ങളുമായി അടുത്ത സമ്പര്‍ക്കം ഉണ്ടാവുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

• അവയെ കൃത്യമായി മൃഗഡോക്ട്ടറുടെ അടുത്ത് കൊണ്ട് പോയി, കുത്തിവെപ്പുകള്‍ എടുപ്പിക്കുക.

മൂന്നാം മാസത്തിലുള്ള പ്രതിരോധ കുത്തിവെപ്പിന് ശേഷം ഓരോ വര്‍ഷവും ബൂസ്റ്റര്‍ ഡോസുകളും എടുക്കേണ്ടതുണ്ട്. കുത്തിവെപ്പ് എടുത്തതിന്റെ രേഖകള്‍ കൃത്യമായി സൂക്ഷിക്കണം. മൃഗങ്ങള്‍ക്ക് കുത്തിവെപ്പെടുത്തു എന്നുണ്ടെങ്കിലും, അവയില്‍ നിന്ന് മാന്തലോ, കടിയോ ഏറ്റാല്‍, പേവിഷബാധ കുത്തിവെപ്പുകള്‍ നമ്മളും എടുത്തിരിക്കണം. നമ്മുടെ നാട്ടിലെ കുത്തിവെപ്പുകളുടെ നിലവാരമോ, അതു മൃഗങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിരോധശേഷിയുടെ അളവോ, നിരീക്ഷിക്കാനുള്ള കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ഈ മുന്‍കരുതല്‍.

• മറ്റു തെരുവ്/വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുവാനായി, വളര്‍ത്തുമൃഗങ്ങളെ, രാത്രി സമയങ്ങളിലെങ്കിലും, അടച്ചുറപ്പുള്ള കൂടുകളിലാക്കുക. പകല്‍ സമയങ്ങളില്‍ പുറത്തിറക്കുന്നുണ്ടെങ്കില്‍ തന്നെ, ഉയര്‍ന്ന ചുറ്റുമതിലോ, ചാടി കടക്കാന്‍ സാധിക്കാത്ത രീതിയിലുള്ള വേലിക്കെട്ടുകളോ വീടിനു ചുറ്റും സ്ഥാപിക്കുക. പുറത്തു നടക്കാന്‍ കൊണ്ട് പോവുന്നത് നേരിട്ടുള്ള നിരീക്ഷണത്തിലാക്കുക.

മേല്‍പറഞ്ഞ കാര്യങ്ങളൊക്കെ പൂച്ചകളുടെ കാര്യത്തില്‍ ഒരല്പം ബുദ്ധിമുട്ടാണ്. പതുങ്ങിനീങ്ങുന്ന പൂച്ചകള്‍ പലപ്പോഴും മതില്‍കെട്ടുകള്‍ നിഷ്പ്രയാസം ചാടിക്കടന്ന്, ഉലകം ചുറ്റി, കണ്ണടച്ചു തുറക്കുമ്പോഴേക്കും തിരിച്ചെത്തും. ഒരു പക്ഷെ ഈ പ്രത്യേകതയുള്ളതിനാല്‍, പൂച്ചകളെ വളര്‍ത്തു പട്ടികളെപ്പോലെ തന്നെ ശ്രദ്ധിക്കണം. അവയ്ക്ക്, തെരുവ്‌നായ്ക്കളുടെയോ, കുറുക്കന്മാരുടെയോ, പേവിഷബാധയുള്ള മറ്റു തെരുവ്പൂച്ചകളുടെയോ തന്നെ ദംശനമേല്‍ക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്.

• വളര്‍ത്തുമൃഗങ്ങളില്‍ ഉണ്ടാവുന്ന പെരുമാറ്റമാറ്റം തിരിച്ചറിയാന്‍ ശ്രമിക്കണം. പെട്ടെന്ന് ഭക്ഷണം കഴിക്കാതാവുക, വായില്‍ നിന്ന് നുരയും പതയും വരിക, കുരയ്ക്കുമ്പോഴുള്ള ശബ്ദമാറ്റം, പിന്‍കാലുകള്‍ തളരുന്നത് മൂലം നടക്കുമ്പോള്‍ വീഴാന്‍ പോവുക, ആക്രമണോത്സുകരാവുക, പ്രകോപനമില്ലാതെ ഉപദ്രവിക്കുക എന്നിവയൊക്കെ ലക്ഷണങ്ങളാവാം. ചില മൃഗങ്ങളില്‍ ആക്രമണോത്സുകതയ്ക്ക് പകരം, മിണ്ടാതെ ഒതുങ്ങിക്കൂടാനുള്ള പ്രവണതയും കാണാറുണ്ട്.

• വളര്‍ത്തു മൃഗങ്ങളുടെ കടിയോ, മുന്‍പ് പറഞ്ഞ മറ്റേത് രീതിയിലുള്ള എക്‌സ്‌പോഷറോ ഉണ്ടായാല്‍ ഒരു ഡോക്ട്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധചികിത്സ എടുക്കുക.

• ഇത്തരം ലക്ഷണങ്ങളോട് കൂടി വളര്‍ത്തുമൃഗങ്ങള്‍ ചത്താല്‍, മൃഗഡോക്ട്ടറെ അറിയിക്കുകയും, ആവശ്യമെങ്കില്‍ അവയുടെ മസ്തിഷ്‌കപരിശോധന നടത്തി, പേവിഷബാധ മൂലമാണോ എന്ന് ഉറപ്പിക്കാനും സാധിക്കും.

• സ്ഥിരമായി മൃഗങ്ങളുടെ കടിയോ മാന്തലോ കിട്ടാന്‍ സാധ്യതയുള്ള ജോലിയോ, സാഹചര്യമോ ഉണ്ടെങ്കില്‍, മുന്‍കൂര്‍ സംരക്ഷണത്തിനായി മൂന്നു ദിവസങ്ങളിലായുള്ള (0, 7 ,28 ദിവസങ്ങളില്‍) പ്രതിരോധ കുത്തിവെപ്പ് എടുത്തു വെയ്ക്കാം. ഈ കുത്തിവെപ്പ് എടുത്തവരെ വീണ്ടും മൃഗങ്ങള്‍ കടിച്ചാല്‍, പിന്നീട് രണ്ടു കുത്തിവെപ്പുകള്‍ , ( 0, 3 ദിവസങ്ങളില്‍) മതിയാകും. മുന്‍കൂര്‍ കുത്തിവെപ്പ് എടുത്തത് കൊണ്ട് ലഭിച്ച പ്രതിരോധത്തെ, ഒന്നു കൂടി ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇത്. ഇവര്‍ക്ക് ഇമ്മ്യൂണോഗ്ലോബുലിന്‍ പിന്നീട് എടുക്കേണ്ടതുമില്ല.

മരണവിധി ഉറപ്പായുള്ള ഒരു രോഗമായത് കൊണ്ട് തന്നെ, പേവിഷബാധ തടയാനുള്ള എല്ലാ വിധ പ്രതിരോധ മാര്‍ഗ്ഗങ്ങളും വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

'ഏക ആരോഗ്യം' അഥവാ 'one health' എന്നത് ആരോഗ്യത്തെക്കുറിച്ചുള്ള നൂതനമായ കാഴ്ച്ചപ്പാടാണ്. ഇത് പ്രകാരം, മനുഷ്യരുടേ ആരോഗ്യം അവന്റെ ചുറ്റുമുള്ള മൃഗങ്ങളുടെയും, പരിസ്ഥിയുടെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. അത് നിലനിര്‍ത്തുന്നതിന് വേണ്ടത് നിതാന്തമായ ജാഗ്രതയാണ്. അരുമ മൃഗങ്ങളുടെ ആരോഗ്യത്തില്‍, നിങ്ങളുടേതെന്ന പോലെ ജാഗ്രത പാലിക്കുക, അവര്‍ എന്നും നിങ്ങളുടെ അരുമകളായി തന്നേ തുടരട്ടെ...

ഇന്‍ഫോ ക്ലിനിക്കിനു വേണ്ടി ഡോ നവ്യ തൈക്കാട്ടില്‍ തയ്യാറാക്കിയത്.


Next Story

Related Stories