TopTop
Begin typing your search above and press return to search.

രണ്ട് വര്‍ഷമാണ് പോരാടിയത്, ഈ വൈറസിനെ തുരത്താന്‍; എബോളയെ തുടച്ചു നീക്കിയ ആഫ്രിക്കന്‍ വിജയഗാഥ

രണ്ട് വര്‍ഷമാണ് പോരാടിയത്, ഈ വൈറസിനെ തുരത്താന്‍; എബോളയെ തുടച്ചു നീക്കിയ ആഫ്രിക്കന്‍ വിജയഗാഥ

ലോകത്തെ ഭീതിയിലാഴ്ത്തി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ വീണ്ടും പടര്‍ന്നുപിടിച്ച എബോളയെ രണ്ട് വർഷത്തിന് ശേഷം അതിജീവിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഏപ്രിൽ 27 മുതൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പുതിയ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2018 ഓഗസ്റ്റിൽ വീണ്ടും വൈറസ് പടര്‍ന്നു പിടിച്ച ശേഷം 2,280 പേർക്കാണ് ജീവന്‍ നഷ്ടമായത്. 2014 നും 2016 നും ഇടയിൽ പശ്ചിമാഫ്രിക്കയിൽ 11,000 പേരുടെ ജീവനെടുത്തിട്ടുണ്ട് എബോള.1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്.എബോള വൈറസ് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കംവഴി മാത്രമേ പകരുകയുള്ളു. രോഗികളുടെ ശരീരസ്രവങ്ങളിലും രക്തത്തിലും വൈറസുകളുണ്ടാകും. ഇവ സ്പര്‍ശിച്ചാല്‍, ശരീരത്തിലെ തൊലിയിലെ സൂക്ഷ്മമായ വിടവുകളിലൂടെ, വൈറസ് കോശത്തിനകത്തു കടക്കും. കോശം തകര്‍ന്ന്, കോശസ്തരത്തിന്റെ ഭാഗങ്ങള്‍കൊണ്ടു പൊതിഞ്ഞ വൈറസുകള്‍ പുറത്തുവരും. മാക്രോഫെയ്ജുകളെ നശിപ്പിക്കുന്നതിനാല്‍, രോഗിയുടെ പ്രതിരോധശേഷി കുറയും. രോഗിയുടെ രോഗപ്രതിരോധ സംവിധാനം താറുമാറാകും. അങ്ങനെ തുടക്കത്തില്‍ത്തന്നെ രോഗിക്ക് പ്രതിരോധശേഷി ഇല്ലാതാകും. സംക്രമണം (Chemokines) രോഗിയുമായി നേരിട്ട് ബന്ധപ്പെട്ടാല്‍ മാത്രമേ രോഗം പകരുകയുള്ളു.കടുത്ത രാഷ്ട്രീയ-സാമൂഹിക അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന കിഴക്കന്‍ കോംഗോയില്‍ നിന്നും എബോളയെ കെട്ടുകെട്ടിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). എന്നിരുന്നാലും, പടിഞ്ഞാറൻ യൂറോപ്പിന്റെ അത്രയും വിശാലമായ കോംഗോയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നും വൈറസിനെ തുരത്താന്‍ കഴിഞ്ഞിട്ടില്ല. ഫലപ്രദമായ വാക്സിനുകളും ചികിത്സകളും അതിജീവന നിരക്ക് ഉയരാന്‍ കാരണമായി. 'ഡിആർ‌സിയിലെ പത്താമത്തെ എബോള പൊട്ടിത്തെറിയേയും അതിജീവിച്ചുവെന്ന സന്തോഷം ആഘോഷിക്കുകയാണ് നമ്മള്‍. ഈ പൊട്ടിത്തെറി നമ്മിൽനിന്നും ധാരാളം പേരെ അപഹരിച്ചു. എങ്കിലും ലൈസൻസുള്ള വാക്സിൻ ഉപയോഗിച്ചുള്ള ഫലപ്രദമായ ചികിത്സകൾകൊണ്ട് നാമതിനെ മറികടന്നു' എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തത്.പരസ്പരമുള്ള സഹകരണം ഒന്നുകൊണ്ട് മാത്രമാണ് ഈ മാഹാ വിപത്തിനെ ഒരു പ്രദേശത്ത്നിന്നും തുടച്ചു നീക്കാന്‍ കഴിഞ്ഞത് എന്ന് ആഫ്രിക്കയിലേക്കുള്ള ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഡയറക്ടർ പറയുന്നു. ഒരുമയും നിശ്ചയദാര്‍ഢ്യവും ശാസ്ത്രത്തിന്‍റെ പിന്തുണയുമുണ്ടെങ്കില്‍ ഏതു പകർച്ചവ്യാധിയും നിയന്ത്രിക്കാൻ കഴിയുമെന്നതിന്റെ അടയാളമാണ് ഇതെന്നും ഡോ. മാത്ഷിദിസോ മൊയിതി കൂട്ടിച്ചേര്‍ത്തു. ഒരു ഭാഗത്ത് എബോള പകർച്ചവ്യാധിയുടെ അന്ത്യം ആഘോഷിക്കുമ്പോള്‍ 1,000 കിലോമീറ്റർ അകലെയുള്ള പടിഞ്ഞാറൻ നഗരമായ മന്ദകയിൽ വീണ്ടും എബോള പൊട്ടിപ്പുറപ്പെട്ടുവെന്ന വാര്‍ത്തയാണ് വരുന്നത്. ജൂൺ ഒന്നിന് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 24 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13 പേര്‍ മരണപ്പെട്ടു. എന്നാല്‍ നിലവിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ അവിടെയും വൈറസ് വ്യാപകമായി പടരുന്നത് പിടിച്ചു നിര്‍ത്താനാവുവെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു.


Next Story

Related Stories