TopTop

ജീവിത ശൈലിയില്‍ ഏറ്റവും ശ്രദ്ധ വേണ്ടത് ഏതു പ്രായത്തില്‍?

ജീവിത ശൈലിയില്‍ ഏറ്റവും ശ്രദ്ധ വേണ്ടത് ഏതു പ്രായത്തില്‍?

1. സല്‍ക്കാരത്തിനിടയിലെ ഉപ്പാപ്പ:

അരി, ഗോതമ്പ്, മൈദ ഇവ കൊണ്ടുണ്ടാക്കാന്‍ കഴിയുന്ന എല്ലാ മോഡലുകളും. വിവിധ മേക്കപ്പില്‍ ഊഴം കാത്തു നില്‍ക്കുന്ന മീന്‍, കോഴി, ആട്, പോത്ത് തുടങ്ങി അനേകം ജീവജാലങ്ങള്‍.... ഒഴിയുമ്പോള്‍ ഒഴിയുമ്പോള്‍ പ്ലേറ്റ് നിറക്കാന്‍ രണ്ടു പരിചാരകര്‍ മേശക്കിരുവശവും. പ്രോല്‍സാഹന വാക്കുകളുമായി ഗൃഹനാഥ.

'നിങ്ങളെന്താണ് ഒന്നും_ _കഴിക്കാത്തത്? കഴിക്കേണ്ട പ്രായമല്ലേ?' (40 വയസ്സേ !)

അവരുടെ മേശയിലും നമ്മുടെ ആമാശയത്തിലും ഒരു ഇഞ്ച് സ്‌പേസ് ഒഴിവു വന്നാല്‍ അതൊരു മാനഹാനി ആണ് അവര്‍ക്ക്. കുടുംബത്തിലെ കാര്യപ്പെട്ടവരെല്ലാം മേശക്ക് ചുറ്റും ഉപവിഷ്ടരായിട്ടുണ്ട്, ഒരാള്‍ ഒഴികെ. വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗം. മുത്തച്ഛന്‍.

'അയ്യോ ഉപ്പാപ്പക്ക് ഷുഗറാ''

ഉപ്പാപ്പയുടെ ഭക്ഷണം - രണ്ട് ചപ്പാത്തിയും കുറച്ച് വെജിറ്റബിള്‍ കറിയും കുറച്ച് കക്കിരിക്ഷണങ്ങളും!

70 വയസ്സിനു മുകളില്‍ പ്രായം കാണും. ആയ കാലത്ത് കഷ്ടപ്പെട്ട് പണിയെടുത്തതിന്റെ വിയര്‍പ്പാണ് ഇന്ന് മേശപ്പുറത്ത് കാണുന്ന പറോട്ടയും പൊരിച്ച കോഴിയുമൊക്കെ!

ഇതിന്റെ പല പല രൂപഭേദങ്ങള്‍ നമ്മള്‍ നിത്യവും കാണുന്നു. പ്രമേഹം ഉള്ള വൃദ്ധന്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം, ചികിത്സ. ചെറുപ്പക്കാര്‍ക്ക് ഭക്ഷണം, ആര്‍മാദം. ഒരു വീട് ഒരേ സമയം സിദ്ധീഖ് ലാല്‍ സിനിമയും അടൂര്‍ സിനിമയും ഓടുന്ന മള്‍ട്ടിപ്ലക്‌സ് പോലെ.

എന്നാല്‍ പ്രമേഹം കര്‍ശനമായി നിയന്ത്രിക്കേണ്ടത് എപ്പോഴാണ്? ജീവിത ശൈലിയില്‍ ഏറ്റവും ശ്രദ്ധ വേണ്ടത് ഏതു പ്രായത്തിലാണ്?

പ്രമേഹം കൊണ്ട് ഒരാള്‍ക്കുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ തീരുമാനിക്കുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്.

ഒന്ന് - പ്രമേഹത്തിന്റെ കാലയളവ്.

രണ്ട് - പ്രമേഹത്തിന്റെ അത്രയും കാലത്തെ നിയന്ത്രണം.

പ്രായമായവരില്‍ ഉള്ള പ്രമേഹരോഗത്തില്‍ ഭൂരിഭാഗവും അവരുടെ 'നല്ല' പ്രായത്തില്‍ തുടങ്ങിയവയാവും. ആദ്യകാലത്തെ നിയന്ത്രണമില്ലായ്മ അയാളുടെ കണ്ണ്, ഞരമ്പ്, വൃക്ക, ഹൃദയത്തിലേക്കും കാലുകളിലേക്കുമുള്ള രക്തക്കുഴലുകള്‍ തുടങ്ങിയവയെ എല്ലാം ബാധിച്ചു തുടങ്ങുന്നു. പ്രായമാകുമ്പോഴേക്കും അവ പല സങ്കീര്‍ണ്ണതകള്‍ക്കും കാരണമായിട്ടുണ്ടാകും. അതു കൊണ്ട് തന്നെ പ്രമേഹം നേരത്തേ തിരിച്ചറിയുകയും, ജീവിതശൈലികളില്‍ ഉള്ള മാറ്റം നേരത്തേ ആരംഭിക്കുകയും, വേണ്ടിവന്നാല്‍ നേരത്തേ തന്നെ മരുന്നുകള്‍ തുടങ്ങുകയും ചെയ്യണം. ആദ്യകാലത്തെ നിയന്ത്രണം ഭാവിയിലെ സങ്കീര്‍ണ്ണതകള്‍ വളരെയധികം കുറക്കുമെന്ന് നിരവധി പoനങ്ങളില്‍ തെളിയിച്ചിട്ടുണ്ട്.

2. അക്രമാസക്തനാകുന്ന അപ്പൂപ്പന്‍:

ഒരു വീട്ടില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രം. കുട്ടികള്‍ എല്ലാം ജോലിയും കുടുംബവുമായി പല വഴിക്ക്. അമ്മൂമ്മക്ക് ഷുഗറും അപ്പൂപ്പന് പ്രഷറും. കുറച്ച് നാളായി അപ്പൂപ്പന്റെ സ്വഭാവത്തില്‍ ഒരു മാറ്റം. രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ ദേഷ്യം, അമ്മൂമ്മയെ തെറി വിളി, ബഹളം. അസ്ഥാനത്ത് മലമൂത്ര വിസര്‍ജ്ജനം വരെ നടത്തിക്കളയും. വെയിലിന് ചൂടുപിടിച്ച് വരുമ്പോഴേക്കും ആള് നോര്‍മല്‍ ആകും.

ഒരു ദിവസം രാവിലെ അപ്പൂപ്പന്‍ ഉറക്കം ഉണരുന്നില്ല. അമ്മുമ്മ ബന്ധുക്കളെ കൂട്ടി ആശുപത്രിയിലെത്തിച്ചപ്പോള്‍ അപ്പൂപ്പന്റെ രക്തത്തിലെ ഷുഗര്‍ വല്ലാതെ കുറഞ്ഞു പോയിരിക്കുന്നു. ഭക്ഷണം കഴിക്കാന്‍ മടിയോ പ്രയാസമോ ഇല്ലാത്ത ആളുടെ ഷുഗര്‍ എങ്ങനെ കുറഞ്ഞ് പോകുന്നുവെന്ന ചോദ്യം ഡോക്ടര്‍മാരെ കുഴക്കുന്നു. ഒടുവില്‍ ഉത്തരം മരുന്ന് സൂക്ഷിക്കുന്ന പെട്ടിയില്‍ നിന്ന് കണ്ടെത്തുന്നു.

കുറച്ച് നാളായി അപ്പൂപ്പന്‍ പ്രഷറിന് കഴിക്കുന്നത് അമ്മൂമ്മയുടെ ഷുഗറിന്റെ ഗുളികയും അമ്മൂമ്മ ഷുഗറിന് കഴിക്കുന്നത് അപ്പുപ്പന്റെ പ്രഷറിന്റെ ഗുളികയും! രാവിലെ അപ്പൂപ്പന്റെ ഷുഗറില്‍ വന്ന കുറവായിരുന്നു സ്വഭാവമാറ്റത്തിനും അബോധാവസ്ഥക്കുമൊക്കെ കാരണം. രാവിലെ ഷുഗര്‍ കുറഞ്ഞ് സ്വഭാവത്തില്‍ മാറ്റം കാണിക്കുന്ന അപ്പൂപ്പന്‍ പ്രാതല്‍ കഴിക്കുമ്പോഴേക്കും നോര്‍മല്‍ ആകുന്നു. ഒരു ദിവസം ഷുഗര്‍ വല്ലാതെ കുറഞ്ഞ് അബോധാവസ്ഥയില്‍ പോകുമ്പോഴാണ് കാര്യം പിടി കിട്ടുന്നത്.

വാര്‍ദ്ധക്യത്തിലെ ഓര്‍മ്മക്കുറവ്, കാഴ്ച്ച, കേള്‍വി പ്രശ്‌നങ്ങള്‍ തുടങ്ങിയവ പലപ്പോഴും പ്രമേഹ ചികിത്സയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ള പ്രായമായവരെ മരുന്ന് എല്‍പ്പിക്കുമ്പോള്‍ വളരെ ശ്രദ്ധ വേണം.

മരുന്നുകള്‍ സൂക്ഷിക്കുന്ന സ്ഥലം, വെക്കുന്ന പെട്ടി അല്ലെങ്കില്‍ ബാഗ് എല്ലാം പ്രത്യേകം തരം തിരിച്ച് വെച്ച് സഹായിക്കണം.

പറ്റുമെങ്കില്‍ പ്രത്യേകം കളര്‍ കോഡോ, നമ്പര്‍ കോഡോ, പുറത്ത് വലിയ അക്ഷരത്തില്‍ എഴുതിക്കൊടുക്കാം.

ഓരോ നേരം കഴിക്കേണ്ടവ വെവ്വേറെ അടയാളപ്പെടുത്തി സൂക്ഷിക്കാം. അവര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമുള്ള സൂചനകള്‍ പാക്കറ്റിനോ പെട്ടിക്കോ കൊടുത്ത് അവരെ അത് പഠിപ്പിച്ച് കൊടുക്കുകയും, അവര്‍ ചെയ്യുന്നത് കൃത്യമായ രീതിയിലാണെന്ന് നിരീക്ഷിച്ച് ഉറപ്പു വരുത്തുകയും വേണം.

വാര്‍ദ്ധക്യത്തിലെ ഹൈപോഗ്ലൈസീമിയ (ഷുഗര്‍ കുറഞ്ഞു പോകുന്ന അവസ്ഥ) എന്ന വില്ലന്‍:

വാര്‍ദ്ധക്യത്തിലെ പ്രമേഹ ചികിത്സയിലെ ഏറ്റവും അപകടകാരിയാണ് ഇത്. വാര്‍ദ്ധക്യ സഹജമായ മറ്റു പല രോഗങ്ങള്‍ കാരണവും, വിശപ്പില്ലായ്മ, ഭക്ഷണത്തില്‍ കൃത്യതയില്ലായ്മ തുടങ്ങിയവ മൂലവുമെല്ലാം പ്രായം കൂടുമ്പോള്‍ ഇതിന്റെ സാധ്യതയും കൂടുന്നു. വിറയല്‍, വിയര്‍ക്കല്‍, ക്ഷീണം, പെരുമാറ്റത്തിലെ വ്യത്യാസം, അബോധാവസ്ഥ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. തിരിച്ചറിയാന്‍ വൈകിയാല്‍ മരണം വരെ സംഭവിക്കാം.

സാധാരണ രക്തത്തിലെ ഷുഗര്‍ കുറഞ്ഞ് തുടങ്ങിയാല്‍ ശരീരത്തിലുണ്ടാകുന്ന പ്രതി പ്രവര്‍ത്തനങ്ങള്‍ അയാള്‍ക്ക് വരാനിരിക്കുന്ന അപകങ്ങളെ കുറിച്ച് സൂചന നല്‍കുകയും അയാള്‍ക്ക് ഷുഗര്‍ നോര്‍മലിലേക്കെത്തിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യും. ഉദാഹരണത്തിന് വിശപ്പ് അനുഭവപ്പെടുക. (hypoglycemia awareness). എന്നാല്‍ പ്രായം കൂടിയവരില്‍ ഈ പ്രക്രിയകള്‍ മന്ദഗതിയിലാവുകയും, ചില ഘട്ടങ്ങളില്‍ ഷുഗര്‍ കുറയുന്നതിന്റെ സൂചനകള്‍ കിട്ടാതിരിക്കുകയും ചെയ്യാം. (Hypoglycemia unawareness). ഇത് അത്യന്തം അപകടകരമാണ്. രക്തത്തിലെ ഷുഗര്‍ കുറഞ്ഞ് അബോധാവസ്ഥയിലായിക്കഴിഞ്ഞ് മറ്റാരെങ്കിലും തിരിച്ചറിയുമ്പോഴാകും ഇത് കണ്ടെത്തുന്നത്.

ഒരു നിശ്ചിത സമയത്തില്‍ കൂടുതല്‍ ഷുഗര്‍ കുറഞ്ഞ അവസ്ഥയില്‍ തുടര്‍ന്നാല്‍ മസതിഷ്‌കത്തിന് തിരിച്ചു വരാനാവാത്ത രീതിയില്‍ തകരാറുകള്‍ സംഭവിക്കാം. ഓരോ ഹൈപോഗ്ലൈസീമിയയും അയാളുടെ പ്രധാന അവയവങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ആയുസ്സ് കുറക്കുകയും ചെയ്യും. അതു കൊണ്ട് പ്രമേഹ ചികിത്സയില്‍ ഹൈപോഗ്ലൈസീമിയ തടയല്‍ ഏറ്റവും പ്രധാനമാണ്.

ഈ കാരണങ്ങളാല്‍ പ്രമേഹത്തിലെ കര്‍ശന നിയന്ത്രണം പ്രായമായവരില്‍ ലക്ഷ്യം വെക്കാറില്ല. ഷുഗര്‍ നിയന്ത്രണത്തിന്റെ സൂചികയായ HbA1C ചെറുപ്പക്കാരില്‍ 6.5 ല്‍ താഴെ ലക്ഷ്യം വെക്കുമ്പോള്‍ 70 വയസ്സില്‍ കൂടുതല്‍ ഉള്ള, പ്രമേഹം കൂടാതെ മറ്റു പല രോഗങ്ങള്‍ക്കു് അടിമയായ ഒരാളില്‍ അത് 7നും 8 നും ഇടയില്‍ മതിയാകും. ദൈനംദിന കാര്യങ്ങളില്‍ പരാശ്രയം വേണ്ടിവരുന്ന വൃദ്ധരില്‍ 8.5 വരെ ആയാലും കുഴപ്പമില്ല.

3. ഒ പി യിലെ സന്തോഷവതിയായ അമ്മച്ചി:

20 വര്‍ഷത്തില്‍ കൂടുതലായി പ്രമേഹത്തിന് ചികിത്സയെടുക്കുന്ന അമ്മച്ചി ഒപിയില്‍ വന്നിരിക്കുന്നു. വളരെ സന്തോഷത്തിലാണ്. ഒട്ടും നിയന്ത്രണത്തില്‍ അല്ലാതിരുന്ന തന്റെ ഷുഗര്‍ ഈയിടെയായി വല്ലാതെ കുറഞ്ഞിരിക്കുന്നു. രണ്ട് മൂന്നു തവണ കുറഞ്ഞ് പഞ്ചസാരയും കഴിക്കേണ്ടി വന്നിരിക്കുന്നു.

നേരത്തേ അനിയന്ത്രിതമായ ഷുഗര്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് മരുന്നുകളുടെ (അല്ലെങ്കില്‍ ഇന്‍സുലിന്റെ) ആവശ്യം പഴയ ഡോസിനെ അപേക്ഷിച്ച് വളരെ കുറഞ്ഞു വരികയോ, ഇടക്കിടെ ഷുഗറിന്റെ അളവ് കുറഞ്ഞ് പോവുകയോ ചെയ്താല്‍ അവരുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിട്ടുണ്ടോ എന്ന് പരിശോധിപ്പിക്കണം. അനിയന്ത്രിതമായ പ്രമേഹം ഏറ്റവും സാധാരണയായി ബാധിക്കുന്ന ഒരു അവയവമാണല്ലോ വൃക്ക.

വൃക്കകള്‍ക്ക് കേട് സംഭവിച്ചാല്‍ ഷുഗര്‍ കുറഞ്ഞ് പോകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ശക്തമായ രീതിയിലുള്ള അണുബാധ, കരളിന്റെ രോഗം തുടങ്ങിയവയും ഷുഗര്‍ കുറഞ്ഞു പോകാനുള്ള കാരണങ്ങളാണ്. മരുന്നിന്റെയോ ഇന്‍സുലിന്റെയോ അളവ് അടുത്ത ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുക, സാധാരണ അളവില്‍ ഭക്ഷണം കഴിക്കാതിരിക്കുക, പതിവില്‍ കൂടുതല്‍ ശരീരം ആയാസപ്പെടുക (വ്യായാമം, ജോലി) എന്നീ മൂന്ന് കാരണങ്ങള്‍ ആണ് സാധാരണ ഷുഗര്‍ നോര്‍മലില്‍ താഴെ കുറവുണ്ടാക്കുന്നത്. ഈ മൂന്ന് കാരണങ്ങള്‍ കാണുന്നില്ലെങ്കില്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാണ്.

4. ചേരുംപടി ചേര്‍ക്കുക:

ഒ പി യില്‍ വന്ന അമ്മാവനോട് ഷുഗറിനും പ്രഷറിനുമായി കഴിക്കുന്ന മരുന്നുകളുടെ വിശദാംശം ചോദിക്കുന്നു. അമ്മാവന്റെ കയ്യില്‍ പല ഡോക്ടര്‍മാരേയും പലപ്പോഴായി കാണിച്ച കടലാസുകള്‍ ഉണ്ട്. കണ്ണിന് കണ്ണു ഡോക്ടര്‍, നീരിന് വൃക്ക ഡോക്ടര്‍, കാലു പുകച്ചിലിന് ഞരമ്പു ഡോകടര്‍, കൂടാതെ പ്രമേഹ ഡോക്ടര്‍ വേറേയും. ഇതില്‍ ഏതൊക്കെ എന്തിനൊക്കെ കഴിക്കുന്നു എന്ന് അമ്മാവനൊരു പിടിപാടും ഇല്ല. ഒരു സഞ്ചിയില്‍ നിന്ന് അമ്മാവന്‍ ഒരു ലോഡ് മരുന്നുകള്‍ ചൊരിയുന്നു. അമ്മാവന്‍ ഒരു സഞ്ചരിക്കുന്ന ഫാര്‍മസി തന്നെ!

വാര്‍ദ്ധക്യത്തിലെ അടുത്ത പ്രശ്‌നമാണിത്. നിരവധി രോഗങ്ങള്‍, നിരവധി ചികിത്സകള്‍. എന്നാല്‍ ഇത് ഏകോപീകരിച്ച് പോകാന്‍, ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുത്ത് നല്‍കാന്‍ ഒരു കുടുംബ ഡോക്ടര്‍ പലപ്പോഴും ഉണ്ടാവില്ല. ഓരോ പ്രശ്‌നം പറയുമ്പോള്‍ ബന്ധുക്കള്‍ ഓരോ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി അവര്‍ എഴുതുന്ന മരുന്നുകള്‍ വാങ്ങിച്ചു കൊടുക്കും. നിലവില്‍ കഴിക്കുന്ന മരുന്നിന്റെ വിശദാംശം കൊണ്ടു പോകാന്‍ പലപ്പോഴും മറക്കും. ഫലം ഇതേ പോലെ കണക്കില്ലാത്ത മരുന്നുകള്‍. ചിലപ്പോള്‍ ഒരേ മരുന്ന് രണ്ട് തവണ എഴുതിയിട്ടുണ്ടാകാം. പ്രായം കൂടിയവരില്‍ മരുന്നുകളുടെ എണ്ണം കൂടുന്നതും അവരെ പ്രതികൂലമായി ബാധിക്കാം.

മരുന്നുകള്‍ക്കിടയിലെ പ്രതി പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കാതെ പോകാം. വാര്‍ധക്യത്തില്‍ മരുന്നുകള്‍ക്കായി ഒരു ഡയറി സൂക്ഷിക്കുന്നതാണ് നല്ലത്. ഓരോ തവണ ഡോക്ടറെ കാണുമ്പോഴും ഈ ഡയറി കയ്യില്‍ പിടിക്കുകയും കാണിച്ച് ബോദ്ധ്യപ്പെടുത്തുകയും വേണം. പുതിയ ഓരോ മരുന്നും കഴിവതും അവിടുന്ന് തന്നെ അതില്‍ രേഖപ്പെടുത്താന്‍ ശ്രമിക്കണം. പറ്റുമെങ്കില്‍ ഒരു കുടുംബ ഡോക്ടറെ തന്നെ കാണാന്‍ ശ്രമിക്കാം. അവര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രം സ്‌പെഷ്യലിസ്റ്റുകളെ കാണുകയും, സ്‌പെഷ്യലിസ്റ്റുകളുടെ നിര്‍ദ്ദേശം കുടുംബ ഡോക്ടറെ അറിയിച്ചു ആ ഡോക്ടറെക്കൊണ്ട് തന്നെ മരുന്നുകള്‍ ക്രമീകരിപ്പിക്കാം.

പ്രായം കൊണ്ടും, രോഗങ്ങള്‍ കൊണ്ടും, ഏകാന്തത കൊണ്ടും എല്ലാം പലവിധ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരാണ്. മരുന്നുകള്‍ വാര്‍ദ്ധക്യത്തില്‍ ഒരു അധിക ബാദ്ധ്യതയാവരുത്. പകരം അവര്‍ക്ക് ബാക്കിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാനുള്ള ഒരു സഹായം മാത്രം ആവണം.

സമ്പത്ത് കാലത്ത് നട്ട പത്ത് തൈ ആപത്ത് കാലത്ത് ഒരു പാരയാവരുത് !

എഴുതിയത്: Dr. Shameer V K

Info Clinic


Next Story

Related Stories