TopTop
Begin typing your search above and press return to search.

വെരിക്കോസ് വെയിന്‍സ്; ലക്ഷണങ്ങളും, ചികിത്സയും

വെരിക്കോസ് വെയിന്‍സ്; ലക്ഷണങ്ങളും, ചികിത്സയും

കാലിലെ വെയ്നുകള്‍ (ഞരമ്പ് എന്നു നമ്മള്‍ തെറ്റായി വിളിക്കുന്ന രക്തകുഴലുകള്‍) വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ പാമ്പുകള്‍ പോലെ കാണപ്പെടുന്ന ഒരു അവസ്ഥ ആണ് വെരിക്കോസ് വെയ്നുകള്‍ എന്നു പറയുന്നത്. വളരെ അധികം ആളുകളില്‍ കാണുന്ന ഒരവസ്ഥയാണ് ഇത്. മിക്കവരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്‌നമായി ജീവിത കാലം നിലനില്‍ക്കും. പതിയെ വലുതാവുകയും ചെയ്യും. എന്നാല്‍ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളില്‍, കാല്‍ വേദന, തൊലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, വൃണങ്ങള്‍ എന്നിവ ഉണ്ടാവാം.

എപ്പോഴും കഴപ്പ്, കാലിലെ തൊലി കറുത്ത്, കട്ടിയായി വരിക, മുറിവുകള്‍ ഉണ്ടായാല്‍ ഉണങ്ങാന്‍ കാല താമസം വരിക, വൃണങ്ങള്‍ ഉണ്ടാവുക, അവ വലുതായി ഉണങ്ങാത്ത സ്ഥിര മുറിവുകള്‍ ആവുക എന്നീ പ്രശ്‌നങ്ങള്‍ ആണ് സാധാരണ കാണപ്പെടുക. ചിലപ്പോള്‍ ഇവ പൊട്ടി രക്ത സ്രാവവും ഉണ്ടാവാം.

ശരീര ഭാഗങ്ങളിലേക്ക് ഹൃദയത്തില്‍ നിന്നും എത്തുന്ന രക്തത്തിലെ ഓക്‌സിജന്‍ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് veins അഥവാ സിരകള്‍. ഇവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്കായിരിക്കും. പക്ഷെ തിരികെ ഹൃദയത്തിലോട്ട് ഇങ്ങനെ രക്തം പ്രവഹിപ്പിക്കാന്‍ പമ്പുകള്‍ ഇല്ലല്ലോ. തലയില്‍ നിന്നുള്ള രക്തം തിരികെ ഗ്രാവിറ്റി മൂലം ഹൃദയത്തില്‍ എത്തും. എന്നാല്‍ കൈകാലുകളില്‍ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസില്‍ പമ്പിങ്ങ് ആക്ഷന്‍ മൂലം veins-ലെ രക്തം മുകളിലേക്ക് കയറുന്നത് കൊണ്ടാണ്. ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാന്‍ വെയിനുകളില്‍ വാല്‍വുകള്‍ ഉണ്ട്. ഇവ രക്തം താഴേക്ക് വീഴാതെ പിടിച്ചു നിര്‍ത്തുന്നു. ഈ വാല്‍വുകള്‍ക്ക് തകരാറ് സംഭവിക്കുമ്പോഴാണ് varicose veins ഉണ്ടാകുന്നത്.

ആഹാരപ്രശ്‌നം കൊണ്ടൊന്നുമല്ല ഈ വാല്‍വുകള്‍ തകരാറില്‍ ആകുന്നത്. പാരമ്പര്യം, സ്ഥിരമായ നില്‍പ്പ് വേണ്ടി വരുന്ന ജോലികള്‍, അമിതവണ്ണം ഒക്കെ ഇതിന് കാരണമാകാം. ഒരിക്കല്‍ ഈ വാല്‍വുകള്‍ തകരാറില്‍ ആയാല്‍ പിന്നെ മരുന്ന് കൊണ്ട് അവയെ നേരെയാക്കി എടുക്കാന്‍ കഴിയില്ല.

ഇതല്ലാതെ മറ്റു കാരണങ്ങള്‍ കൊണ്ടും വെരിക്കോസ് വെയിന്‍ വരാം. ഈ വികസിക്കുന്ന സിരകളുടേത് അല്ലാത്ത മറ്റ് ഏതെങ്കിലും കാരണം കൊണ്ടുണ്ടാകുന്ന വാരിക്കോസ് വെയിനിനെ secondary varicose vein എന്നു വിളിക്കാം.

ഗര്‍ഭാവസ്ഥയില്‍ വലുതാകുന്ന ഗര്‍ഭപാത്രം ഇന്‍ഫീരിയര്‍ വീനകാവ എന്ന ഹൃദയത്തിലേക്ക് രക്തം മടക്കുന്ന വലിയ കുഴലിനെ അമര്‍ത്തുന്നു. അധികമാവുന്ന ഈ സമ്മര്‍ദ്ദം താഴേക്കു നീങ്ങുന്നു, ചെറിയ സിരകളിലെത്തുന്നു. കാലിലെ സിരകള്‍ കെട്ടുപിണയുന്നു. ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സിരകളെ അയച്ചിടുന്നതിന് കാരണമാകുന്നത് ഈ പ്രക്രിയയെ വേഗത്തിലാക്കുന്നു. കാലുകളില്‍ മാത്രമല്ല യോനീ മുഖത്തും (Vulva) വെരിക്കോസിറ്റി ഗര്‍ഭകാലത്ത് അസാധാരണമല്ല.

വയറ്റിലുണ്ടാകുന്ന മുഴകള്‍, വളര്‍ച്ചകള്‍ മുതലായവയും ഇതേ രീതിയില്‍ വയറിലെയും ഇടുപ്പിലെയും സിരകളെ അമര്‍ത്തി വെരിക്കോസിറ്റി ഉണ്ടാക്കാം.

മറ്റൊരു കാരണം കാലിന്റെ ഏറ്റവും ഉള്ളിലെ വെയ്‌നുകളില്‍ (deep veins) ക്കുള്ളില്‍ രക്ത കട്ട പിടിക്കുന്ന അവസ്ഥയാണ് (deep vein thrombosis). ഇവയില്‍ കൂടി രക്തസംക്രമണം നടക്കാത്തതിനാല്‍ പുറമേയുമുള്ള വെയിനുകളില്‍ കൂടി കൂടുതല്‍ രക്തം ഒഴുകുകയും അവ തടിച്ചു വീര്‍ത്ത് വെരിക്കോസ് വെയിന്‍ ആകുകയും ചെയ്യും. മാത്രമല്ല, കാലക്രമേണ ഇവയിലെ രക്തയോട്ടം പുനഃസ്ഥാപിക്കപ്പെടുന്നുമ്പോളേക്കും ഈ രക്തക്കുഴലുകളിലെ വാല്‍വുകള്‍ക്കും കേടു പറ്റിയിട്ടുണ്ടാകും. അപ്രകാരം മുകളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറഞ്ഞ്, വാരിക്കോസ് വെയിനിന് കാരണമാകാം.

വെരിക്കോസ് വെയിന്‍ ചികില്‌സിക്കുന്നതിനു മുന്നേ എന്ത് കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിക്കണം, അതനുസരിച്ചു വേണം ചികിത്സ ചെയ്യാന്‍. നേരത്തെ പറഞ്ഞത് പോലെ ഈ വെയ്‌നുകളുടെ പുറത്തുള്ള കാരണം കൊണ്ടുണ്ടാകുന്ന secondary varicose vein ആണെങ്കില്‍ ആ കാരണം മാറ്റിയാല്‍ മതി.

ഏറ്റവും സാധാരണമായി കണ്ടു വരുന്നത് വാല്‍വുകള്‍ തകരാറിലാകുന്നത് മൂലമുള്ള വെരിക്കോസ് വെയിന്‍ ആയതിനാല്‍ അതിനെ പറ്റി ആണ് പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത്.

എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ വേണ്ട. ഇടക്കിടക്ക് ഇവ പൊട്ടി ധാരാളം രക്തനഷ്ടം സംഭവിക്കുക, ഇത് കാരണം കാലില്‍ നീരും വേദനയും ഉണ്ടാകുക, കാലിന്റെ വണ്ണയില്‍ നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടായി വൃണങ്ങള്‍ ഉണ്ടാകുക (varicose ulcer), കോസ്മെറ്റിക് കാരണങ്ങള്‍ എന്നിവ മൂലമാണ് പലപ്പോഴും ചികിത്സ വേണ്ടിവരുന്നത്.

ചെറിയ തോതിലുള്ള വെരിക്കോസ് വെയിനുകള്‍ ആണെങ്കില്‍ അവയില്‍ ഒരു മരുന്ന് കുത്തിവെച്ചു ആ വെയിനുകളെ അടച്ചു കളയാം (sclerosant injection treatment). ചെറിയ സെഗ്മെന്റുകളില്‍ മാത്രം ബാധിക്കുന്നതാണെങ്കിലേ ഇത് ഫലവത്താകൂ. വലിയ നീളത്തില്‍ കാലിന്റെ മുഴുവന്‍ നീളത്തില്‍ പാമ്പ് പിടച്ച പോലെ കിടക്കുന്ന അവസ്ഥകളില്‍ ആ വെയിന്‍ മൊത്തം എടുത്തു കളയേണ്ടി വരാം. ഈ വെയ്നുകളും ആഴത്തില്‍ ഉള്ള മറ്റു വെയ്നുകളും തമ്മില്‍ ഉള്ള ബന്ധം വിച്ഛേദിക്കുന്ന സര്‍ജറിയും സാധാരണ ചെയ്യാറുണ്ട്.

വെരികോസ് വെയ്നിനെ പറ്റി ഏറ്റവും അറിയേണ്ട കാര്യങ്ങളാണ് ഇനി താഴെ പറയുന്നത്:

വെരികോസ് വെയ്ന്‍ ഉണ്ടെങ്കില്‍ ഒരു ജനറല്‍ സര്‍ജനെയോ ഒരു വാസ്‌കുലാര്‍ സര്‍ജനെയോ ആണ് കാണിക്കേണ്ടത് .

വയറ്റില്‍ ട്യൂമറുകള്‍, ഡീപ് വെയ്നുകളുടെ പ്രശ്‌നം എന്നിവ - ഇവ രണ്ടും മൂലം ഉണ്ടായത് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം ഇവ മൂലം ഉണ്ടാകുന്നതിന്റെ ചികിത്സ തികച്ചും വ്യത്യസ്തമാണ്.

എപ്പോഴും ശസ്ത്രക്രിയ ചെയ്യേണ്ട ഒരു അവസ്ഥ ആണ് ഇതെന്നും ശസ്ത്രക്രിയ ചെയ്തത് കൊണ്ട് ഇത് പൂര്‍ണമായും മാറും എന്നുമുള്ള തെറ്റിദ്ധാരണ പൊതുവേ ഉണ്ട് ഉണ്ട്. കാഴ്ചക്ക് അഭംഗി തോന്നുന്നതില്‍ മനപ്രയാസം ഉള്ളവരാണ് ചെറിയ രീതിയില്‍ ഉള്ള വെരികോസ് വെയ്നിനു ചികിത്സ തേടുന്നത്. ഇന്‍ജെക്ഷന്‍ സ്‌ക്‌ളീറോ തെറാപ്പി എന്ന ചികിത്സ ഈ രീതിയില്‍ ഉള്ള ചെറിയ തോതില്‍ ഉള്ള അസുഖത്തിന് സാധാരണ ഉപയോഗിക്കുന്നു.

വലിയ രീതിയില്‍ ഉള്ള അസുഖത്തിന് ശസ്ത്രക്രിയകള്‍ വേണ്ടി വരാം. എന്തിനാണ് ശസ്ത്രക്രിയ എന്ന് സര്‍ജനോട് ചോദിച്ചു മനസ്സിലാക്കണം. വെരികോസ് വെയ്ന്‍ തിരിച്ചു വരാന്‍ സാധ്യതകള്‍ എപ്പോഴും ഉണ്ട് എന്നും കൂടി മനസിലാക്കിയിരിക്കണം.

'കമ്പ്രെഷന്‍ ഗാര്‍മെന്റ്‌സ്' എന്ന് പറയുന്ന ഇറുകി കിടക്കുന്ന സോക്‌സ് പോലെ ഉള്ള കാല്‍ ഉറകള്‍ ഒരു പ്രധാന ചികിത്സയാണ്. പല ഗ്രേഡില്‍ ഉള്ള സോക്‌സുകള്‍ ഉണ്ട്. ഇവ സ്ഥിരമായും തുടക്കത്തില്‍ തന്നെയും ഉപയോഗിക്കുന്നത് വഴി അസുഖം കൂടുന്നത് തടയാനും സങ്കീര്‍ണതകള്‍ ഒരു പരിധി വരെ തടയാനും പറ്റും.

കാലില്‍ ഉണ്ടാവുന്ന ഉണങ്ങാത്ത വൃണങ്ങള്‍ ആണ് ഒരു കോംപ്ലിക്കേഷന്‍. ചുരുക്കം ആളുകളിലേ ഇവ ഉണ്ടാവുകയുള്ളൂ. ഡ്രസിങ്, കാല്‍ പൊക്കി വച്ച് വിശ്രമിക്കല്‍, പിന്നെ ഇറുകിയ ബാന്‍ഡേജിങ് എന്നിവ ആണ് പ്രധാന ചികിത്സ.

വെരികോസ് വെയ്നിന്റെ സര്‍ജറി മൂലം ഈ സങ്കീര്‍ണതകള്‍ ഒരു പരിധി വരെ നിയന്ത്രിക്കാം എന്ന് ചില പഠനങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് ഫലപ്രദം അല്ല. എന്‍ഡോവാസ്‌കുലാര്‍ തെര്‍മല്‍ അബ്ലേഷന്‍, എന്‍ഡോവാസ്‌കുലാര്‍ ലേസര്‍ തെറാപ്പി തുടങ്ങിയ അസുഖം ബാധിച്ച രക്തക്കുഴലിനകത്തു ചെന്ന് ചെറിയ രീതിയില്‍ കരിക്കുന്ന ചികിത്സയും ഇപ്പോള്‍ ലഭ്യമാണ്. ഒരു ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റിന്റെ കൂടി സഹായത്തോടെയാണത് ചെയ്യുന്നത്.

ഇതൊക്കെ ചെയ്താലും മുറിവുകള്‍ തീരെ ഉണങ്ങുന്നില്ലെങ്കില്‍ തൊലി വക്കുക തുടങ്ങിയ പ്ലാസ്റ്റിക് സര്‍ജിക്കല്‍ ഓപ്പറേഷനുകള്‍ നോക്കേണ്ടി വരാം. എന്നാല്‍ പോലും പരാജയപ്പെടാനോ, പിന്നെയും വൃണങ്ങള്‍ വരാനോ സാധ്യത ഉണ്ട്.

കംപ്രഷന്‍ ഗാര്‍മെന്റ്‌സ് തുടക്കത്തിലേ ഉപയോഗിക്കുക വഴി സങ്കീര്‍ണ്ണതകള്‍ഒരു പരിധി വരെ തടയാന്‍ സാധിക്കും.

എഴുതിയത്: Dr. Kunjaali Kutty, Dr. Jimmy Mathew, Dr. Mohamed Abdullatheef TK & Dr. Anjit Unni

Info Clinic


Next Story

Related Stories