31 ഡിസംബര്‍ 2019, മധ്യ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ വുഹാന്‍. ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകള്‍ അധിവസിക്കുന്ന വുഹാനില്‍ നിന്ന് പ്രതിദിനം വ്യോമ മാര്‍ഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തിലേറെ വരും.
പെട്ടെന്നാണ് കാരണമെന്തെന്നറിയാത്ത ഏതാനും ന്യൂമോണിയ കേസുകള്‍ വുഹാനില്‍ നിന്ന് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വര്‍ധിച്ചു.
പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകര്‍ച്ചവ്യാധിക്ക് കാരണമെന്ന് ചൈനയിലെ നാഷനല്‍ ഹെല്‍ത്ത് കമ്മീഷന് ജനുവരി 7, 2020 ന് സ്ഥിരീകരിച്ചു. 2019 നോവല്‍ കൊറോണ വൈറസ് (2019 nCoV) എന്നാണ് ലോകാരോഗ്യ സംഘടന ഈ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത്.
വുഹാന്‍ സിറ്റിക്കടുത്ത ഒരു കടല്‍ വിഭവ / മത്സ്യമാംസ മാര്‍ക്കറ്റുമായുള്ള സമ്ബര്‍ക്കമാണ് ഈ പകര്ച്ചവ്യധിയ്ക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് കണ്ടെത്തി. തുടര്‍ന്ന് ജനുവരി 23 നകം ചൈന, ജപ്പാന്,ദക്ഷിണകൊറിയ, അമേരിക്കന്‍ ഐക്യനാടുകള്‍, ഫിലിപ്പീന്‍സ്, തായ്വാന് എന്നിവിടങ്ങളില്‍ നിന്നായി 581 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയപ്പെട്ടു. അതില്‍ 571 കേസുകളും ചൈനയില്‍ നിന്നാണ്. ആകെ 17 പേര് മരണമടഞ്ഞു. 95 പേര് ഗുരുതരമായി രോഗം ബാധിച്ച അവസ്ഥയിലാണ്.
▪ എന്താണീ കൊറോണ വൈറസ്?
അതൊരു RNA വൈറസാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തില്‍ നിന്നും സൂര്യരശ്മികള്‍ പോലെ തോന്നിപ്പിക്കുമാറ് സ്ഥിതി ചെയ്യുന്ന കൂര്‍ത്ത മുനകള്‍ കാരണമാണ്.
പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
2002-2003 കാലഘട്ടത്തില്‍ ചൈനയിലും സമീപരാജ്യങ്ങളിലും പടര്‍ന്നു പിടിച്ച SARS ( സഡന്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം ) 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012-ല്‍ സൗദി അറേബ്യയില്‍ MERS (മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം ) കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്.
▪ കൊറോണ വൈറസ് - രോഗ ലക്ഷണങ്ങള്‍
പനി
ജലദോഷം
ചുമ
തൊണ്ടവേദന
ശ്വാസതടസ്സം
ശ്വാസംമുട്ട്
എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
ന്യൂമോണിയ,വൃക്കകളുടെ പ്രവര്‍ത്തന മാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയില്‍ മരണത്തിന് വരെ ഇവ കാരണമാകാം.
▪ രോഗപ്പകര്‍ച്ച
രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്ബോഴോ ചുമയ്ക്കുമ്ബോഴോ ചിതറിത്തെറിക്കുന്ന ഉമിനീര് കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം.
രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ഏതാണ്ട് 6 മുതല്‍ 10 ദിവസങ്ങള്‍ വരെ എടുക്കാം.
▪ രോഗം കണ്ടു പിടിക്കുന്നതെങ്ങനെ?
മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രോഗ നിര്‍ണയം ഉറപ്പു വരുത്തുന്നത്. PCR , NAAT എന്നിവയാണ് നിലവില്‍ ലഭ്യമായിട്ടുള്ള ടെസ്റ്റുകള്‍.
▪ കൊറോണ വൈറസിനെതിരെ വാക്സിന് ലഭ്യമാണോ?
ഈ പുതിയ ഇനമടക്കം ഏഴു തരം കൊറോണ വൈറസുകളാണ് മനുഷ്യനില്‍ നിലവില്‍ രോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. ഇതൊരു പുതിയ ഇനം വൈറസായതു കൊണ്ട് തന്നെ, അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം കാര്യക്ഷമമായ വാക്സിന് ലഭ്യമാകാന്‍ ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വരാം.
▪ ചികിത്സ
കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ നിലവില്‍ ലഭ്യമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരുന്നത്. ശ്വസനപ്രക്രിയയില്‍ ഗുരുതരമായ തകറാറുള്ളവര്‍ക്ക് വെന്റിലേറ്റര്‍ ചികിത്സയും വേണ്ടി വരും.
▪ നാം കൊറോണയെ ഭയക്കേണ്ട സാഹചര്യമുണ്ടോ ?
ഓരോരോ പുതിയ രോഗാണുക്കള്‍ നമുക്ക് നേരെ വരികയാണ്. രോഗാണുവിനേയും അവയുടെ സംക്രമണ രീതികളേയും മനസ്സിലാക്കി ജാഗ്രതയോടെ പ്രവര്‍ത്തിക്കുക എന്നതാണ് അവയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാന ആയുധം.
മുമ്ബ് വന്നിട്ടുള്ള എബോള, നിപ്പ തുടങ്ങിയ ഭീകരന്മാരെ അപേക്ഷിച്ചു ഇത് നിസ്സാരന്. ഈ ഭീകരന്മാര്ക്ക് അടിപ്പെട്ടാല്‍ തിരിച്ചു വരവിനുള്ള സാധ്യത കേവലം പത്തു ശതമാനം മാത്രമാണ്. കൊറോണ വൈറസിന്റെ കാര്യത്തില്‍ മരണവും വൈകല്യങ്ങളും താരതമ്യേന കുറവാണ്.
നിലവില്‍ 581 കേസുകളില്‍ 17 പേരാണ് മരണമടഞ്ഞിട്ടുള്ളത്. അവരില്‍ ഭൂരിഭാഗവും പ്രായമായവരും മറ്റു അനുബന്ധ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരും ആയിരുന്നു.
ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി സംഹാര താണ്ഡവമാടിയ ഇന്‍ഫ്ലുവന്‍സ ബാധ പോലെ ഭീതിജനകമല്ല കൊറോണ വൈറസ് എന്നര്‍ത്ഥം.
എന്നാലും നമ്മള് ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുവര്‍ക്ക് രോഗബാധയുണ്ടോ എന്ന് സ്ക്രീന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ വിമാനത്താവളങ്ങളിലും മറ്റും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു.
നമ്മള്, കേരളത്തിലെ ജനങ്ങളെ ഇതെങ്ങനെ ബാധിക്കുന്നു എന്ന സംശയം സ്വാഭാവികം. വൈറസാണ്, സൂക്ഷിക്കണം എന്നു തന്നെയാണ് പറയാനുള്ളത്. ചൈനയില്‍ നിന്നും മറ്റും നാട്ടിലെത്തിയ ബന്ധുമിത്രാദികള്‍ക്കോ പരിചയക്കാര്‍ക്കോ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അധികൃതരെ എത്രയും പെട്ടെന്ന് അറിയിക്കുക. അവരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുക.
▪ മുന്‍കരുതലുകള്‍
1. കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്. പലയാവര്‍ത്തി കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പറ്റുമെങ്കില്‍ ആള്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
2. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്ബോള്‍ മൂക്കും വായയും മറച്ചു പിടിക്കുക. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ നേര്‍ക്കു ആവരുത് എന്ന് ശ്രദ്ധിക്കുക. ഒഴിവാക്കാന്‍ ആവാത്ത തുമ്മലുകള്‍ ഒരു തൂവാല കൊണ്ട് മറച്ചോ ഒന്ന് കുനിഞ്ഞു അവനവന്റെ കുപ്പായത്തിന്റെ ഞൊറിവുകളിലേക്കോ ആയിക്കോട്ടെ.
3. രോഗികളുമായുള്ള അടുത്ത സമ്ബര്‍ക്കം ഒഴിവാക്കുക.
4. മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്യുക.
5. ആശുപത്രികളില്‍ ഒരുക്കേണ്ട സംവിധാനങ്ങള്‍ -
ഡോക്ടറെ കാണുന്നതിന് മുന്‍പ് പലപ്പോഴും മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ് പതിവാണ്. വായു മാര്‍ഗം പകരുന്ന വ്യാധികളുടെ കൊടുക്കല്‍വാങ്ങലുകള്‍ക്കു ഏറെ സാധ്യത കൂട്ടുന്ന നിമിഷങ്ങള്‍ ആണിത്. ആശുപത്രിയിലേക്ക് കയറി വരുമ്ബോള്‍ തന്നെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം അല്ലെങ്കില്‍ മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരം ഒരു മാസ്ക് ധരിക്കുന്നതു നന്നാവും. ഒന്നുമില്ലെങ്കില്‍ ഒരു തൂവാല. മാസ്കും തൂവാലയും രോഗം ഒരാള്‍ക്ക് കിട്ടാതിരിക്കുന്നതിനേക്കാള്‍ ആയിരങ്ങള്‍ക്ക് കൊടുക്കാതിരിക്കാന്‍ ആവും സഹായകം.
6. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കാതിരിക്കുക.
7. ഈ കാര്യങ്ങളില്‍ അദ്ധ്യാപകര്‍ ജാഗരൂകര്‍ ആയിരിക്കുക, കുട്ടികള്‍ക്ക് ഇതേക്കുറിച്ചു അറിവ് പകരുക.
8. രോഗ ബാധിത പ്രദേശങ്ങളില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരേയും അവരുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്തവരേയും കണ്ടെത്തുകയും അവരെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും.
9. രോഗബാധകള്‍ നമ്മുടെ നാട്ടില്‍ എത്തുകയോ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ജാഗ്രതാ നിര്‍ദ്ദേശം ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
10. ഇത് പകരാതിരിക്കാന്‍ ചൂടുവെള്ളം കുടിക്കണം, ഉപ്പുവെള്ളം കുടിക്കണം എന്നൊക്കെ പറഞ്ഞു പല ഹോക്സുകളും ഇറങ്ങീട്ടുണ്ട്. അതൊക്കെ പലര്‍ക്കും വാട്സാപ്പ് വഴി കിട്ടിയിട്ടുമുണ്ടാകും. അതൊന്നും ഫോര്‍വേഡ് ചെയ്യരുത്. ദയവായി ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കുക.
ഓര്‍ക്കണം, കേരളത്തില്‍ എന്നല്ലാ, ഇന്ത്യയില്‍ ഒരിടത്തും ഇതുവരെയും കൊറോണ വൈറസ് (2019 nCoV) രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ ആശങ്കയുമില്ല. അതിനാല്‍ ശരിയായ അറിവോടെ, ജാഗ്രതയോടെ ഇരിക്കുക.
എഴുതിയത് - Dr. Sunil PK , Dr. Purushothaman Kuzhikkathukandiyil
Info Clinic