TopTop

വായ്പുണ്ണ്; അറിയാം കാരണങ്ങളും, ചികിത്സകളും

വായ്പുണ്ണ്; അറിയാം കാരണങ്ങളും, ചികിത്സകളും

അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ്... വളരെ സുപരിചിതമായ പഴഞ്ചൊല്ല്. ഒരിക്കല്‍ വായ്പുണ്ണ് വന്ന് അനുഭവം ഉള്ളവര്‍ക്ക് അറിയാം, അത്തിപ്പഴം കഴിക്കുന്നത് പോയിട്ട് വായ തുറക്കാന്‍ പോലും കഴിയാത്ത അത്ര അസഹനീയമായ വേദനയാണ്. ദൈനംദിന ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന ഈ രോഗത്തെ കുറിച്ച് കൂടുതല്‍ അറിയാം:

ജനസംഖ്യയുടെ 20 -50 ശതമാനത്തെ ബാധിക്കുന്ന വളരെ സാധാരണമായി കണ്ടു വരുന്ന ഒരു വദനരോഗമാണ് വായ്പുണ്ണ് (അഫ്‌ത്തെ / അഫ്ത്തസ് അള്‍സര്‍ / റിക്കറെന്റ് അഫ്ത്തസ് സ്റ്റോമാടൈറ്റിസ്). ഉയര്‍ന്ന ജീവിതനിലവാരം ഉള്ളവരില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നു.

പല ഘടകങ്ങള്‍ മൂലം രോഗപ്രതിരോധ ശക്തിയില്‍ വരുന്ന നേരിയ വ്യതിയാനങ്ങള്‍ ആണ് വായ്പ്പുണ്ണിനു കാരണം. ഇവയില്‍ പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നയാണ്.

ജനിതകം - ഏകദേശം 40 ശതമാനം ആളുകളില്‍ വായ്പുണ്ണ് പാരമ്പര്യമായി കണ്ടു വരുന്നു.

മാനസിക സമ്മര്‍ദ്ദം

പരിക്കുകള്‍ - മൂര്‍ച്ചയുള്ള പല്ല്, ടൂത്ത് ബ്രഷ് എന്നിവ മൂലം

അണുബാധ - സ്‌ട്രെപ്‌റ്റോകോക്കസ്, ഹെലികോബാക്ടര്‍ പൈലോറി, സൈറ്റോമെഗാലോ വൈറസ്, എബ്സ്റ്റെയ്ന്‍ ബാര്‍ വൈറസ് എന്നിവയാണ് സംശയിക്കപ്പെടുന്ന അണുക്കള്‍, എന്നാല്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കപെട്ടിട്ടില്ല.

വേദനാസംഹാരികള്‍ പോലെയുള്ള ചിലയിനം മരുന്നുകള്‍

അയണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ കുറവ്

ചില ഭക്ഷണപദാര്‍ഥങ്ങള്‍ - വറുത്തതും പൊരിച്ചതും, മസാലയും എരിവും കൂടുതലുള്ള ആഹാര സാധനങ്ങള്‍, സോഡാ പോലെയുള്ള പാനീയങ്ങള്‍

ആര്‍ത്തവ സംബന്ധമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

സോഡിയം ലൗറില്‍ സള്‍ഫേറ്റ് അടങ്ങിയ ടൂത് പേസ്റ്റുകള്‍ വായ്പ്പുണ്ണിനു കാരണമാകാം എന്ന് ചില പഠനങ്ങള്‍ പറയുന്നു

ലക്ഷണങ്ങള്‍

വേദനയുള്ള വൃത്താകൃതിയിലുള്ള ചെറിയ മുറിവുകള്‍ ആണ് രോഗലക്ഷണം. മുറിവുകളുടെ മധ്യഭാഗം മഞ്ഞയും ചുറ്റും ചുവപ്പു നിറവും ആയി കാണപ്പെടുന്നു. ബാല്യത്തിലോ കൗമാരത്തിലോ ആണ് രോഗാരംഭം.

മൂന്ന് തരത്തിലുള്ള വായ്പുണ്ണ് ഉണ്ട്.

മൈനര്‍ അഫ്‌ത്തെ (മിക്ളിക്‌സ് അള്‍സര്‍)

10 മുതല്‍ 40 വയസ്സ് വരെ ഉള്ളവരിലാണ് മൈനര്‍ അഫ്‌ത്തെ കാണപ്പെടുന്നത്. താരതമ്യേന വേദന കുറവാണ് ഈ ഇനത്തിന്. ചുണ്ട്, കവിള്‍, നാക്കിന്റെ അടിഭാഗം, വായയുടെ അടിത്തട്ട് എന്നീ ചലിപ്പിക്കാവുന്ന ശ്ലേഷ്മ പടലത്തിലാണ് മുറിവുകള്‍ ഉണ്ടാകുന്നത്. ചെറിയ (2-4 മില്ലിമീറ്റര്‍)1 മുതല്‍ 6 വരെ മുറിവുകള്‍ ഇത്തരത്തില്‍ ഉണ്ടാകാം. 7 മുതല്‍ 10 ദിവസം കൊണ്ട് ഇവ തഴമ്പുകള്‍ അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. എന്നാല്‍ വീണ്ടും ഇതേ രീതിയില്‍ രോഗം കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തിരിച്ചു വരുന്നു.

മേജര്‍ അഫ്‌ത്തെ( സട്ടന്‍ അള്‍സര്‍ / പെരിഅടിനിറ്റീസ് മുക്കോസ നെക്രോറ്റിക്ക റിക്കറന്‍സ്)

ഇവ ഒരു സെന്റിമീറ്ററില്‍ കൂടുതല്‍ വലുതും, കൂടുതല്‍ വേദനാജനകവും ആണ്. വായ്ക്കുള്ളില്‍ എവിടെയും ഇത്തരം പുണ്ണുകള്‍ ഉണ്ടാകാം. 1 മുതല്‍ 6 വരെ മുറിവുകളേ ഒരു സമയം ഉണ്ടാകാറുണ്ടെങ്കിലും മൈനര്‍ അഫ്‌ത്തെയെക്കാള്‍ കൂടുതല്‍ കാലം നീണ്ടു നില്‍ക്കുകയും ഭേദമാകുമ്പോള്‍ തഴമ്പുകള്‍ അവശേഷിപ്പിക്കുകയും, അടിക്കടി രോഗം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ഹെര്‍പിറ്റിഫോം അഫ്‌ത്തെ

മറ്റു രണ്ടിനങ്ങളെ അപേക്ഷിച്ചു ചെറുപ്പക്കാരില്‍ പ്രത്യേകിച്ച് യുവതികളിലാണ് ഇത്തരം വായ്പുണ്ണ് കണ്ടു വരുന്നത്. വളരെ ചെറിയ (2 മില്ലിമിറ്റര്‍) 10 മുതല്‍ 100 വരെ കുമിളകള്‍ കൂട്ടമായി പ്രത്യക്ഷപ്പെടുന്നു, പിന്നീട് ഇവ ചെറിയ മുറിവുകളുടെ കൂട്ടങ്ങളായി മാറി ഏകദേശം ഒരു മാസം കൊണ്ട് ഭേദമാകുന്നു. വായ്ക്കുള്ളില്‍ എവിടെയും ഇതുണ്ടാകാം. രോഗലക്ഷണങ്ങള്‍ക്കു ഹെര്‍പിസ് അണുബാധയുമായി അടുത്ത സാമ്യം ഉള്ളതാണ് ഈ പേര് വരാന്‍ കാരണം.

മറ്റു പല രോഗങ്ങളുടെയും ലക്ഷണമായും വായ്ക്കുളളിലെ മുറിവുകള്‍ കണ്ടു വരുന്നു. ഹെര്‍പ്പിസ് വൈറസ് ബാധ, ഹാന്‍ഡ് ഫൂട് മൗത്ത് ഡിസീസ് (തക്കാളി പനി), ഹെര്‍പാഞ്ചിന, പെംഫിഗസ്, ബെഷെറ്റ് ഡിസീസ്, സിസ്റ്റമിക് ലൂപസ് എരിതിമറ്റോസിസ് (SLE), സ്വീട്‌സ് സിന്‍ഡ്രോം, എരിതീമാ മള്‍ട്ടിഫോമി, മരുന്നുകളോടുള്ള സ്റ്റീവന്‍സ് ജോണ്‍സണ്‍സ് സിന്‍ഡ്രോം പോലെയുള്ള അലര്‍ജി, HIV അണുബാധ, സൈക്ലിക് ന്യൂട്രോപീനിയ, ഉദരരോഗങ്ങള്‍ എന്നിവയാണ് പ്രധാനം.

വായിലെ മുറിവുകള്‍ കൂടാതെ ചര്‍മ്മത്തിലും മറ്റു ശ്ലേഷ്മസ്തരങ്ങളിലും മുറിവുകള്‍ ഉണ്ടാകുന്ന രോഗമാണ് പെംഫിഗസ്.

ക്രോണ്‍സ് ഡിസീസ്, അള്‍സറേറ്റീവ് കോളൈറ്റിസ്, സിലിയാക് ഡിസീസ് എന്നീ ഉദരരോഗങ്ങളില്‍ വായിലെ മുറിവിനോടൊപ്പം വയറുവേദന, വയറിളക്കം, ക്ഷീണം, തൂക്കം കുറയുക എന്നീ ലക്ഷണങ്ങളും ഉണ്ടാകും. ബെഷെട്‌സ് ഡിസീസില്‍ വായ്പുണ്ണിനൊപ്പം ജനനേന്ദ്രിയങ്ങളിലും മുറിവുകള്‍ കണ്ടു വരുന്നു, കൂടാതെ കണ്ണുകളെയും, നാഡീവ്യൂഹത്തെയും സന്ധികളെയും ഈ രോഗം ബാധിക്കാം. വേദനയില്ലാത്ത വായിലെ മുറിവുകള്‍ക്കൊപ്പം സന്ധികള്‍, വൃക്ക മുതലായവയെയും ബാധിക്കുന്ന രോഗമാണ് സിസ്റ്റമിക് ലൂപസ് എരിതിമറ്റോസിസ് (SLE).

മാസങ്ങളോളം ഉണങ്ങാതെ നില്‍ക്കുന്ന മുറിവുകള്‍ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണവുമാകാം.

രോഗനിര്‍ണയം

രോഗനിര്‍ണയം പ്രധാനമായും ലക്ഷണങ്ങളില്‍ അധിഷ്ടിതമാണ്. രോഗാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെ കണ്ടു പിടിക്കാന്‍ രക്തത്തിലെ കൗണ്ട്, ഹീമോഗ്ലോബിന്‍, അയണ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ തോത് എന്നീ പരിശോധനകള്‍ ചെയ്യാവുന്നതാണ്. പെംഫിഗസ്, വായിലെ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഉറപ്പാക്കാന്‍ ബയോപ്‌സി പരിശോധന നിര്‍ബന്ധമാണ്. മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണം ആകാം എന്നു സംശയിക്കുന്ന പക്ഷം അതാതു രോഗത്തിനുള്ള പരിശോധനകളും വേണ്ടി വന്നേക്കാം.

ചികിത്സ

മിക്കവാറും എല്ലാ രോഗികളിലും പ്രായം കൂടും തോറും രോഗലക്ഷണങ്ങള്‍ സ്വയം കുറഞ്ഞു ഇല്ലാതാകുന്നു. രോഗാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങള്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ അവ ഒഴിവാക്കുകയോ ചികിത്സാ വിധേയമാക്കുകയോ ചെയ്യണം. വായിലെ ശുചിത്വം മുറിവുകള്‍ ഭേദമാകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ക്ലോര്‍ഹെക്‌സിഡിന്‍ പോലെയുള്ള ആന്റിസെപ്റ്റിക് മൗത്ത് വാഷുകള്‍ ഇതിനായി ഉപയോഗിക്കാം. സ്റ്റിറോയ്ഡ്, ആന്റിബയോട്ടിക്, വേദനാസംഹാരി ലേപനങ്ങളും, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, സിങ്ക് ഗുളികകളും ഫലപ്രദമാണ്. മുറിവുകളുടെ വേദന കുറയ്ക്കാനും രോഗശമനം ത്വരിതപ്പെടുത്താനും ലേസര്‍ ചികിത്സ ലഭ്യമാണ്.

ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് കൂട്ടായ്മയ്ക്കുവേണ്ടി ഡോ. അശ്വനി രംഗനാഥ് തയ്യാറാക്കിയ ലേഖനം

ചിത്രം - ഇന്‍ഫോ ക്ലിനിക്ക്‌Next Story

Related Stories