ക്വാറന്റൈനില്‍ അല്ലെങ്കില്‍ കൊറോണ വൈറസ് ബാധിച്ച ഒരു രോഗിക്ക് ഒരു മാസം കൊണ്ട് 406 പേര്‍ക്ക് രോഗം പകര്‍ത്താന്‍ കഴിഞ്ഞേക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വൈറസ് ബാധിച്ച 70 ശതമാനത്തിനടുത്ത് പേരും പലപ്പോഴും ചെറിയ രോഗലക്ഷണങ്ങളേ കാണിക്കാറുള്ളൂ. ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കേണ്ട നിലവരാറില്ല. ലോക്ക് ഡൗണ്‍ ലംഘിക്കുന്ന പക്ഷം, ക്വാറന്റൈന് വിധേയരാകാത്ത പക്ഷം ഈ രോഗികള്‍ ഇത്രയും പേര്‍ക്ക് രോഗം പരത്താന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആർ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ പഠനത്തിൽ പറയുന്നു. ഇക്കാര്യം ഇന്ന് പുറത്തിറക്കിയ ഗൈഡന്‍സ് ഡോക്യുമെന്റില്‍ ആരോഗ്യ മന്ത്രാലയം പറയുന്നുണ്ട്.
കൊവിഡ് കേസുകളുടെ എണ്ണം ഒരോദിവസവും കൂടിവരുമ്പോള്‍ പല സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനോട് ലോക്ക് ഡൗണ്‍ നീട്ടാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം കേന്ദ്രം പരിശോധിച്ചുവരുകയാണ്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ രണ്ട് വര്‍ഷം വരെ തടവിലിടാവുന്ന തരത്തിലുള്ള നിയമ നടപടികളിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങിയേക്കും. സംസ്ഥാനങ്ങളെല്ലാം ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനുള്ള നീക്കങ്ങളെക്കുറിച്ച് ആലോചിച്ച് തുടങ്ങിയെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്ത ശേഷമേ സംസ്ഥാന സർക്കാരുകൾ നടപടികളിലേയ്ക്ക് നീങ്ങാൻ സാധ്യതയുള്ളൂ.