TopTop
Begin typing your search above and press return to search.

മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍ ഇവയാകാം

മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍ ഇവയാകാം

എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. കുളിക്കുമ്പോള്‍, മുടി ഉണക്കുമ്പോള്‍ അല്ലെങ്കില്‍ മുടി ചീകുമ്പോഴാണ് ഈ പ്രശ്‌നത്തിന്റെ തീവ്രത ഏറ്റവുമധികം മനസിലാകുന്നത്. ഒരു സ്ത്രീക്ക് ഒരു ദിവസം 80 മുതല്‍ 100 വരെ മുടിയിഴകള്‍ നഷ്ടപ്പെടുന്നുണ്ട്. പക്ഷെ കൊഴിയുന്ന മുടിയുടെ എണ്ണം ഇതിലധികമാവുകയോ കഷണ്ടിയുടെ ലക്ഷണങ്ങള്‍ പ്രകടമാവുകയോ ചെയ്താല്‍ സൂക്ഷിക്കണം. ഇനി പറയുന്ന പത്ത് കാര്യങ്ങള്‍ ശ്രദ്ധിക്കുക. മുടി കൊഴിച്ചിലിന് ഇവയും കാരണമാകുമെന്ന തിരിച്ചറിവ് ഒരു പക്ഷെ നിങ്ങള്‍ക്ക് ആദ്യമായാകാം. എങ്ങനെ മറികടക്കാമെന്ന നിര്‍ദ്ദേശങ്ങളും വായിക്കുക.

ശാരീരിക / മാനസിക സമ്മര്‍ദ്ദം

താരന്‍ ഉള്‍പ്പെടെ തലയോട്ടി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഭക്ഷണക്രമത്തിലെ അപാകതകള്‍ക്കും ദഹനപ്രശ്‌നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദമാണ് പ്രധാന കാരണം. യോഗ, ടോക്ക് തെറപ്പി, മെഡിറ്റേഷന്‍, ഉല്ലാസയാത്രകള്‍ എന്നിവ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. ശാരീരിക ക്ലേശം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളിലും ഇത് സംഭവിക്കാം

ആഹാരവും ആരോഗ്യവും ശ്രദ്ധിക്കുക. തലയില്‍ എണ്ണതേക്കാനും ശ്രദ്ധിക്കണം.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

മുടിയുടെ ആരോഗ്യത്തില്‍ ഹോര്‍മോണ്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈസ്ട്രജന്‍ ഉള്‍പ്പെടെയുള്ള സ്ത്രീ ഹോര്‍മോണുകള്‍ മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുമ്പോള്‍, ആന്‍ഡ്രജന്‍ ഉള്‍പ്പെടുന്ന പുരുഷ ഹോര്‍മോണുകള്‍ മുടിയുടെ വളര്‍ച്ചക്ക് വെല്ലുവിളിയാണ്. പലതരം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകും. മുടി വളര്‍ച്ചയെ സഹായിക്കുന്ന ആഹാരക്രമവും പോഷകങ്ങളും ശരീരത്തിലെത്താന്‍ ശ്രദ്ധിക്കണമെന്നതാണ് പ്രതിവിധി. ദിവസവും തലയില്‍ എണ്ണ തേയ്ക്കുന്നതും അലോവെര (കറ്റാര്‍വാഴ) ജെല്‍ പുരട്ടുന്നതുമാണ് പരിഹാരം.

പ്രായം കൂടുമ്പോള്‍

പുതിയ കോശങ്ങളെ നിര്‍മ്മിക്കാന്‍ ശരീരത്തിന് കഴിയാതെ വരിക ഒരു 40 വയസ് പ്രായത്തിലേക്ക് എത്തുമ്പോഴാണ്. മുടി കൊഴിയുക, നര തുടങ്ങി പലവിധ വ്യത്യാസങ്ങള്‍ ഈ ഘട്ടത്തില്‍ കണ്ടേക്കാം. ധാരാളം പ്രോട്ടീന്‍, വൈറ്റമിന്‍ തുടങ്ങി മുടിക്ക് വേണ്ടതെന്തും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

പോഷകങ്ങള്‍ ആവശ്യത്തിന് ശരീരത്തിലെത്തണം

തലമുടിയുടെ ആരോഗ്യത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളുടെ ഡയറ്റ് ചാര്‍ട്ടിനാകും. വൈറ്റമിനും മിനറലുകളും കൃത്യമായി കഴിക്കാത്തത് മുടിയുടെ ആരോഗ്യം നശിപ്പിക്കും. പ്രധാന പ്രശ്‌നങ്ങള്‍ ഇനി പറയുന്നവയാണ്:

പ്രോട്ടീന്‍ അപര്യാപ്തത

മുടിയുടെ നിര്‍മ്മാണം തന്നെ പ്രോട്ടീനുകളാലാണ്. മുട്ട, മീന്‍, ഇറച്ചി തുടങ്ങിയവ കഴിക്കുന്നത് പ്രോട്ടീന്‍ അപര്യാപ്തത കുറയ്ക്കും. സോയ, ചീസ് തുടങ്ങിയവയിലും പ്രോട്ടീന്‍ ധാരാളമായുണ്ട്.

വിളര്‍ച്ച / അനീമിയ

ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറയുന്നതിനാലാണ് അനീമിയ ഉണ്ടാകുന്നത്. ശരാശരി 10% സ്ത്രീകളെങ്കിലും ഈ രോഗം അനുഭവിക്കുന്നു.

തലവേദന, കിതപ്പ് തുടങ്ങി ഇരുമ്പിന്റെ കുറവുകൊണ്ട് മറ്റുപല അസ്വസ്ഥതകളും ഉണ്ടാകും. ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ഇലവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ഓറഞ്ച്, മാങ്ങ, കോളിഫ്‌ലവര്‍, തക്കാളി എന്നിവയില്‍ വിറ്റാമിന്‍ C അടങ്ങിയിട്ടുണ്ട്. പ്രൊട്ടീനിനായി മത്സ്യം, മാംസം, മുട്ട, ബീന്‍സ്, തൈര് എന്നിവയും ശീലമാക്കാം. ധാന്യങ്ങള്‍, പച്ച നിറത്തോടുകൂടിയ ഇലവര്‍ഗങ്ങള്‍,മധുരക്കിഴങ്ങ് എന്നിവയും പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.

അമിതമായി 'സ്‌റ്റൈല്‍' വേണ്ട

ഹെയര്‍കെയര്‍ ട്രീറ്റ്‌മെന്റുകളെ അമിതമായി ആശ്രയിക്കുന്നവരെല്ലാം മുടികൊഴിച്ചില്‍ ഇന്ന് അനുഭവിക്കുന്നുണ്ട്. Tight braids,hair weaves,corn rows എന്നീ സ്‌റ്റൈലിംഗ് രീതികള്‍, മുടികൊഴിച്ചില്‍ ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ്. കെമിക്കലുകളുടെ സഹായത്തോടെ തലമുടിയുടെ സ്വാഭാവികത അടിമുടി മാറ്റിയെടുക്കുന്നതിനാല്‍ പുതിയ മുടിയുടെ വളര്‍ച്ചയിലും പ്രശ്‌നങ്ങളുണ്ടാകും. ബലമില്ലാത്ത മുടിയാണ് തലയില്‍ ബാക്കിയാകുന്നത്. ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്, സ്‌ട്രെയ്റ്റനിംഗ് ഉള്‍പ്പടെയുള്ളവയ്ക്ക് ശേഷം വളരുന്ന മുടിയിഴകള്‍ക്ക് ഈ ബലക്കുറവ് അനുഭവപ്പെട്ടേക്കാം. നിങ്ങള്‍ക്ക് ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ തലയോട്ടി നന്നായി മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കണം. ഒലിവ്, കാസ്റ്റര്‍ എണ്ണകള്‍, വെളിച്ചെണ്ണ എന്നിവ തലയില്‍ മസ്സാജിങ്ങിനായി ഉപയോഗിക്കുക

ശരീരഭാരക്കുറവ്

ശരീരഭാരം വളരെപ്പെട്ടെന്ന് കുറയുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ശരീരത്തിന്റെ ഭാരം കുറഞ്ഞത്, നിങ്ങള്‍ക്ക് ഗുണം ചെയ്തു എന്നാണെങ്കിലും ഒരുപക്ഷെ മുടിയ്ക്ക് ഇത് ദോഷമായി ഭവിച്ചേക്കാം. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന വൈറ്റമിന്‍, ലവണങ്ങള്‍ എന്നിവയുടെ കുറവ്, ശാരീരിക ക്ലേശങ്ങള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഇതുകാരണത്താലും മുടി കൊഴിയും. അനൊറെക്‌സിയ (Anorexia) അഥവ ബുലിമിയ (Bulimia) ആണ് ഉദാഹരണം. ശരീരഭാരം കുറഞ്ഞതും മുടികൊഴിച്ചിലും കാരണം ഉണ്ടാകുന്ന ക്രമരഹിത ഭക്ഷണരീതിയാണിത്.

ശരീരം മെലിഞ്ഞതിന് മൂന്ന് മുതല്‍ ആറു മാസങ്ങള്‍ക്കകം നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടായേക്കാം. മുടിയുടെ ആരോഗ്യത്തിനുള്ള ആഹാരക്രമീകരണം നടത്തുക എന്നതാണ് പോംവഴി. വൈറ്റമിന്‍ A, വൈറ്റമിന്‍ C, സിങ്ക്, ഇരുമ്പ് എന്നിവയടങ്ങിയ ഭക്ഷണം കഴിക്കണം

ട്രൈക്കോറ്റില്ലോമാനിയ (മുടി പൊട്ടിക്കുക)

മാനസിക പ്രശ്‌നമാണിത്. തലയോട്ടി, കണ്‍പോള തുടങ്ങി ശരീരഭാഗളിലെ മുടിയിഴകള്‍ വലിച്ചെടുക്കുന്നതാണ് ഈ പ്രശ്‌നം. ചികിത്സ ഇല്ലാതെ തന്നെ ഭേദമാകുകയും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നൊരു 'ശീലമായും' ഇതിനെ കാണാം. സ്ത്രീകള്‍ക്കാണ് ഈ ശീലം ഏറെയും. മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്ന ഒന്നാണിത്. തലയില്‍ കഷണ്ടിയുടെ ലക്ഷണങ്ങള്‍ വരെ കണ്ടേക്കാം. ചുറ്റുപാടുമായി ഇടപെടുമ്പോഴും ഒരു ബുദ്ധിമുട്ടിക്കുന്ന ശീലമായി അനുഭവപ്പെടും. മനസിലൊരു തീരുമാനമെടുത്ത് ഈ സ്വഭാവത്തെ തുരത്തുക എന്നതാണ് ഏക പോംവഴി.

അന്തരീക്ഷമാറ്റങ്ങള്‍

കടുത്ത ചൂട് തുടങ്ങി കാലാവസ്ഥാവ്യതിയാനങ്ങളെല്ലാം മുടിയെയും ബാധിക്കും. സാധാരണമാണിത്. പക്ഷെ കൊഴിച്ചില്‍ കൂടിയാല്‍ വൈദ്യസഹായം തേടണം. മാത്രമല്ല വായു മലിനീകരണം, പുകവലി, മോശം ആഹാരശീലം എന്നിവയും ഭീഷണിയാണ്

ഹൈപോതൈറോയ്ഡിസം

തൈറോയ്ഡ് ഇന്ന് സാധാരണമാണ്. രോഗം എല്ലാവര്‍ക്കും പരിചിതവും. ഹൈപോതൈറോയ്ഡിസവും മുടികൊഴിച്ചിലിന് കാരണമാകുന്നു. ആദ്യഘട്ടത്തില്‍ ചികില്‍സിച്ചില്ലെങ്കില്‍, വിളര്‍ച്ചരോഗം ഉള്‍പ്പടെ മറ്റു പ്രശ്‌നങ്ങളും ഉണ്ടായേക്കാം


Next Story

Related Stories