TopTop
Begin typing your search above and press return to search.

കാട് എന്തുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ അജണ്ടയാവണം?

കാട് എന്തുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ അജണ്ടയാവണം?

എം കെ രാമദാസ്

ഹരിത നിയമ സഭാസാമാജികര്‍ എന്ന ഖ്യാതികേട്ടവരില്‍ ഒരാളുമായി അഴിമുഖം നടത്തിയ അഭിമുഖത്തിനൊടുവില്‍ ഒരു ചോദ്യത്തിന് ലഭിച്ച ഉത്തരം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളെക്കുറിച്ചായിരുന്നു പ്രസ്തുത ചോദ്യം. പാര്‍ട്ടി നയം അവഗണിച്ചും പരിസ്ഥിതി അനുകൂല നിലപാട് എടുത്തവരാണ് ഹരിത എം എല്‍ എമാര്‍. അവരില്‍ പ്രധാനിയോടായിരുന്നു മറുപടി തേടിയത്. ''അയ്യോ.. അക്കാര്യം ഇപ്പോള്‍ കുത്തിപ്പൊക്കല്ലേ? ജനങ്ങള്‍ മറന്നിരിക്കുന്ന വിഷയമാണത്. പ്രയാസം ഉണ്ടാക്കരുത്.'' ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതേ അഭിപ്രായം തന്നെയായിരിക്കും മറ്റുള്ളവര്‍ക്ക് എന്നതിനും സംശയമില്ല. പരിസ്ഥിതി എന്ന വാക്ക് അത്ര പഥ്യമല്ല മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക്. വികസനത്തിന് എതിരാണ് പരിസ്ഥിതിയോടുള്ള ആഭിമുഖ്യമെന്നാണ് പൊതുധാരണ. പാര്‍ട്ടികള്‍ വികസനം കൊണ്ട് ഉദ്ദേശിക്കുന്നത് റോഡും പാലവും കൂറ്റന്‍ കെട്ടിടങ്ങളും വിമാനത്താവളവും ഒക്കെയെന്നാണ് വെയ്പ്പ്. കോണ്‍ക്രീറ്റില്‍ അതിഷ്ഠിതമാണിത്. പാറക്കെട്ടുകള്‍ തകര്‍ത്തും കുന്നുകള്‍ ഇടിച്ചും നടപ്പാക്കുന്നതാണ് വികസനം. ജലസ്രോതസ്സുകള്‍ വറ്റിച്ചും അരുവികളും തോടും മൂടിയും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തിയും വികസനത്തിന് പരവതാനി വിരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് ഇവിടെ മുന്‍തൂക്കം. മേല്‍പ്പറഞ്ഞതൊക്കെയൊന്ന് നിയന്ത്രിക്കണമെന്നാഗ്രഹിക്കുന്നവര്‍ വികസന വിരുദ്ധരാണ്. പ്രകൃതി സ്‌നേഹികളും പരിസ്ഥിതി വാദികളും വികസനപക്ഷക്കാരുടെ കണ്ണിലെ കരടാണ്.

രണ്ടാള്‍ കൂടുന്നിടത്തൊക്കെ രണ്ട് കാര്യങ്ങളാണ് ഇപ്പോള്‍ സംസാര വിഷയം. മുറ്റത്തെത്തിയ തെരഞ്ഞെടുപ്പാണ് ആദ്യത്തേത്. രണ്ടാമത്തേത് ചൂട് തന്നെ. ചൂടിനെ വിശേഷിപ്പിക്കാന്‍ പദങ്ങള്‍ ഇല്ലെന്നായിരിക്കും. കേരളം വിയര്‍ത്ത് ഒലിക്കുന്നു, വറ്റി വരളുന്നു, ഉരുകി ഒലിക്കുന്നു, ചുട്ടുപൊള്ളുന്നു, പുകയുന്നു, കത്തുന്നു എന്നൊക്കെയാണ് മാധ്യമ പ്രയോഗങ്ങള്‍. ദിവസംതോറും ക്രമാതീതമായി വര്‍ദ്ധിക്കുന്ന അന്തരീക്ഷ താപത്തെ വിശേഷിപ്പിക്കാന്‍ പുതു പദങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് അവര്‍.

തെരഞ്ഞെടുപ്പില്‍ നാട്ടിലെ കാര്യങ്ങള്‍ക്കെ പ്രസക്തിയുള്ളൂ. വോട്ടാണ് കാര്യം. ഗവണ്‍മെന്റ് മാത്രമല്ല കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം നാട്ടിലെ ജലക്ഷാമത്തില്‍ ഉല്‍കണ്ഠാകുലരാണ്. നാട്ടില്‍ കിട്ടാക്കനിയാകുന്ന കുടിവെള്ളം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല.

കാട്ടിലെ ആനകളുടെയും കാട്ടുപോത്തിന്റെയും മാടുകളുടെയും എന്തിന് കടുവയുടെപോലും പിന്തുണ നാട്ടിലെ ജനപ്രതിനിധികള്‍ക്ക് വേണ്ട. കാട്ടിലെ പ്രജകള്‍ക്ക് വോട്ടില്ലാത്തതുകൊണ്ട് അവിടത്തെ കാര്യം കട്ടപ്പൊകയാണ്.

മനുഷ്യനെപ്പോലെ എല്ലാ ജീവികള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ കുടിവെള്ളം വേണം. കാടും പുകയുകയാണ്. അവിടെയും ഈ മിണ്ടാപ്രാണികള്‍ ദാഹനീരിനായി അലയുന്നുണ്ട്. കുടിവെള്ളത്തിനായി അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പരാതിയുമായി എത്താനോ റോഡ് ഉപരോധിക്കാനോ ഹര്‍ത്താലിനോ കാട്ടുജീവികള്‍ക്കാവില്ല. മനുഷ്യദുരയുടെ ഇരകളാണ് വനവും വന്യജീവികളും. ചെയ്യാത്ത തെറ്റിനാണ് വന്യജീവികള്‍ ശിക്ഷയേല്‍ക്കുന്നത്. വനം വെട്ടിവെളുപ്പിച്ചും മലകള്‍ തുരന്നും വന്യജീവികളുടെ അന്നം കവര്‍ന്നത് മനുഷ്യരാണ്. അതുകൊണ്ടുതന്നെ കാട്ടിലെ ജീവിതം ക്രമപ്പെടുത്താനുള്ള ഉത്തരവാദിത്തം നാട്ടിലെ ഏമാന്‍മാര്‍ക്കുണ്ട്.

രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ അതിരൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. നേര്‍ത്തുപോയ കാടുകളില്‍ അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ വരണ്ടുണങ്ങി. ഒരാനയ്ക്ക് ഏതാണ്ട് അഞ്ഞൂറ് ലിറ്ററോളം വെള്ളം പ്രതിദിനം കുടിക്കാനായി വേണം എന്നാണ് ഒരു ഏകദേശ കണക്ക്. ഏഷ്യന്‍ ആനകളുടെ പ്രധാന ആവാസകേന്ദ്രമായ വയനാട് വന്യജീവി സങ്കേതം കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങുകയാണ്. ഏറെ വൈകാതെ അവശേഷിക്കുന്ന കുളങ്ങളും അരുവികളും വറ്റിവരളും.വയനാട് വന്യജീവി സങ്കേതം വാര്‍ഡന്‍ ധനേഷ് കുമാര്‍ കാടിന്റെ ദുര്‍ഗതിയെക്കുറിച്ച് പറയുന്നത് കേള്‍ക്കുക.

അറുപത് കുളങ്ങള്‍ ഉണ്ടിവിടെ. അതിലൊക്കെ അല്‍പം വെള്ളവും ഉണ്ട്. കുറച്ചൊക്കെ വെള്ളമുള്ള ചെറിയ കുളങ്ങള്‍ വേറെയും ഉണ്ട്. മുത്തങ്ങയില്‍ ഉള്‍പ്പെടെ വനത്തില്‍ മഴ പെയ്തിട്ടേയില്ല. നാട്ടിന്‍ പുറങ്ങളില്‍ അല്‍പം മഴ പെയ്യുന്നു. തമിഴ്‌നാട്, കര്‍ണാടക വനങ്ങളില്‍ നിന്ന് വന്യജീവികളുടെ മൈഗ്രേഷന്‍ വലിയ തോതില്‍ നടക്കുന്നു. തണുപ്പും, വെള്ളവും തേടിയാണ് ഇവയുടെ വരവ്. അതിന്റെ ഭാഗമായി ഉണ്ടാകാറുള്ള സംഘര്‍ഷം ഇത്തവണ ഇതുവരെ കണ്ടിട്ടില്ല. വന്യജീവികള്‍ കാര്യമായ തോതില്‍ നാട്ടിലേക്ക് ഇറങ്ങാത്തതിന്റെ കാരണവും ഇതുതന്നെ. ജനകീയ കമ്മിറ്റികളെ വനസംരക്ഷണത്തിന് വിനിയോഗിച്ചത് പോസിറ്റീവ് ആയി മാറി. ഫെന്‍സിംഗ് നടത്തുന്നതും അവരാണ്. ജനങ്ങളുടെ നല്ല സഹകരണമാണ് ഒരാശ്വാസം. അതിരുകള്‍ എല്ലാം അടച്ചതുകൊണ്ട് വേലി തകര്‍ത്ത് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ സാധ്യത ഏറെയാണ്. ചൂട് അസഹ്യമാകുന്നതോടെ ഏത് സമയത്തും ഇത് സംഭവിക്കാം. കാടിന് വെളിയിലും കൊടും ചൂടാണ്. പ്രകൃതി പഠന ക്ലാസുകളില്‍ പങ്കെടുക്കുന്നവരുടെയും കുട്ടികളുടെയും സഹായത്തോടെ ജലസ്രോതസ്സുകള്‍ മെയ്ന്‍റയിന്‍ ചെയ്തത് ഒരനുഗ്രഹമായിരിക്കും.

ജല സ്രോതസ്സുകളുടെ അന്തകരായി മാറുകയാണ് സെന്ന ചെടികള്‍. വിദേശ ഇനമാണ് ഈ സസ്യം. വയനാട് വന്യജീവി സങ്കേതത്തിലെ രണ്ട് ശതമാനത്തില്‍ അധികം സ്ഥലം സെന്ന കീഴടക്കി കഴിഞ്ഞു. ജല സ്രോതസ്സുകള്‍ വറ്റിക്കാന്‍ പ്രാപ്തിയുള്ള ഈ ചെടി വെട്ടിമാറ്റാന്‍ തുനിഞ്ഞാല്‍ അതിലും കരുത്തോടെ മുളച്ചുവരും. ലെന്റാനയാണ് മറ്റൊരു വെല്ലുവിളി. ചില മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. അത്യാവശ്യഘട്ടകളെ നേരിടാന്‍ സൗകര്യമില്ല. വനം വകുപ്പിന്റെ കൈയ്യിലുള്ള ചെറിയ വാഹനങ്ങള്‍ വേണം ഉപയോഗിക്കാന്‍. പരിഹരിക്കാന്‍ കഴിയുന്നവരാണ് ഇവയെല്ലാം.

കാടിനെ ആശ്രയിച്ചുള്ള കന്നുകാലി വളര്‍ത്തലാണ് ഈ ചൂടുകാലത്തെ പ്രധാന വെല്ലുവിളികളില്‍ ഒന്ന്. വനത്തോട് ചേര്‍ന്ന ഇടങ്ങളില്‍ ആദിവാസികളെ ഉപയോഗിച്ച് പുറമെ നിന്നുള്ളവരാണ് കന്നുകാലികളെ വളര്‍ത്തുന്നത്. നിരവധി ഏജന്‍സികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കന്നുകുട്ടികളെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം നടത്തുകയാണ്. വളര്‍ന്നതിനു ശേഷം ചെറിയ പ്രതിഫലം നല്‍കി തിരികെ കൊണ്ടുപോകുന്നു. മുപ്പതിനായിരത്തില്‍ അധികം കന്നുകാലികള്‍ ഇവ്വിധം ഭക്ഷണം തേടിയെത്തുന്നു. വയനാടന്‍ വനങ്ങളില്‍ രണ്ടായിരം കാട്ടുപോത്തുകള്‍ ഉണ്ടെന്നാണ് ഒരു ഏകദേശ കണക്ക്. വനത്തിലുള്ളിലേക്കുള്ള കന്നുകാലികളുടെ കടന്നുകയറ്റം തടയാന്‍ ശ്രമിച്ചാല്‍ കര്‍ഷക പ്രശ്‌നമാക്കി ചെറുക്കുന്നു. ഇങ്ങനെ വനത്തില്‍ പ്രവേശിക്കുന്ന പശുക്കളില്‍ ഒന്നിനെ കടുവ ഭക്ഷണമാക്കിയാല്‍ സംഘടിതരായി പ്രതിഷേധിക്കുന്നു. പാരമ്പര്യ കര്‍ഷകര്‍ ഒരിക്കലും വനത്തിനും വന്യമൃഗങ്ങള്‍ക്കും എതിരാവില്ല. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള വലിയ ഫാമിംഗ് ഗ്രൂപ്പുകളാണ് ഇതിനുപിന്നില്‍. വനമേഖലയില്‍ കലാപമുണ്ടാക്കുന്നവരില്‍ ഭൂരിഭാഗവും പുറമെ നിന്നുള്ളവരാണ്.ബാറും സോളാറിനും ഒപ്പം തെരഞ്ഞെടുപ്പില്‍ കാടും വിഷയമാകണം. പരിസ്ഥിതി സംബന്ധിച്ച സമഗ്ര നയം മുന്നോട്ട് വെയ്ക്കാന്‍ തയ്യാറുള്ളവര്‍ ആരുണ്ടെന്ന് തിരയേണ്ടിയിരിക്കുന്നു. പക്ഷി നിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിഷ്ണുദാസ് പറയുന്നതും ഇതാണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികളും പാര്‍ട്ടികളും ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച മാനിഫെസ്റ്റോകളില്‍ സമഗ്ര പരിസ്ഥിതി നയം ഇല്ല. വി എസ്സ് വിജയന്‍ സാറിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംബന്ധിച്ച ടെന്‍ പോയിന്റ് അജണ്ട തയ്യാറാക്കി. എന്നാല്‍, ഇടത് പ്രകടന പത്രികയില്‍ അതൊന്നും കണ്ടില്ല. തെരഞ്ഞെടുപ്പിലെ മേജര്‍ അജണ്ടയായി പരിസ്ഥിതിയെ കൊണ്ടുവരാന് ആരും തയ്യാറായിട്ടില്ല.

കോണ്‍ക്രീറ്റ് വികസനത്തെക്കുറിച്ചാണ് ചര്‍ച്ച. കഴിഞ്ഞ അഞ്ചുവര്‍ഷ ഭരണക്കാലത്ത് നടന്നതെന്താണെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം അറിയാം. കെട്ടിട നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ച് എതിര്‍ക്കുകയാണുണ്ടായത്. ഈയൊരു ഉത്തരവുകൊണ്ട് വയനാട്ടില്‍ മാത്രം കോണ്‍ക്രീറ്റിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ഒപ്പം ചൂടും. കെട്ടിടനിര്‍മ്മാണ ശൈലിയാണ് ഇതിന് കാരണം. പ്ലൈവുഡ്ഡിന്റെ അമിത ഉപയോഗം മൂലം വായുസഞ്ചാരം തടയപ്പെടുന്നത് അവിടങ്ങളില്‍ ചൂട് കൂടുന്നതിന് കാരണമാവുകയാണ്. മുന്‍കൂര്‍ ആസൂത്രണമാണ് പ്രധാനം. ക്ലിയര്‍ കട്ടായ ഒരു പ്ലാന്‍ വേണം. ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെ ഇത് പ്രാവര്‍ത്തിക മാക്കിയിട്ടുണ്ട്. മരം നടുന്നത് അവരുടെ വലിയ മിഷനാണ്. ഇവിടെയെല്ലാം പ്രകടനങ്ങളില്‍ ഒതുങ്ങും. സ്ഥായിയായ ആശയം മുന്നോട്ട് വെക്കാന്‍ ആര്‍ക്ക് കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ആകസ്മികമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള കാഴ്ചപ്പാട് എന്ത് എന്ന ചോദ്യമുയരണം.


ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സെറ്റില്‍ചെയ്തുവെന്നാണ് മുന്നണികളുടെയും ധാരണ. ഉണ്ടാകുന്ന ഇഷ്യു താല്‍ക്കാലികമായി പരിഹരിച്ചുവെന്നു അവര്‍ കരുതുന്നു. ചൂട് കൂടുന്നു, വെള്ളം എവിടെ എന്ന ചോദ്യം ജനങ്ങള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവരണം. എങ്കിലേ മുന്നണികളും പാര്‍ട്ടികളും നിലപാടെടുക്കൂ. വികസനമാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. അതുതന്നെയാണ് അജണ്ടയും. പരിസ്ഥിതി അനുകൂല വികസനമെന്നത് ഫ്‌ളോറിംഗുകളില്‍ മാത്രമേ ഉള്ളൂ. ഇപ്പോള്‍ മാനിഫെസ്റ്റോ നിശ്ചയിക്കുന്നത് ഈവന്റ് മാനേജ്‌മെന്റ് കമ്പനികളാണ്. അവരാണ് ഗൈഡ് ചെയ്യുന്നത്. ജനങ്ങളോ നേതാക്കളോ അല്ല പരസ്യക്കമ്പനികളാണ് മുദ്രാവാക്യങ്ങള്‍ മെനയുന്നത്.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories