Top

കേരളത്തിന്റെ ദശരഥ് മാഞ്ചിയെത്തേടി ജര്‍മ്മന്‍ ചലച്ചിത്ര സംഘം; വീട്ടിലേക്കുള്ള വഴി വെട്ടിയ ശശി ഇനി കടല്‍കടക്കും

കേരളത്തിന്റെ ദശരഥ് മാഞ്ചിയെത്തേടി ജര്‍മ്മന്‍ ചലച്ചിത്ര സംഘം; വീട്ടിലേക്കുള്ള വഴി വെട്ടിയ ശശി ഇനി കടല്‍കടക്കും
സ്വാധീനമില്ലാത്ത വലതുകൈയും കാലും വകവയ്ക്കാതെ കുന്നിന് മുകളിലുള്ള സ്വന്തം വീട്ടിലേക്കുള്ള വഴി വെട്ടിയ 59-കാരനായ മേലേത്തുവീട്ടില്‍ ശശി ഗംഗാധരന്റെ കഥ കടല്‍ കടക്കുകയാണ്. തൂമ്പയും പിക്കാസും മാത്രം ഉപയോഗിച്ച് തനിച്ച് ഒരു കുന്ന് വെട്ടി അഞ്ചടി വീതിയില്‍ 200 മീറ്ററിലേറെയുള്ള ഈ വഴി ശശി ഉണ്ടാക്കിയത്  മൂന്നുവര്‍ഷത്തെ അധ്വാനം കൊണ്ടാണ്. തളര്‍ന്ന ശരീരവുമായി സ്വന്തം വഴി വെട്ടിയ ശശിയുടെ കഥ സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞ ജര്‍മ്മനിയിലെ ഹ്രസ്വചിത്ര നിര്‍മ്മാണ കമ്പനിയുടെ ആളുകള്‍ നിശ്ചയദാര്‍ഡ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമായ ഈ മനുഷ്യനെ തേടിയെത്തുകയായിരുന്നു.

കോമ്പേറി എന്ന ഹ്രസ്വ ചിത്ര നിര്‍മ്മാണ കമ്പനിയുടെ സാറ, മിജ എന്നീ ജര്‍മ്മന്‍ സ്വദേശികളാണ് തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ശശിയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ശശിയുടെ ജീവിത കഥ ഇവര്‍ ക്യാമറയില്‍ പകര്‍ത്തുകയാണ്. ബംഗളൂരു സ്വദേശിയായ മഹന്ദിയെന്ന സുഹൃത്തിനൊപ്പമാണ് സാറയും മിജയും ശശിയുടെ വീട്ടില്‍ എത്തിയത്.പ്രവാസിയായ മുസ്തഫയെന്ന ആളാണ് ശശിയുടെ കഥ ഫെയ്‌സ്ബുക്കില്‍ ഇട്ടത്. ശശിയെ സഹായിക്കാനായി 'കൈത്താങ്ങ്' എന്ന ഗ്രൂപ്പ് ഉണ്ടാക്കി മുസ്തഫ ഈ കഥ കൂടുതല്‍ പേരിലേക്ക് എത്തിച്ചു. ഈ കൂട്ടത്തിന്റെ സഹകരണത്തോടെ അംഗപരിമിതര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മുച്ചക്ര സ്‌കൂട്ടര്‍ വാങ്ങി നല്‍കുകയും ചെയ്തു. ശശിയുടെ വഴിവെട്ടു കഥ ആരംഭത്തിന് 'മുച്ചക്ര സ്‌കൂട്ടര്‍'-ന് പ്രധാനപ്പെട്ട പങ്കുണ്ട്.

ശശിയുടെ ശരീരത്തിന്റെ ഒരു ഭാഗം സ്വാധീനമില്ലാത്തായിട്ട് 18 വര്‍ഷമായി. 15-ാം വയസ്സില്‍ തെങ്ങുകയറ്റകാരനായി പണിക്ക് പോയി തുടങ്ങിയ ശശി 22 വയസായപ്പോഴേക്കും നല്ല കിണറുവെട്ടുകാരനെന്നും പേരെടുത്തു. സ്വന്തം വീട്ടുമുറ്റത്ത് ഒരു സുഹൃത്തിനെയും കൂട്ടി വെട്ടിയ കിണറായിരുന്നു ആദ്യം ശശിയെ മണ്ണുമായി കൂടുതല്‍ അടുപ്പിച്ചത്. പിന്നെ വര്‍ഷങ്ങള്‍ കൊണ്ട് ശശി മണ്ണിന്റെ ഒതുക്കവും വഴക്കവും കൃത്യമായി പഠിച്ചെടുത്ത് കിണറുവെട്ടില്‍ നാട്ടില്‍ പ്രസിദ്ധി നേടി. ആ സമയത്തും തെങ്ങുകയറ്റവും ശശി നല്ല രീതിയില്‍ തന്നെ നടത്തിവന്നിരുന്നു. ഭൂമിയിലും ആകാശത്തും ശശി കഠിനാധ്വാനിയാണ്. ഇപ്പോഴും ശശി പറയുന്നത്
‘പണിയെടുക്കണം അല്ലെങ്കില്‍ മരിക്കണം’
എന്നാണ്. കുടുംബത്തിന് കൊള്ളാവുന്ന, നന്നായി പണിയെടുക്കുന്നവന്‍ എന്ന പേരുമായി മുന്നോട്ട് പോയ്‌കൊണ്ടിരുന്ന ശശിക്ക് 45-ാം വയസില്‍ തെങ്ങില്‍ നിന്നു വീണ് വലതുകൈക്കും കാലിനും സ്വാധീനം നഷ്ടമായി. അപകടത്തെ തുടര്‍ന്ന് ആദ്യത്തെ രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കിടപ്പിലായിപ്പോയ ശശി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.വീട്ടിലെ ബുദ്ധിമുട്ടും കൂടി ആയപ്പോള്‍ ശശി പതിയെ വീട്ടില്‍ തന്നെ ഇരുന്ന് കല്ല് അടിച്ച് കൊടുക്കുന്ന പണി തുടങ്ങി. പിന്നെ ഊന്നുവടിയുടെ (ക്രച്ചസ്) സഹായത്തോടെ പതിയെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങി. ഒരു മുച്ചക്ര സ്‌കൂട്ടര്‍ ഉണ്ടെങ്കില്‍ ആയാസമില്ലാതെ പുറത്തിറങ്ങാമെന്ന് കണക്ക് കൂട്ടി ശശി അതിനുള്ള ശ്രമം തുടങ്ങി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വണ്ടി വാങ്ങാന്‍ സഹായിക്കുന്ന പഞ്ചായത്തിന് അപേക്ഷ നല്‍കി. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ട പല അവസരങ്ങളിലും വണ്ടി ലഭിക്കാതെയായപ്പോള്‍ പഞ്ചായത്തില്‍ കയറിയിറങ്ങാന്‍ തുടങ്ങി ശശി.
‘അവിടെ ചെല്ലുമ്പോള്‍ എന്നെ അറിയാവുന്ന നാട്ടുകാരും ഉദ്യോഗസ്ഥരും കളിയായി പറയും ‘തനിക്ക് വണ്ടി കിട്ടിയാല്‍ എങ്ങനെ വീട്ടില്‍ കൊണ്ടു പോകും? അങ്ങോട്ട് വഴിയില്ലല്ലോ? മൊത്തം കുന്നല്ലേ? കുന്നിന്റെ മുകളിലൂടെ വണ്ടി ഓടിച്ചു പോകുമോ? ഇത് കേട്ടപ്പോള്‍ തോന്നി അവര്‍ പറഞ്ഞത് ശരിയല്ലെ എന്ന്. വീട്ടില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങണമെങ്കില്‍ ഒരു കുന്ന് കയറി റോഡിലെത്തണം. ഇത് വളരെ ബുദ്ധിമുട്ടിയായിരുന്നു ഞാന്‍ കടന്നിരുന്നത്. ഇവിടെ ഒരു വഴി വന്നാല്‍ 15-ഓളം വീട്ടുകാര്‍ക്ക് ഉപകാരപ്പെടുമെന്ന് മനസിലായപ്പോള്‍ ഇതിന് വേണ്ടി ഒന്നു ശ്രമിച്ചു നോക്കി. പത്തോളം വീട്ടുകാരുടെ അവകാശപ്പെട്ട വസ്തുവിലൂടെ വഴി വെട്ടണമെങ്കില്‍ എല്ലാവരുടെയും അനുമതി വേണമെന്നാണ് അധികൃതര്‍ പറഞ്ഞത്. ഒടുവില്‍ എന്റെ വഴി ഞാന്‍ തന്നെ വെട്ടാന്‍ അങ്ങ് തീരുമാനിച്ചു.’-
ശശി അഴിമുഖത്തോട് പറഞ്ഞു.

താന്‍ പണിയെടുക്കുന്നത് എങ്ങനെയെന്ന് ശശി വിശദീകരിക്കുന്നത് ഇങ്ങനെയാണ്- ‘മിക്കവാറും ഇരുന്നുകൊണ്ടു തന്നെയാണ് പണിയെടുക്കുന്നത്. കമ്പ് കുത്തി ചുറ്റിനും വേലി തീര്‍ത്ത് അതില്‍ താങ്ങി നിന്നുകൊണ്ടും അല്ലെങ്കില്‍ അതില്‍ പലക ഇട്ട് ഇരുന്നു കൊണ്ട് പണിയെടുക്കും. ചിലപ്പോള്‍ കിടന്നു വരെ വഴി വെട്ടിയിട്ടുണ്ട്. വെട്ടിയിടുന്ന മണ്ണ് താഴെയുള്ള പുരയിടത്തിലേക്കാണ് ഇടുന്നത് (ഉടമസ്ഥരുടെ അനുവാദത്തോടെ കൂടി). അവിടെ നിന്ന് ലോറിക്കാര്‍ മണ്ണ് വന്ന് എടുത്തോളും. ഒരു ലോഡിന് എനിക്ക് അവര് 100 രൂപ തരും. ഏതായാലും അവര്‍ അവിടുന്ന് പെട്ടെന്ന് മണ്ണ് മാറ്റും. വെട്ടുന്ന വഴിക്കിടയില്‍ ഇടയ്ക്ക് താഴ്ചയുണ്ടായിരുന്നു. അങ്ങോട്ട് ഞാന്‍ തന്നെ വെട്ടിയ മണ്ണ് ഇട്ട് നികത്തി. മണ്ണ് കൊട്ടയിലാക്കി പാളയിലിട്ട് കമ്പികെട്ടി വലിച്ചായിരുന്നു ആ താഴ്ചയില്‍ മണ്ണിട്ടിരുന്നത്.’
ശശി പണിയെടുക്കുന്നതു കണ്ടാല്‍ ശരീരത്തിന്റെ ഒരു ഭാഗത്തിന് സ്വാധീനമില്ലാത്ത വ്യക്തിയാണെന്ന് തോന്നില്ല. വലതുകൈയുടെ രണ്ടോ മൂന്നോ വിരലുകള്‍ മാത്രമെ ശരിക്ക് ഉപയോഗിക്കാന്‍ കഴിയൂ. പിന്നെ കാലിന് നല്ല സ്വാധീനക്കുറവുണ്ട്. ഇതെല്ലാം വച്ചുകൊണ്ട്‌ ഇത്രയും നാളും വാശിയോടെ വഴിവെട്ടാന്‍ കാരണമെന്താണന്ന് ചോദിച്ചാല്‍ ശശി പറയുന്നത്. ‘അവര്‍ കളിയാക്കിത് ഒന്നുമല്ല കാരണം, പക്ഷെ അവര്‍ വഴിയില്ല എന്ന് പറഞ്ഞത് സത്യം തന്നെയായിരുന്നു. എന്നോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു വ്യായാമം ചെയ്താല്‍ ശരീരത്തിന് വിത്യാസമുണ്ടാകുമെന്ന്. പിന്നെ പണിയെടുത്തില്ലെങ്കില്‍ മരിക്കണം എന്നാണ് എന്റെ വിശ്വാസം. വഴിവെട്ടാന്‍ ഇറങ്ങിയതുകൊണ്ട് ഭാര്യയും മക്കളുമൊക്കെ വഴക്കു പറയുമായിരുന്നു. നാട്ടുകാരും ചോദിക്കും ഈ ശരീരം വച്ച് ഇങ്ങനെ കഷ്ടപ്പെടാമോ എന്ന്. ഞാന്‍ ചിന്തിച്ചത്, വഴി ശരിയായാല്‍ എനിക്ക് കഷ്ടപ്പെടാതെ ഈ വഴിയില്‍ കൂടി പോകാം. വണ്ടി കിട്ടിയാല്‍ അതും വീട്ടിലെത്തിക്കാം. മക്കള്‍ക്കും ഗുണമാകും. അടുത്ത് പത്ത് പതിനഞ്ച് വീട്ടുകാരുണ്ട് അവര്‍ക്കും ഉപകാരമാകും. കൂടാതെ എനിക്ക് പണിയെടുക്കുകയും ചെയ്യാം. മീഡിയാ വണ്‍ ചാനലുകാരായിരുന്നു ആദ്യം എന്നെക്കുറിച്ച് അറിയിച്ചത്. ഇപ്പോള്‍ അവരുടെ ശ്രമഫലമായി എനിക്ക് ഒരു മുച്ചക്ര വണ്ടി തരാമെന്ന് പറഞ്ഞു. ചെറിയ കുറച്ച് പണി കൂടി കഴിഞ്ഞാല്‍ വണ്ടി കയറുന്ന പരുവമാകും വഴി. എന്റെ വഴിയിലൂടെ ഞാന്‍ സ്‌കൂട്ടര്‍ ഓടിച്ച് വഴി ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു അവര്‍ പറഞ്ഞിരിക്കുന്നത്. അവര്‍ പറഞ്ഞതുകൊണ്ട് അത് ഒരു മോഹമായി. എന്റെ വിയര്‍പ്പ് വീണ് ഈ വഴി ഞാന്‍ തന്നെ എല്ലാവര്‍ക്കും വേണ്ടി തുറന്നുകൊടുക്കുകയെന്ന സ്വപ്‌നം ഇപ്പോള്‍ യഥാര്‍ത്ഥ്യമായി.’

തന്റെ സാമ്പത്തിക ബുദ്ധിമുട്ടും ശാരീരിക അവശതകളും എല്ലായിടത്തു നിന്നുമുള്ള എതിര്‍പ്പിനെയും അവഗണിച്ച് തന്റെ വഴി സ്വയം വെട്ടിയ ഈ മനുഷ്യന് ഇപ്പോഴുള്ള ചിന്ത വഴിയുടെ പണി പൂര്‍ത്തിയായി അടുത്തത് ഇനി വെറെ എന്തു പണിയെടുക്കണമെന്നാണ്.

ശശിയുടെ കഥ വിശദമായി വായിക്കാന്‍-  

അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ അധികമുണ്ടാവില്ല; ശശി അവരിലൊരാളാണ്; സ്വന്തം വഴി സ്വയം വെട്ടിയ ആള്‍

 

Next Story

Related Stories