TopTop

പൂത്തും കായ്ച്ചും ചില ഒളിവിടങ്ങൾ; സോണിയ റഫീഖിന്റെ ഹെർബേറിയം-ഒരു വായന

പൂത്തും കായ്ച്ചും ചില ഒളിവിടങ്ങൾ; സോണിയ റഫീഖിന്റെ ഹെർബേറിയം-ഒരു വായന
ഹരിതരാഷ്ട്രീയ (green politics) ത്തിന്റെ പ്രകടധ്വനികൾ കൊണ്ടു സമൃദ്ധമാണ് സോണിയ റഫീക്കിന്റെ 'ഹെർബേറിയം' എന്ന നോവൽ. ഒപ്പം സ്ത്രീരചനയുടെ സൂക്ഷ്മരാഷ്ട്രീയം കൂടി നോവലിലുടനീളം വിന്യസിക്കാൻ കഴിയുന്നിടത്താണ് പരിസ്ഥിതി പ്രധാനമായ രചന എന്നതിനപ്പുറം ഹെർബേറിയം പ്രസക്തമാവുന്നത്. സ്ത്രീയുടെ ഉൽക്കണ്ഠകൾ, തിരിച്ചറിവുകൾ, ആത്മബോധം,അവൾ പ്രകൃതിയെയും ജീവിതത്തെയും അനുഭവിക്കുന്നതിന്റെ നേരെഴുത്ത് ഇങ്ങനെ പല രീതിയിലാണ് സ്ത്രീയുടെ എഴുത്ത് പ്രധാനവും വ്യത്യസ്തവുമാവുന്നത്. അവളുടെ വ്യക്തിഗതാനുഭവങ്ങൾക്ക് ചരിത്രപ്രാധാന്യമുണ്ടാവുന്നു. അവയിലെ രാഷ്ട്രീയധാര കാലികമായ സംസ്കാരബോധത്തെ നിർണയിക്കുന്നതിൽ പ്രധാനമാവുന്നു.

ഹെർബേറിയത്തിലെ ഫാത്തിമ നോവലാരംഭിക്കുമ്പോൾത്തന്നെ ഇല്ലാതായവളാണ്. പക്ഷേ അവളവശേഷിപ്പിച്ചവയിലൂടെ, അവളുടെ സ്വകാര്യമായ കുറിപ്പുകളിലൂടെ ഫാത്തിമ അവസാനം വരെ എല്ലാവരെയും പ്രചോദിപ്പിക്കുന്ന ജൈവസാന്നിധ്യമാവുന്നതിന്റെ പിന്നിലും ഇതേ ആഖ്യാനതന്ത്രമാണു പ്രവർത്തിക്കുന്നത്. സ്ത്രൈണചോദനകളിൽ നിന്നൂറിക്കൂടുന്ന ഉൾക്കാഴ്ചകളുടെ സത്യസന്ധമായ രേഖപ്പെടുത്തലാണു ഫാത്തിമയുടെ എഴുത്ത്. ലിംഗഭേദാതീതവും കാലദേശാതീതവുമായ ഒരു പരിസ്ഥിതിസൗഹ്യദ സംസ്ക്കാരത്തെ അതു സ്വപ്നം കാണുന്നു. അപൂർണ്ണവും ഹ്രസ്വവുമായ ആ ലേഖനങ്ങൾ നിലനിൽക്കുന്ന എല്ലാ അധീശത്വത്തിനുമെതിരായ എതിർപ്രയോഗങ്ങളാണ് (oppositional Practice),സ്ത്രീയ്ക്കു മാത്രം സാധിക്കുന്ന തനിമയാർന്ന പ്രതിരോധങ്ങളാണ്. മരുഭൂമിയിലെ മഴയിൽ കറിവേപ്പിൻതൈ വാങ്ങാൻ വേണ്ടി അവർ നടത്തിയ മുഷിപ്പൻ യാത്ര അവളില്ലാതായതിനു ശേഷം ആസിഫ് ഓർത്തെടുക്കുന്നുണ്ട്. ചളിവെള്ളം വീണ് കാറിന്റെ കാർപ്പറ്റു നനയുമ്പോൾ അയാൾ ക്ഷുഭിതനാവുന്നു. ചുരിദാറിന്റെ ഷാളു കൊണ്ട് കാർപ്പറ്റു വൃത്തിയാക്കിയ ഫാത്തിമ കറിവേപ്പ് വാശിയുള്ള ചെടിയാണെന്നയാളോട് പറഞ്ഞതിന്റെ അർത്ഥം ഇപ്പോളയാൾക്കു വ്യക്തമാണ്. ഫാത്തിമയുടേത് വാശിയുള്ള പ്രതിരോധങ്ങളായിരുന്നു. അതിജീവനത്തിനു വേണ്ടിയുളള, എവിടെ പിഴുതുമാറ്റി നട്ടാലും ആഴത്തിൽ വേരുറപ്പിക്കുന്നതിനുള്ള വാശി.

ഫാത്തിമയുടെ കുറിപ്പുകൾ ആസിഫ് കണ്ടെടുക്കുന്നത് അവളുടെ അഭാവത്തിനു ശേഷമാണ്. മണൽക്കാടിനു നടുവിലുള്ള തിലാപ്പിയ തടാകത്തിലെ അവളുടെ തിരോധാനം പോലും പ്രതീകാത്മകമാണ്. അതൊരു മരണമാണെന്ന് ടിപ്പുവിനെപ്പോലെത്തന്നെ വായനക്കാരനും ഒരുപക്ഷേ ആസിഫിനും അംഗീകരിക്കുക സാധ്യമല്ല. എന്റെ ഇല്ലായ്മ മറ്റൊരിടത്തെ സാന്നിധ്യമാവുന്നുവെന്ന് എത്രയോ മുമ്പേ എഴുതി വെച്ചവളാണ്  ഫാത്തിമ. കാണാതാവുന്നവരെക്കുറിച്ചുള്ള ചിത്രങ്ങൾ കണ്ട് "ആർക്കു കാണാതായി? ഇവരൊക്കെ ഉദ്ദേശിക്കുന്ന ഇടങ്ങളിൽത്തന്നെ ഈ വ്യക്തികൾ കാണപ്പെടുന്നമെന്നു വാശി എന്തിനാ? എവിടെങ്കിലും ആർക്കെങ്കിലും കാണപ്പെടുന്ന രീതിയിൽ അവരുണ്ടാവും" എന്നു ടിപ്പുവിനോടു തർക്കിക്കുന്ന ഉമ്മുടു ഇല്ലാതായി എന്നവൻ വിശ്വസിക്കാത്തതും അതുകൊണ്ടു തന്നെ. സ്കൂൾ നോട്ടീസ് ബോർഡിൽ കാണാതായ/ഇല്ലാതായ പത്തു ചെടികളെക്കുറിച്ച് പരസ്യം കൊടുക്കുമ്പോൾ ഉമ്മുടുവിന്റെ ചിത്രവും ഇട്ടാലോ എന്നൊരുമാത്ര ആലോചിച്ചു ടിപ്പു എത്തിച്ചേരുന്ന നിഗമനം ഇതാണ്. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ജീവജാലങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്നത് പ്രകൃതിയിൽ സാധാരണമാണ്. ഉമ്മുടുവും അങ്ങനെയായിരിക്കും. അസാന്നിധ്യം കൊണ്ടു സാന്നിധ്യമറിയിച്ച് ഫാത്തിമ 'ഹെർബേറിയ'ത്തിന്റെ പ്രാണശക്തിയും പ്രേരണയുമാവുന്നത് സാധാരണമല്ലാത്ത രചനാകൗശലം തന്നെയാണ്.ഫാത്തിമ പോയതിനുശേഷം പഴയ പത്രക്കെട്ടുകളിൽ, പേഴ്സിനുള്ളിൽ, ആശുപത്രിചീട്ടിൽ, വീട്ടുസാധനങ്ങളുടെ ലിസ്റ്റെഴുതുന്ന ബുക്കിൽ നിന്നൊക്കെയായി കണ്ടുകിട്ടുന്ന ഫാത്തിമയുടെ കുറിപ്പുകൾ ആസിഫിന് അവളെ അപരിചിതയാക്കുന്നു. അവൾ മറ്റെന്തോ ആയിരുന്നു. തനിക്കൊപ്പം സന്തോഷവതി ആയി ജീവിച്ചിരുന്ന ആ  സാധാരണ വീട്ടമ്മയിൽ അയാൾക്കെത്താൻ പറ്റാത്ത അജ്ഞാതമായ തുരുത്തുകളുണ്ടായിരുന്നുവെന്ന തിരിച്ചറിവ്. ഡയറിയെഴുത്ത് ഇമ്പോസിഷനെഴുത്താണെന്നും ഓരോ ദിവസത്തെയും അനുഭൂതികളാണു കുറിക്കേണ്ടതെന്നും ഫാത്തിമ വിശ്വസിച്ചിരുന്നു. ഭാഷ, അങ്കുവെന്നു പേരിട്ട തന്റെ ആമ, കെമിസ്ട്രി ലാബു തന്നെയായ അടുക്കള, മഴ, സ്കൂൾ, സിഗററ്റ് വലിക്കാനും ആൺകുട്ടികളോടു കൂട്ടുകൂടാനും കൊതിക്കുന്ന റിബൽ ബോധം, തുടങ്ങിയവയെക്കുറിച്ചെല്ലാം എഴുതുന്ന ഫാത്തിമ ഓരോ തവണയും പുതിയതെന്തൊക്കെയോ ആയി രൂപാന്തരപ്പെടുന്നുണ്ട്. ദുബായിലെ ഫ്ലാറ്റിലും നാട്ടിലെ അവളുടെ വീട്ടിലും ഒരു നിധിവേട്ടക്കളിയുടെ ഉത്സുകതയോടെ ആസിഫ് അവൾക്കു വേണ്ടി/അവളുടെ കുറിപ്പുകൾക്കു വേണ്ടി പരതുന്നു. പുതിയ ഇടങ്ങളും പുതിയ കാഴ്ചകളും എത്ര സ്വാഭാവികതയോടയാണയാൾക്കു മുമ്പിൽ തുറക്കപ്പെടുന്നത്. ഗുപ്തമായ സൂക്ഷിപ്പുകേന്ദ്രങ്ങളിൽ നിന്നാണവ പുറത്തു വരുന്നത്. ഈ കുറിപ്പുകളുടെ നിഗൂഡത/ഒളിഞ്ഞിരുപ്പ്/ഒളിച്ചു വെയ്ക്കൽ എന്നിവ വിധേയത്വത്തിന്റെ ചിഹ്നങ്ങളാണ്. സാമൂഹ്യ നിയമങ്ങൾക്കും കുടുംബഘടനകൾക്കുമിണങ്ങിയ നിശ്ശബ്ദത. എഴുതുന്നതിനെക്കുറിച്ചും അതിന്റെ ആധികാരികതയെക്കുറിച്ചുമുള്ള സന്ദേഹം കൊണ്ടു കൂടിയാണ് ഫാത്തിമ അതു മറച്ചുവെക്കുന്നത്. ഭാഷയുടെ അനന്ത സാധ്യതകളിലൂടെ സ്വയം മൂടി വെയ്ക്കുക. കാവ്യാത്മകവും വ്യത്യസ്തവുമായ ശൈലിയിലാണ് അവൾ തന്റെ ആത്മപ്രതിരോധത്തിന്റെ വേലികൾ കെട്ടിയുയർത്തിയത്. നാട്ടിലെത്തുന്ന ടിപ്പു അതുവരെ വരച്ചിരുന്ന വികൃത ജീവികളും തോക്കുകളും കാറുകളും ഇനി തന്റെ ചിത്രങ്ങളിലേക്കു കടന്നു വരാതിരിക്കാൻ, സർഗ്ഗാത്മകതയെ ബാധിക്കാതിരിക്കാൻ ചൊറിയണത്തിന്റെ ചിത്രരചനയിലൂടെ ഒരു ജൈവവേലി തീർക്കുന്നതു പോലെ സ്വയം പ്രവർത്തിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യുന്ന ജൈവികപ്രതിരോധമാണവളുടെ കടങ്കഥയുടെയും സ്വപ്നത്തിന്റെയും കലർപ്പുള്ള ഭാഷ. അവൾ ഏതുതരം മണ്ണിനും ജലത്തിനും യോജിച്ചവളായിരുന്നു താനും. തന്റെയുള്ളിലെ കൊടുങ്കാടുകൾ, പച്ചപ്പുകൾ ഒളിപ്പിച്ചു വെച്ച് ആസിഫിന്റെ ഭാര്യയും ടിപ്പുവിന്റെ ഉമ്മുടുവുമായ നഗരവനിതയായി അവൾ ഭാഗികമായി മാത്രം സ്വയം വെളിപ്പെടുത്തി. ഇനിയും മറഞ്ഞിരിക്കൽ അസാധ്യമോ ദുഷ്കരമോ ആവുമ്പോഴാണവൾ അപ്രത്യക്ഷയാവുന്നതും ടിപ്പുവിലൂടെ തുടരുന്നതും. ഫാത്തിമയുടെ സാമൂഹ്യബോധം സ്വവർഗ്ഗപരമാണെന്നു (Homosociality) തോന്നാം. അവൾക്കു സുഹൃത്തുക്കളില്ല. ഉമ്മയും തിരുനിലത്തെ അമ്മയും കഴിഞ്ഞാൽ അവളുടെ ലോകം ചുറ്റുമുള്ള പ്രകൃതിയാണ്, അങ്കുവാമ്മയടക്കമുള്ള മനുഷ്യേതര ജീവികളാണ്. ദുബായിലും അവൾ കൈവെള്ളയിലൊതുങ്ങുന്നതെങ്കിലും ഒരു തോട്ടം സൃഷ്ടിക്കുന്നുണ്ട്. ടിപ്പുവിനെയാവട്ടെ അവൾ തന്നിൽ നിന്നു വേറിട്ടൊരു സ്വത്വമായി കാണുന്നുമില്ല  സ്ത്രീയും പരിസ്ഥിതിയും പങ്കിടുന്ന ഒരേ സ്വത്വബോധം അവരെ സമാനരാക്കുന്നു. പാരിസ്ഥിതിക ജ്ഞാനവ്യവസ്ഥകളുമായി ഫാത്തിമയ്ക്കുള്ള ബന്ധം അഗാധമാണ്. ബാഹ്യഘടനകളിൽ സ്വാഭാവികവും സാധാരണവുമായിരിക്കുമ്പോൾത്തന്നെ ആന്തരഘടനകളിൽ അസാധാരണമായി ജീവിക്കുന്ന സ്ത്രീയുടെ അനന്യതയും സന്ദിഗ്ദ്ധതയും ഫാത്തിമയുടെ കുറിപ്പുകളിലെ അരേഖീയതകളിൽ, വക്രതകളിൽ വായിച്ചെടുക്കാം. അവളുടെ സ്വത്വസംഘർഷങ്ങളുടെ ആലേഖനമാണത്. പരിഷ്കൃതയായ നാഗരിക ഭാര്യ/അമ്മ എന്ന ബാഹ്യസ്വത്വത്തിനകത്ത് നൈസർഗിക പ്രേരണകളുടെ ഒരു വൻകാട് ആടിയുലയുന്നുണ്ട്.അവളുടെ അനുഭവയാഥാർത്ഥ്യങ്ങൾ വേറെയാണ്. മനുഷ്യേതരമായ എല്ലാ ജൈവചോദനകളും അവിടെയുണ്ട്. താൻ ജീവിക്കുന്ന സാഹചര്യങ്ങളും യഥാർത്ഥത്തിൽ ജീവിക്കേണ്ട പരിതസ്ഥിതിയും തമ്മിലുള്ള ദൂരം കുറയ്ക്കാനാവാത്ത നിസഹായതയിലാണ് ഫാത്തിമ തിലാപ്പിയയിലെ മണൽത്തടാകത്തിലേക്കു നടന്നപ്രത്യക്ഷയാവുന്നത്. അവളുടെ കുറിപ്പുകളിൽ തന്റെ തുടർച്ചയെക്കുറിച്ചുള്ള പ്രത്യാശ തെളിയുന്നു . തന്റെ വിപ്ലവം ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കെട്ടിക്കിടക്കുന്നതാണെന്നും അതിനപ്പുറമുള്ള വളർച്ച ടിപ്പുവിലൂടെ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അവൾ ദീർഘദർശനത്തോടെ എഴുതുന്നു. അവൻ ലോകത്തെ മറ്റൊന്നായി കാണണം. അവന്റെ വരകൾക്കു ജീവൻ വെക്കണം. അവൻ വരക്കാനിരിക്കുന്ന പച്ചിലകളുടെ നാഡികളിലാണ് അവളുടെ വിപ്ലവം തുടിച്ചുതുടങ്ങുക. അതിനായി അവൾ മാഞ്ഞു പോയേ മതിയാവൂ. അങ്ങനെ ഫാത്തിമയുടെ തിരോധാനം അനിവാര്യതയാവുന്നു.

ഫാത്തിമയ്ക്കു ശേഷം നാട്ടിലേക്കു തിരിച്ചെത്തുന്ന ഒൻപതു വയസുകാരൻ ടിപ്പുവിലൂടെയാണ്  ഹെർബേറിയത്തിന്റെ പാരിസ്ഥിതികപ്രത്യയശാസ്ത്രം സ്ഥാപിതമാവുന്നത്. കുടുംബം എന്നർത്ഥമുള്ള Oikos എന്ന വാക്കിൽ നിന്നുൽഭവിച്ച ecology മനുഷ്യനെയും പ്രകൃതിയെയും കൂട്ടിയിണക്കുന്ന ജ്ഞാനശാഖയാണ്. കുടുംബവുമായി, ഉല്പാദനക്ഷമത/സർഗ്ഗാത്മകത തുടങ്ങിയ സ്ത്രെണമൂല്യങ്ങളുമായി പരിസ്ഥിതി ബോധം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ടിപ്പുവിന് ഫാത്തിമയുടെ വീട്, അവളുടെ കളിക്കൂട്ടുകാരൻ അങ്കു, തിരുനിലം വീട്ടിനു ചുറ്റുമുള്ള കാവ്, അവിടുത്തെ സസ്യജാലങ്ങൾ ഒന്നും പുതുമയായിരുന്നില്ല. അവൻ കുറച്ചു വൈകിയെങ്കിലും എത്തേണ്ടിടത്തു തിരിച്ചെത്തുകയായിരുന്നു. നഗരത്തിൽ വളർന്ന കുട്ടി ഏറ്റവും സ്വാഭാവികമായി തന്റെ പ്രകൃതിയെ തിരിച്ചറിയുന്നു. ഫാത്തിമ ആഗ്രഹിച്ചതുപോലെ അവന്റെ ചിത്രങ്ങളിൽ നിന്ന് വികൃതജീവികളും പിശാചുക്കളും ഇറങ്ങിപ്പോവുന്നു. നിലാവിൽ ഫാത്തിമ കണ്ട അതേ നിറങ്ങൾ അവനും കണ്ടു തുടങ്ങുന്നു.

കൂടുതൽ ചൂഷണം, കൂടുതൽ ലാഭം, കുറച്ചു ജീവൻ എന്ന പുതിയ കാലത്തിന്റെ മൂല്യബോധം പ്രകൃതിയെ അതിന്റെ ജൈവികതയെ അങ്ങേയറ്റം ചരക്കുവൽക്കരിക്കുമ്പോൾ അതിന്റെ എതിർധ്രുവത്തിലാണ് മണ്ണും ജലവും സസ്യ മൃഗജാലങ്ങളും പ്രകൃതിയുടെ പുനരുദ്പാദനശേഷിയും തകരാറിലാവുന്നുവെന്നു തിരിച്ചറിവുള്ള ടിപ്പുവിനെയും അമ്മാളുവിനെയും വിനീതിനെയും ജൂലിയയെയും പോലുള്ള  കുറച്ചു പേർ. താൻ കളിച്ചിരുന്ന  വീഡിയോ ഗെയിമുകളിലേതുപോലെ ആരും മരിക്കാത്തതോ, Respone ബട്ടണമർത്തിയാൽ ജീവനെടുത്തു വരുന്നവയോ അല്ല പ്രകൃതിയിലുള്ളതെന്നു ടിപ്പുവിനിപ്പോഴറിയാം. വൈവിധ്യങ്ങളിലൂന്നിയ അതിജീവനത്തിന്റെ അനന്ത സാധ്യതകളിലേക്ക് കൂടുതൽ പേരെ കണ്ണിചേർക്കാൻ അവർക്കു സാധിക്കുന്നു. ടിപ്പുവിന്റെ ഹെർബേറിയവും അമ്മാളുവിന്റെ ദേശീയപാതയോരത്തെ മരം നടീലുമൊക്കെ പ്രതിരോധത്തിന്റെ അടയാളങ്ങളാണ്. റഷീദലി കൊണ്ടുപോവുന്ന കാവിലെ ഒച്ചകൾക്കും പച്ചപ്പുകൾക്കും ബദലായി അവിടെത്തന്നെ വിത്തുകൾ വിതച്ച് അവരുയർത്തുന്നത് പ്രതീക്ഷയുടെ വലിയ ശബ്ദങ്ങളാണ്. പെട്ടന്ന് അമർച്ച ചെയ്യാനരുതാത്ത ഒച്ചകൾ. മനുഷ്യനാൽ രചിക്കപ്പെടാത്ത, കാടുകളുടെ ഭാഷ അറിയുന്നവർക്ക്, പ്രകൃതിയുടെ സൂക്ഷ്മസംവേദനങ്ങളനുഭവിക്കുന്നവർക്ക് മാത്രം ഉയർത്താനാവുന്ന വികാരതീക്ഷ്ണമായ ശബ്ദങ്ങൾ.

ഹെർബേറിയം പ്രകൃതിയിലേക്കുള്ള മനുഷ്യരാശിയുടെ തിരിച്ചുവരവിനെ പ്രത്യാശിക്കുന്നു. പുതിയൊരു ലോക ക്രമത്തെ പുനരാനയിക്കാനുള്ള പ്രേരണകളവശേഷിപ്പിക്കുന്നു. സ്ത്രീ ഭാഷയുടെ, സ്ത്രൈണാവബോധത്തിന്റെ  സൂക്ഷ്മവും തീവ്രവുമായ വിനിമയങ്ങളിലൂടെ, അവസാനിച്ചിട്ടും അവസാനിക്കാതെ ഒളിവിടങ്ങളിലിരുന്ന് അതിനു നിതാന്ത പ്രചോദനമാവുന്നത് ഫാത്തിമയും. ടിപ്പുവിൽ പ്രകൃതി വരുത്തിയ ഇടപെടലുകൾ കാണുമ്പോൾ അവൻ ഫാത്തിമയെ തിരയുകയാണോ, അവൻ ഫാത്തിമ തന്നെയാണോ എന്നു നബീസത് സംശയിക്കുംപോലെ ഫാത്തിമ ആഗ്രഹിച്ച വിപ്ലവം ടിപ്പുവിൽ ആരംഭിക്കുന്നു, അവനിലൂടെ തുടരുന്നു.

(ഗവ.ബ്രണ്ണന്‍ കോളേജില്‍ മലയാള വിഭാഗം അധ്യാപികയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories