TopTop
Begin typing your search above and press return to search.

ഒളിമ്പിക്സ് പതക്കം തൊട്ടടുത്തോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ഹോക്കി ടീം തെളിയിച്ചത്

ഒളിമ്പിക്സ് പതക്കം തൊട്ടടുത്തോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ഹോക്കി ടീം തെളിയിച്ചത്

ടീം അഴിമുഖം

കോമണ്‍വെല്‍ത്ത് കായികമേള 2010, ന്യൂ ഡല്‍ഹി, കലാശക്കളിയില്‍ 8-0-ത്തിന്റെ ദയനീയ തോല്‍വി. 2014-ലെ കോമണ്‍വെല്‍ത്ത് കായികമേളയില്‍ കിരീടപ്പോരാട്ടത്തില്‍ 4-0ത്തിന്റെ പരാജയം. 2015-ലോക ലീഗ് സെമിഫൈനലില്‍ 6-2-ന്റെ തോല്‍വി. 2016 അസ്ലാന്‍ ഷാ ഹോക്കി ടൂര്‍ണമെന്റ് കലാശക്കളിയില്‍ 4-0ത്തിന്റെ തോല്‍വി.

അടുത്തകാലത്ത് ശക്തരായ ആസ്ട്രേലിയയുമായി ഇന്ത്യ പ്രധാന ഹോക്കി ടൂര്‍ണമെന്റുകളുടെ കലാശക്കളിയില്‍ ഏറ്റുമുട്ടിയപ്പോഴുള്ള ഗോള്‍നിലയാണിത്.

ഇതുവരെയായി ഇരുരാജ്യങ്ങളും തമ്മില്‍ 14 തവണ കലാശക്കളികളില്‍ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ഓസ്ട്രേലിയയ്ക്കായിരുന്നു ജയം. 2 തവണ സമനിലയായി. (കളിക്കണക്കില്‍ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ വിധി നിശ്ചയിച്ച കളികളെ സമനിലയായാണ് കണക്കാക്കുന്നത്)

എന്നാല്‍ രണ്ടുകൂട്ടരും തമ്മില്‍ 15-ആം തവണ മുഖാമുഖം കണ്ടപ്പോള്‍ റോളണ്ട് ഓള്‍ട്മാന്‍സിന്റെ ഇന്ത്യന്‍ സംഘം ലോക ഒന്നാം നമ്പര്‍ ടീമിനോടു ഇഞ്ചോടിഞ്ച് ഒപ്പം നിന്നു. പലപ്പോഴും നീക്കങ്ങളിലും ചടുലതയിലും ഓസ്ട്രേലിയയെ മറികടന്ന ഇന്ത്യ വെള്ളിയാഴ്ച ലണ്ടനിലെ ക്വീന്‍ എലിസബത്ത് ഒളിമ്പിക് പാര്‍കില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി കിരീടപ്പോരാട്ടത്തില്‍ നിശ്ചിത സമയത്ത് അവരെ ഗോള്‍രഹിത സമനിലയിലും തളച്ചിട്ടു. എന്നാല്‍ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ നിര്‍ഭാഗ്യവശാല്‍ 1-3നു ഇന്ത്യ തോറ്റു. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ ഉഗ്രന്‍ പ്രകടനമുണ്ടായിട്ടും പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ നാലില്‍ മൂന്ന് അവസരങ്ങളും പാഴാക്കിയതോടെയാണ് ഇന്ത്യക്ക് കിരീടം കിട്ടാതെ പോയത്.കളിയില്‍ തോറ്റെങ്കിലും കലാശക്കളിയില്‍ ഇന്ത്യന്‍ സംഘം ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. വാസ്തവത്തില്‍ ഇതുവരെയുള്ള ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടമാണിത്. 1982-ല്‍ ആംസ്റ്റര്‍ഡാമില്‍ വെങ്കലം നേടിയതാണ് ഇതിനുമുമ്പുള്ള മികച്ച നേട്ടം. കഴിഞ്ഞ 36 കൊല്ലത്തിനിടയില്‍ (1980-ലെ മോസ്കോ ഒളിമ്പ്ക്സില്‍ സ്വര്‍ണം നേടിയത്തിന് ശേഷം) ഒരു ലോക ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളിയില്‍ ആദ്യമായി കടന്ന് ഇന്ത്യ വെള്ളിപ്പതക്കം നേടുന്നത് 2018-നു ശേഷം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഒരു ടൂര്‍ണമെന്റില്‍ നിന്നാണ് എന്നത് ഒരു വൈരുദ്ധ്യമാകാം.

2018-ല്‍ നടക്കാനിരിക്കുന്ന അവസാനത്തെ ചാമ്പ്യന്‍സ് ടോഫിയില്‍ ഇന്ത്യ ഇതിലും നല്ല കളി കളിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. അതെന്തായാലും മത്സരത്തിന്റെ 36-ആം കിരീട പോരാട്ടം അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്നായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

നായകന്‍ സര്‍ദാര്‍ സിങ്, മുന്നേറ്റ കളിക്കാരന്‍ രമന്‍ദീപ് സിങ്, പ്രതിരോധ നിരയിലെ രൂപീന്ദര്‍പാല്‍ സിങ് എന്നിവരടക്കമുള്ള മുതിര്‍ന്ന താരങ്ങളെ വിശ്രമിക്കാന്‍ വിട്ട് യുവനിരയില്‍ വിശ്വാസമര്‍പ്പിച്ച ഓള്‍ട്മാന്‍സിന്റെ തന്ത്രം ഫലം കണ്ടു എന്നുവേണം പറയാന്‍.

ജര്‍മ്മനിയുമായി 3-3 സമനിലയിലാണ് ഇത്തവണ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടങ്ങിയത്. തുടക്കത്തില്‍ ഗോളുകളടിച്ച് മുന്‍തൂക്കം നേടിയതിനു ശേഷമായിരുന്നു ഇന്ത്യ ഈ കളിയില്‍ സമനില വഴങ്ങിയത്. എന്നാല്‍ ബ്രിട്ടനെയും തെക്കന്‍ കൊറിയയെയും തോല്‍പ്പിച്ച് ഇന്ത്യ ശക്തമായി തിരിച്ചുവന്നു. ഓസ്ട്രേലിയയോടും ബെല്‍ജിയത്തോടും തോറ്റെങ്കിലും വ്യാഴാഴ്ച്ച നടന്ന കളിയില്‍ ബ്രിട്ടന്‍ ബെല്‍ജിയത്തെ 3-3 സമനിലയില്‍ കുരുക്കിയതോടെ ഇന്ത്യ കലാശക്കളിയിലേക്ക് കടന്നു കയറി.

പക്ഷേ, ഓസ്ട്രേലിയക്കെതിരായ കിരീട പോരാട്ടത്തില്‍ സടകുടഞ്ഞെഴുന്നേറ്റ ഇന്ത്യന്‍ സംഘത്തെയാണ് കണ്ടത്. ടൂര്‍ണമെന്റിലെ കളികള്‍ തുടങ്ങിയപ്പോള്‍ പ്രതിരോധമായിരുന്നു ഇന്ത്യയുടെ ദുര്‍ബ്ബലപ്രദേശം. 11 ഗോളുകളടിച്ചപ്പോള്‍ 10 ഗോളുകള്‍ വഴങ്ങുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച്ച ഓള്‍ട്മാന്‍സിന്റെ കുട്ടികള്‍ കോട്ടകെട്ടി പ്രതിരോധിച്ചു. പലപ്പോഴും ലോക ലീഗ്, ലോക കപ്പ് ജേതാക്കളെ കളിമികവില്‍ മറികടന്നു. പന്ത് കൈവശം വെക്കാന്‍ പിശുക്ക് കാട്ടാതെ, മധ്യനിരയില്‍ കളി നിയന്ത്രിച്ച്, കൂട്ടായി ആക്രമിച്ചും, കണ്ണിമയ്ക്കാതെ പ്രതിരോധിച്ചും അവര്‍ ഓസ്ട്രേലിയക്കാരെ വെള്ളം കുടിപ്പിച്ചു.ആസ്ട്രേലിയ 10 പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെങ്കിലും ഒന്നുപോലും ഗോളാക്കാനായില്ല. ലോകത്തെ ഏറ്റവും മികച്ച പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ദ്ധരില്‍ ഒരാളായ ക്രിസ് സിറില്ലോ പരിക്കുമൂലം കളിക്കാഞ്ഞത് അവരെ തളര്‍ത്തിയിട്ടുണ്ടാകാമെങ്കിലും ശ്രീജേഷും വി ആര്‍ രഘുനാഥും കെട്ടിയ ഇന്ത്യന്‍ കോട്ടമതില്‍ കണ്ടാല്‍ അയാള്‍ക്കുപോലും കാര്യങ്ങള്‍ ഒട്ടും എളുപ്പമാകുമായിരുന്നില്ല എന്നും കാണാം.

ചാമ്പ്യന്‍സ് ട്രോഫിയിലെ തന്റെ സംഘത്തിന്റെ പ്രകടനം ഓള്‍ട്മാന്‍സിന് ആത്മവിശ്വാസം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇനിയിപ്പോള്‍ റിയോ ഒളിമ്പ്ക്സിന് ആരെ പുറത്തിരുത്തും എന്ന സന്തോഷം നിറഞ്ഞ തലവേദനയും പരിശീലകനുണ്ടാകും. ശ്രീജേഷ്, രഘുനാഥ്, എസ് വി സുനില്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സംഘത്തില്‍ നിറഞ്ഞുകളിച്ച ഹര്‍മന്‍പ്രീത് സിങിനെ നിലനിര്‍ത്തണോ അതോ രുപീന്ദര്‍പാല്‍ സിങിനെ മടക്കിക്കൊണ്ടുവരണോ? നിക്കിന്‍ തിമ്മയ്യ, സുനില്‍, അക്ഷദീപ് സിങ് കൂട്ടുകെട്ടുമായി തുടരണോ അതോ അനുഭുവമികവുണ്ടെങ്കിലും അച്ചടക്കമില്ലാത്ത രമന്‍ദീപ് സിങ്ങിന് ഒരവസരംകൂടി നല്‍കണോ? മൂന്നു ഗോള്‍ നേടിയ മന്‍ദീപ് സിങും, ശ്രീജേഷ്, രഘുനാഥ്, സുനില്‍ എന്നിവരുമാണ് ലണ്ടനില്‍ ഇന്ത്യയ്ക്കായി മിന്നുന്ന കളി കളിച്ചവര്‍. റിയോയില്‍ അവര്‍ ഈ കളിമികവ് തുടര്‍ന്നാല്‍ എതിരാളികള്‍ കുഴങ്ങുമെന്നുറപ്പ്. ഒളിമ്പ്ക്സിനായി ഹര്‍മാന്‍പ്രീതിനെ കൂടാതെ സുരേന്ദര്‍ കുമാര്‍, പ്രദീപ് മോര്‍ എന്നിവരെയും പരിശീലകന്‍ പരിഗണിക്കണം. വരുന്ന ആഴ്ച്ചകളില്‍ ഓള്‍ട്മാന്‍സ് തീരുമാനിക്കേണ്ട കാര്യങ്ങളിലൊന്ന് ഇതായിരിക്കും.

എന്തായാലും ഒരു കാര്യം ഉറപ്പ്; ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം ഇന്ത്യന്‍ സംഘം റിയോയിലും ആവര്‍ത്തിച്ചാല്‍ 1980-നു ശേഷം കിട്ടാക്കനിയായ ഹോക്കിയിലെ ഒളിമ്പിക് പതക്കം ഇത്തവണ നാട്ടിലെത്തിയേക്കാം.


Next Story

Related Stories