TopTop
Begin typing your search above and press return to search.

ഐ ആം ലാൽ സീനിയർ

ഐ ആം ലാൽ സീനിയർ

എൻ. രവിശങ്കർ

സൈക്കോ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു പടമാണ് ‘ഹൈ ഐ ആം ടോണി’. ആദ്യമേ പറയട്ടെ, ലാൽ ജൂനിയർ എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. അത്ര കൈയ്യടക്കത്തോടെയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

രാം ഗോപാൽ വര്‍മ്മയുടെ പ്രേതം ലാൽ ജൂനിയറിനെ ആവേശിച്ചിട്ടുള്ളതായി തോന്നാമെങ്കിലും വര്‍മ്മയുടെ പ്രേത സിനിമകളിൽ നിന്നും എത്രയോ മുകളിലാണ് ഈ പടം. നല്ല ഫിനിഷിംഗ്, നല്ല തിളക്കം.

രജിസ്റ്റർ കല്യാണം കഴിച്ചു വരുന്ന നവ ദമ്പതികൾക്ക് (സമീറും ടീനയും- അസിഫ് അലിയും മിയയും) ഇനിയും പണി തീര്‍ന്നിട്ടില്ലാത്ത ഒരു അപ്പാര്‍ട്മെന്‍റ് കോംപ്ലക്സിലെ മോഡൽ ആയി ഉപയോഗിക്കുന്ന ഫ്ലാറ്റിൽ താമസം ഒരുക്കുന്നു അവരുടെ സുഹൃത്ത്‌ (സാംസൻ - ബിജു മേനോൻ). ഇവിടേയ്ക്ക് കടന്നു വരുന്നു ഒരു അപരിചിതൻ (ടോണി - ലാൽ). സമീറിന്റെയും ടീനയുടെയും വിവാഹരാത്രി അയാൾ അലങ്കോലമാക്കുന്നു. പെട്ടെന്ന് തന്നെ അവർക്ക് മേൽ അയാൾ അധികാരം സ്ഥാപിക്കുന്നു. അവരെ ചോദ്യം ചെയ്യുന്നു. തന്റെ ഭാര്യയെ കൊലപ്പെടുത്തി ആ മൃതദേഹം ഒരു ബാഗിനുള്ളിലാക്കി വന്നിരിക്കുന്നയാളാണ്‌ അയാൾ എന്ന് അവർക്കറിയില്ല. പക്ഷെ, പെട്ടെന്ന് തന്നെ അയാൾ തന്റെ രാക്ഷസരൂപം പ്രകടമാക്കുന്നു. അയാൾ അവരെ ആക്രമിക്കുന്നു. ഒടുവിൽ, അവർക്ക് അയാളെ കൊല്ലേണ്ടി വരുന്നു.അയാൾ (ലാൽ) എന്തുകൊണ്ട് അവരുടെ അടുത്ത് ചെന്ന്‌ അവരെ ആക്രമിച്ചു എന്നുള്ളതിന്റെ ഉത്തരം ചിത്രത്തിന്റെ ഏറ്റവും അവസാനം പ്രത്യക്ഷപ്പെടുന്ന ഒരു സൈൻ ബോർഡിലാണ് നല്കപ്പെടുന്നത് എന്നത് ഈ ചിത്രത്തിന്റെ തിരക്കഥയുടെ മികവിന്റെ ഒരു ഉദാഹരണമാണ്. രണ്ടു മൃതദേഹങ്ങളെയും (ടോണിയും അയാളുടെ ഭാര്യയും) അടക്കം ചെയ്യാൻ കൊണ്ടുപോകുന്നത് സാംസണ്‍ ആണ്. സമീറിന് വേണ്ടി ഇയാൾ എന്തുകൊണ്ട് ഈ റിസ്ക്‌ ഏറ്റെടുത്തു എന്നതിനും ഉത്തരം അവിടെയുണ്ട്.

മലയാള സിനിമയിൽ സാധാരണ കാണുന്ന എല്ലാ ഘടകങ്ങളും ഒഴിവാക്കാൻ തിരക്കഥ എഴുതിയ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടു പാട്ടുള്ളതിനു വലിയ പ്രാധാന്യം ഒന്നും ഇല്ല. ദീപക് ദേവിന്റെ സംഗീതശേഷി മുഴുവൻ ഉപയോഗിച്ചിരിക്കുന്നത് പശ്ചാത്തല സംഗീതത്തിനു വേണ്ടിയാണ്. ഇത്തരം പടത്തിൽ അത് മുഖ്യമാണല്ലോ. പ്രണയമില്ലാത്ത ഒരു പടവും കൂടിയാണിത്. സെന്റിമെന്റ്സിനൊന്നും ഒരു സ്ഥാനവും ഇല്ല. പടത്തിന്റെ സിംഹഭാഗവും നടക്കുന്നത് ഒരൊറ്റ ഫ്ലാറ്റിൽ വെച്ചാണ്. ഏതാണ്ട് പൂര്‍ണ്ണമായും ഇന്റീരിയർ.

സംഭവങ്ങൾ മെല്ലെ മെല്ലെ പുറത്തു കൊണ്ടുവന്നു കഥാപാത്രങ്ങളുടെ സ്വഭാവ വൈചിത്ര്യങ്ങളുടെ അടരുകൾ ഒന്നൊന്നായി അനാവരണം ചെയ്തു സസ്പെന്സ് ഉണ്ടാക്കലാണ് സൈക്കോ ത്രില്ലറുകളുടെ ഒരു രീതി. അതിൽ പൂര്‍ണ്ണമായും വിജയിക്കുന്നുണ്ട് ഈ ചിത്രം. സ്വാഭാവികമായും ഇടയ്ക്ക് അല്പ്പം വലിച്ചിൽ ഉണ്ടാക്കുകയും അന്നേരം കാണികൾ കൂവുകയും ചെയ്യും. (പ്രത്യേകിച്ച് വിക്രമാദിത്യൻ കാണാൻ വന്നു ടിക്കറ്റ് കിട്ടാതെ ഈ പടത്തിന് കയറിയവർ.) പക്ഷെ, ചിത്രം അവസാന ഷോട്ട് വരെയും രഹസ്യം കാത്തു സൂക്ഷിക്കുന്നു. കൈയ്യടികൾ നേടുകയും ചെയ്യുന്നു.സ്ത്രീ വിരുദ്ധത എന്ന ആക്ഷേപം വേണമെങ്കിൽ ആരോപിച്ചു കൊള്ളുക. ഭാര്യയെയും ജാരനേയും ഒന്നിച്ചു കുഴിച്ചു മൂടാനുള്ള അസുലഭ സൌഭാഗ്യം ലഭിക്കുന്ന ഒരു നായക വില്ലൻ ആണല്ലോ ഇതിലെ ലാൽ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം. പക്ഷെ, എന്ത് ചെയ്യാൻ? ഇപ്പറഞ്ഞത്‌ തന്നെ അധികം. ഒരു സസ്പെന്സ് പടത്തിൽ ചുഴിഞ്ഞു നോക്കാൻ പോയാൽ പടത്തിന്റെ രസവും രഹസ്യവും പൊഴിഞ്ഞു പോവും.

നാല് പ്രധാന കഥാപാത്രങ്ങൾ മാത്രം വെച്ച് ഒരൊറ്റ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രേതവും പ്രണയവും ഇല്ലാതെ, ഒരു രഹസ്യം വളരെ സൂക്ഷ്മമായി കണ്ടാൽ മാത്രം മനസ്സിലാവുന്ന രീതിയിൽ വെളിപ്പെടുത്തുന്ന, തിരക്കഥയിലും, അഭിനയത്തിലും, സാങ്കേതികതയിലും മികവു പുലര്‍ത്തുന്ന ഒരു ചിത്രമാണ് ‘ഹൈ ഐ ആം ടോണി’. അവസാനം സൈൻ ബോർഡു കാണും വരെ ഇരിക്കണം. അല്ലെങ്കിൽ, ഒന്നും മനസ്സിലാവില്ല.


Next Story

Related Stories