TopTop
Begin typing your search above and press return to search.

കുട്ടികളെ കുറ്റപ്പെടുത്തരുത്; ശാസ്ത്രബോധമുണ്ടാകണമെങ്കില്‍ അഴിച്ചുപണിയേണ്ടത് ഈ വിദ്യാഭ്യാസമാണ്

കുട്ടികളെ കുറ്റപ്പെടുത്തരുത്; ശാസ്ത്രബോധമുണ്ടാകണമെങ്കില്‍ അഴിച്ചുപണിയേണ്ടത് ഈ വിദ്യാഭ്യാസമാണ്

ജോയ് സെബാസ്റ്റ്യന്‍

വൈറസ്, ബാക്ടീരിയ, അമീബ തുടങ്ങിയ സൂക്ഷ്മജീവികളെക്കുറിച്ച് സ്‌കൂള്‍ ക്ലാസ്സിലെങ്കിലും കേട്ടിട്ടില്ലാത്തവര്‍ അപൂര്‍വമാണ്. എന്നിട്ടും, പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കു മടിക്കുന്നവരും രോഗങ്ങള്‍ക്കു ചികിത്സ തേടാതെ മരിക്കുന്നവരും നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ട്. സ്വര്‍ണം ഒരു ലോഹമാണെന്നും ഭൗമോപരിതലത്തില്‍ നിന്നും കുഴിച്ചെടുക്കുന്ന അയിരില്‍ നിന്നാണ് ലഭിക്കുന്നതെന്നും പണ്ടേ മനസ്സിലാക്കിയ മനുഷ്യനാണു ഗോമൂത്രത്തില്‍ നിന്നു സ്വര്‍ണം വേര്‍തിരിക്കാന്‍ ഗവേഷണം നടത്തുന്നതും. വിമാനങ്ങളും മിസൈലുകളും പൗരാണിക കാലത്തും ഇവിടെ ഉപയോഗിച്ചിരുന്നു എന്നു കുറെ പേരെയെങ്കിലും സ്ഥാപിത താത്പര്യക്കാര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നു. എന്തുകൊണ്ടാണു മനുഷ്യ സമൂഹം ഇത്ര പുരോഗമിച്ചിട്ടും ഇത്തരം അഭിപ്രായങ്ങള്‍ക്കു സമൂഹത്തില്‍ ഇടം ലഭിക്കുന്നത്?

ആകാശ ഗംഗയും സൗരയൂഥവും അവയുടെ സഞ്ചാരവുമൊക്കെ കാല്‍പ്പനിക കഥകള്‍ എന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ ധാരാളം. ജീവപരിണാമം വിശ്വസിക്കാത്തവരാണു ലോക ജനസംഖ്യയില്‍ ഭൂരിപക്ഷവും. രസതന്ത്രം അധ്യാപിക ബോര്‍ഡില്‍ വരച്ചിട്ടു പഠിപ്പിച്ചെങ്കിലും ഇലക്ട്രോണും പ്രോട്ടോണും ആറ്റവും തന്മാത്രയും ഒക്കെ ഭൂരിപക്ഷവും എന്നേ മറന്നുപോയി. അക്ഷാംശവും രേഖാംശവും ഒക്കെ ഗ്ലോബിലെയും ഭൂപടത്തിലെയും നെടുകെയും കുറുകെയും ഉള്ള വരകള്‍ മാത്രം. ബഹിരാകാശയാത്രകളും അവിടുത്തെ ഭാരമില്ലായ്മയില്‍ ബഹിരാകാശയാത്രികരും വസ്തുക്കളും പൊന്തിനടക്കുന്നതുമൊക്കെ ഇംഗ്ലീഷ് സിനിമകളിലെ സാഹസികരംഗങ്ങള്‍ മാത്രം.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് ലഭിക്കുന്ന വികലമായ ചരിത്രബോധവും അപൂര്‍ണമായ ശാസ്ത്രബോധവും ആവണം ഇത്തരം അബദ്ധങ്ങള്‍ക്ക് ഇക്കാലത്തും പ്രചാരം കിട്ടാന്‍ പ്രധാന കാരണം. നമ്മുടെ പഠനസങ്കേതങ്ങളുടെയും സാഹചര്യങ്ങളുടെയും പരിമിതി മാത്രമാണ് ഇതിനൊക്കെ കാരണം എന്നു വിശ്വസിക്കാന്‍ പ്രയാസം, എങ്കിലും ആധുനിക സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കാത്തതും സ്വതന്ത്ര വിഭവങ്ങളുടെ ലഭ്യതക്കുറവും ഇതിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. മൂന്നോ നാലോ വിദഗ്ദര്‍ ചേര്‍ന്നു തയ്യാറാക്കുന്ന പാഠപുസ്തകങ്ങളുടെയും, പാഠപുസ്തകചട്ടക്കൂട്ടില്‍ അകപ്പെട്ട അധ്യാപകന്റെ അറിവിന്റെയും അവതരണശേഷിയുടെയും, പഠിതാവിന്റെ വിശകലനശേഷിയുടെയും ഭാവനശേഷിയുടെയും പരിമിതികളെ പലപ്പോഴും മുറിച്ചു കടക്കാന്‍ നിലവിലുള്ള പഠനസങ്കേതങ്ങളില്‍ സാധ്യത കുറവാണ്.

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിവരവിനിമയ സാങ്കേതിക വിദ്യയുടെ വ്യാപകമായ ഉപയോഗം വഴി ഈ പോരായ്മകളെ അതിജീവിക്കാന്‍ ആണു മിക്ക മുന്‍നിര വിദ്യാഭ്യാസ വിദഗ്ദരും ലോകമെമ്പാടും ഇപ്പോള്‍ ശ്രമിക്കുന്നത്. വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഒരു പഠനടൂള്‍ എന്ന നിലയിലേക്ക് ഇന്നും വളര്‍ന്നിട്ടില്ല. ഈ സാദ്ധ്യതകള്‍ സ്‌കൂളുകളില്‍ ഉപയോഗിക്കുന്നത്ര പോലും ഉപയോഗിക്കാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഇപ്പോഴും അറച്ച് നില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഐ ടി ഒരു പഠന വിഷയം എന്നതില്‍ നിന്ന് എല്ലാ വിഷയങ്ങളും പഠിപ്പിക്കാന്‍ ഉള്ള ഒരു സങ്കേതം ആയി മാറുകയാണ് വേണ്ടത്. തീര്‍ച്ചയായും ഉന്നതവിദ്യാഭ്യാസത്തിന് ഐടി പഠന വിഷയമായി തെരഞ്ഞെടുക്കുന്നവര്‍ അതിലെ സങ്കീര്‍ണതകള്‍ ഒക്കെ പഠിച്ചോട്ടെ.വിവിധ വിഷയങ്ങളിലെ സങ്കീര്‍ണമായ പാഠഭാഗങ്ങള്‍ ലളിതമായും സരസമായും അവതരിപ്പിക്കുന്ന ധാരാളം വിഡിയോകളും ആനിമേഷനുകളും അവതരണങ്ങളും ഒക്കെ ക്ലാസ് മുറികളില്‍ അധ്യാപകരുടെ ക്ലാസുകള്‍ക്ക് ഒപ്പം ലഭ്യമാക്കിയാല്‍ അതു വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന അനുഭവം ഉയര്‍ന്ന തലത്തില്‍ ആയിരിക്കും. കുട്ടികള്‍ക്ക് ലഭിക്കുന്ന അറിവിന്റെ ഗുണനിലവാരം ലോകോത്തരവും ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തതയോടെ ഉള്‍ക്കൊള്ളുവാനും അത് അവരെ പ്രാപ്തരാക്കും. ലോകമെങ്ങും വിദ്യാഭ്യാസം ഈ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയുമാണ്. നമ്മുടെ ചുറ്റുവട്ടത്ത് പൊതുവിദ്യാഭ്യാസത്തിനു പുറത്തു നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ഈ രീതികള്‍ അവലംബിച്ചു തുടങ്ങിക്കഴിഞ്ഞു. ഇനിയും വൈകിയാല്‍ പൊതുവിദ്യാഭ്യാസരംഗത്തു നിന്ന് ഇംഗ്ലീഷ് മീഡിയം കാലത്ത് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ ഒഴുക്ക് അണ്‍ എയ്ഡഡ് മേഖലയിലേക്ക് ഉണ്ടായേക്കാം. ഇതിനൊക്കെ ആദ്യം വേണ്ടതു ലോകത്തിന്റെ വിവിധ കോണുകളില്‍ ലഭ്യമായ അനന്തമായ വിവരങ്ങളും റെഫറന്‍സുകളും എല്ലാവര്‍ക്കും ലഭ്യമാകാന്‍ ഇന്റര്‍നെറ്റ് ലഭ്യത എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നതാണ്. വെറുതെ ഇന്റര്‍നെറ്റ് എന്ന് പറയുന്നതിനേക്കാള്‍ വേഗതയുള്ളതും തടസ്സങ്ങള്‍ ഇല്ലാത്തതുമായ മികച്ച കണക്ടിവിറ്റി സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുന്നതു ഭാവി തലമുറക്ക് വേണ്ടി നടത്താവുന്ന ഏറ്റവും സുരക്ഷിതമായ നിക്ഷേപം ആണ്. നമ്മുടെ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് മുഴുവന്‍ പേര്‍ക്കും പോലും ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോഴും പ്രാപ്യമല്ല എന്നതു പരിതാപകരമാണ്. ഔദ്യോഗിക ഇമെയില്‍ നോക്കാനും വിദ്യാര്‍ഥികളുടെ ഡാറ്റ എന്‍ട്രി ആവശ്യങ്ങള്‍ക്കും അല്ലാതെ സ്‌കൂളുകളില്‍ ലഭ്യമാക്കിയ പരിമിതമായ ഇന്റര്‍നെറ്റ് അക്കാദമിക ആവശ്യങ്ങള്‍ക്ക് ഇന്നും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടോ എന്നത് സംശയമാണ്.

രണ്ടാമത് വേണ്ടത് എല്ലാ ക്ലാസ് മുറികളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം നടത്തുവാന്‍ സജ്ജമാക്കുകയാണ്. അതിനായി ക്ലാസ് മുറിയില്‍ വേണ്ട കമ്പ്യുട്ടറും സ്‌ക്രീനുകളും ശബ്ദ സംവിധാനവും ക്രമീകരിക്കണം. ഇത്രയുമായാല്‍ സജ്ജരാകേണ്ടത് അധ്യാപകര്‍ ആണ്. അത്യാവശ്യം കമ്പ്യുട്ടര്‍ സാക്ഷരത ഇപ്പോള്‍ ഭൂരിഭാഗം അധ്യാപകര്‍ക്കും ഉണ്ട്. ഈ അറിവ് മാത്രം മതിയാവും സങ്കീര്‍ണ്ണവും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ പാഠഭാഗങ്ങള്‍ക്ക് അനുയോജ്യമായ വിഭവങ്ങള്‍, മുഖ്യമായും വീഡിയോയും അനിമേഷനുകളും, ഇന്റര്‍നെറ്റ് പരതി കണ്ടെത്തി കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍. ഒരു പടി കൂടി കടന്നാല്‍ തങ്ങളുടെ പാഠഭാഗങ്ങള്‍ സ്വന്തമായി കമ്പ്യുട്ടര്‍ സഹായത്തോടെ അവതരണങ്ങളും വീഡിയോകളും ഒക്കെ ആക്കി മാറ്റി കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത് അത്ര വിഷമം പിടിച്ച കാര്യവുമല്ല. ചെറിയ പരിശീലനവും അല്‍പ്പം സൃഷ്ടിപരതയും ഉണ്ടെങ്കില്‍ ആര്‍ക്കും മികച്ച പഠന വിഭവങ്ങള്‍ തയ്യാറാക്കാന്‍ കഴിയും.

ശാസ്ത്രവിഷയങ്ങളുടെയും ഗണിതത്തിന്റെയും ദേശീയ അന്തര്‍ ദേശീയ ചരിത്ര വിഷയങ്ങളുടെയും വിഭവങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റില്‍ ധാരാളമായി ലഭ്യമാണ്. ലോകത്തെ മികച്ച പല സര്‍വ്വകലാശാലകളും ഐഐടി പോലുള്ള ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം വിദ്യാഭ്യാസ വിഭവങ്ങള്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്, അതില്‍ െ്രെപമറി തലം മുതല്‍ ബിരുദാനന്തരപഠനത്തിനു വരെ സഹായകമാകുന്നവ ഉണ്ട്. ഇതു കൃത്യമായി കണ്ടെത്തി യുക്തമായി ക്ലാസ് മുറികളില്‍ ഉപയോഗിച്ചാല്‍ അധ്യാപകര്‍ക്ക് ജോലി എളുപ്പമാകും, ഇതില്‍ മിക്ക വിഭവങ്ങളും തന്നെ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ്. ഇത്തരം വിഭവങ്ങളുടെ ഒരു പ്രധാന പരിമിതി അവയില്‍ ഉപയോഗിച്ചിട്ടുള്ള ഭാഷയാണ്. മിക്കവയും തന്നെ ഇംഗ്ലീഷില്‍ ആയിരിക്കും. അത് മറികടക്കാന്‍ കഴിഞ്ഞാല്‍ ലോകനിലവാരം ഉള്ള വിഭവങ്ങള്‍ നമ്മുടെ ക്ലാസ് മുറികളിലും ഉറപ്പ് വരുത്താന്‍ കഴിയും.

പ്രാദേശിക ഭാഷയ്ക്കും, പ്രാദേശിക ചരിത്രവിഷയങ്ങള്‍ക്കും ഇത്തരം വിഭവങ്ങളുടെ ലഭ്യത സ്വാഭാവികമായി വളരെ കുറവായിരിക്കും. അവ പ്രാദേശികമായി തയ്യാറാക്കാന്‍ വിഷയ വിദഗ്ദരും, അധ്യാപകരും ഈ മേഖലയിലെ പ്രൊഫഷനലുകളും കൈകോര്‍ത്താല്‍ നിഷ്പ്രയാസം സാധിക്കും. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ലഭ്യമാകുന്ന തരത്തില്‍ കേന്ദ്രീകൃതമായി ഇത്തരം പഠനവിഭവങ്ങള്‍ ശേഖരിക്കാനും ഇന്റര്‍നെറ്റില്‍ ലഭ്യമാക്കാനും ഉള്ള സംവിധാനം അധികൃതര്‍ ഒരുക്കിയാല്‍ അതു ഭാവിയില്‍ ലോകത്തിനു തന്നെ മുതല്‍ കൂട്ടാകും.

പ്രൈമറി തലത്തിലും പ്രീപ്രൈമറി തലത്തിലും ഉള്ള കുട്ടികള്‍ക്കു പഠന വിഭവങ്ങള്‍ ഒരുക്കുന്നതു മറ്റൊരു തരത്തില്‍ ആവുന്നത് അവരുടെ പഠനം കൂടുതല്‍ ആകര്‍ഷകമാക്കും. ഡിജിറ്റല്‍ യുഗത്തില്‍ ജനിച്ച ഈ കുട്ടികള്‍ പുസ്തകങ്ങളെക്കാളും ഇഷ്ടപ്പെടുന്നതു മൊബൈല്‍ ഫോണുകളും ടാബ്ലെറ്റുകളും മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും ആയിരിക്കും. അത്തരം സാദ്ധ്യതകള്‍ ഉപയോഗിച്ച് തന്നെ അവരെ അറിവിന്റെ ലോകത്തേക്ക് കൈ പിടിച്ച് നടത്താന്‍ ശ്രമിച്ചാല്‍ അതു കൂടുതല്‍ ഫലപ്രദമാകും. അതിനായി അവര്‍ ആര്‍ജ്ജിക്കേണ്ട ശേഷിക്ക് അനുയോജ്യമായ രീതിയില്‍ ഉള്ള മൊബൈല്‍ ആപ്പുകളും ഗെയിമുകളും തയ്യാറാക്കി ലഭ്യമാക്കുകയും പ്രീ പ്രൈമറി പ്രൈമറി ക്ലാസ് മുറികള്‍ അത്തരത്തില്‍ സജ്ജമാക്കുകയും ചെയ്താല്‍ ആയാസരഹിതമായി കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയും.

മേല്‍പ്പറഞ്ഞ പഠന വിഭവങ്ങളും പ്രീ െ്രെപമറി, െ്രെപമറി കുട്ടികള്‍ക്കുള്ള ആപ്പുകളും ഗയിമുകളും ഒരു മിനിമം ഗുണ നിലവാരം ഉറപ്പുവരുത്തി നിര്‍മ്മിക്കാന്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെയും ഐ ടി അധിഷ്ടിത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, അധ്യാപകരുടെയും കൂട്ടായ്മയിലൂടെ അധികം ചെലവില്ലാതെ തന്നെ കഴിയും. ഐ ടി അധിഷ്ടിത ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പ്രോജക്ടുകളില്‍ കരിക്കുലത്തിന്റെ ഭാഗമായി തന്നെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയാല്‍ അവരുടെ സാങ്കേതിക കഴിവുകളും , അധ്യാപകരുടെ വിഷയ വൈദഗ്ദ്യവും ഒത്തു ചേരുമ്പോള്‍ മികച്ച വിഭവങ്ങള്‍ തയ്യാറാക്കല്‍ വളരെ എളുപ്പം സാധിക്കും. അതിനുള്ള പദ്ധതിക്ക് ഓരോ വിദ്യാഭാസ ജില്ലയിലും രൂപം കൊടുത്താല്‍ മികച്ച വിഭവങ്ങളുടെ ഒരു പ്രളയം തന്നെ പ്രതീക്ഷിക്കാം. ഇതിനു വേണ്ട സാങ്കേതിക പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ പ്രൊഫഷണലുകളുടെ സേവനവും ലഭ്യമാക്കാവുന്നതാണ്. ഇതു വഴി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കു പഠന സമയത്ത് തന്നെ ഒരു ലൈവ് പ്രൊജക്ടിന്റെ ഭാഗമാകാനും ഭാവിയില്‍ ഒരു സംരംഭം തുടങ്ങുന്നതിനോ തൊഴില്‍ നേടുന്നതിനോ അവരെ അത് സഹായിക്കുകയും ചെയ്യും. പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കുന്നത് ആഭ്യന്തരമായി നിര്‍മ്മിക്കുന്ന വിഭവങ്ങള്‍ക്ക് ഒരു മിനിമം നിലവാരം ഉറപ്പു വരുത്തുന്നതിന് സഹായിക്കും. ഇങ്ങനെ പല തലത്തിലുള്ള ഒരു കൂട്ടായ്മയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പഠനവിഭവങ്ങള്‍ തയ്യാറാക്കി ലോകത്തിനു തന്നെ ഒരു മാതൃക സൃഷ്ടിക്കാന്‍ കേരളത്തില്‍ നിഷ്പ്രയാസം കഴിയും.ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന വിദ്യാഭ്യാസ ചര്‍ച്ചകളും പഠനശില്‍പ്പശാലകളും പാഠപുസ്തക രൂപീകരണ കൂടിയിരുപ്പുകളും ലൈവ് സ്ട്രീമായോ റെക്കോര്‍ഡ് ചെയ്‌തോ ഏതെങ്കിലും വീഡിയോ ഷെയറിംഗ് വെബ് സൈറ്റ് വഴി ലഭ്യമാക്കിയാല്‍ തുടര്‍ പരിശീലനങ്ങള്‍ക്കും മറ്റും സര്‍ക്കാര്‍ ചെലവാക്കുന്ന അതിഭീമമായ തുകയും അധ്യാപകരുടെ വിലപ്പെട്ട സമയവും യാത്രയും ഒക്കെ ഒഴിവാക്കി അധ്യാപനത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. മെച്ചപ്പെട്ട കണക്ടിവിറ്റി സ്‌കൂളുകളില്‍ ലഭ്യമാക്കിയാല്‍ വിദൂരത്തു നിന്നു പോലും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിദഗ്ദരെ ഉപയോഗിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്ററാക്ടീവ് സെഷനുകളും പരിശീലനങ്ങളും സംഘടിപ്പിക്കാനാവും. ഓരോ സ്‌കൂളിലും നടക്കുന്ന ഇത്തരം സെഷനുകള്‍ കേന്ദ്രീകൃതമായി റെക്കോര്‍ഡ് ചെയ്ത് ലഭ്യമാക്കിയാല്‍ കേരളത്തില്‍ അറിവിന്റെ പെരുമഴ തന്നെ സൃഷ്ടിക്കപ്പെടും.

മറ്റു പല വികസിത രാജ്യങ്ങളിലും നിലവില്‍ ഉള്ളതുപോലെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കു മാത്രമായി, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും വിദഗ്ദര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പരസ്പരം സംവദിക്കാനും വിലയിരുത്താനും പറ്റുന്ന തരത്തില്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. വിദ്യാഭ്യാസ മണ്ഡലത്തില്‍ ഇടപെടുന്നവര്‍ക്കെല്ലാം വിവരങ്ങള്‍ പങ്കുവയ്ക്കാനും ആശയരൂപീകരണത്തിനും വിനിമയത്തിനും ഒക്കെ സാധ്യമാവുന്ന എല്ലാം ലഭിക്കുന്ന ഒരിടമായി അതാവര്‍ത്തിക്കുകയും ചെയ്യും.

പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് വിദ്യാര്‍ഥികള്‍ അറിവിനായി പരതിതുടങ്ങുമ്പോള്‍ മാത്രമേ സ്‌കൂള്‍ വിദ്യാഭ്യാസം ഫലപ്രദമായി എന്നു കരുതാന്‍ കഴിയൂ. അതു വഴി മാത്രമേ ശാസ്ത്രബോധമുള്ള സാമൂഹ്യബോധമുള്ള അന്വേഷണകുതുകികളായ ഒരു പുതുതലമുറയെ സൃഷ്ടിക്കാനാവൂ.

(ആലപ്പുഴ സ്വദേശിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories