TopTop
Begin typing your search above and press return to search.

കോടതിയുടെ വെടിക്കെട്ടില്‍ പരിക്കേറ്റത് ആര്‍ക്കൊക്കെ?

കോടതിയുടെ വെടിക്കെട്ടില്‍ പരിക്കേറ്റത് ആര്‍ക്കൊക്കെ?

പി പി താജുദീന്‍

തൃശൂര്‍ക്കാരായ പി. ഡി ജോസഫും പാവം പയ്യന്‍ ആന്റണിയും കൊച്ചിക്കു വണ്ടി കയറി. അറിയപ്പെടുന്ന പൊതുതാത്പര്യ പ്രവര്‍ത്തകരാണ് ഇരുവരും. പരവൂര്‍ കമ്പക്കെട്ട് ദുരന്തത്തില്‍ നൂറില്‍പരം ആളുകള്‍ കൊല്ലപ്പെട്ടതില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കാനാണ് രണ്ടുപേരും കൊച്ചിക്കു തിരിച്ചത്.

പക്ഷെ ഇരുവരും കൊച്ചിയിലെത്തും മുമ്പ് ഹൈക്കോടതി സ്വമേധയാ (suo moto) കേസ് എടുത്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി. ചിദംബരേഷ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു. മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും ജസ്റ്റീസ് അനു ശിവരാമനും അടങ്ങുന്ന ദേവസ്വം ബഞ്ച് ഹര്‍ജി പരിഗണിക്കുന്നതിനും തീരുമാനമായി. മധ്യവേനല്‍ അവധിയായിട്ടും പ്രത്യേക സിറ്റിംഗ് നടത്താനും തീരുമാനിച്ചു. വൈകിട്ട് മൂന്നിനായിരുന്നു പ്രത്യേക സിറ്റിംഗ്.

ഹൈക്കോടതി മന്ദിരത്തിലെ അഞ്ചാം നിലയിലുള്ള കോടതി മുറിയില്‍ പ്രത്യേക സിറ്റിംഗ് ചേര്‍ന്നു. സിബിഐ അന്വേഷണമാണ് വേണ്ടതെന്ന ആവശ്യവുമായി ചില ഉപഹര്‍ജികളും ഫയല്‍ ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍. നഗരേഷ്, സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് മണിലാല്‍, വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ടനിര, വിശ്വഹിന്ദു പരിഷത്ത്, ആനപ്രേമി സംഘം, സിബിഐ എന്നിങ്ങനെ അഭിഭാഷകരുടെ വലിയ സംഘം തന്നെ കോടതിയില്‍ നിരന്നു.

കോടതി കൂടിയ ഉടന്‍ തന്നെ, മത്സര കമ്പക്കെട്ടിന് അനുമതിയുണ്ടായിരുന്നോ എന്നായിരുന്നു ആദ്യം ചോദ്യം. വെടിക്കെട്ട് നടന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും അതിനുപയുക്തമായ ഏഴോളം ലംഘനങ്ങള്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ നിരത്തി.

ജില്ല കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് പൊലീസ് എന്തുകൊണ്ട് തടഞ്ഞില്ലെന്നായി കോടതി. സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടുവെന്നും നിയമവാഴ്ച്ച പൂര്‍ണമായും തകര്‍ന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കുകയാണ് വേണ്ടതെന്നുമായി കോടതി. മന:പൂര്‍വമായ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്യാത്തതും പൊലീസിന്റെ വീഴ്ചയാണെന്നു കോടതി വിലയിരുത്തി.സംഭവസ്ഥലത്ത് ആളുകള്‍ കയറിയിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടില്ലേയെന്നു കോടതി ആരാഞ്ഞു. എന്നാല്‍ മുഴുവന്‍ സ്ഥലത്തും ആളുകളെ തടയാനാവില്ലെന്നും നാട്ടുകാര്‍ സഞ്ചരിക്കുന്ന രണ്ടു റോഡുകള്‍ സംഭവസ്ഥലത്തിനു നടുവിലൂടെയാണ് കടന്നുപോകുന്നതെന്നും കോടതിയില്‍ ഹാജരുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മിഷണര്‍ പ്രകാശ് വിശദീകരിച്ചു.

കിട്ടിയ അവസരം വിനിയോഗിച്ച് പൊലീസിന്റെ പരിവേദനത്തിന്റെ കെട്ടഴിക്കാനും കമ്മിഷണര്‍ മറന്നില്ല. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അകമ്പടി സേവിക്കാന്‍ മുപ്പതു ശതമാനം പൊലീസുകാരെ വിന്യസിക്കേണ്ടി വരുന്നുവെന്നും പിന്നെ വി ഐ പി ഡ്യൂട്ടിയും കഴിഞ്ഞാല്‍ കേസ് അന്വേഷിക്കാന്‍ പൊലീസില്ലെന്നും കമ്മിഷണര്‍ പരാതിപ്പെട്ടു.

ജില്ല കളക്ടര്‍ അനുമതി നിഷേധിച്ച കമ്പക്കെട്ടിന് പിന്നില്‍ ഏതു ഭരണഘടനാതീത ശക്തിയാണ് നിലകൊണ്ടതെന്ന് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കളക്ടറുടെ അനുമതി നിഷേധത്തിനുശേഷം ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ മറ്റൊരപേക്ഷ കൂടി നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പാഴായി. രാത്രി ഒമ്പതിന് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കമ്മിറ്റി ഓഫിസില്‍ നേരിട്ട് എത്തി ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് കാണിക്കാമെന്നു മറുപടി ലഭിച്ചെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞുവച്ചു. ഈ വിശദീകരണം ദഹിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

കൊല്ലത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും സമുദ്രത്തിന്റെ സാമിപ്യവും സംശയങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ദേശവിരുദ്ധ ശക്തികളുടെ പങ്കുണ്ടോയെന്നതടക്കം പരിശോധിക്കാന്‍ സിബിഐ അന്വേഷണല്ലേ ഉചിതമെന്നും കോടതി ഒരു ഘട്ടത്തില്‍ അഭിപ്രായപ്പെട്ടു. ഇതോടെ കോടതിയുടെ ആദ്യപ്രഹരം ഒന്ന് സംസ്ഥാന സര്‍ക്കാരിന്. പകല്‍ മാത്രം വെടിക്കെട്ട് മതിയെന്ന്‍ കോടതി ഉത്തരവിട്ടു. രാത്രി വെടിക്കെട്ടിന് സ്‌ഫോടക നിയമത്തിലും ചട്ടങ്ങളിലും വിലക്കുള്ളതിനാല്‍ ഇനി രാത്രികാല വെടിക്കെട്ട് വേണ്ടെന്നും കോടതി വിധിച്ചു.

കേസ് വീണ്ടും വിഷുദിനത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തി പരിശോധിക്കാന്‍ തീരുമാനമായി.

വിഷുദിനം പ്രത്യേക സിറ്റിംഗ് നടത്തി. വൈകിട്ട് നാലു മണിക്ക് കേസില്‍ കക്ഷി ചേരാന്‍ എത്തിയവരുടെയും അഭിഭാഷകരുടെയും തിരക്കില്‍ കോടതി മുറി വീര്‍പ്പുമുട്ടി. കോടതിയുടെ ഇടക്കാല വിധിയിലൂടെ തൃശൂര്‍ പൂരം തടസപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി തിരുവമ്പാടി, പാറേമേക്കാവ് ദേവസ്വങ്ങളും കോടതിയിലെത്തി.

അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി മുന്‍നിരയില്‍, അഡീഷണല്‍ ഡിജിപി പത്മകുമാര്‍, ഡി ഐ ജി ശ്രീജിത്ത്, കമ്മിഷണര്‍ പ്രകാശ് എന്നിവര്‍ പിന്‍നിരയില്‍.

പൂരവെടിക്കെട്ടിന് 2007 ല്‍ സുപ്രിം കോടതി പ്രത്യേക അനുമതി നല്‍കിയതായി തിരുവമ്പാടി-പാറേമേക്കാവ് ദേവസ്വങ്ങള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ അറിയിച്ചു. സുപ്രിം കോടതിയുടെ വിധിന്യായവും അദ്ദേഹം കൈമാറി.

എന്തെങ്കിലും പ്രത്യേക ഉത്സവത്തിന് ആളുകള്‍ പ്രത്യേക സമയത്ത് ഒത്തുകൂടാറുണ്ടെങ്കില്‍ അധികൃതരുടെ അനുമതിയോടെ വെടിക്കെട്ടിന് സമയ നിഷ്‌കര്‍ഷതയില്ലെന്ന സുപ്രിം കോടതിയുടെ നിലപാട് നിയമമാണെന്നു കോടതി വിലയിരുത്തി. അങ്ങനെ തൃശൂര്‍ പൂരം വെടിക്കെട്ടിന് കോടതിയുടെ അനുമതിയായി.

അഭിഭാഷകരെ വകഞ്ഞു മാറ്റി പൊതുതാത്പര്യക്കാരായ ജോസഫും ആന്റണിയും കോടതിയുടെ മുന്നിലെത്തി. ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും പൊട്ടാസിയം ക്ലോറേറ്റ് നിരോധിത വസ്തുവാണെന്നും ഈ രാസപദാര്‍ത്ഥമില്ലാതെ വെടിക്കെട്ട് നടത്താന്‍ കഴിയില്ലെന്നും തുടങ്ങി പാവം പയ്യന്‍ ആന്റണി നിരവധി വാദങ്ങള്‍ നിരത്തി. ഇതിനിടെ കേന്ദ്ര സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വേണ്ടി വാദങ്ങള്‍ നടന്നു. പൂര്‍ണമായ നിരോധനം വേണമെന്ന ചില സമുദായ സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തു.

തീപ്പെട്ടി കമ്പനിക്കു നല്‍കുന്ന ലൈസന്‍സാണ് പൂരത്തിനു നല്‍കിയിട്ടുള്ളതെന്ന് ലൈസന്‍സിന്റെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടി പി. ഡി ജോസഫ് വാദിച്ചു.

കോടതി: ജോസഫേ... നിങ്ങളുടെ വീട് എവിടെയാണ് ?

ജോസഫ്: തൃശൂരാണ്...

കോടതി: നിങ്ങള്‍ക്ക് എത്രവയസായി?

ജോസഫ്: 64

കോടതി: എത്രകാലമായി തൃശൂര്‍പൂരം നടക്കുന്നു?

ഈ ചോദ്യം കേട്ട് ജോസഫ് ഒന്നു അമ്പരന്നു. പിന്നീട് പറഞ്ഞു;

എനിക്കു ഓര്‍മ്മവച്ച കാലത്തിനു മുമ്പ് മുതല്‍ തൃശൂര്‍ പൂരം ഉണ്ട്.

കോടതി: അപ്പോള്‍ മനസിലായില്ലേ പൂരം തൃശൂരിന്റെ സാംസ്‌കാരിക, സാമുദായിക, ചരിത്രപരമായ ആഘോഷമാണെന്ന്.പരവൂരില്‍ സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു. ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലം കോടതിയില്‍ വായിച്ചു. അന്വേഷണത്തിന് കോടതിക്ക് മേല്‍നോട്ടം വഹിക്കാം, പക്ഷേ സിബിഐ അന്വേഷണത്തിന് സമയമായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതേയുള്ളൂ എന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിലെ പ്രധാന ഉള്ളടക്കം.

സര്‍ക്കാര്‍ നിലപാട് കോടതി സ്വീകരിച്ചു. അന്വേഷണ പുരോഗതി മേയ് 18 ന് അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഒരുകാര്യം വ്യക്തമായി. ഇതുവരെ കേരളത്തില്‍ നടന്ന വെടിക്കെട്ടുകളെല്ലാം നിയമവും ചട്ടങ്ങളും മറികടന്നായിരുന്നുവെന്ന്. നിയമാനുസൃതമല്ലാതെ ഉത്സവങ്ങള്‍ക്ക് കരിമരുന്ന് ഉപയോഗിക്കുന്നതെന്ന് കോടതി കര്‍ശനമായി വിലക്കിയതും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെന്ന് വ്യക്തമാക്കിയതും വെടിക്കെട്ട് പ്രേമികളെ ചൈന പടക്കത്തിലേക്ക് ആകര്‍ഷിക്കുമോ എന്ന് കണ്ടറിയണം. ഏതായാലും കോടതി വിധി ചെന്നു കൊണ്ടത് ഉത്സവ-പെരുന്നാള്‍-ഉറൂസ് നടത്തുന്നവരുടെ നെഞ്ചത്താണ്.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍. തൊടുപുഴ സ്വദേശി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories