ന്യൂസ് അപ്ഡേറ്റ്സ്

കന്യാസ്ത്രീയുടെ പരാതിയിൽ എന്തു നടപടി സ്വീകരിച്ചെന്ന് സർക്കാരിനോട് ഹൈക്കോടതി

കേസിന്റെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹരജികൾ ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‌കിയ ലൈംഗിക പീ‍ഡന പരാതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കന്യാസ്ത്രീ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വസ്തുത ഓഗസ്റ്റ് 13ന് അന്വേഷണ ഉദ്യോഗസ്ഥർ സത്യവലാങ്മൂലം നൽകിയിരുന്നു. ഇതിനു ശേഷമുള്ള നടപടികളെക്കുറിച്ചാണ് സംസ്ഥാന സർക്കാരിനോട് ചോദ്യമുന്നയിച്ചിരിക്കുന്നത്.

കേസിൾ സാക്ഷികളായ കന്യാസ്ത്രീകൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ചേർത്ത് അടുത്ത വ്യാഴാഴ്ച വിശദീകരണം നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദ്ദേശം നൽകി.

കേസിന്റെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹരജികൾ ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്. ഇതിന്മേലാണ് കോടതിയുടെ നടപടി. ആരും നിയമത്തിനു മുകളിലല്ലെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

‘കന്യാസ്ത്രീകൾ നടത്തിയത് വിശ്വാസത്തിനെതിരായ സമരം’

അതെസമയം കന്യാസ്ത്രീകളുടെ സമരത്തെ തള്ളി മിഷണറീസ് ഓഫ് ജീസസ് രംഗത്തു വന്നിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരത്തിനു പിന്നിൽ ബാഹ്യശക്തികളാണെന്ന് മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചു. വിശ്വാസത്തിനെതിരെയുള്ള സമരമാണിതെന്നും സംഘടന പറഞ്ഞു.

തെളിവെടുപ്പ് സമയത്ത് ഫ്രാങ്കേ മുളയ്ക്കൽ കന്യാസ്ത്രീക്കെതിരെ നടത്തിയ അതേ ആരോപണങ്ങൾ മിഷണറീസ് ഓഫ് ജീസസും ഉന്നയിച്ചു. 2014 മെയ് മാസം മുതൽ ബിഷപ്പ് തന്നെ പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീ പറഞ്ഞിട്ടുള്ളത്. ആ തിയ്യതിക്കു ശേഷം നടന്ന ചടങ്ങുകളിൽ ഫ്രാങ്കോയുടെ കൂടെ കന്യാസ്ത്രീ നിരവധി പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. പീഡനം നടന്നിട്ടുണ്ടെങ്കിൽ കന്യാസ്ത്രീ എന്തിന് ഒരുമിച്ച് പരിപാടിയിൽ പങ്കെടുത്തെന്ന് മിഷണറീസ് ഓഫ് ജീസസ് ചോദിച്ചു.

കന്യാസ്ത്രീക്കെതിരെ ചില വിഷയങ്ങളിൽ ഫ്രാങ്കോ നടപടിയെടുത്തിരുന്നെന്നും അതിനാലാണ് കന്യാസ്ത്രീ പീഡനക്കേസ് നൽ‌കിയതെന്നും മിഷനറീസ് ഓഫ് ജീസസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍