TopTop
Begin typing your search above and press return to search.

താറാവുകളെ കൊന്നാല്‍ പക്ഷിപ്പനി തടയാം; പക്ഷേ കര്‍ഷകരെ ആര് രക്ഷിക്കും? ആര്‍ ഹേലി എഴുതുന്നു

താറാവുകളെ കൊന്നാല്‍ പക്ഷിപ്പനി തടയാം; പക്ഷേ കര്‍ഷകരെ ആര് രക്ഷിക്കും? ആര്‍ ഹേലി എഴുതുന്നു

ആര്‍ ഹേലി

കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നു. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും രോഗം ബാധിച്ച് ആയിരക്കണക്കിന് താറാവുകളാണ് ചത്തൊടുങ്ങുന്നത്. ലക്ഷക്കണക്കിന് താറാവുകളെ പ്രതിരോധ മുന്‍കരുതല്‍ എന്ന നിലയില്‍ കൊന്നൊടുക്കേണ്ടിയും വരും. ഹൈലി പതോജനിക് എവിയന്‍ ഇന്‍ഫ്ലൂവന്‍സ (എച്ച് പി എ ഐ) എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന രോഗമാണ് സംസ്ഥാനത്ത് താറാവുകളുടെ ദുരഃവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് എന്നതിനാല്‍ നിലവില്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യുന്നത് രോഗം ബാധിച്ച താറാവുകളെ കൊല്ലുക എന്നതാണ്. ഇതുവഴി രോഗാണുക്കള്‍ മറ്റു ജന്തുക്കളിലേക്കും മനുഷ്യരിലേക്കും പടരാതിരിക്കാന്‍ സഹായിക്കും. ശാസ്ത്രീയമായ രീതി തന്നെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. അത് കര്‍ഷകരാണ്. ഇരുട്ടടിപോലെ വന്ന പക്ഷിപ്പനി അവരുടെ ജീവിതമാണ് തകര്‍ത്തിരിക്കുന്നത്. കുട്ടനാട്ടിലെ താറാവ് കര്‍ഷകരെ സംബന്ധിച്ച് ഇതു വലിയൊരു ദുരന്തം തന്നെയാണ്.

ക്രിസ്തുമസ് മുന്നില്‍ കണ്ട് ലക്ഷക്കണക്കിന് താറാവുകളെയാണ് കര്‍ഷകര്‍ ഒരുക്കിയെടുക്കുന്നത്. ഇവിടെ മാത്രമല്ല, കേരള വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലുമെല്ലാം താറാവ് കൃഷി ഇപ്പോള്‍ ഊര്‍ജിതമായി നടക്കുന്ന സമയമാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ പ്രതീക്ഷകളെല്ലാം പിടഞ്ഞുവീണ് ഇല്ലാതാകുമ്പോള്‍, ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. പലരും പണം കടം വാങ്ങിയും വസ്തുവും സ്വര്‍ണ്ണവും പണയംവച്ചും വിറ്റുമൊക്കയാണ് താറാവ് കൃഷിക്ക് ഇറങ്ങിയിരിക്കുന്നത്. നിലവിലെ സാഹചര്യം വന്‍ സാമ്പത്തിക ബാധ്യതയായിരിക്കും ഇവരുടെ തലയിലേറ്റുന്നത്. ഇതില്‍ നിന്ന് ഈ പാവങ്ങളെ സംരക്ഷിക്കണമെങ്കില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം.എന്നാല്‍ താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നതില്‍ കാണിക്കുന്ന ഉത്സാഹം കര്‍ഷകരുടെ അവസ്ഥ മനസ്സിലാക്കുന്നതില്‍ സര്‍ക്കാരിന് ഉണ്ടെന്നു തോന്നുന്നില്ല. ഈ പക്ഷിമൃഗാദികളുടെ സംരക്ഷണത്തില്‍ കാണിക്കുന്ന അതേ കരുതല്‍ കര്‍ഷകരോടും കാണിച്ചേ മതിയാകൂ. നിലവിലെ സാഹചര്യം ഒഴിഞ്ഞുപോവുക തന്നെ ചെയ്യും. ഇപ്പോള്‍ ഭയം മൂലം തങ്ങളുടെ തീന്‍മേശയില്‍ നിന്ന് താറാവ്/കോഴി വിഭവങ്ങള്‍ ഒഴിവാക്കുന്ന ജനങ്ങള്‍ നാളെ ഇതിനുവേണ്ടി ഓട്ടപ്പാച്ചില്‍ നടത്തും. അന്നാരാണവര്‍ക്ക് ഇത് ലഭ്യമാക്കുക? ഈ കര്‍ഷകര്‍ തന്നെയല്ലേ വേണ്ടത്. എന്നാല്‍ ബാധ്യതകളുടെ പടുകുഴിയിലേക്ക് വീണുപോകുന്ന ഏതു കര്‍ഷകനാണ് വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറാവുക? തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നുമെല്ലാം കോഴിയും താറാവുമൊക്കെ അതിര്‍ത്തികടന്ന് വന്നോളുമെന്നായിരിക്കും അപ്പോഴത്തെ വാദം. അങ്ങനെ വരുന്നതെല്ലാം എതൊക്കെ തരം പ്രശ്‌നങ്ങളാണ് നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കിവയ്ക്കുന്നതെന്ന് എത്രപേര്‍ക്ക് അറിയാം? അല്ലെങ്കില്‍ തന്നെ നമ്മുടെ കര്‍ഷകരോട് ഒരനുകമ്പയും ഇല്ലെന്നാണോ? അതിര്‍ത്തി കടന്നെത്തുന്ന ലോറികളില്‍ നിന്ന് നമ്മുടെ തീന്‍മേശയിലെത്തുന്ന ഇറച്ചികളെക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഈ നാട്ടിലെ കായലുകളിലും പാടത്തും വളരുന്ന താറാവുകള്‍. പക്ഷെ അതിന് ഇവിടെ കര്‍ഷകര്‍ ജീവനോടെ വേണം. കൃഷിയും കര്‍ഷകനും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഒന്നില്ലെങ്കില്‍ മറ്റതുമില്ല. നമ്മളെപ്പോഴും കൃഷിയെക്കുറിച്ചാണ് ആവലാതിപ്പെടുന്നത്, കര്‍ഷകനെ കുറിച്ചല്ല, ഇത് താറാവ് കൃഷിയുടെ കാര്യത്തില്‍ മാത്രമല്ല, ഏതൊന്നിന്റെ കാര്യത്തിലും ശരിയാണ്.

കുട്ടനാട്ടില്‍ പരമ്പരാഗത താറാവ് കര്‍ഷകരും അല്ലാത്തവരും ഉണ്ട്. അവരില്‍ തന്നെ ചെറുകിടക്കാരും വന്‍കിടക്കാരുമുണ്ട്. താറാവ് കുഞ്ഞുങ്ങളെ വിരിയിച്ചു കൊടുക്കുന്ന വേറൊരു വിഭാഗവുമുണ്ട്. ഇവരെല്ലാം തന്നെ തങ്ങളുടെ ജീവിതം ഈ കൃഷിയില്‍ നിന്നാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ രണ്ടുലക്ഷത്തിന്‍മേല്‍ താറാവുകളെ ഇനിയും കൊല്ലേണ്ടി വരും. അത്രയും താറാവുകള്‍ ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം എത്രത്തോളമായിരിക്കും എന്നു ചിന്തിച്ചു നോക്കൂ. രോഗം പടരാതിരിക്കിലാണ് ഉദ്ദേശമെന്ന് പല ഉദ്യോഗസ്ഥരും പറഞ്ഞു നടക്കുന്നുണ്ടെങ്കിലും അവരാരും തന്നെ ഇതുവരെ കര്‍ഷകരുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക പങ്കുവച്ചു കണ്ടില്ല. ചെയ്യേണ്ടിയിരുന്നത് താറാവുകളെ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സഹായകരമായ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ അത്തരത്തില്‍ ഒരുവാക്കും ആരും പറഞ്ഞു കേട്ടില്ല. ഇതു തന്നെയാണ് താറാവുകളെ കൊല്ലാനെത്തുന്നവരെ കര്‍ഷകര്‍ തടയാന്‍ ശ്രമിക്കുന്നതിന് കാരണവും. ഇല്ലാതാകുന്നത് തങ്ങളുടെ സമ്പാദ്യമാണെന്ന് അവര്‍ ആശങ്കപ്പെടുന്നു. സര്‍ക്കാര്‍ സഹായിക്കാമെന്ന് ഇതുവരെ പറയാത്തതിനാല്‍ ഈ ആശങ്ക അവരെ നിരാശയുടെ പടുകുഴിയിലേക്കും തള്ളിവിടും. ഒരുപക്ഷേ തെറ്റായ ചിന്തയിലേക്കും!

നിലവില്‍ കര്‍ഷകര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത് താറാവുകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഇല്ല എന്നതാണ്. പലയോഗങ്ങളിലും കര്‍ഷകര്‍ കൂട്ടത്തോടെ ആവശ്യപ്പെടുന്നതും ഇക്കാര്യമാണ്. എന്നാല്‍ പൂര്‍ണമായി തങ്ങളുടെ ഭാഗത്തു നിന്നുമാത്രം ചെലവുവരുന്ന ഒരു പദ്ധതിയായി ഇതു മാറുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ആശങ്കപ്പെട്ട് മാറിനില്‍ക്കുകയല്ല വേണ്ടത്.പ്രതിവിധി കണ്ടെത്തുകയാണ്. എങ്ങനെ ഇത് പ്രാവര്‍ത്തികമാക്കാമെന്ന് ചിന്തിക്കണം. അതിനുള്ള മെക്കാനിസം ഉണ്ടാക്കണം. അത്തരമൊരു പദ്ധതി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ കര്‍ഷകര്‍ അനുഭവിക്കുന്ന ഭയം ഒരുപരിധിവരെ കുറയ്ക്കാമായിരുന്നു. റബറിന് വിലയിടിവുണ്ടാകുമ്പോള്‍ റബര്‍ കര്‍ഷകരെ സംരക്ഷിക്കുന്ന മെക്കാനിസം ഇവിടെ നിലവില്‍ കൊണ്ടുവന്നില്ലേ. അതുമൂലമല്ലെ, ഇന്ന് നഷ്ടം വന്നാലും നാളെ വീണ്ടും അതേ മേഖലയിലേക്ക് തന്നെ വരാന്‍ റബര്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. അതേ സാഹചര്യങ്ങള്‍ താറാവ് കര്‍ഷകര്‍ക്കും ഒരുക്കണം.അല്ലെങ്കില്‍ ഈ കൃഷി ഇവിടെ ഇതോടുകൂടി നിലച്ചുപോകും. നഷ്ടംവരാന്‍ വേണ്ടി ആരെങ്കിലും മുന്നോട്ടുവരുമോ? ഇന്നുള്ളവരെ മാത്രമല്ല,നാളെ ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ വരെ മടുപ്പിക്കും.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ചിന്തിച്ചാല്‍, ഇത്തരമൊരു സാഹചര്യം ആദ്യമായാണ് വരുന്നതെന്ന അവരുടെ വാദം ന്യായമാണെന്ന് കരുതാം. രോഗങ്ങള്‍ എപ്പോള്‍ വരും എന്തൊക്കെ വരുമെന്നത് ഒരുതരത്തില്‍ പ്രവചനാതീതമാണ്. എന്നാല്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതുമാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ പക്ഷിമൃഗാദികളില്‍ വരുന്ന രോഗങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള സിസ്റ്റം നിലവിവില്‍ നമുക്കില്ല. രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍പോലും നടപ്പിലാക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. അതിലുപരി കര്‍ഷകര്‍ക്ക് വേണ്ടത്ര ബോധവത്ക്കരണവും നടത്തുന്നില്ല. ഇത്തരത്തില്‍ കൂട്ടത്തോടെ നാശനഷ്ടങ്ങള്‍ വരുമ്പോഴാണ് പലതിനെക്കുറിച്ചും നമ്മള്‍ ആലോചിക്കുന്നത്. അതുപക്ഷെ കൊടിയ നാശം വരുത്തിവച്ചശേഷം മാത്രമായിരിക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇനി ഇതിനെക്കുറിച്ചുള്ള മുന്‍കരുതലുകള്‍ ഭാവിയില്‍ സ്വീകരിക്കുമെന്ന് ആശ്വസിക്കാം. പക്ഷെ, അപ്പോഴും പ്രധാനപ്രശ്‌നം ഇത്തരം സാഹചര്യങ്ങളില്‍ കര്‍ഷകനുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്താം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഇല്ലെന്നതാണ്. അതുകൊണ്ട് ഈ സാഹചര്യം ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പെടുത്തി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. നാളെയും ഇത്തരത്തില്‍ ദുരന്തങ്ങള്‍ വന്നുഭവിച്ചാല്‍ കര്‍ഷകനെങ്കിലും ബാക്കി നില്‍ക്കാന്‍ ഇടവരണം.


Next Story

Related Stories