TopTop
Begin typing your search above and press return to search.

രാഷ്ട്രീയത്തിലുള്ള വനിതകളുടെ കാര്യത്തില്‍ വോട്ടര്‍മാര്‍ പക്ഷപാതികളോ?

രാഷ്ട്രീയത്തിലുള്ള വനിതകളുടെ കാര്യത്തില്‍ വോട്ടര്‍മാര്‍ പക്ഷപാതികളോ?

ഡാനി ഹായെസ്, ജെനിഫെര്‍ എല്‍ ലോലെസ്സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഹിലരി ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ചരിത്ര നേട്ടം കൊയ്തപ്പോള്‍ അത് വലിയ ആഘോഷങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയില്‍ ഒരു സ്ത്രീ ആദ്യമായി പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിലേക്കെത്തുന്നത്.

ഹിലരിയുടെത് ഒറ്റപ്പെട്ട നേട്ടമാണെന്നതില്‍ സംശയമില്ല. പക്ഷെ ഹിലരിയുടെ ഈ നേട്ടം സ്ഥായിയായതും സ്ത്രീ സ്ഥാനാര്‍ഥികളെ സംബന്ധിച്ചിടത്തോളം നേട്ടങ്ങള്‍ ഉണ്ടാക്കികൊടുക്കുന്നതുമാണ്.

ഹിലരിയുടെ ഈ നേട്ടം പലരെയും അതിശയിപ്പിക്കുന്നുണ്ടാകാം. എല്ലാറ്റിനുമുപരി സര്‍വേകള്‍ പറയുന്നത് മൂന്നില്‍ രണ്ട് അമേരിക്കക്കാരും, അവരുടെ സഹ പൌരന്മാര്‍ സ്ത്രീകളെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ തയ്യാറായേക്കില്ല എന്നാണ്. കൂടാതെ അത്രതന്നെ ആള്‍ക്കാര്‍ പറയുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീ സ്ഥാനാര്‍ത്ഥികളില്‍ നിന്നും അവര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്നുമാണ്. അറുപത് ശതമാനം ആള്‍ക്കാരും ധരിക്കുന്നത് മീഡിയ സ്ത്രീകളെ പക്ഷപാതിത്വപരമായി കാണുന്നു എന്നാണ്. പകുതിയോളം ആള്‍ക്കാര്‍ വിശ്വസിക്കുന്നത് ഇലക്ഷനില്‍ വിജയിക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ യോഗ്യത വേണമെന്നുമാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള ലിംഗ പക്ഷപാതിത്വം വളരെ ശക്തമാണെന്നാണ് പൊതു വികാരം. ഈ പ്രവണത, വിജയിക്കുക എന്ന ലക്ഷ്യം സ്ത്രീകള്‍ക്ക് വളരെ ദുര്‍ഘടം പിടിച്ചതാക്കുന്നുവെന്നും പൊതുവേ ആളുകള്‍ വിശ്വസിക്കുന്നു.

പക്ഷേ അത്തരം പൊതു ധാരണകള്‍ തെറ്റാണ്. ആളുകള്‍ ധരിച്ചിരിക്കുന്നതുപോലെ രാഷ്ട്രീയത്തില്‍ അത്തരം വ്യവസ്ഥാപിതമായ ഒരു ലിംഗ വിവേചനം നിലനില്‍ക്കുന്നില്ല.

ഞങ്ങളുടെ പുതിയ പുസ്തകമായ, ' വിമന്‍ ഓണ്‍ ദ റണ്‍: ജെന്‍ഡര്‍ മീഡിയ ആന്‍ഡ് ദ പൊളിറ്റിക്കല്‍ കാംപൈന്‍സ് ഇന്‍ എ പൊളറൈസ്ട് എറ' യില്‍ പറയുന്നത്, ഇലക്ഷനില്‍ മത്സരിക്കുന്ന സ്ത്രീകളെ മീഡിയ ആയാലും വോട്ടര്‍മാര്‍ ആയാലും ഒരേപോലെയാണ് നോക്കിക്കാണുന്നത് എന്നാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരുമായി വ്യത്യാസമുണ്ടെന്നു വോട്ടര്‍മാര്‍ കരുതുന്നില്ല. അമേരിക്കന്‍ പാര്‍ലമെന്റിലേക്കുള്ള മത്സരം ഞങ്ങള്‍ കേന്ദ്രീകരിക്കുകയുണ്ടായി, അപ്പോള്‍ മനസ്സിലായത് ഇലക്ഷന്‍ ക്യംപൈന്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെതന്നെയാണ് നടത്തിപ്പോരുന്നത് എന്നാണ്.2010, 2014 ഇലക്ഷന്‍ വേളകളില്‍ സ്ഥാനാര്‍ഥികള്‍ നടത്തിയ ആശയവിനിമയം, മാധ്യമ കവറേജുകള്‍, വോട്ടര്‍മാരുടെ സമീപനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കുകയും വിശദമായ പഠനത്തിന് വിധേയമാക്കുകയും ചെയ്തു.കൂടാതെ സ്ഥാനാര്‍ഥി കാംപൈന്‍ നയിക്കുന്ന എഴുപതില്‍ കൂടുതല്‍ ക്യാംപൈന്‍ മാനേജര്‍മാരുമായും മാധ്യമപ്രവര്‍ത്തകരുമായും ഞങ്ങള്‍ സംവദിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ഒരേ സ്വഭാവമുള്ള ക്യാംപൈനുകളാണ് നടക്കുന്നതെന്നാണ് ഇതില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലായത്. ഒരേ രീതിയിലുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ നിര്‍മിക്കുകയും ഒരേ രീതിയിലുള്ള ട്വീറ്റുകള്‍ അയക്കുകയും തങ്ങളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഒരേസ്വഭാവമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ രീതിയിലുള്ള മാധ്യമ കവറേജ് തന്നെയാണ് ലഭിക്കുന്നത്. രണ്ട് ഇലക്ഷന്‍ വേളകളിലായി പതിനായിരത്തിലേറെ പത്ര വാര്‍ത്തകള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തതില്‍ വളരെ ചെറിയ വ്യത്യാസം മാത്രമാണ് സ്ത്രീ-പുരുഷ പക്ഷപാതിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞത്. പുരുഷ സ്ഥാനാര്‍ഥികളെ അപേക്ഷിച്ച് സ്ത്രീ സ്ഥാനാര്‍ഥികളുടെ ശരീര ഭാഷയും ലിംഗപരമായ പ്രാധാന്യവും റിപ്പോര്‍ട്ടര്‍മാര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയാന്‍ ശ്രമിക്കുന്നുണ്ടോ എന്നും ഞങ്ങള്‍ പരിശോധിച്ചു. ഇല്ല എന്ന് തന്നെയായിരുന്നു ഉത്തരം. സ്ത്രീകളുടെ 'സ്ത്രീത്വം' എന്ന താല്‍പര്യത്തോടെ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നോ എന്നും ഞങ്ങള്‍ പരിശോധിച്ചു. അതിനും ഉത്തരം ഇല്ല എന്ന് തന്നെയായിരുന്നു. സത്യത്തില്‍ മാധ്യമങ്ങള്‍ സ്ത്രീകളെയും പുരുഷന്മാരെയും ഒരേ പോലെ തന്നെയാണ് നോക്കിക്കാണുന്നത്.

രണ്ട് കൂട്ടരും ഒരേപോലെ ശക്തരും നല്ല നേതൃ പാടവമുള്ളവരും രാജ്യത്തിന്‍റെ സുരക്ഷയിലും മറ്റും സ്ത്രീകള്‍ക്ക് വഹിക്കാന്‍ കഴിയുന്ന പങ്കിനെപ്പറ്റി ബോധവാന്മാരും ആയിരുന്നു.

സ്ത്രീ സ്ഥാനാര്‍ഥികള്‍ക്കുമേല്‍ വോട്ടര്‍മാര്‍ പക്ഷപാതിത്വം കാണിക്കുന്നു എന്നതിന് തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഞങ്ങള്‍ നടത്തിയ ദേശീയ സര്‍വെയില്‍ പ്രശ്നങ്ങളെ നേരിടാനുള്ള അവരുടെ സ്ഥാനാര്‍ഥികളുടെ കഴിവിനെപ്പറ്റി വിലയിരുത്താനും അവര്‍ക്ക് റേറ്റിംഗ് നല്‍കാനും ആവശ്യപ്പെട്ടു. അങ്ങനെ ലഭിച്ച മാര്‍ക്കുകള്‍ ഞങ്ങള്‍ സ്ത്രീകളുടെതും പുരുഷന്മാരുടെതും വെവ്വേറെ താരതമ്യപഠനത്തിന് വിധേയമാക്കി. ഭ്രൂണഹത്യ മുതല്‍ ദേശീയ സെക്യൂരിറ്റി വരെയുള്ള വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ കഴിവുള്ളവരാണെന്നായിരുന്നു ഭൂരിപക്ഷം വോട്ടര്‍മാരുടെയും അഭിപ്രായം.

സ്ത്രീ-പുരുഷ സ്ഥാനാര്‍ഥികള്‍ക്ക് ഒരേ തരത്തിലുള്ള സ്വഭാവഗുണങ്ങള്‍ തന്നെയാണെന്നും സര്‍വ്വയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞു. പഠനത്തിന്‍റെ കണ്ടെത്തലായി ഞങ്ങള്‍ക്ക് മനസ്സിലായത് സ്ഥാനാര്‍ത്ഥികളുടെ ലിംഗപദവി വോട്ടര്‍മാരെ സംബന്ധിച്ച് ഒരു പരിഗണന വിഷയം അല്ല എന്ന് തന്നെയാണ്.

സ്ത്രീ പുരുഷ അസമത്വം കുറഞ്ഞു കാണുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് ധ്രുവീകരണവുമായി ബന്ധപ്പെട്ടതാണ്. കണ്‍സര്‍വേറ്റീവ്സും ലിബറല്‍സും തെളിയിക്കുന്നത് ക്യാംപൈനുകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് പാര്‍ട്ടി അടിസ്ഥാനത്തിലാണ്. മറിച്ച് ലിംഗാടിസ്ഥാനത്തിലല്ല. പാര്‍ട്ടി അടിസ്ഥാനത്തിലാണ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ പുറത്തുവരുന്നതും പാര്‍ട്ടി അടിസ്ഥാനത്തിലാണ്. പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍, മത്സരം എത്രത്തോളം കടുത്തതാണ് എന്നൊക്കെയുള്ള കാര്യങ്ങളാണ് വാര്‍ത്തകളില്‍ വിലയിരുത്തുക. ഇത്തരം സാഹചര്യത്തില്‍ വോട്ടര്‍മാര്‍ നോക്കുക സ്ഥാനാര്‍ഥികളുടെ പാര്‍ട്ടി മാത്രമാണ്. പേരിനു നേരെ 'ആര്‍' എന്നാണോ അതോ 'ഡി' എന്നാണോ കാണുന്നത് എന്നാണ്. അല്ലാതെ അവരുടെ ജനിതകത്തില്‍ വൈ ക്രോമസോം അടങ്ങിയിട്ടുണ്ടോ എന്നല്ല.പക്ഷെ ലിംഗ വിവേചനം രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതെയില്ല എന്ന് ഞങ്ങള്‍ ഉറപ്പിച്ച് പറയാനും തയ്യാറല്ല. ചിലപ്പോഴൊക്കെ ലിംഗ പദവി ഇലക്ഷന്‍ ക്യാംപൈനുകളുടെ കേന്ദ്രമായി മാറിയേക്കാം. അതുതന്നെയാണ് പ്രസിഡന്റ്‌ ഇലക്ഷനില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാരണം അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതയാണ്‌ ഹിലരി ക്ലിന്റന്‍. അക്കാരണം കൊണ്ടുതന്നെയാണ് ഹിലരിയുടെ ലിംഗം മിക്കവാറും വാര്‍ത്തകളില്‍ ഒരു പ്രധാന വിഷയമായി വരുന്നതും അത് പലതരത്തിലുള്ള അപഗ്രഥനങ്ങള്‍ക്കും വിധേയമാകുന്നതും.

രാഷ്ട്രീയ നിരീക്ഷകര്‍ ഹിലരിക്ക് മികച്ച മാര്‍ക്കിടുമ്പോള്‍ ബേര്‍ണി ബ്രോസ് ഹിലരിക്കെതിരെ ലിംഗപരമായ ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അഴിച്ചു വിട്ടിരിക്കയാണ്. അതൊന്നും കൂടാതെ ഹിലരിയുടെ എതിര്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളുടെ ഉന്നമനം കാരണം കഷ്ടപ്പെടുന്ന ആണുങ്ങള്‍ക്ക് വേണ്ടികൂടി വാദിക്കുന്ന ആളാണ്‌ താനെന്ന് വാദിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'സ്ത്രീ കാര്‍ഡ്' തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നു എന്നാരോപിച്ച് ട്രംപ് ഹിലാരിയെ പരിഹസിക്കുക കൂടി ചെയ്തു. (എന്നിട്ടും ട്രംപിന്റെ ഇത്തരം വാദങ്ങള്‍ ഹിലരിക്ക് പ്രതികൂലമായ സാഹചര്യം ഉണ്ടാക്കിയില്ല എന്നുതന്നെയാണ് അപഗ്രഥനങ്ങള്‍ പറയുന്നത്).

പക്ഷേ ഇത്തരം ഉന്നത പദവിയിലുള്ള ലിംഗ വിവേചനം അമേരിക്കന്‍ ഇലക്ഷനുകളില്‍ വളരെ അപൂര്‍വ്വമാണ്. ചില അവസരങ്ങളില്‍ മാത്രം കണ്ടുവരുന്ന ഇത്തരം ലിംഗ വിവേചനവും വ്യവസ്ഥാപിതമായ ലിംഗ വിവേചനവും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ലിംഗ വിവേചനം ചിലപ്പോഴൊക്കെ സംഭവിക്കാമെന്നും അതുപക്ഷെ വ്യവസ്ഥാപിതമായ ലിംഗ വിവേചനമല്ലെന്നുമുള്ള അവസ്ഥ ചില അവസരങ്ങളില്‍ നിലനില്‍ക്കുന്നതാണ്.

സ്ത്രീകളായ സ്ഥാനാര്‍ഥികള്‍ ലിംഗ അസമത്വമോ ലിംഗ വിവേചനമോ ക്യാംപൈന്‍ വേളകളില്‍ അഭിമുഖീകരിക്കുന്നില്ലെങ്കിലും പിന്നെന്തുകൊണ്ടാണ്‌ അമേരിക്കയിലെ ഒട്ടുമിക്ക ആളുകളും മറിച്ച് ചിന്തിക്കുന്നത്? ചിലരെ സംബന്ധിച്ച് അത് അത്രയും സാധാരണമായ ചുറ്റുപാടുകളെ നിരീക്ഷിക്കലാണ്. ഹിലരി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നത് മാത്രമല്ല, മറിച്ച് അമേരിക്കന്‍ കോണ്ഗ്രസ് എണ്‍പത് ശതമാനവും പുരുഷന്മാരാണ്. കൊണ്ഗ്രസ്സിലെതിനു സമാനമായി പല പൊതു ജോലികളിലും സ്ത്രീകളുടെ എണ്ണം വളരെ തുച്ഛമാണ്. പുരുഷന്മാര്‍ ഒട്ടുമിക്ക അധികാര സ്ഥാനവും കയ്യാളുമ്പോള്‍ അതിനുള്ള കാരണമായി ആദ്യം കാണാനാകുക ലിംഗവിവേചനം തന്നെയാണ്.

ആളുകള്‍, തങ്ങളുടെ വ്യക്തി ജീവിതത്തിലും തൊഴിലിടങ്ങളിലും നേരിടുന്ന വിവേചനം സ്ഥാനാര്‍ഥികളും നേരിടുന്നുണ്ടാകുമെന്നു അനുമാനിക്കുന്നു. ഇത്തരം ഉദാഹരണങ്ങളില്‍ നിന്നും ട്രംപിന്റെ വാക്കുകളില്‍ നിന്നും, സ്ത്രീ സ്ഥാനാര്‍ഥികള്‍ ലിംഗവിവേചനം നേരിടുന്നുണ്ടാകാമെന്നും അത് അവരുടെ വിജയസാധ്യതയെ ബാധിക്കുമെന്നും ആളുകള്‍ ചിന്തിക്കുന്നു.ഇത് ലിംഗ വിവേചനം എന്നതിലുപരിയായി, രാഷ്ട്രീയ മേഖലയിലെ ലിംഗ വിവേചനത്തിന്‍റെ ഒരു പരിപ്രേക്ഷ്യമാണ്. രാഷ്ട്രീയ മേഖലകളില്‍ എന്തുകൊണ്ട് അധികം സ്ത്രീകളെ കാണാന്‍ സാധിക്കുന്നില്ല എന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ഇത്തരം ഉദാഹരണങ്ങള്‍ രാഷ്ട്രീയ പഠിതാക്കളെ ഇത്തരം ഉദാഹരണങ്ങള്‍ സഹായിക്കും. വിവേചനം അത്രയേറെ വ്യാപകമാണ്. നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയിലധികം കഴിവ് തങ്ങള്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് സ്ത്രീകള്‍ ധരിക്കുന്നു. ഇതുതന്നെയാണ് ഇലക്ഷനില്‍ മത്സരിക്കുന്നതില്‍ നിന്നും സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്നതും. അതുകൊണ്ടുതന്നെ ഇലക്ഷനില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതില്‍ സ്ത്രീകളെക്കാള്‍ ഉത്തരവാദിത്വം പുരുഷന്മാര്‍ക്ക് തന്നെയാണ്.

ഇക്കാരണങ്ങള്‍ തന്നെയാണ് ഹിലരി ക്ലിന്റന്റെ സ്ഥാനാര്‍ഥിത്വം അത്രയേറെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നത്. ഉന്നത സ്ഥാനങ്ങളിലെക്കുള്ള സ്ത്രീകളുടെ വിജയം, സ്ത്രീ സ്ഥാനാര്‍ഥികള്‍ ക്രമാനുഗതമായ പ്രതികൂലാവസ്ഥ നേരിടുന്നു എന്ന തോന്നലുകളെ അകറ്റാന്‍ സഹായിച്ചേക്കാം. ഈ കാഴ്ചപ്പാട് മാറ്റം ഭാവിയില്‍ കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ഥികളായി തിരഞ്ഞെടുക്കുന്നതിനും അവര്‍ക്ക് ക്യാംപൈന്‍ ചെയ്യാന്‍ ആവശ്യമായ പണം കണ്ടെത്തുന്നതിനും സഹായിച്ചേക്കാം.

(ജോര്‍ജ് വാഷിംഗ്‌ടണ്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറാണ് ഡാന്നി ഹായെസ്. അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ജെന്നിഫെര്‍ ലാലെസ്. ഇരുവരും ചേര്‍ന്ന് രചിച്ച പുസ്തകമാണ് ' വിമന്‍ ഓണ്‍ ദ രണ്: ജെന്റര്‍ മീഡിയ ആന്‍ഡ് ദ പൊളിറ്റിക്കല്‍ കാംപൈന്‍സ് ഇന്‍ എ പൊളറൈസ്ട് എറ'.)


Next Story

Related Stories