TopTop
Begin typing your search above and press return to search.

ഹിലരിയുടെ കത്ത് കിട്ടിയ കൊച്ചു 'ലില്ലാരി' പറഞ്ഞു,'ഞാന്‍ രണ്ടാമത്തെ വനിത പ്രസിഡന്‍റ് ആവും'

ഹിലരിയുടെ കത്ത് കിട്ടിയ കൊച്ചു ലില്ലാരി പറഞ്ഞു,ഞാന്‍ രണ്ടാമത്തെ വനിത പ്രസിഡന്‍റ് ആവും

കോള്‍ബി ഇറ്റ്‌കോവിറ്റ്‌സ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ഒരു വനിത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യമായത്ര പ്രതിനിധികളുടെ പിന്തുണ ആദ്യമായി നേടിയ രാത്രിയില്‍ മാഡിസണിലെ വീട്ടില്‍ തന്റെ മകളുടെ സന്തോഷപ്രകടനം കാണുകയായിരുന്നു ജെന്നിഫര്‍ റോസെന്‍ ഹെയിന്‍സ്. ഹിലാരി ക്ലിന്റന്റെ നേട്ടത്തില്‍ ഏഴുവയസുകാരി ലില്ലി പ്രകടിപ്പിച്ച ആവേശം ആദര്‍ശത്തോടോ പാര്‍ട്ടിയോടോ ഉള്ള അനുഭാവം മൂലമായിരുന്നില്ല. ഒരിക്കല്‍ താന്‍ ആകാന്‍ ആഗ്രഹിക്കുന്നതിന്റെ ആവിഷ്‌കാരം ടിവിയില്‍ കാണുകയായിരുന്നു ലില്ലി.

ലില്ലിയെ സംബന്ധിച്ച് ഹിലാരിയുടെ പ്രസിഡന്റ് സാധ്യത പുതിയൊരു സ്വപ്‌നമാണു നല്‍കുന്നത്. തനിക്കും ഒരിക്കല്‍ പ്രസിഡന്റാകാന്‍ കഴിഞ്ഞേക്കും എന്ന പ്രതീക്ഷ. തന്റെ പേര് ലില്ലരി എന്നുമാറ്റാനാകുമോ എന്ന് ലില്ലി അമ്മയോട് അന്വേഷിച്ചുകഴിഞ്ഞു. വൈറ്റ്ഹൗസിലേക്കുള്ള സാധ്യത വര്‍ധിപ്പിക്കാനാണ് പേരുമാറ്റം!

ഹിലാരിയെ പിന്തുണയ്ക്കുന്നുവെങ്കിലും പ്രചാരണത്തില്‍ പങ്കുചേരാതിരുന്ന റോസെന്‍ ഹെയിന്‍സ് മകളുടെ ഈ ആഗ്രഹം പ്രചാരകരുമായി പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. വെബ്‌സൈറ്റിലെ ഫോമില്‍ അവര്‍ ഇങ്ങനെ കുറിച്ചു: 'ഹിലാരി, ഈ രാജ്യത്തെ എല്ലാ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പരിധികള്‍ ഭേദിക്കുന്നതിന് നന്ദി. പെണ്‍കുട്ടിയാണെങ്കിലും മാറ്റങ്ങള്‍ വരുത്തണമെന്നല്ല പെണ്‍കുട്ടിയായതിനാല്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ലില്ലി ആഗ്രഹിക്കുന്നു. അവളുടെ സാധ്യതകള്‍ അനന്തമാണെന്ന് അവള്‍ മനസിലാക്കുന്നു'.'അത് വായിക്കപ്പെടുമെന്ന് ഞാന്‍ കരുതിയില്ല. എങ്കിലും ഹിലാരിയുടെ പ്രചാരണം വളരെ ഫലവത്തും എന്റെ മകള്‍ക്കും അതുപോലെ വളരെയധികം പെണ്‍കുട്ടികള്‍ക്കും വളരെ വ്യക്തിപരവുമാണെന്ന് പ്രചാരകരില്‍ ആരെങ്കിലും അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു,' റോസെന്‍ ഹെയിന്‍സ് പറയുന്നു.

പക്ഷേ അത് വായിക്കപ്പെടുക തന്നെ ചെയ്തു.

കഴിഞ്ഞയാഴ്ച ഹിലാരിയുടെ പ്രചരണമുദ്രയുള്ള കവര്‍ ലഭിച്ചപ്പോള്‍ അത് ഫോം പൂരിപ്പിച്ചയച്ചതിനുള്ള മറുപടിയാകുമെന്നാണ് റോസെന്‍ ഹെയിന്‍സ് കരുതിയത്. എന്നാല്‍ കവറിലെ മേല്‍വിലാസം ലില്ലിയുടേതായിരുന്നു.

ലില്ലിക്കെഴുതിയ മറുപടിയില്‍ ഹിലാരി 'സ്വന്തം ശബ്ദം ശ്രദ്ധിക്കപ്പെടുംവിധം ഉയര്‍ത്താന്‍' രണ്ടാംക്ലാസുകാരിയോട് ആവശ്യപ്പെടുന്നു. ' സ്വന്തം ആശയങ്ങളുടെ പ്രശംസ അഭിമാനത്തോടെ സ്വീകരിക്കാനും സ്വന്തം സ്ഥാനം നേടിയെടുക്കുന്നതില്‍ മടിക്കരുതെന്നും' ഉപദേശിക്കുന്നു.

റോസെന്‍ ഹെയിന്‍സ് തന്റെ ഫേസ്ബുക്ക് പേജില്‍ കത്ത് പ്രസിദ്ധീകരിച്ചു. ഹിലാരിക്കുള്ള പിന്തുണയായല്ല മറ്റു മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്കുള്ള പ്രോല്‍സാഹനമായി ഇത് വായിച്ചുകേള്‍പ്പിക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചത്.

'കുട്ടികള്‍ മറ്റുള്ളവരോട് ബഹുമാനം കാണിക്കണമെന്നും അതിന് നമ്മെ മാതൃകയാകണമെന്നും നാം ആഗ്രഹിക്കുന്നു. ഞങ്ങളെല്ലാവരും ഹിലാരിയെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ കൊച്ചുകുട്ടികളോട് ഇത്ര ബഹുമാനത്തോടെ സംസാരിക്കുന്നു എന്നത് ചെറിയ കാര്യമല്ല.'ക്യു ടിപ് എന്നു പേരിട്ടിട്ടുള്ള സ്റ്റഫ്ഡ് പൂച്ചയെ ചേര്‍ത്തുപിടിച്ച് ലില്ലി കത്ത് ഉറക്കെ വായിക്കുന്നു. അത് തന്നെ സന്തുഷ്ടയും ആവേശഭരിതയും ശക്തയുമാക്കുന്നു എന്ന് അഭിമാനിക്കുന്നു.

വളര്‍ന്നുവരുന്ന ഫെമിനിസ്റ്റാണ് ലില്ലിയെന്നാണ് റോസെന്‍ ഹെയിന്‍സ് കരുതുന്നത്. ആണ്‍കുട്ടികള്‍ ചെയ്യുന്ന എന്തെങ്കിലും പെണ്‍കുട്ടികള്‍ക്കു ചെയ്യാനാകില്ലെന്നു പറഞ്ഞാല്‍ അവള്‍ക്കത് ഇഷ്ടമാകില്ല. മികച്ച വായനക്കാരി, നീന്തല്‍ക്കാരി, ബേക്കര്‍, പിയാനിസ്റ്റ്, തോട്ടക്കാരി എന്നിവയൊക്കെയാണ് അവള്‍. ഇതിനൊക്കെ യോജിക്കുംവിധം ഹാലോവീനില്‍ 'വണ്ടര്‍ വുമണാ'യാകും അവളുടെ രംഗപ്രവേശം.

'ഈ കടലാസ് നമ്മുടെ അനവധി മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഈ വാക്കുകള്‍ പ്രധാനമാണെന്നും എല്ലാ കുട്ടികളും ഇവ കേള്‍ക്കേണ്ടതാണെന്നും സമ്മതിക്കാന്‍ നമുക്കാകുന്നില്ലെങ്കില്‍ നമുക്ക് പൊതുവായ മനുഷ്യത്വം ഇല്ല,' റോസെന്‍ ഹെയിന്‍സ് പറയുന്നു.

ഹിലാരിക്കുള്ള പിന്തുണയെപ്പറ്റി ലില്ലി എന്തു പറയുന്നു?

'അവര്‍ ആദ്യ വനിതാപ്രസിഡന്റാകും,' ലില്ലി പറഞ്ഞു. 'ഞാനായിരിക്കും രണ്ടാമത്തേത്.'


Next Story

Related Stories