TopTop
Begin typing your search above and press return to search.

ഒര്‍ലാന്‍ഡോ; ആര് സ്കോര്‍ ചെയ്യും? ട്രംപോ ഹിലരിയോ?

ഒര്‍ലാന്‍ഡോ; ആര് സ്കോര്‍ ചെയ്യും? ട്രംപോ ഹിലരിയോ?

അഴിമുഖം പ്രതിനിധി

ഒര്‍ലാന്‍ഡോ ദുരന്തം അമേരിക്കന്‍ പ്രസിഡന്‍ന്റ് തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വധീനിക്കുമെന്നത്, നിഷ്പക്ഷ വോട്ടര്‍മാര്‍ ഈ കൂട്ടക്കൊലയെ ഇസ്ലാമിക് സ്റ്റേറ്റ് ആസൂത്രണം ചെയ്ത തീവ്രവാദി ആക്രമണമായി നോക്കിക്കാണുമോ അതോ സ്വവര്‍ഗാനുരാഗികളോടുള്ള വെറുപ്പ് (ഹോമോഫോബിയ) കാരണം സംഭവിച്ച കൂട്ടക്കൊലയായി മനസ്സിലാക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും.

ആദ്യം പറഞ്ഞതാണ് സംഭവിക്കുന്നതെങ്കില്‍ തുടക്കം മുതല്‍ തന്നെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി സജീവമായിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന് അനുകൂലമായിരിക്കും കാര്യങ്ങള്‍. രണ്ടാമത് പറഞ്ഞതാണ് പരിഗണന വിഷയമാകുന്നതെങ്കില്‍ തോക്ക് വില്പന നിയന്ത്രണവും ലിംഗ അവബോധവുമായിരിക്കും ചര്‍ച്ചകളില്‍ സജീവമാകുക. അങ്ങനെയെങ്കില്‍ അത് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ സാധ്യതകള്‍ സജീവമാക്കും.

തീവ്രവാദ ചര്‍ച്ചകള്‍ മികച്ച രീതിയില്‍ ഉപയോഗിച്ച വ്യക്തിയാണ് ട്രംപ്. പാരീസിലും ബ്രസ്സല്‍സിലും നടന്ന ഭീകരാക്രമണങ്ങളും അതിനെ തുടര്‍ന്ന് ട്രംപ് നടത്തിയ പരാമര്‍ശങ്ങളും നാല് ശതമാനത്തോളം ട്രംപിന്‍റെ പോള്‍ റേറ്റിംഗ് ഉയര്‍ത്തി. പിന്നീട് ഇസ്ലാമിക്ക് സ്റേറ്റ് സാന്‍ ബെര്‍ണാര്‍ഡിനോയില്‍ നടത്തിയ ആക്രമണ ശേഷം ട്രംപ് തന്‍റെ അഭിപ്രായം ശക്തിപ്പെടുത്തിയതോടെ പോള്‍ റേറ്റിങ്ങില്‍ വീണ്ടും മൂന്ന് ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. ഇതിനെ തുടര്‍ന്നാണ് അമേരിക്കയിലേക്കുള്ള മുസ്ലീങ്ങളുടെ കുടിയേറ്റം നിരോധിക്കണമെന്ന് ട്രംപ് പറഞ്ഞത്. ലോകം മുഴുവന്‍ ട്രംപിനെതിരെ തിരിഞ്ഞു. വലിയ എതിര്‍പ്പുകളാണ് പ്രസ്തുത പരാമര്‍ശത്തെത്തുടര്‍ന്ന് ട്രംപിന് കേള്‍ക്കേണ്ടി വന്നത്. പക്ഷേ മുക്കാല്‍ ഭാഗത്തോളം റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ ട്രംപിനെ അനുകൂലിച്ചു. ഇത് തന്നെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നോമിനേഷന്‍ കരസ്ഥമാക്കുന്നതിലേക്ക് ട്രംപിനെ നയിച്ചത്.ഒര്‍ലാന്‍ഡോ ദുരന്തത്തിന് ശേഷവും ട്രംപിന്റെ സമീപനത്തിലോ നിരീക്ഷണങ്ങളിലോ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. “മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന്‌ ആള്‍ക്കാരെ റിക്രൂട്ട് ചെയ്യാനാണ് ഹിലരി ക്ലിന്റന്‍ ആഗ്രഹിക്കുന്നത്. അവര്‍ ഇങ്ങോട്ട് കടന്നു കഴിഞ്ഞാല്‍ പിന്നീട് ഒരു തരത്തിലും അവരെ കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല” – ട്രംപ് പറയുന്നു.

ഹിലരി ക്ലിന്റനെ സംബന്ധിച്ച് ഒര്‍ലാന്‍ഡോയില്‍ നടന്ന കൂട്ടക്കൊല തീവ്രവാദവും വെറുപ്പിന്റെ അനന്തരഫലവും കൂടിയാണ്. അതുകൂടാതെ തോക്കിന്‍റെ ലഭ്യത നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഹിലരി അഭിപ്രായപ്പെടുന്നു. ഹിലരിയോ ഒബാമയോ തങ്ങളുടെ പ്രസ്ഥാവനകളില്‍ ഒരിടത്തുപോലും “മുസ്ലിം തീവ്രവാദം” എന്നൊരു വാക്ക് ഉപയോഗിച്ചില്ലെന്ന് ആരോപിച്ച് ട്രംപ് രംഗത്തെത്തുകയും, ട്രംപിന്റെ പരിഹാസത്തെത്തുടര്‍ന്ന് തനിക്ക് ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില്‍ക്കൂടി താനും “ഇസ്ലാം തീവ്രവാദം” എന്ന വാക്ക് ഉപയോഗിക്കുന്നതായി ഹിലരിക്ക് എന്ന് പ്രസ്ഥാവിക്കേണ്ടി വരികയും ചെയ്തു.

ഈ രാഷ്ട്രീയ തിരുത്ത്‌ ഡെമോക്രാറ്റുകളെ സംബന്ധിച്ച് ബോധ്യമുള്ള കാര്യമാണെങ്കിലും നിഷ്പക്ഷ വോട്ടര്‍മാരുടെ അനുകൂല അഭിപ്രായം നേടിയെടുക്കുന്നതില്‍ ഡെമോക്രാറ്റുകള്‍ക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും.

മേയ് മാസത്തില്‍ നടന്ന അഭിപ്രായ സര്‍വേകളില്‍ ഹിലരി വലിയ വ്യത്യാസത്തില്‍ മുന്നിട്ടു നില്‍ക്കുന്നതായി ഫലം വന്നിരുന്നു. എന്നാല്‍ ഇസ്ലാമിക് സ്റേറ്റിനെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ട്രംപിനെക്കാള്‍ ഒന്‍പത് ശതമാനത്തോളം പിന്നിലായിരുന്നു ഹിലരി. അതുകൊണ്ടുതന്നെ അധികം താമസിയാതെ തന്നെ ഹിലരി ഐ എസിന്റെ കാര്യത്തില്‍ നിലവിലുള്ളതിനേക്കാള്‍ കര്‍ക്കശമായ നിലപാട് എടുത്തേക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുമുണ്ട്. ഹിലരിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നും പുറത്തുവരുന്ന സൂചനകളും മറിച്ചല്ല.ഒര്‍ലാന്‍ഡോ കൂട്ടക്കൊലയും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും തനിക്ക് അനുകൂലമാക്കി മാറ്റാന്‍ സകല അടവുകളും ട്രംപ് പ്രയോഗിക്കുമെന്ന് തീര്‍ച്ചയാണ്. ഒന്നാമതായി സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി നിഷ്പക്ഷ വോട്ടുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ വോട്ടുകളും തനിക്ക് അനുകൂലമാക്കി മാറ്റിയെടുക്കാന്‍ ട്രംപ് ശ്രമിക്കുമെന്നുറപ്പാണ്.

രണ്ടാമത്, മുസ്ലിങ്ങള്‍ക്കെതിരേയും മുസ്ലിം തീവ്രവാദത്തിനെതിരേയും ട്രംപ് ഇപ്പോഴുള്ള അഭിപ്രായം പൊതുവില്‍ തുടരുമെന്നതില്‍ സംശയമില്ല. ആക്രമണം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തന്‍റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുക വഴി, ദുരന്തം നടന്നു ആദ്യ മണിക്കൂറുകളില്‍ സ്ഥാനാര്‍ഥികള്‍ പരസ്പരം പഴിചാരുന്നത് നല്ലതല്ലെന്ന സാമാന്യ മാനദണ്ഡം ട്രംപ് ലംഘിച്ചു കഴിഞ്ഞു.

മൂന്നാമതായി, ഇനിയങ്ങോട്ട് ഏറ്റവും വലിയ സംസ്ഥാനവും ഏറ്റവുമധികം വോട്ടര്‍മാരുള്ള സംസ്ഥാനവുമായ ഫ്ലോറിഡയില്‍ തന്നെ ട്രംപ് കേന്ദ്രീകരിക്കുമെന്നുറപ്പാണ്. ഈ മാസം ആദ്യം ഓര്‍ലാന്റോയില്‍ നടന്ന അഭിപ്രായ സര്‍വേകളില്‍ ഹിലരിക്ക് 45%വും ട്രംപിന് 42% വും വോട്ടര്‍മാരുടെ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴാകട്ടെ ഈ കണക്കുകള്‍ വലിയ ആശയക്കുഴപ്പം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇലക്ഷന്‍ ദിവസത്തിലേക്ക് ഇനിയും അഞ്ചു മാസത്തോളം ഉണ്ടെന്നിരിക്കെ നിലവിലെ കണക്കില്‍ നിന്നും മറിച്ച് ചിന്തിക്കണമെങ്കില്‍ തന്നെ വോട്ടര്‍മാര്‍ക്ക് ധാരാളം സമയമുണ്ട്. പക്ഷേ ആക്രമണം നടക്കുംവരെയുള്ള സാഹചര്യങ്ങള്‍ ഹിലരിക്ക് അനുകൂലമാണ്. ട്രംപാകട്ടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകാരുമായി നിലവിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതില്‍ തന്നെ വ്യാപൃതനാണ്.


Next Story

Related Stories