TopTop
Begin typing your search above and press return to search.

മണാലി ബസ് കിട്ടി, ഇനി മല കയറ്റം (ഹിമാലയ യാത്ര ഭാഗം - രണ്ട്)

മണാലി ബസ് കിട്ടി, ഇനി മല കയറ്റം (ഹിമാലയ യാത്ര ഭാഗം - രണ്ട്)

ടിക്കറ്റ് ബുക്ക് ചെയ്ത കാശ് പോയല്ലോ എന്ന് ആലോചിച്ച് പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു മൂന്ന് ബസുകള്‍ക്ക് പുറകില്‍ ഒരു ഡല്‍ഹി-മണാലി ബസ് കിടക്കുന്നു. മനസില്‍ ഒരു ലഡു വെറുതെ പൊട്ടി. ഇനി അതായിരിക്കുമോ എന്‍റെ ബസ്? ഒരു ബസ് നമ്പര്‍ പോലും ഇല്ലാതെ ആളുകള്‍ എങ്ങനെയാണ് ഇത് കണ്ടുപിടിച്ച് കയറുന്നത് എന്ന് ആലോചിച്ച് അത്ഭുതം തോന്നി. ബസ് സ്റ്റാര്‍ട്ട് ചെയ്ത് കിടക്കുകയാണ്. പതുക്കെ പതുക്കെ മുന്നോട്ട് വരുന്നുണ്ട്. ഞാന്‍ ഓടി ചെന്ന് ഡ്രൈവറോട് 10.15ന്‍റെ മണാലി ബസ് ആണോ എന്ന് ചോദിച്ചു, അയാള്‍ അതിന് മറുപടി പറയാതെ ബുക്ക് ചെയ്തതാണോ എന്ന് ചോദിച്ചു, അതെ എന്ന് പറഞ്ഞപ്പോള്‍ എത്രയാ നമ്പര്‍ എന്നതിന് 20 എന്ന് മറുപടി പറഞ്ഞു, കേറിക്കോ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അനുഭവിച്ച വികാരം അതൊന്നു വേറെ തന്നെ.

കഴിഞ്ഞ 10-15 മിനിറ്റില്‍ എന്തെല്ലാം ചിന്തകളാണ് കടന്നുപോയത്? കല്ലിച്ച സീറ്റ്, ഉറക്കം കിട്ടില്ല എന്നൊക്കെ തോന്നി, ട്രെയിനിലെ സെക്കണ്ട് ക്ലാസ് യാത്രകളില്‍ സീറ്റ് കിട്ടിയാലും രാത്രി ആകുമ്പോള്‍ ഞാന്‍ ആര്‍ക്കെങ്കിലും അത് കൊടുത്ത് നിലത്തു കിടക്കാറാണ് പതിവ്. നിലത്ത് നീണ്ടു നിവര്‍ന്നോ, 8 പോലെ ചുരുണ്ടോ കിടക്കുമ്പോളോ വളരെ എളുപ്പത്തില്‍ ഉറക്കത്തിലേക്ക് പോകാറുണ്ട്, പക്ഷെ ബസ് യാത്ര എന്നെ എന്നും കുഴക്കിയിട്ടെ ഉള്ളു, അതും ഒന്നും രണ്ടുമല്ല, 14 മണിക്കൂര്‍. കുത്തി കുത്തി ഇരിക്കാന്‍ ഫോണില്‍ ചാര്‍ജും ഇല്ല അധികം, സുഹൃത്തുക്കള്‍ രണ്ടും ബേസ് ക്യാമ്പില്‍ കാണാം എന്നാണ് പറഞ്ഞിരിക്കുന്നത്, അവിടെ എത്തുമ്പോള്‍ വഴി വല്ല സംശയം വന്നാല്‍ അവരെ വിളിക്കാന്‍ അല്‍പ്പം ചാര്‍ജ് വേണമല്ലോ. ഡല്‍ഹി - ചണ്ഡിഗഡ് പാത ധാബകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ്. വലുതും ചെറുതുമായ കുറെ ധാബകള്‍. എല്ലാ വഴിയോരക്കാഴ്ചകളും കണ്ട് ഇരിക്കണം എന്നുണ്ട്, പറ്റുന്നില്ല, കണ്ണുകള്‍ കുഴഞ്ഞു പോകുന്നു. എന്നാല്‍ ഉറങ്ങാനും പറ്റുന്നില്ല, അകത്തി വച്ചിരിക്കുന്ന ചില്ലിന്റെ വിടവിലൂടെ ചൂട് കാറ്റ് വീശുന്നുണ്ട്. എത്ര തവണ ഉണര്‍ന്നു, ഉറങ്ങി എന്നറിയില്ല.

ഇതിനിടയില്‍ ഇടയ്ക്ക് പ്രഭാത കൃത്യങ്ങള്‍ക്കായി വണ്ടി നിര്‍ത്തി, വയര്‍ നിറച്ച് ഭക്ഷണം കഴിച്ചു. വണ്ടി നല്ലത് പോലെ വൈകി എത്തുമെന്ന് എനിക്ക് തോന്നി, പ്രതീക്ഷിച്ച പോലെ തന്നെ 2 മണി ആയി. ബസ് കട്രൈനില്‍ എത്തി. കട്രൈന്‍ പോസ്റ്റ് ഓഫീസ് ആണ് ലാന്‍ഡ് മാര്‍ക്ക് ആയി പറഞ്ഞിരിക്കുന്നത്. അടുത്തിരുന്ന ആളിന് സ്ഥലം പരിചയം ഉള്ളത് കൊണ്ട് എന്നോട് അവിടം എത്തുമ്പോള്‍ പറയാം എന്ന് പറഞ്ഞു. കുളു വരെ മാത്രമേ ഞാന്‍ വന്ന ബസ് വന്നുള്ളൂ. എന്നെയും വേറെ 5 പേരെയും അവര്‍ വേറെ ഒരു മണാലി വണ്ടിയില്‍ കേറ്റി വിട്ടു. അതിലാണ് പിന്നെ യാത്ര. പ്രതീക്ഷിച്ച തണുപ്പ് ഇല്ല. വഴിയില്‍ കാഴ്ചകള്‍ ചൂണ്ടയിട്ട് പിടിക്കുന്നു നമ്മളെ. അകലെയുള്ള മലനിരകളെ നോക്കി ഞാന്‍ പുഞ്ചിരിച്ചു, നാളെ നിങ്ങളില്‍ ഒന്നില്‍ എന്റെ പാദങ്ങള്‍ പതിയും എന്ന അഹങ്കാരം.

അങ്ങനെ കട്രൈന്‍ എത്തി. സുഹൃത്തുക്കള്‍ അവിടെ രാവിലെ എത്തിയതാണ്. ഞാന്‍ 10-11 മണി ആകുമ്പോ എത്താം എന്നാണ് പറഞ്ഞിരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 4820 അടി ഉയരത്തിലാണ് കട്രൈന്‍. ക്യാമ്പിന്റെ ആദ്യ ദിവസം വലിയ കാര്യപരിപാടി ഒന്നും ഇല്ല. രജിസ്‌ട്രേഷന്‍ സംബന്ധമായ ചടങ്ങുകള്‍, പിന്നെ ട്രക്കിംഗിനെ കുറിച്ചുള്ള ബേസിക് ഓറിയന്റേഷന്‍ മാത്രമേ ഉള്ളൂ. രജിസ്റ്റര്‍ ചെയ്ത ആളുകളുടെ ലിസ്റ്റ് അവിടെ ഇരിക്കുന്നുണ്ടായിരുന്നു, ഞാന്‍ അത് എടുത്ത് നോക്കിക്കോട്ടേ എന്ന് ചോദിച്ചു, പതിയെ നോക്കി തുടങ്ങി. മലയാളികള്‍ ആരുമില്ല എന്നറിഞ്ഞപ്പോള്‍ ഒരു ചെറിയ ആശ്വാസം!

നേരെ കൗണ്ടറില്‍ ചെന്ന് സ്ലീപ്പിംഗ് ബാഗ്, പിന്നെ അതില്‍ ഉപയോഗിക്കാനുള്ള ഒരു തുണി കൊണ്ടുള്ള കവര്‍, കമ്പിളി പുതപ്പ് ഇത്യാദി സാമഗ്രികള്‍ കൈപറ്റി. കൂട്ടുകാര്‍ ഇടം പിടിച്ച കൂടാരത്തിലേക്ക് നടന്നടുത്തു. ട്രെക്കിംഗിനെ കുറിച്ചുള്ള ക്ലാസ്് തുടങ്ങാന്‍ സമയം ഉണ്ട്, അതുകൊണ്ട് നമുക്ക് അടുത്തൊക്കെ ചുമ്മാ ചുറ്റാം എന്നവര്‍ പറഞ്ഞു, എങ്കില്‍ ആയിക്കോട്ടെ എന്ന് ഞാനും. കൂടെയുള്ള രണ്ടും ഏതിടത്തും ചെന്ന് മുട്ടാന്‍ ഒരു ഉളുപ്പും ഇല്ലാത്തവരോ, അവര്‍ പറഞ്ഞ് രാവിലെ ഒരു പയ്യനെ പരിചയപ്പെട്ടു, നമുക്ക് അവന്റെ വീട്ടില്‍ പോകാം എന്ന്, ആയിക്കോട്ടെ എന്ന് ഞാന്‍. ആ വീട്ടിലേക്കുള്ള വഴിയരികില്‍ ബ്യാസ് പുഴയുടെ ഒരു കൈ വഴി ഒഴുകുന്നുണ്ട്. ട്രോട്ട് എന്ന മത്സ്യം വളരെ പ്രശസ്തമാണ്, ഒന്ന് രണ്ടു പേര്‍ ചൂണ്ടയിട്ട് ട്രോട്ട് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നുമുണ്ട്. വെള്ളം കണ്ടതോടെ എന്റെ മൂഡ് മാറി, എനിക്ക് കുളിച്ചാല്‍ കൊള്ളാം എന്നുണ്ട്, എന്ത് ചെയ്യാനാ കൈ ഇട്ടു നോക്കിയപ്പോള്‍ മരവിക്കുന്നപോലെ. എങ്കില്‍ ഫോട്ടോ ഷൂട്ട് തുടങ്ങി കളയാം എന്ന് കരുതി. 3 പേരും പോസുകള്‍ പരീക്ഷിച്ചു തളര്‍ന്നപ്പോള്‍ ഇനി അല്‍പം പ്രകൃതി ദൃശ്യം ആസ്വദിക്കാം എന്നായി. കുത്തിയൊഴുകുന്ന നദിയുടെ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ, ഉരുളന്‍ കല്ലുകളില്‍ തട്ടി ചിതറുമ്പോള്‍ പൊങ്ങുന്ന ജല മാത്രകള്‍ കണ്ടോണ്ടിരിക്കാന്‍ തോന്നും. കല്ലുകളില്‍ നല്ല വഴുക്കല്‍ ഉണ്ട്. ഞാന്‍ എത്ര നോക്കിയിട്ടും ട്രോട്ടിനെ പോയിട്ട് ഒരു പോടി മീനെ പോലും കണ്ടില്ല. ഒളിച്ചിരിക്കയാവും ഗഡികള്‍.

ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവന്‍ അവിടെ ഇല്ലായിരുന്നു. ഞാന്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ അച്ഛനെയും അമ്മയെയും പരിചയപ്പെടാം രാജസ്ഥാന്‍കാരന്റെ മറുപടി. പിന്നെ പരിചയപ്പെടലായി, അവര്‍ ചായ കുടിക്കാന്‍ പറയുന്നു. നമ്മള്‍ ചായ കുടിച്ചില്ലേല്‍ അവര്‍ക്ക് എന്ത് തോന്നും എന്ന് അവന്‍. എന്‍റെ ശിവനെ...ചായ കുടിച്ചു, പിന്നെ അവരുടെ തോട്ടം കണ്ടു. ആപ്പിള്‍, മാതള നാരങ്ങ, പിന്നെ ഉരുള കിഴങ്ങ് ഇത്യാദികള്‍ ഉണ്ട് അവിടെ. സീസണ്‍ സമയത്ത് വരാണെങ്കില്‍ ചാക്കില്‍ ആപ്പിള്‍ കൊണ്ട് പോയ്‌ക്കോളാന്‍ പറഞ്ഞപ്പോള്‍ നമുക്ക് വരാം എന്ന് കണ്ണ് കൊണ്ട് കാണിക്കുന്നു നമ്മുടെ രാം എന്ന രാജസ്ഥാനി. ആതിഥ്യം സ്വീകരിച്ചു ഞങ്ങള്‍ ഇറങ്ങി ക്യാമ്പിലേക്ക്. ക്ലാസ് തുടങ്ങാന്‍ ആയിരുന്നു, മൂലെ സാബ് എന്ന് വിളിക്കപ്പെടുന്ന ആളായിരുന്നു ഞങ്ങളുടെ ക്യാമ്പ് ഇന്‍ ചാര്‍ജ്. കണ്ടപാടെ എനിക്ക് ഒരു RSS പ്രചാരകനെ പോലെ തോന്നി. അധികം വേഗത്തില്‍ അല്ലാതെ, സ്ഫുടമായാണ് പുള്ളി ഹിന്ദിയില്‍ സംസാരിക്കുന്നത്. ഇടയ്ക്ക് ഇംഗ്ലീഷ് പറയുന്നുമുണ്ട്. കരുത്തരില്‍ കരുത്തനാണ് നിങ്ങളെന്നാലും, ഹിമാലയത്തിന്റെ ചെരുവുകളിലൂടെ നിസ്വരില്‍ നിസ്വനായി ബഹുമാനത്തോടെ നടക്കുക എന്ന വാക്യം എല്ലാര്‍ക്കും ബോധിച്ചു.

ട്രെക്കിംഗിന് പ്രധാനമായ 3 എമ്മുകള്‍ (M) ഉണ്ട് - mind, muscle, money. മസിലൊക്കെ നമുക്ക് ഉണ്ടാക്കിയെടുക്കാം, പക്ഷെ ഈ 'ദുട്ട്' അത് നമ്മുടെ ഹരിശ്രീ അശോകന്റെ പുട്ട് കൊടം പോലെയാണ്. എവിടെക്കാ പോണെന്ന് ഒരു എത്തും പിടുത്തവും കിട്ടില്ല. ട്രെക്കിംഗിനാണ് നമ്മള്‍ പോകുന്നത്, അല്ലാതെ കല്യാണ റിസപ്ഷനല്ല എന്ന് ഓര്‍ത്താല്‍ കൊള്ളാം എന്നും പുള്ളി കൂട്ടി ചേര്‍ത്തു. രണ്ടു ജോഡി ഡ്രസ്, മാറാന്‍ അടിവസ്ത്രങ്ങള്‍, 9 ദിവസത്തേക്ക് ധാരാളം എന്ന് പുള്ളിക്കാരന്‍റെ മതം.

ഞാന്‍ യൂത്ത് ഹോസ്ടലിന്റെ ട്രെക്കിങ്ങിനു പോകുന്നു എന്ന് പറഞ്ഞപ്പോള്‍, അളിയാ പോകരുത്, ദേശഭക്തി ഗാനങ്ങളുടെ അന്തരീക്ഷത്തില്‍ നിനക്ക് ശ്വാസം മുട്ടും എന്ന് പറഞ്ഞ സുഹൃത്ത് എനിക്കുണ്ട്. ട്രെക്കിങ്ങിനു കൂടെയുള്ളവരില്‍ എല്ലാര്‍ക്കും നല്ല ദേശഭക്തി ഭ്രാന്ത് ഉണ്ടെന്നു തോന്നണു. കൂടാതെ ഹിന്ദിയോടുള്ള കടുത്ത ആഭിമുഖ്യവും, ഈ രണ്ടും എനിക്കത്ര പിടിക്കണ കാര്യം അല്ല. രാജ്യത്തോട് എനിക്ക് സ്‌നേഹമുണ്ട്, അത് അളക്കാനുള്ള മെഷീന്‍ ആയി മറ്റുള്ളോര്‍ വരുമ്പോഴാ എനിക്ക് പ്രശ്‌നം. ജനഗണമന പാടുമ്പോ തിയേറ്ററില്‍ ആണേലും ഞാന്‍ എഴുന്നേല്‍ക്കും, ഇഷ്ടാണ് അതോണ്ട് തന്നെ, ഇനി ഇപ്പൊ ബാറില്‍ അടിക്കണേനു മുന്നേ ഉണ്ടായാലും എനിക്ക് പ്രശ്‌നല്ല്യ. ചിയേര്‍സ് പറഞ്ഞിട്ട് രണ്ടെണ്ണം അടിക്കുമ്പോ "ന്‍റെ കര്‍ത്താവേ" എന്നാ ഞാന്‍ വിളിക്കാ. അത് മൂപ്പരെ ഇഷ്ടള്ളോണ്ടാ. അപ്പൊ പറഞ്ഞു വന്നത് പ്രതീക്ഷിച്ച പോലെ പേടിപ്പിക്കുന്ന അന്തരീക്ഷം ഒന്നും ഉണ്ടായില്ല. നമ്മുടെ മൂലെ സാര്‍, ട്രെക്കിങ്ങിന് നമ്മള്‍ കൂടെ കരുതേണ്ട അത്യാവശ്യം വസ്തു വകകളെ കുറിച്ചു പറഞ്ഞു, നല്ല ഷൂ, സണ്‍ ഗ്ലാസ്, തണുപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ജാക്കറ്റ്, ഹാന്‍ഡ് ഗ്ലൗസ്. ഞാന്‍ കണ്ട മിക്കവരുടെയും മഞ്ഞു മലകളുടെ സമീപത്തുള്ള പടങ്ങളിലും ജാഡക്ക് വേണ്ടിയാ എല്ലാ അവന്മാരും അവളുമാരും സണ്‍ ഗ്ലാസ് വെക്കണത് എന്നാ ഞാന്‍ വിചാരിച്ചത്.

എന്നാല്‍ അളിയാ അത് ഇല്ലേല്‍ കിട്ടുന്നത് എട്ടിന്‍റെ പണി ആയിരിക്കും എന്ന് കാലം നമ്മെ പഠിപ്പിച്ചു.

പിന്നെ ഷൂ, ഞാന്‍ മിക്കവരുടെയും കാലിലേക്ക് നോക്കി, QUECHUA എന്ന ഫ്രഞ്ച് ബ്രാന്‍ഡ് ആണ് താരം, എല്ലാ ഡെക്കാത്തലന്‍ ഷോ റൂമുകളിലും ഈ ബ്രാന്‍ഡ് ലഭ്യമാണ്. മിക്കതും 4000 - 5000 ശ്രേണിയില്‍ ഉള്ളതാണ്. മ്മടെ കാലില്‍ കിടക്കണതിന്റെ പേര് എന്തരോ എന്തോ, കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി ഔട്ട്ഡോറില്‍ ഈ പേരറിയാ ബ്രാന്‍ഡ് ആണ് നമ്മുടെ പാദങ്ങളുടെ കാവല്‍ക്കാരന്‍. മഞ്ഞുമലകളില്‍ തെന്നി വീഴുന്ന സുഹൃത്തുക്കള്‍ നമ്മളെ നല്ല പാദരക്ഷയുടെ പാഠം പഠിപ്പിചോളും്. 399 രൂപ വിലയുള്ള ഷൂ ഇട്ടു കൊണ്ട് കൂടെ ഉണ്ടായിരുന്ന ഗൈഡുകളില്‍ ചിലര്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ കണ്ടു ധൃതംഗ പുളകിതനായി ഞാന്‍ പിന്നീട് നിന്നിട്ടുണ്ട്. ഇതൊക്ക ഇട്ടു എങ്ങനാ ഈ മഞ്ഞില്‍ തെന്നി കളിക്കുക എന്ന് ചോദിച്ചപ്പോള്‍, ബോഡി ബാലന്‍സും, നല്ല കലിപ്പ് ധൈര്യോം ഉണ്ടേല്‍ ഇതല്ല ഇതിനപ്പുറം പറ്റുമെന്ന് അവര്‍.

കട്രൈനിലെ ക്യാമ്പില്‍ 4 ബാച്ചുകള്‍ ഉണ്ടാകും, ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ നമ്മള്‍ താമസിക്കുക കട്രൈന്‍ ക്യാമ്പിലാണ്. പിന്നെ ട്രെക്കിംഗ് കഴിഞ്ഞവര്‍ മടങ്ങി വരുന്നതും ഈ ക്യാമ്പിലേക്കാണ്. ഇവിടെ വെച്ചാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. അങ്ങനെ രാത്രി ഭക്ഷണ ശേഷം ക്യാമ്പ് ഫയര്‍, കലാപരിപാടികള്‍, പിന്നെ സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ഉണ്ടാകുമെന്ന് അറിയിപ്പ് കിട്ടി. ക്യാമ്പ് ഫയര്‍ അനുവദനീയം അല്ല എന്നാണ് ഞാന്‍ വെബ്സൈറ്റില്‍ കണ്ടിരുന്നത്. ഉള്ള സ്ഥിതിക്ക് കൊള്ളാലോ എന്നായി എന്റെ മനസ്. അങ്ങനെ ക്യാമ്പ് ഫയര്‍ തുടങ്ങാന്‍ സമയമായി. അവിടെ ഒരു കൂനയില്‍ കുറെ LED ബള്‍ബ് കുത്തി നിര്‍ത്തിയേക്കുന്നത് കണ്ടിരുന്നു. ഇതാ ക്യാമ്പ് ഫയര്‍ തുടങ്ങാന്‍ പോകുന്നു എന്ന അറിയിപ്പ് കിട്ടി. ഒരു മാന്യ ദേഹം ആ കൂനക്ക് അടുത്തേക്ക് ചെന്നു. നമ്മുടെ മൂലെ സാബ് ''പ്പയര്‍, പ്പയര്‍ ക്യാമ്പ് പ്പയര്‍'' എന്ന് അട്ടഹസിക്കുന്നു, കൂടെ ചേര്‍ന്ന് വിളിക്കാന്‍ ഞങ്ങളെ ആംഗ്യം കാട്ടുന്നു. ഞങ്ങളും വിളിച്ചു, ''പ്പയര്‍, പ്പയര്‍. ആ ദേഹം കൂനക്കരുകിലെത്തി ഒരു സ്വിച്ച് ഓണാക്കുന്നു. ബള്‍ബുകള്‍ മിന്നി മിന്നി കത്തുന്നു, ആ കൂത്ത് കഴിഞ്ഞു. അപ്പൊ ഇതാണ് ക്യാമ്പ് ഫയര്‍. പിന്നെ മല കേറി കഴിഞ്ഞവരുടെ പാളിപ്പോയ അനുഭവങ്ങളുടെ ഭണ്ഡാരം. എല്ലാരും ഷൂവിന്റെ കാര്യം എടുത്ത് പറയുന്നുണ്ട്, പിന്നെ സണ്‍ ഗ്ലാസിന്റെ കാര്യവും. അപ്പൊ അത് കനപ്പെട്ട വിഷയം ആണെന്ന് മിക്കവര്‍ക്കും ബോധ്യായി. നാളെ ഞങ്ങടെ ബാച്ച് ആണ് ഈ ചടങ്ങുകള്‍ കോര്‍ഡിനേറ്റ് ചെയ്യേണ്ടത്. കലാപരിപാടികള്‍ മുറക്ക് നടന്നു, ആദ്യ ദിവസം അങ്ങനെ കടന്നു പോയി.

രണ്ടാം ദിനം വന്നെത്തി, ഇന്ന് മലകയറല്‍ ആണ്. ഉയരങ്ങളിലേക്ക് പോകുമ്പോള്‍ ശരീരത്തെ പാകപ്പെടുത്താന്‍ ഉള്ള ചെറിയ ഒരു തയ്യാറെടുപ്പ്, മലകയറാന്‍ തുടങ്ങുമ്പോള്‍ കൂട്ടത്തില്‍ ചിലവന്മാര്‍ പാട്ട് തുടങ്ങി. മ്മക്ക് ഇത് കേട്ടപ്പോള്‍ തന്നെ എന്തോപോലെ. തലയ്ക്കു ഭ്രാന്ത് എടുത്തപ്പോ ആണ് ഇങ്ങോട്ട് വന്നത്. ഇവിടേം മനുഷ്യന് സ്വസ്ഥത തരില്ലേ എന്നായി മനസ്സില്‍. കൂടെ വന്നവരില്‍ ഹിമാലയതിന്റെ പല ഭാഗങ്ങളില്‍ ആയി കുറെ ഏറെ തവണ ട്രെക്കിംഗ് നടത്തിയവര്‍ ഉണ്ട്, അവര്‍ എല്ലാവരെയും വിളിച്ചു പറഞ്ഞു ഇവിടെ വന്നത് ബഹളം ഉണ്ടാക്കാന്‍ അല്ലാലോ മക്കളെ എന്ന്, എന്തായാലും അനുസരണ ഉള്ള കുട്ടികള്‍ പിന്നെ മിണ്ടിയില്ല. മല കേറി തുടങ്ങി. മഞ്ഞൊന്നുമില്ല ഇപ്പൊ കേറുന്ന മലയില്‍. അകലെ മഞ്ഞ് പുതഞ്ഞ ഹിമാലയ നിരകള്‍ കാണാം. ഒരു കന്നഡിഗ പെണ്‍കുട്ടി കോലാടിനെ പോലെ മല കയറുന്നത് കാണാന്‍ നല്ല ചേലുണ്ടായിരുന്നു. നീണ്ട് മെലിഞ്ഞ കാലുകള്‍ നിസാരമായി പാറക്കെട്ടുകളെ വകയുന്നു. വലിയ ക്ഷീണമൊന്നും ഉണ്ടായിരുന്നില്ല.

ഉച്ച കഴിയാറായപ്പോഴേക്കും ഞങ്ങള്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തി. ഇന്നത്തെ കലാപരിപാടികള്‍ എല്ലാം ചെയ്യേണ്ടത് നമ്മുടെ ഗ്രൂപ്പ് ആണ്. വൈകീട്ട് കുറച്ചു സമയം കിട്ടിയപ്പോള്‍ പുറത്തോട്ടു ഇറങ്ങി ട്രോട്ട് എന്ന മത്സ്യം കഴിക്കാന്‍, കുഴപ്പമില്ല, ട്രോട്ട് ഇവിടെ ഡിമാന്റുള്ള ഒരു മത്സ്യമാണ്. ഏത് നാട്ടില്‍ പോയാലും നമുക്ക് നമ്മളെ വില ഇല്ലെങ്കിലും മലയാളികളെ മറ്റുള്ളവര്‍ക്ക് പൊതുവേ ഇഷ്ടമാണ് എന്നാണ് ഇതുവരെ എന്റെ അനുഭവം, ചില ദുരനുഭവങ്ങളൊഴിച്ച്. ഞാന്‍ പാട്ട് പാടണം എന്ന് അവര്‍ക്ക് നിര്‍ബന്ധം. മലയാളികള്‍ ആരും ഗ്രൂപ്പില്‍ ഇല്ലാത്തോണ്ട് മ്മക്ക് എന്ത് വേണേലും പാടാം. ഞാന്‍ നമ്മുടെ ദേശീയ ഗാനമായ കൈതോല പായ വിരിച്ചു എന്നത് പാടാം എന്ന് ഉറപ്പിച്ചു. എന്റെ ഒരു ധൈര്യം! വൈകീട്ട് കലാപരിപാടികള്‍ നടന്നു, എല്ലാവര്‍ക്കും നമ്മുടെ പാട്ടിന്റെ ''ആ ആ എ ഏ ഒ ഓ'' എന്ന ഹമ്മിംഗ് സുപരിചിതമാക്കി കൊണ്ടാണ് ഞാന്‍ വിട വാങ്ങിയത്.

(തുടരും


Next Story

Related Stories