TopTop
Begin typing your search above and press return to search.

ഇനി ഒരു ലജ്ജാഗൌരിയും ഉണ്ടാകില്ല, രോഗം ബാധിച്ച ഈ മതത്തില്‍ നിന്നും

ഇനി ഒരു ലജ്ജാഗൌരിയും ഉണ്ടാകില്ല, രോഗം ബാധിച്ച ഈ മതത്തില്‍ നിന്നും

"ഭഗവാൻ പരമശിവൻ കാമാഗ്നിയിൽ ജ്വലിച്ചുനിന്നു. അവനിൽ ദിവ്യമായ ബീജസാഗരമലയടിച്ചു. ഉദ്ധരിച്ച ലിംഗത്തിൽനിന്ന് രേതസ് പൊടിഞ്ഞു. ഭഗവാന്റെ രേതസ്! ഒരു തുള്ളിയെപ്പോലും ലോകം താങ്ങുകയില്ല. എന്താണ് കരണീയം? പ്രപഞ്ചം വിറങ്ങലിച്ചുനിന്നു. അപ്പോൾ, എന്തിനെയും ഉൾക്കൊള്ളാൻ പ്രാപ്തിയുള്ള ഒരേയൊരു ദിവ്യതേജസ്, അഗ്നിദേവൻ കടന്നുവന്നു. മഹേശ്വരന്റെ മുൻപിൽ മുട്ടുകുത്തി. അനന്തരം ഉദ്ധൃതമായ മഹാലിംഗത്തിൽനിന്ന് ദാഹാർത്തനായ ഒരാൾ ജലപാനം ചെയ്യുന്നതുപോലെ ആ രേതസ്സത്രയും പാനം ചെയ്തു. ഭഗവാൻ പരമശിവൻ അത്യുന്നതമായ ഒരനുഭൂതിയിൽ ലയിച്ചുനിന്നു.”

ഞെട്ടിപ്പോയോ? എങ്കിൽ ക്ഷമിക്കുക. വാമനപുരാണത്തിലും സ്കന്ദപുരാണത്തിലുമായി സുബ്രഹ്മണ്യന്റെ ജനനകഥ വികാസം പ്രാപിക്കുന്നത് ഇങ്ങനെയാണ്. പൊയ്ക്കഥയെന്നോ ഗൂഡോദ്ദേശ്ശപരമായി തിരുത്തപ്പെട്ട കഥയെന്നോ വിധി എഴുതാൻ വരട്ടെ. കലചൂരി രാജവംശത്തിന്റെ കാലത്ത്, AD 1089-ല്‍ പണിതീർക്കപ്പെട്ട, ഇന്നത്തെ ഛത്തീസ്ഗഡ്ഡിലെ ഭോരംദേവ് ക്ഷേത്രത്തിന്റെ ചുവരുകളിൽ, കല്ലിൽകൊത്തിയ ഒരു ശില്പമായി ഈ രംഗം ഇപ്പോഴും നമുക്ക് കാണാം. ഭഗവാൻ ശിവന് വദനസുരതസുഖം സമ്മാനിക്കുന്ന സൂര്യദേവന്റെ ഒരു "സ്വവർഗ്ഗരതീ ദൃശ്യാവിഷ്ക്കാരം". ആയിരത്തോളം വർഷം മുന്‍പ് നിർമ്മിച്ച ക്ഷേത്രചുവർ എന്ന പ്രതലം, ഈ ശില്പാവിഷ്കാരത്തിനും തദ്വാരാ ഈ മിത്തിനും നൽകുന്ന വിശ്വാസപരമായ ക്രെഡിബിലിറ്റിയെക്കുറിച്ച് ആർക്കും തർക്കമുണ്ടാവില്ല എന്ന് കരുതാം.

ഇനി നമുക്ക് ഭോരംദേവിന്റെ ക്ഷേത്രത്തിൽനിന്ന് കർണാടകത്തിലേയ്ക്ക് പോകാം. അവിടെ കുറച്ചുകാലം മുൻപ് വരെ നാഗനാഥക്ഷേത്രത്തിൽ, ദേവി ലജ്ജാഗൌരി (ദേവി അദിതി/മാതംഗി/ആദ്യശക്തി...), പരാശക്തിയുടെ അവതാരം, ഉർവ്വരതയുടെ ദൈവം, ആദ്യത്തെ ദേവതാസങ്കല്പമെന്ന് കരുതപ്പെടുന്നവൾ, നഗ്നയായി കാലുകൾ പരസ്പരം അകറ്റിവച്ച്, യോനീദളങ്ങൾ വിടർത്തി ഇരിക്കുന്നുണ്ടായിരുന്നു. (ഇപ്പോൾ ബാദാമി മ്യൂസിയത്തിലിരിക്കുന്നു). AD ഏഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ശില്പമാണ്. മറ്റ് ചില ക്ഷേത്രങ്ങളിലും ഇതേ നിലയിലുള്ള ലജ്ജാഗൌരീ ശില്പങ്ങളെ കാണാൻ സാധിക്കും.

ഇനിയുമുണ്ട് ദേവസങ്കല്പങ്ങളുടെ കൌതുകമുണർത്തുന്ന നഗ്നശില്പങ്ങൾ. മധുരമീനാക്ഷി ക്ഷേത്രത്തിലേത് ഉൾപ്പെടെയുള്ള, വിദ്യാദേവത സരസ്വതിയുടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള അർദ്ധനഗ്ന ശില്പങ്ങൾ. ശിവന്റെ മടിയിൽ കാലുകൾ ഇരുവശത്തേയ്ക്കുമിട്ട്, ഭഗവാനെ അഭിമുഖീകരിച്ച് നഗ്നയായിരിക്കുന്ന പാർവതീദേവി. നന്ദികേശന്റെ പുറത്തിരുന്ന് പാർവതിയുടെ മുലകൾ തലോടുന്ന പരമേശ്വരൻ. ഇങ്ങനെ, ഭാരതത്തിലങ്ങോളമിങ്ങോളമുള്ള പൌരാണിക ക്ഷേത്രങ്ങളിലെല്ലാം ദേവീദേവന്മാരുടെയും അനുചരവൃന്ദങ്ങളുടെയും ഗ്രാഫിക്കലായ നഗ്നചിത്രീകരണം നമുക്ക് കാണാനാകും.

2016-ലെ ഇന്ത്യയിൽനിന്നുകൊണ്ട് ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് അറിവില്ലാത്ത ഒരാൾ വെറുതെ നോക്കുമ്പോൾ, ആ ക്ഷേത്രങ്ങളൊന്നും ഇത്ര കാലമായിട്ടും തകർക്കപ്പെട്ടില്ല എന്നത് ഭൂമിയിലെ എട്ടാമത്തെ അത്ഭുതമാ‍യി തോന്നാം. സരസ്വതീദേവിയും ഗംഗാദേവിയും വിഷ്ണുവിന്റെ ഭാര്യമാരായിരുന്നെന്നും വിഷ്ണുവിന് ഒന്നിലധികം ഭാര്യമാരെ മാനേജ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുള്ളതിനാൽ സരസ്വതിയെ ബ്രഹ്മനും ഗംഗയെ ശിവനും നൽകിയതാണെന്ന മിത്തിനെ, സരസ്വതി വിഷ്ണുവിന്റെ ഭാര്യയാണെന്ന് കരുതുന്ന ബംഗാളി വൈഷ്ണവ വിശ്വാസത്തെ ഒക്കെ "രാജ്യദ്രോഹ"മായി പണ്ടേക്ക് പണ്ടേ മുദ്രകുത്തി ഇല്ലായ്മ ചെയ്യാതിരുന്നത് അതിശയമായി തോന്നാം.

പറഞ്ഞുവന്നത്, മഹിഷാസുരനെ ആരാധിക്കുന്നവർ രാജ്യദ്രോഹികളാവുന്നതിനെക്കുറിച്ചും അക്രമരഹിതമായ ഒരു മതവിശ്വാസം /ആചാരം ഏത് മാനത്തിലാണ് രാജ്യദ്രോഹമാവുക എന്ന് ചോദിക്കുന്നവരെ തുപ്പാൻ ആളുകൾ മുൻപോട്ട് വരുന്നതിനെ കുറിച്ചുമൊക്കെയാണ്. അഥവാ, ഇന്ത്യാമഹാരാജ്യത്തെ ഭൂരിപക്ഷമതസമൂഹത്തിന്റെ, ഏതാനും പതിറ്റാണ്ടുകളിലൂടെ പെട്ടെന്ന് വർദ്ധിതമായ അസഹിഷ്ണുതയെ കുറിച്ചാണ്.

ഈ വക കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ അതിനു മുന്നോടിയായി ഈ കുറിപ്പിൽ പരാമർശിക്കാൻ പോകുന്ന ചില സംജ്ഞകളെ പറയാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നിർവ്വചിക്കേണ്ടതുണ്ട്. ഇന്ത്യയുടെ വർത്തമാന, ഭൂത കാലഘട്ടങ്ങളിൽ ഹിന്ദു എന്ന വാക്ക് പ്രധാനമായും ഏതൊക്കെ മാനങ്ങളിൽ ഉപയോഗിക്കപ്പെടുന്നു എന്നാണ് പറയാൻ പോകുന്നത്. സമയസംബന്ധിയായും ആശയ, പ്രായോഗികസംബന്ധിയായും അതിനെ മൂന്നായി തരം തിരിക്കാം.

1) ഹിന്ദുസംസ്ക്കാരം (മതപരമായ അർത്ഥത്തിൽ) - ഇത് ജ്യോഗ്രഫിക്കലും സ്പിരിച്വലുമായൊരു സാംസ്ക്കാരികപ്രയോഗമാണ്. സിന്ധുനദീതടത്തിലും അതിന്റെ തെക്കൻ പ്രദേശങ്ങളിലും (കന്യാകുമാരി വരെ) വ്യാപിച്ചുകിടക്കുന്ന, പരസ്പരം സാമ്യതയുള്ള (വൈരുദ്ധ്യവുമുള്ള) ആചാരങ്ങളും വിശ്വാസങ്ങളും ഇടകലരുന്ന മിത്തുകളുമൊക്കെ ഉള്ള ബഹുസ്വരമായൊരു മതാധിഷ്ഠിതസമൂഹം. അവിടെ ഒരേ ദേവതാസങ്കല്പത്തെ ദുർഗയെന്നും അദിതിയെന്നും കാളിയെന്നും കാലയക്ഷിയെന്നും ആനമറുതയെന്നും വിശ്വസിക്കുന്ന വിശ്വാസി സമൂഹങ്ങൾക്ക് ഇടമുണ്ട്. വിശ്വാസപരമായി, ആത്യന്തികമായ ആത്മീയാനന്ദം, മോക്ഷം എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ജീവിക്കുന്ന, വൈരുദ്ധ്യങ്ങളെ അംഗീകരിക്കുന്ന, വിശ്വാസപരമായി ലിബറൽ ആയ ഒരു ജനതയെ ഒന്നടങ്കം സൂചിപ്പിക്കാനാണ് ഈ പ്രയോഗം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നത്.

ഹിന്ദുസംസ്കാരം എന്ന വാക്കിന് സിന്ധുനദീതട സംസ്കാരം എന്ന വാക്കുമായി ഭാഷാപരമായ താദാത്മ്യമുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സിന്ധ് സംസ്കാരമാണ് പിന്നീട് ഹിന്ദു സിവിലൈസേഷൻ എന്ന് ഉച്ചരിക്കപ്പെട്ടത് എന്ന് നരവംശ ശാസ്ത്രവും ഭാഷാശാസ്ത്രവും പറയുന്നു. സിന്ധുനദീതട സംസ്കാരം അഥവാ Indus civilization എന്നത് കേവല ഭൌമിക സാംസ്കാരികാർത്ഥത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുകളാഴ്ത്തിയ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, ജൂത, ആദിയായ എല്ലാ മതങ്ങളും ഇവയിലൊന്നും പെടാത്ത ജനങ്ങളും ചേർന്ന ചരിത്രപരമായ വലിയൊരു സംജ്ഞയാണ് എന്ന പൂർണ ബോധ്യമുണ്ട്. അതിൽനിന്നും മതപരമായ പൊതുഹൈന്ദവധാരയെ മാത്രം ഉൾപ്പെടുത്തിയാണ് ഹിന്ദുസംസ്കാരം എന്ന വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മതപരമായ അർത്ഥത്തിൽ ഹിന്ദുമതത്തിന്റെ പൌരാണികവും കേവലവുമായ വിശ്വാസസത്തയെ സൂചിപ്പിക്കുവാൻ സനാതന ധർമ്മം എന്ന വാക്ക് ലേഖനത്തിനാവശ്യമായ വിശാലാർത്ഥത്തിൽ ചേരില്ല എന്ന് തോന്നിയതിനാൽ ബോധപൂര്‍വ്വം ഹിന്ദു സംസ്കാരം എന്ന വാക്ക് തിരഞ്ഞെടുക്കയാണുണ്ടായത്. ഹിമാലയത്തിനിപ്പുറത്തേയ്ക്കും ഇന്നത്തെ അഫ്ഗാനിസ്ഥാനിലേയ്ക്കും പാക്കിസ്ഥാനിലേയ്ക്കുമൊക്കെ ആയി പരന്നുകിടക്കുന്ന വിശാലഭൂമികയിൽ പണ്ട് മുതൽക്കേ വിശ്വാസപരമായി പൊതുഹൈന്ദവരീതികൾ ഏറിയും കുറഞ്ഞും ശീലിച്ചിരുന്ന പ്രധാന വിഭാഗങ്ങളെയും അവാന്തരവിഭാഗങ്ങളെയുമൊക്കെ ഒരേ സമയം സ്പിരിച്വലായും ജ്യോഗ്രഫിക്കലായും സൂചിപ്പിക്കുവാൻ വേറെ പദങ്ങളൊന്നും കിട്ടാത്തതിനാലാണ് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. അതുകൊണ്ട് സിന്ധുനദീതട സംസ്കാരം എന്ന ചരിത്രസംബന്ധിയായ വാക്കിന് ഹിന്ദുസംസ്കാരം എന്ന മതസംബന്ധിയായ വാക്കുമായുള്ള, ലിംഗ്വിസ്റ്റിക് ആയ താദാത്മ്യത്തെ അവഗണിക്കുക.

2) ഹിന്ദുത്വ/ഹൈന്ദവത – ഇത് മതപരമെന്നതിനേക്കാളുപരി സാമൂഹ്യപരമായൊരു സംജ്ഞയായി വിവക്ഷിക്കാനാഗ്രഹിക്കുന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും നിത്യജീവിതത്തിൽ ഒരു അധികാരരൂപമായി ഇടപെട്ടിരുന്ന മതാധിഷ്ഠിത വ്യവസ്ഥിതിയാണിത്. ഈ വ്യവസ്ഥിതിയിൽനിന്നാണ് സോഷ്യൽ ഹൈരാർക്കിയെ നിശ്ചയിക്കുന്ന ചാതുർവർണ്യമൊക്കെ ഉരുത്തിരിയുന്നത്. ബ്രാഹ്മണിക അധികാര വർഗം രൂപപ്പെടുത്തിയ വ്യവസ്ഥിതി ആയതുകൊണ്ടുതന്നെ, അത് ബ്രാഹ്മണരെ ഏറ്റവും തലപ്പത്ത് പ്രതിഷ്ഠിക്കുകയും മറ്റുള്ള ജാതികളെയെല്ലാം ഒന്നിനു താഴെ ഒന്നായി കാൽക്കീഴിൽ കൊണ്ടുവരികയും ചെയ്തു. ഈ അർത്ഥത്തിൽ ഹിന്ദുത്വ എന്ന സംജ്ഞ അങ്ങേയറ്റം പ്രതിലോമകരമായ ഒന്നാണ്. ഹിന്ദു സംസ്കാരത്തിൽ ഹിന്ദുത്വ കലർന്ന് പണ്ടും ഇന്നും മാനവികവിരുദ്ധമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ട്.

3) ആധുനിക ഹിന്ദുമതം – ഇത് മതമെന്നതിലുപരി ഒരു രാഷ്ട്രീയ സംജ്ഞയാകുന്നു; ഇന്ന് നാം കാണുന്ന ഹിന്ദുമതം തന്നെ. ഈ വാക്കിന്റെ നിർവ്വചനത്തിൽ ഹിന്ദു സംസ്കാരം എന്ന സംസ്കാരിക സങ്കല്പത്തിന് പ്രാധാന്യം കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും. കൊളോണിയലിസത്തിന്റെ ശക്തിപ്രാപിക്കൽ മുതൽ ആധുനിക ഹിന്ദുമതം ആരംഭിക്കുകയായി. കൊളോണിയലിസത്തിന്റെ അന്ത്യശേഷം അത് പൂർണരൂപം പ്രാപിച്ച് വിശ്വാസത്തിന്റെ പുറംചട്ടയണിഞ്ഞ ഒരു രാഷ്ട്രീയ സങ്കല്പമായി (ആക്കപ്പെട്ടു). ഈ ഹിന്ദുമതത്തിന്റെ പ്രധാന പ്രശ്നം, വിശ്വാസപരമായ ലിബറലിസവും ബഹുസ്വരതയ്ക്കുള്ള സ്കോപ്പും അതിന് നഷ്ടപ്പെടുന്നു എന്നതാണ്. മെയ്‌വഴക്കമുള്ള ഹിന്ദു സംസ്കാരം എന്ന സംജ്ഞയിൽനിന്ന് നോക്കുമ്പോൾ ഫ്ലൈക്സിബിലിറ്റി നഷ്ടപ്പെട്ട് റിജിഡ് ആയിപ്പോയ ഒരു ജിംനാസ്റ്റിനെപ്പോലെയാണ് ഇന്നത്തെ ഹിന്ദുമതം.

(ഹിന്ദുമതം, ഹിന്ദു സംസ്കാരം, ഹിന്ദുത്വ എന്നീ മൂന്ന് വാക്കുകളെ മുകളിൽ നിർവ്വചിച്ചിരിക്കുന്ന അർത്ഥതലങ്ങളിൽ വ്യതിരിക്തമായിത്തന്നെ കാണേണ്ടത് ഈ ലേഖനം വിനിമയം ചെയ്യാനുദ്ദേശിക്കുന്ന ആശയത്തെ അതിന്റെ കൃത്യമായ തലങ്ങളിൽ മനസ്സിലാക്കുവാൻ അത്യാന്താപേക്ഷിതമാണ്.)

ഇനി കാര്യത്തിലേയ്ക്ക് വരാം. സരസ്വതീദേവി ബ്രഹ്മാവിന്റെ ഭാര്യയാണെന്ന പൊതുവിശ്വാസത്തിൽനിന്ന് വിഭിന്നമായി, വിഷ്ണുവിന്റെ ഭാര്യ ആണെന്ന് കരുതുന്നവരെയും ഉൾക്കൊള്ളുന്ന, മതസംബന്ധിയായ, അതിവിശാലമായ ഒരു സാ‍മൂഹ്യ സാംസ്കാരിക പരിസരത്തെ നമുക്കിവിടെ ഹിന്ദുസംസ്കാരം എന്ന് വിളിക്കാം. മഹിഷാസുരനെ ആരാധിക്കുന്ന ഒരു വിഭാഗം ആളുകൾ പൊടുന്നനെ മതത്തിനെയും ദേശത്തിനെയും തുരങ്കം വയ്ക്കുന്നവർ ആയിത്തീരുന്ന മതാധിഷ്ഠിതരാഷ്ട്രീയ പരിസരത്തെ ആധുനിക ഹിന്ദുമതം എന്നും വിളിക്കാം. ഇവ തമ്മിൽ ഒരു പ്രകാശവർഷം ദൂരമുണ്ട്. ആ ദൂരമാണ്, ദൈവങ്ങളെ നഗ്നരായി ചിത്രീകരിക്കുന്ന പൌരാണിക ക്ഷേത്രങ്ങൾ അവ നിർമ്മിക്കപ്പെട്ട കാലത്തിൽത്തന്നെ നശിപ്പിക്കപ്പെട്ടില്ലല്ലോ എന്ന ഹൈപൊതിറ്റിക്കൽ സംശയത്തിന്, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിശ്വാസം രാജ്യദ്രോഹമാകുന്നതെങ്ങനെ എന്ന, യഥാർത്ഥത്തിൽ ഭരണഘടനാ സംബന്ധിയാകേണ്ടുന്ന ചോദ്യത്തിന്, ഒക്കെ ഉത്തരമാകുന്നത്.

വിശ്വാസപരമായ സ്വാതന്ത്ര്യത്തിൽനിന്ന് വ്രണപ്പെടുന്ന മതവികാരത്തിലേയ്ക്കുള്ള ഈ ദൂരം എങ്ങനെ വന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സെമിറ്റിക് മതങ്ങളെപ്പോലെ ഓർഗൈനൈസ്ഡ് അല്ല ഹിന്ദു സംസ്കാരം. പരസ്പരം ഇടകലരുന്ന അനവധി പൌരാണിക മിത്തുകളും ചില പൊതുസ്വഭാവങ്ങളുള്ള ആചാരരീതികളിൽ തീരുന്ന വിശ്വാസപരമായ സാമ്യതകളും പേറുന്ന, ആചാരാനുഷ്ഠാനാടിസ്ഥിതമെന്നതിനേക്കാളുപരി ജിയോഗ്രഫിക്കലായ, ചിതറിക്കിടക്കുന്ന ഒരു വലിയ ബഹുസ്വര സമൂഹമാണ് ഹൈന്ദവർ എന്ന് മുൻപ് പറഞ്ഞിട്ടുണ്ടല്ലോ. ആ കാരണം കൊണ്ടുതന്നെ, "വികാരം വ്രണപ്പെടൽ" യഥാർത്ഥത്തിൽ ഹൈന്ദവസംസ്ക്കാരത്തിന്റെ അടിസ്ഥാനസ്വഭാവമല്ല എന്ന് പറയേണ്ടിവരും. കേവല വിശ്വാസം (Absolute faith), വ്യവസ്ഥാപിത വിശ്വാസം (Institutionalized faith), ശീലിത വിശ്വാസം (Conditioned faith) എന്നീ വിശ്വാസാന്തരങ്ങളിൽ ഹിന്ദു സംസ്കാരം പ്രാധാന്യം കല്പിക്കുന്നത് കേവലവിശ്വാസത്തിന് മാത്രമാണ്. മറ്റുള്ള രണ്ട് വിശ്വാസങ്ങളും ഉപസങ്കല്പങ്ങളേ ആകുന്നുള്ളു. ഹൈന്ദവ സംസ്കാരത്തിന് അതിന്റെ കോറിൽ, ബിംബങ്ങളോട് പ്രത്യേകിച്ച് വൈകാരികമോ അഹന്താപരമോ (Egoistic) ആയ യാതൊരു മമതയുമില്ല. സിംബലുകളെ സൌന്ദര്യശാസ്ത്രപരമായാണ്ഹിന്ദു സംസ്കാരം വീക്ഷിച്ചിരുന്നത്. ആത്യന്തികമായി ഹൈന്ദവർ ആ‍ത്മീയമായ ആനന്ദത്തെ (അത്യന്തം സ്വകാര്യവും വൈയക്തികവുമായ ആനന്ദം, തദ്വരാ സാമൂഹികാനന്ദം) മാത്രം ലക്ഷ്യം വയ്ക്കുന്നു. ആ ആനന്ദത്തിനുള്ള കേവലം ഉപകരണങ്ങളായി മാത്രമാണ് ഹൈന്ദവർ മെറ്റീരിയലിസ്റ്റിക്കായ ലോകത്തെ, ബിംബങ്ങളെ കാണുന്നത്.

ഭൌതികമായ, മതവികാര/അഹന്താപരമായ ഈ നിസംഗതയാണ് ഹൈന്ദവസംസ്ക്കാരത്തിൽ വിശ്വാസപരമായ ബഹുസ്വരതയെ അനുവദിക്കുന്നത്; രാമായണത്തിന് അനേകം ഭാഷ്യങ്ങളെ അനുവദിക്കുന്നത്. ഇതേ നിസംഗതയാണ് ദൈവങ്ങളുടെ നഗ്നതയെ കലയുടെയും ലൈംഗികതയുടെയും ലാവണ്യതലങ്ങളിൽ (Aesthetic sense) ഉൾക്കൊള്ളാനും ആസ്വദിക്കാനും അതിന്റെ സാമൂഹ്യസാംസ്കാരിക മനസ്സിനെ പ്രാപ്തമാക്കുന്നത്. ബ്രാഹ്മണിക്കലായ ആചാരങ്ങളിൽനിന്ന് വിഭിന്നമായ ആചാരരീതികളുള്ള, ഒരു അസുരനെ സ്മരിക്കുന്ന ആഘോഷത്തെ ഒരു ദേശമൊന്നടങ്കം കൊണ്ടാടാൻ കാരണവും ഇതുതന്നെ. (ഇപ്പോൾ ഓണം ഒട്ടൊക്കെ ബ്രാഹ്മണിക്കലായി തീർന്നിരിക്കുന്നു എന്നത് നമ്മുടെ വിഷയവുമായി ബന്ധമുള്ള മറ്റൊരു ഉപവിഷയമാണ്.) ഹിന്ദു സംസ്കാരം അതിന്റെ വിശ്വാസങ്ങളിൽ, ഒരാൾക്ക് ഏത് ദൈവത്തെയും ഏത് ബിംബത്തെയും ഉൾക്കൊള്ളുവാനും ആരാധിക്കുവാനും ഉള്ള സ്വാതന്ത്ര്യം നൽകുന്നു. അതുപോലെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആരാധിക്കാനും ആരാധിക്കാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യവും.

അങ്ങനെയെങ്കിൽ, ഹിന്ദു സംസ്കാരത്തിന് ഇല്ലാതിരുന്ന ഈ തൊട്ടാവാടി മതവികാരം ഹിന്ദുമതത്തിന് എവിടുന്നു കിട്ടി? ഈ ചോദ്യം നമ്മെ കൊണ്ടുപോവുക അധികാരം എന്ന ആശയത്തിലേയ്ക്കാണ്. ഇന്നത്തെ അഖണ്ഡഭാരതം ഖണ്ഡശയായി ചിതറിക്കിടന്നിരുന്ന പഴയ കാലത്ത് നാട്ടുരാജ്യങ്ങൾ ഭരിച്ചിരുന്നത് ഹൈന്ദവ സംസ്കാരത്തിന്റെ കുടക്കീഴിൽ വരുന്ന രാജവംശങ്ങളായിരുന്നു. ഹിന്ദു സംസ്കാരത്തിൽ ഹിന്ദുത്വ എന്ന ബ്രാഹ്മണിക്കലായ സാമൂഹ്യവ്യവസ്ഥിതി വേരാഴ്ത്തിയിരുന്നതിനാൽ സ്വാഭാവികമായും ചാതുർവർണ്യത്തിലടിസ്ഥാനപ്പെടുത്തിയ രാജ്യവ്യവഹാരത്തിന്റെ തലപ്പത്ത് സാങ്കേതികമായി വാണത് രാജാവാണെങ്കിലും ഫലത്തിൽ ഉണ്ടായിരുന്നത്ര രാജഗുരുക്കളായ ബ്രാഹ്മണർ ആയിരുന്നു. അധികാരം സവർണരുടെ കൈകളിൽ ഭദ്രമായിരുന്നു. കൊളോണിയൽ ഇന്ത്യയിൽ വൈദേശികർക്ക് കപ്പം കൊടുത്തിരുന്നുവെങ്കിലും നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരമായ അധികാരഘടന മാറിയില്ല. അതുകൊണ്ട്, അന്നും ബ്രാഹ്മണിക്കലായ അധികാരവർഗ്ഗവും അവർ അധികാരത്തിനുവേണ്ടി സമൂഹത്തിൽ അവതരിപ്പിച്ച ചാതുർവർണ്യവും "വികാരം വ്രണപ്പെടാതെ" അധികാരകേന്ദ്രങ്ങളിൽ തുടർന്നു. ജനാധിപത്യം വന്നപ്പോൾ കളി മാറി. നാട്ടുരാജ്യങ്ങൾ പോയി. ചാതുർവർണ്യം സാങ്കേതികമായി ഇല്ലാതായി. ഹൈന്ദവസവർണരുടെ കുത്തകയായിരുന്ന അധികാരം നഷ്ടപ്പെട്ടു. കൊട്ടാരത്തിൽനിന്ന് പെട്ടെന്ന് പെരുവഴിയിലിറക്കിവിടപ്പെട്ട അധികാരവർഗ്ഗത്തിന്റെ പകപ്പ് സങ്കൽപ്പിക്കാവുന്നതേയുള്ളു.

സവർണർക്ക് സാമൂഹികാധികാരമുണ്ടായിരുന്ന കാലത്തെല്ലാം വിശ്വാസപരമായ സ്വാതന്ത്ര്യം ഹിന്ദുസമൂഹത്തിൽ എല്ലാ വിഭാഗങ്ങൾക്കും ഉണ്ടായിരുന്നു എന്നത് ഈ അവസരത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. വിശ്വാസസംബന്ധിയായ വൈരുദ്ധ്യങ്ങളോ സ്വാതന്ത്ര്യമെടുക്കലുകളോ മതസംബന്ധിയായി അമർച്ച ചെയ്യപ്പെട്ടിരുന്നില്ല. പിതാവിന്റെ ശ്രാദ്ധത്തിന് ഇല്ലത്ത് പാക്കനാരുടെ വകയായി പശുവിന്റെ അകിട് വേവിച്ചതും വിളമ്പണം എന്നത് അഗ്നിഹോത്രി അംഗീകരിച്ചിരുന്നത് ഓർക്കുക. സവർണർക്ക് അധികാരം നഷ്ടപ്പെട്ടതു മുതൽ ഹിന്ദുസമൂഹത്തിൽ മതം ഒരു വിശുദ്ധപശു ആയിത്തീർന്നതെങ്ങനെ എന്ന് ചിന്തിക്കുന്നത് കൌതുകകരമാണ്. ജനാധിപത്യ ഇന്ത്യയിലെ ആദ്യത്തെ കുറെ നാളുകൾ സവർണവർഗത്തിന് അധികാരനഷ്ടം സംബന്ധിച്ച, മേൽപ്പറഞ്ഞ പകപ്പിന്റേതായിരുന്നു. അതിനെ എങ്ങനെ മറികടക്കാം എന്ന് സവർണവർഗത്തിന് യാതൊരു പിടിയുമില്ലാത്ത കാലം. (ഈ അന്തം വിട്ട കാലത്താണ് നിർമ്മാല്യം എന്ന, വിഗ്രഹത്തിനെ തുപ്പുന്ന സിനിമ ഒക്കെ ഇറങ്ങുന്നത്. അത്തരം വിമർശനങ്ങളെ അധികാരത്തിൽ തിരിച്ചെത്താനുള്ള ഒരു രാഷ്ട്രീയ ടൂൾ ആയി ഉപയോഗിക്കാം എന്ന സാധ്യതയെ അന്ന് രാഷ്ട്രീയ ഹൈന്ദവ മേലാളവർഗ്ഗം തിരിച്ചറിഞ്ഞില്ല എന്ന് വേണം പറയാൻ. ഹൈന്ദവത രാഷ്ട്രീയപരമായ ഒരു വൈകാരികായുധമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്തായിരുന്നെങ്കിൽ നിർമ്മാല്യം 1973-ലെ പോലെ ആയിരിക്കില്ല സ്വീകരിക്കപ്പെടുക).

അപ്പോഴാണ് ഇവിടെയുള്ള മറ്റ് പ്രധാന മതങ്ങളുടെ രീതികളെ സത്യത്തിൽ ഹൈന്ദവസവർണത ശ്രദ്ധിച്ചുതുടങ്ങിയത്. സെമിറ്റിക് മതങ്ങളായ ഇസ്ലാമും ക്രിസ്ത്യാനിറ്റിയും കേവലവിശ്വാസത്തിന്റെ കാര്യത്തിൽ ഹിന്ദു സംസ്കാരത്തിൽനിന്ന് വിഭിന്നമായിരുന്നില്ല. അവയും ലക്ഷ്യം വെച്ചിരുന്നത് കഷ്ടമോചനം, ദൈവപ്രീതി, മോക്ഷം തുടങ്ങിയ പൊതുവായ, വിശ്വാസപരമായ ലക്ഷ്യങ്ങൾ തന്നെയായിരുന്നു. എന്നാൽ സാമൂഹിക വ്യവസ്ഥിതികൾ എന്ന നിലയിൽ സെമിറ്റിക് മതങ്ങൾ സമൂഹത്തിൽ ഇടപെടുന്ന രീതി വ്യത്യസ്തമായിരുന്നു. ഹിന്ദുത്വത്തിൽനിന്ന് വ്യത്യസ്തമായി, ജാതീയതയെ അവഗണിച്ച അവർ ഏകകണ്ഠേന അംഗീകൃതമായ, അഴിവില്ലാത്ത, കർശനമായ ജീവിതമാർഗദർശനങ്ങൾ എന്ന നിലയിലാണ് വിശ്വാസികളുടെ സാമൂഹ്യ, വൈയക്തിക ജീവിതവ്യവഹാരങ്ങളിൽ ഇടപെട്ടത്. ആ ഇടപെടൽ വിശ്വാസപരമായ ബഹുസ്വരതയെ നിരുത്സാഹപ്പെടുത്തുന്ന ഒന്നായിരുന്നു. മതങ്ങൾ മുൻപോട്ട് വെക്കുന്ന ജീവനവ്യവസ്ഥകളിൽനിന്നുള്ള വ്യതിയാനമോ വിശ്വാസങ്ങളെയും മിത്തുകളെയും പുനർവ്യാഖ്യാനം ചെയ്യാനുള്ള സ്വാതന്ത്ര്യമോ സെമിറ്റിക് മതങ്ങളുടെ അധികാരകേന്ദ്രങ്ങൾ അനുവദിച്ചിരുന്നില്ല. അതിനായി സെമിറ്റിക് മതങ്ങൾ ദൈവഭയം എന്ന ആശയത്തെ മുൻപോട്ട് വയ്ക്കുന്നു. വിശ്വാസാധിഷ്ഠിത ജീവിത നിയമാവലിയും ദൈവഭയവും എന്ന ദ്വന്ദങ്ങളിലാണ് സെമിറ്റിക് മതങ്ങളുടെ ലാവണ്യം കുടികൊള്ളുന്നത്. മതപരമായ ആ ഏസ്തറ്റിക്സിനെ ആസ്വദിക്കുന്ന സെമിറ്റിക് മതവിശ്വാസിക്ക് ജീവനവ്യവസ്ഥയിൽനിന്ന് വ്യതിയാനവും മിത്തുകൾക്ക് പുതുഭാഷ്യം നൽകാനുള്ള സ്വാതന്ത്ര്യവും ആവശ്യമില്ല. എന്നാൽ ദൈവഭയം, സ്വർഗം, നരകം എന്നീ സങ്കല്പങ്ങളെ സെമിറ്റിക് മതങ്ങൾ നിർവ്വചിക്കുന്ന രീതിയെ ഹിന്ദു സംസ്കാരം മിക്കവാറും നിരാകരിക്കുന്നു. കർമ്മമാടിസ്ഥിതം മാത്രമാണ് അതിന്റെ സാമൂഹ്യജീവനവ്യവസ്ഥ. അതിനാൽ, ദൈവഭയത്തിന്റെ അഭാവം ഹിന്ദു സംസ്കാരത്തിൽ വിശ്വാസങ്ങൾക്ക് നിരവധി ഭാഷ്യങ്ങൾക്കുള്ള സ്പേസും അനുവാദവും നൽകുന്നു.

സാർവ്വലൌകിക ജീവിതനിയമാവലിയുടെ അടിസ്ഥാനത്തിൽ കൃത്യമായി സംഘടിതരായിരുന്ന സെമിറ്റിക് മതങ്ങളുടെ ആ വിശ്വാസാധിഷ്ഠിത ജീവിത നിയമാവലിയെ നിർവ്വചിച്ചിരുന്നത് മേൽപ്പറഞ്ഞ മതാധികാരകേന്ദ്രങ്ങളായിരുന്നു. ഇവിടെ ഈ അധികാരകേന്ദ്രങ്ങളെ പരാമർശിക്കാൻ മറ്റൊരു കാരണവുമുണ്ട്. ഹിന്ദു സംസ്കാരത്തിൽ സെമിറ്റിക് മതങ്ങളിലേപ്പോലെ വിശ്വാസങ്ങളിൽ സൂക്ഷ്മമായി ഇടപെടുന്ന അധികാരകേന്ദ്രങ്ങളായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് രാജ്യകാര്യങ്ങളിലും സോഷ്യൽ ഹൈരാർക്കിയെ സംരക്ഷിക്കുന്നതിലും മാത്രം ശ്രദ്ധ വച്ചിരുന്ന അസംഘടിതമായ ഒരു സവർണ സമൂഹമായിരുന്നു. വിശ്വാസങ്ങളിൽ സൂക്ഷ്മമായി ഇടപെട്ട് അതിനെ അടിസ്ഥാനമാക്കിയ ജീവന രീതിക്ക് പ്രേരിപ്പിക്കാൻ അധികാരകേന്ദ്രങ്ങളില്ലാതിരുന്നതുകൂടിയാണ് ഹിന്ദു സംസ്കാരത്തിലെ ബഹുസ്വരതയുടെ ഒരു കാരണം എന്ന് ഇനി പറയേണ്ടതില്ലല്ലോ.

ഇനി, മതം എങ്ങനെ വൈകാരികമായ ഒരു പ്രതിഭാസമാകുന്നു എന്ന് പരിശോധിക്കാം. വ്യവസ്ഥാപിത സെമിറ്റിക് മതങ്ങളിൽ അധികാരകേന്ദ്രങ്ങളുടെ നിലനിൽപ്പിന് വിശ്വാസ/അധികാരകേന്ദ്രത്തെ അല്ലെങ്കിൽ ബിംബത്തെ വിശ്വാസി വൈകാരികമായി സമീപിക്കേണ്ടത് അധികാരവർഗ്ഗത്തിന്റെ ആവശ്യമാണ്. കേവലവിശ്വാസത്തിൽ വിശ്വാസിയും ദൈവവുമായുള്ള ഇടപാട് നേരിട്ടായതിനാൽ, അത് കേവലവിശ്വാസത്തെ സംബന്ധിക്കുന്ന ഒരു പ്രശ്നമേയല്ല. മറിച്ച്, അത് പൂർണമായും മതപരവും വിശ്വാസപരവുമായ അധികാര നൈരന്തര്യത്തിന് വേണ്ടിയാണ്. അതായത്, വ്യവസ്ഥാപിത മതത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള ഒരു ആയുധം. ആ വൈകാരികത സൃഷ്ടിക്കപ്പെടാൻ മൂർത്തവും വിശ്വാസിയോട് അടുത്തുനിൽക്കുന്നതുമായ ബിംബങ്ങൾ വേണം. ഇസ്ലാമിൽ ആ ബിംബത്തിന്റെ റോൾ നബിയും നബിക്ക് കീഴിൽ പുരോഹിതരും ക്രിസ്ത്യാനിറ്റിയിൽ അത് സഭ/പുരോഹിതനും ഭദ്രമാക്കുന്നു. വിശ്വാസി എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞുകൊടുത്ത്, ജീവിതവഴിയിൽ അവർക്ക് കൃത്യമായ ഗൈഡ് ആകുന്ന "ദൈവത്തിന്റെ ആളുകളെ" വിമർശിച്ചാൽ ദൈവത്തെ വിമർശിക്കുന്നതിനേക്കാൾ വിശ്വാസിക്ക് നോവും. വിശ്വാസപരമായി സംഘടിതമല്ലാത്ത, ഏകീകൃതമായ വിശ്വാസ ജീവിതരീതികളില്ലാത്ത ഹിന്ദുസംസ്ക്കാരത്തിലെ പോരായ്മ അതായിരുന്നു; വിശ്വാസിക്ക് വൈകാരികമായി അടുപ്പമുള്ള പൊതുബിംബങ്ങളുടെ അഭാവം.

ഓർഗനൈസ്ഡ് ആവുക എന്ന അധികാരാർജ്ജനതന്ത്രപ്രകാരം മതം നിസംഗമാകരുതെന്നും മറിച്ച് വിശ്വാസിക്ക് അത് പ്രധാനമായും ഒരു വൈകാരിക, ഭൌതിക അനുഭവമായി പരിണമിക്കണമെന്നും ഹൈന്ദവ സവർണതയ്ക്ക് പതിയെ വ്യക്തമായി. എല്ലാ വിശ്വാസികളും ഒരുപോലെ പിന്തുടരുന്ന ഒരു യൂണിവേഴ്സൽ കോഡ് ഓഫ് ലിവിംഗ് ഇല്ലാത്തതിനാൽ, കൃത്യമായ മതാധികാരകേന്ദ്രവും കേന്ദ്രബിംബവുമില്ലാതായിത്തീർന്നിരുന്ന ഹൈന്ദവ സമൂഹത്തിൽ നിന്നുകൊണ്ട്, ഭൂതകാലത്തിലെ അധികാരവർഗ്ഗത്തിന് അധികാരത്തിൽ തിരിച്ചെത്താനുള്ള മാർഗ്ഗം ആധുനിക ഇന്ത്യയിൽ ഹൈന്ദവര്‍ എന്ന ലേബൽ പേറുന്നവരെയെല്ലാം (ചാതുർവർണ്യത്തിന്റെ തിക്തഫലങ്ങൾ തലമുറകളോളം അനുഭവിച്ച, മുൻപ് ഹിന്ദുവായി പരിഗണിക്കപ്പെട്ടിട്ടു പോലുമില്ലാതിരുന്നവരെ അടക്കം) അവരുടെ സാർവ്വജനനീയമായ വ്യാജ ഹൈന്ദവപാരമ്പര്യത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് ഒന്നിപ്പിക്കുകയായിരുന്നു. അതായത്, പണ്ട് ജാതീയതയെ ഉപയോഗിച്ച് കൈയ്യാളിയിരുന്ന അധികാരം തിരിച്ച് പിടിക്കാൻ ഇന്ന്, ജനാധിപത്യരാഷ്ട്രീയത്തിൽ ജാതീയതയെ പ്രത്യക്ഷത്തിൽ നിരാകരിക്കുന്ന പൊതു മതാത്മകത ആണ് ഏറ്റവും പറ്റിയ ആയുധമെന്ന് അവർ തിരിച്ചറിഞ്ഞു.

അതിനായി തങ്ങളുടെ ശീലങ്ങളല്ലാതിരുന്ന സെമിറ്റിക് മതാധികാരകേന്ദ്രങ്ങളുടെ വിശ്വാസസംരക്ഷണ സംഹിതയിലെ ചില തന്ത്രങ്ങളെ അവർ ദത്തെടുത്തു. യഥാർത്ഥത്തിൽ തങ്ങൾക്ക് പൊതുവിൽ വൈകാരികമായി അടുപ്പമില്ലാതിരുന്ന പൊതുബിംബങ്ങളോട് (അത് മിത്തുകളായാലും വിഗ്രഹങ്ങളായാലും ഗുരുക്കന്മാർ/ആൾദൈവങ്ങൾ ആയാലും) തങ്ങൾക്ക് വ്യക്തിപരവും സാമൂഹ്യപരവുമായ വൈകാരികാടുപ്പമുണ്ടെന്ന് അവർ പ്രഖ്യാപിച്ചു. വിശ്വാസി സമൂഹത്തിൽ നല്ലൊരു പങ്കിന്റെയും മനസ്സിൽ പതിയെയും നിരന്തരവും ആ ആശയം കുത്തിവച്ച് വിശ്വാസത്തെ വൈകാരികമാക്കിമാറ്റി. വൈകാരികമായി അടുപ്പമുള്ള പൊതു മതബിംബങ്ങളെ വിമർശിച്ചാൽ തങ്ങളുടെയും വികാരം വൃണപ്പെടും എന്ന സെമിറ്റിക് മതരീതിയെ അനുകരിച്ചാൽ ജനസംഖ്യാപരമായി ഭൂരിപക്ഷമായ ഒരു ജനതയുടെ മതാത്മകവൈകാരികതയെ അധികാര രാഷ്ട്രീയത്തിൽ ടൂൾ ആയി ഉപയോഗിക്കാമെന്ന് അവർ പരീക്ഷിച്ച് തെളിയിച്ചു. ആ രാഷ്ട്രീയായുധത്തെ ഉപയോഗിച്ച് അവർ "ആധുനിക ഹിന്ദുമത"ത്തെ രാജ്യത്തിന്റെ പരമാധികാരത്തിൽ അനൌദ്യോഗികമായി പുന:പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിൽ നിന്ന് മനസ്സിലാവുന്ന രത്നച്ചുരുക്കമെന്തെന്നാൽ, ഒരു സ്പിരിച്വൽ ഐഡിയോളജി എന്ന നിലയിൽ കേവല ഹൈന്ദവത (ഹിന്ദുസംസ്കാരത്തിന്റെ വിശ്വാസപരമയ സത്ത്) മറ്റേതൊരു മതത്തെയും പോലെ വ്യക്തിപരമായി നല്ലതാണ്, നിരുപദ്രവകരവുമാണ്. എന്നാൽ ഹിന്ദുത്വം ഒരു സാമൂഹ്യവ്യവസ്ഥിതി എന്ന നിലയിൽ എല്ലാക്കാലത്തും വളരെ പ്രതിലോമകരമായ ഒരാശയവും ഭൂരിപക്ഷരാഷ്ട്രീയത്തിന്റെ മുഖ്യായുധം എന്ന നിലയിൽ അങ്ങേയറ്റം അപകടകരവുമാണ്.

കഴിഞ്ഞ ഒന്നുരണ്ട് ദശകങ്ങളിൽ മുതൽ ഈ വർത്തമാനകാലം വരെ ഉയർന്നുവന്ന ഹിന്ദുമതസംബന്ധിയായ ഏതാനും വിവാദ വാർത്തകളെ വിദൂര ഭൂതകാലവുമായി തട്ടിച്ച് നോക്കുന്ന ചില ഉദാഹരണങ്ങൾ സഹിതം ഈ കാര്യങ്ങൾ വ്യക്തമാക്കാം.

1. മധുരമീനാക്ഷി ക്ഷേത്രത്തിലും മറ്റും ചിത്രീകരിച്ചിരിക്കുന്നതിൽ ഒട്ടും കൂടുതലില്ല എം.എഫ് ഹുസൈൻ വരച്ച സരസ്വതീ ചിത്രത്തിലെ നഗ്നത. ക്ഷേത്രങ്ങളിലെ ഗ്രാഫിക്കലായ ശില്പാവിഷ്കാരങ്ങളെ അപേക്ഷിച്ച് സെൻഷ്വാലിറ്റി വളരെ പരിമിതമാണ് ഹുസൈന്റെ ചിത്രത്തിൽ എന്ന് ആ ചിത്രം കാണുന്നവർക്ക് എളുപ്പം മനസ്സിലാകും. ദുർഗയുടെയും ലക്ഷ്മിയുടെയുമൊക്കെ കഥ ഇതുതന്നെ. എന്നിട്ടും, ക്ഷേത്രചുവരിലെ ദേവീദേവന്മാരുടെ നഗ്നതയെയും ലൈംഗികതയെയും അപാരമായ ഏസ്തറ്റിക് സെൻസിൽ കണ്ടിരുന്ന ഒരു സമൂഹത്തിൽ ഹുസൈന്റെ അബ്സ്ട്രാക്റ്റ് രേഖാചിത്രങ്ങൾ കടുത്ത മതനിന്ദയായി. "ഹുസൈൻ എന്ന മുസ്ലീം പേരുള്ള ചിത്രകാരൻ വരച്ച നഗ്നയായ ഹിന്ദു ദേവി" എന്ന പൊതുബിംബത്തെ അധികാരരാഷ്ട്രീയ പരിസരത്തെ വൈകാരികമായി ഉപയോഗിക്കുകയായിരുന്നു ഹൈന്ദവ വലതുപക്ഷം. ഹുസൈന്റെ തന്നെ, സീതയെ വാലിന്മേലിരുത്തിയിട്ട് രക്ഷപ്പെടാൻ തത്രപ്പെടുന്ന ഹനുമാന്റെ ചിത്രത്തിൽ കാമച്ഛായ വരെ ബോധപൂർവ്വം ആരോപിച്ചുകളയുന്നുണ്ട്! "There is a sexual urgency in that painting" എന്നാണ് ഹുസൈന്റെ ചിത്രങ്ങളെ വിമർശിക്കുന്ന ഒരു ലേഖനത്തിൽ പരാമർശിച്ച് കണ്ടത്. നഗ്നതയുടെ ചിത്രീകരണം കലയായി കണ്ടിരുന്ന, നഗ്നതയേയും പോണോഗ്രഫിയെയും വ്യതിരിക്തമായി കാണാൻ സാധിച്ചിരുന്ന, ലൈംഗികതയെ ഒരു താന്ത്രിക കലയായി കണ്ടിരുന്ന, ഉടലിനെ സംബന്ധിച്ചും കലാവിഷ്കാരങ്ങളെ സംബന്ധിച്ചും അത്രയും മഹത്തായ ഏസ്തെറ്റിക് സെൻസിബിലിറ്റി ഉണ്ടായിരുന്ന ഒരു സമൂഹത്തിൽനിന്നാണ് ഇത്തരം തരംതാണ ആരോപണങ്ങൾ ഉയരുന്നത്. "ഹിന്ദുസംസ്കാരം" എന്ന സംജ്ഞയിൽനിന്ന് "ഹിന്ദുമതം" എന്ന സംജ്ഞയിലേയ്ക്കുള്ള ഒരു മതാധിഷ്ഠിത സമൂഹത്തിന്റെ അധ:പതനം പുതുതായി സൃഷ്ടിക്കപ്പെട്ട ഈ വൈകാരിക അസഹിഷ്ണുതയിൽനിന്ന് വളരെ എളുപ്പത്തിൽ വ്യതിരിക്തമായി മനസ്സിലാക്കാം.

2. സൂര്യൻ പരമശിവന് വദനസുരതം ചെയ്തുകൊടുക്കുന്ന രംഗത്തിന്റെ ശില്പാവിഷ്ക്കാരത്തെ വിശ്വാസപരവും കലാപരവുമായ പൈതൃകസ്വത്തായി കരുതുന്ന ഹിന്ദു സമൂഹത്തിൽനിന്ന് ഉയർന്നുവന്ന ഹൈന്ദവ വലതുപക്ഷം പാർലമെന്റിൽ ഹോമോസെക്ഷ്വാലിറ്റിയെ കുറ്റമല്ലാതെയാക്കാനുള്ള നിയമപരിഷ്ക്കരണത്തെ വോട്ട് ചെയ്ത് പരാജയപ്പെടുത്തുന്നു. ഇവിടെയും നോക്കുക, ഹോമോസെക്ഷ്വാലിറ്റി കുറ്റകരമാകുന്നത് സെമിറ്റിക് വിശ്വാസ ജീവിത നിയമാവലിയിലാണ്. ഹെറ്ററോസെക്ഷ്വാലിറ്റിയെ മാത്രം ശരിയായ വഴിയായി പ്രഖ്യാപിക്കാനാണ് സദാചാരത്തിന്റെ അതിപ്രസരമുണ്ടായിരുന്ന സമൂഹങ്ങൾ Natural & Unnatural sex എന്ന ദ്വന്ദങ്ങളെ മുൻപോട്ട് വച്ചത്. ലൈംഗികതയിൽ ഹിന്ദുസംസ്കാരം ഒന്നിനെയും പ്രകൃതിവിരുദ്ധമായി കാണുന്നില്ല. ഇതിന് ഖജുരാഹോയിലെയും കൊണാർക്കിലെയുമൊക്കെ ക്ഷേത്രശില്പങ്ങൾ തെളിവുകളാണ്. പുരുഷനും സ്ത്രീയും മറ്റുള്ളവരും എന്ന സങ്കല്പം ഒട്ടുമിക്ക ഹിന്ദു പൌരാണികഗ്രന്ഥങ്ങളിലും കാണാം. ഇതര ലിംഗങ്ങളെ അന്നേ പരിഗണിച്ചിരുന്ന ഒരു സംസ്കാരത്തിൽ ഹോമോസെക്ഷ്വാലിറ്റി കുറ്റമായി തീർന്നത് കൊളോണിയലിസം മുൻപോട്ട് വച്ച വിക്റ്റോറിയൻ സദാചാരസംഹിത പ്രകാരമായിരുന്നു. കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളിൽനിന്ന് മോചിതരാകാത്ത ആധുനിക ഹൈന്ദവാധികാര വർഗം ചരിത്രത്തെ മറന്നുകൊണ്ട് ഹോമോസെക്ഷ്വാലിറ്റി, ഇതരലിംഗങ്ങൾ തുടങ്ങിയ സങ്കല്പങ്ങളെയെല്ലാം ടാബൂ ആയി പ്രഖ്യാപിച്ചു.

3. സരസ്വതിയെ വിഷ്ണുവിന്റെ ഭാര്യയായി കാണുന്നവരുടെയും കൂടി സമുദായമായിരുന്ന ഹിന്ദുമതത്തിന്റെ ലേബലുള്ള ഒരു മന്ത്രി പാർലമെന്റിൽ, ഒരു യൂണിവേഴ്സിറ്റിയിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ വർഷങ്ങളായി ആചരിച്ചുവരുന്ന മഹിഷാസുരസ്മരണ ദിനാചരണത്തിന്റെ ലഘുലേഖ ഉയർത്തിപ്പിടിച്ച് അവർ ഇതാ ദുർഗാദേവിയെ അപമാനിച്ചുവെന്നും അങ്ങനെ രാജ്യദ്രോഹികളായിരിക്കുന്നുവെന്നും പറഞ്ഞു. ഒരു വിഭാഗത്തിന്റെ വിശ്വാസത്തിന് വിരുദ്ധമാണെങ്കിലും അത് മറ്റൊരു വിഭാഗത്തിന്റെ വിശ്വാസമാണെങ്കിൽ, ആ മതവിശ്വാസം എങ്ങനെ രാജ്യദ്രോഹമാകും എന്ന് ചോദിച്ച മാധ്യമപ്രവർത്തകയെ ദുർഗയെ അപമാനിച്ചു എന്ന് പറഞ്ഞ് തുപ്പാൻ തയ്യാറായി സമൂഹത്തിൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവർ മുൻപോട്ട് വരുന്നു. (മാധ്യമപ്രവർത്തക സ്വന്തം അഭിപ്രായമായല്ല, മറിച്ച് മന്ത്രിയുടെ ആരോപണം ക്വോട്ട് ചെയ്താണ് ആ ചോദ്യം ചോദിച്ചതെന്ന സത്യം ഇവിടെ തുപ്പാൻ വരുന്നവർ തുപ്പലിനു മുൻപായി വിഴുങ്ങുന്നു) ഭരണഘടനയിൽ നിർവ്വചിച്ചിരിക്കുന്ന രാജ്യദ്രോഹവും തങ്ങൾ ഉദ്ദേശിക്കുന്ന (ഹിന്ദുമത) രാജ്യദ്രോഹവും രണ്ടാണെന്ന് ഇവർക്കൊക്കെ, ഏറ്റവും കുറഞ്ഞത് മന്ത്രിക്കെങ്കിലും അറിയായ്ക ആണെന്ന് തോന്നുന്നില്ല. അത് തിരിച്ചറിഞ്ഞ് വിവേകപൂർവ്വം പെരുമാറിയാൽ അജണ്ടകൾ നടപ്പിലാവില്ലെന്ന ബോധ്യമാകണം അത്.

ചുരുക്കത്തിൽ, ഹൈന്ദവബിംബങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും അതിനെ ചെറുക്കാൻ ഒരുമിച്ച് ഞങ്ങളോടൊപ്പം നിൽക്കണം എന്നും രാജ്യത്തെ മഹാഭൂരിപക്ഷമായ ഹിന്ദുക്കളോട് രാഷ്ട്രീയ ഹൈന്ദവ വലതുപക്ഷം ആഹ്വാനം ചെയ്യുന്നു. ഏതെങ്കിലും ഒരു ആൾദൈവത്തിന്റെ പ്രവൃത്തികളെ വിമർശിക്കുന്നത് മൊത്തം ഹിന്ദുമത്തോടുള്ള അവഹേളനമായി നിർവ്വചിക്കപ്പെടുന്നു. മതനിന്ദ എന്ന വാക്ക് പുരാതനകാലത്ത് മിക്കവാറും അന്യമായിരുന്ന മതവിശ്വാസ ചക്രവാളത്തിൽ ഇന്ന് അത് നിത്യം പ്രയോഗിക്കപ്പെടുന്ന വാക്കാകുന്നു. ബിംബങ്ങളായിരുന്നില്ല തങ്ങളുടെ മതവിശ്വാസത്തിന്റെ കോർ എന്നതും ആവിഷ്കാരത്തിന്റെ ലാവണ്യതലങ്ങളെ ആസ്വദിക്കാനുള്ള വിശ്വാസപരമായ മനോവിശാ‍ലതയും ബഹുസ്വരതയുമാണ് തങ്ങളുടെ മതചരിത്രമെന്നും മറന്നുപോകുന്ന ഹൈന്ദവവിശ്വാസി സമൂഹം തൊട്ടതിനും പിടിച്ചതിനുമെല്ലാം തങ്ങളുടെ വികാരം മുറിപ്പെട്ടതായി കരുതുന്നു. അധികാരവർഗത്തിന് ഇതുകൊണ്ട് രാഷ്ട്രീയനേട്ടങ്ങളുണ്ട്. എന്നാൽ ഒരു സാമൂഹ്യ, സാംസ്കാരിക പരിസരം എന്ന നിലയിൽ ഹിന്ദുസംസ്കാരത്തിനുണ്ടായിരുന്ന വിശാലഹൃദയത്വം ഇല്ലാതാവുകയും, റിവിഷനും ബഹുസ്വരതയും അനുവദിക്കാത്ത സെമിറ്റിക് മതങ്ങളുടെ വിശ്വാസസംരക്ഷണരീതി ഹിന്ദുമതവും ഏറ്റെടുക്കുകയും ചെയ്യുകയാണുണ്ടാവുന്നത്. ഒരു ഹിന്ദുഭൂരിപക്ഷ ജനത എന്ന നിലയിൽ, വിശ്വാസപരവും സ്വാതന്ത്ര്യപരവുമായ ശോഭനമായൊരു ഭൂതകാലത്തിന്റെ ഓർമ്മകളിൽനിന്നുകൊണ്ട് ഭാവിയിലേയ്ക്ക് നോക്കുമ്പോൾ, ഹിന്ദുസംസ്ക്കാരത്തിൽ നിന്ന് ഹിന്ദുമതത്തിലേയ്ക്കൂള്ള ഈ ചുരുങ്ങലിന്റെ രാഷ്ട്രീയമാനങ്ങളും പ്രത്യാഘാതങ്ങളും ഭയാനകമാണെന്ന് കാണാം.

സാംസ്കാരികമേഖലയിൽ ഈ പരിണാമം സൃഷ്ടിക്കുന്ന പ്രധാന പ്രത്യാഘാതം കൂടി പറയാതെ അവസാനിപ്പിക്കുക വയ്യ. ഈ മാറ്റം ഹിന്ദുസംസ്കാരത്തിന്റെയും പൊതുവിൽ രാജ്യത്തിന്റെയും വിശ്വമാനവികതയുടെയും സർഗാത്മക്തയ്ക്ക് ഏൽപ്പിക്കുന്ന പരിക്ക് സങ്കടപ്പെടുത്തുന്ന ഒന്നാണ്. വർത്തമാനകാലത്തെ "ഹിന്ദുമത" പരിസരത്ത് ഒരു ഖജുരാഹുവോ കൊണാർക്കോ മധുര മീനാക്ഷീക്ഷേത്രമോ ഉണ്ടാവില്ല. സ്വവർഗ്ഗലൈംഗികതയോ ലജ്ജാഗൌരിയോ ചിത്രീകരിക്കപ്പെടുകയില്ല. ഇനി ഉണ്ടാവുന്ന ക്ഷേത്രചുവരുകളിൽ കാലഹരണപ്പെട്ട വിക്ടോറിയൻ സദാചാരത്തെ അനുസരിക്കുന്ന ഹൈന്ദവദൈവങ്ങൾ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. (ഒരു ക്ഷേത്രച്ചുമരിൽ കരയുള്ള പോളിസ്റ്റർ മുണ്ടുടുത്ത പൌരാണികമായൊരു നടരാജശില്പത്തെ കണ്ടത് കലാപരവും വിശ്വാസപരവുമായ ഏസ്തെറ്റിക്ക് സെൻസിനെ മറികടക്കുന്ന, കടം കൊണ്ട കപടസദാചാരത്തിന്റെ അസ്കിതയാവാം എന്ന് ദു:ഖപൂർവ്വം സ്മരിക്കുന്നു.) നഗ്നയായൊരു ദേവതയെയോ പാർവതിയുമായി സുരതമനുഷ്ഠിക്കുന്ന ശിവനെയോ ലൈംഗികകേളികളിലേർപ്പെട്ടിരിക്കുന്ന ദേവീദേവഗണങ്ങളെയോ അമ്പലച്ചുമരുകളിൽ കൊത്താൻ ഇനി ഒരു ശില്പിയും ധൈര്യപ്പെടുകയില്ല. അഥവാ ആരെങ്കിലും അതിന് ധൈര്യപ്പെട്ടാൽ ആ ശില്പങ്ങളുടെ ലാവണ്യം ആസ്വദിക്കാൻ വിശ്വാസികളുണ്ടാവില്ല. നഗ്നരാക്കപ്പെട്ട ബിംബങ്ങളെ ഓർത്ത് നൊമ്പരപ്പെടുന്ന ഹിന്ദുമതവിശ്വാസികളയേ ഇനി കാണാൻ സാധിക്കൂ. (വേദനിപ്പിക്കുന്ന വിരോധാഭാസമെന്നോണം, പൌരാണികക്ഷേത്രങ്ങളിലെ ശില്പചാതുരിയെക്കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്യും വികാരം വൃണപ്പെടുന്ന അതേ വിശ്വാസിസമൂഹം.) ചുരുക്കത്തിൽ, ഹിന്ദു സംസ്കാരത്തിൽ നിന്ന് ഇനിയൊരിക്കലും ഹമ്പി പോലെ, പൌരാണിക ക്ഷേത്രസംസ്ക്കാരത്തിന്റെയും കലയുടെയും കേന്ദ്രമായ ഒരു ‘വേൾഡ് ഹെറിറ്റേജ് സെന്റർ’ പുതുതായി ഉണ്ടാവില്ല! അഥവാ, "ഹിന്ദു സംസ്കാര"ത്തിന്റെ ഒഴുക്കും സർഗാത്മകതയും സ്വാതന്ത്ര്യവും "ഹിന്ദുമത"ത്തിൽ നിലയ്ക്കുന്നു!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories