TopTop
Begin typing your search above and press return to search.

ഗോമാംസം കഴിക്കരുതെന്നും കഴിച്ചവരെ കൊല്ലണമെന്നും വേദങ്ങളില്‍ പറഞ്ഞിട്ടില്ല; എംജിഎസ് സംസാരിക്കുന്നു

ഗോമാംസം കഴിക്കരുതെന്നും കഴിച്ചവരെ കൊല്ലണമെന്നും വേദങ്ങളില്‍ പറഞ്ഞിട്ടില്ല; എംജിഎസ് സംസാരിക്കുന്നു

അജ്ഞാനികളായവര്‍ പുനര്‍നിര്‍മിക്കുന്ന സംസ്‌കാരം പിന്തുടരേണ്ടിവരുന്ന കാലഘട്ടത്തിന്റെ ഇരകള്‍ക്ക് തങ്ങളുടെ ഭക്ഷണകാര്യത്തില്‍പ്പോലും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ഏതൊരു ജനവിഭാഗത്തിന്റെയും അടിസ്ഥാനമെന്നു പറയുന്നത് അവരുടെ പൗരാണികവും ചരിത്രപരവുമായ അസ്തിത്വങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ വര്‍ത്തമാനകാല സാഹചര്യം, തെറ്റായി വ്യാഖാനിക്കപ്പെടുന്ന ചരിത്രത്തിന്റെയും പുരാണങ്ങളുടെയും മറവില്‍ ശവക്കോട്ടകളായി മാറുകയാണ്. നിങ്ങള്‍ ചെയ്യുന്നതും പറയുന്നതും തെറ്റാണെന്ന് അവരുടെ തന്നെ ന്യായപ്രമാണങ്ങളെ വെല്ലുവിളിച്ചുകൊണ്ടു പറയാന്‍ കഴിയാതെ പോവുന്നതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ദുര്‍ഗതി. ചരിത്രാവബോധത്തിലും പുരാണേതിഹാസ വ്യാഖ്യാനങ്ങളിലും നമ്മള്‍ എത്രത്തോളം അറിവില്ലാത്തവരാണെന്നതാണ് ചിലര്‍ പുലര്‍ത്തുന്ന അസഹിഷ്ണുത വളരാന്‍ സഹായിക്കുന്നതെന്ന് പ്രമുഖ ചരിത്രകാരനായ ഡോ.എംജിഎസ് നാരായണന്‍ ചുണ്ടിക്കാണിക്കുന്നു. ഭക്ഷണം പോലും ഫാസിസ്റ്റ് ഇച്ഛയ്ക്ക് അനുസരിച്ച് കഴിക്കേണ്ടിവരുന്ന കറുത്തകാലത്തില്‍ തെറ്റ് അവരുടെതു മാത്രമല്ലെന്ന് എംജിഎസ് പറയുന്നത് എന്തുകൊണ്ടാവാം? അതെക്കുറിച്ച് എംജിഎസ് നാരായണന്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

ചരിത്രം തെളിവുകളിലൂടെയാണ് മനസ്സിലാക്കേണ്ടത്, അഭിപ്രായങ്ങളിലൂടെയല്ല. പുരാണങ്ങള്‍ പഠിച്ചാണ് മനസ്സിലാക്കേണ്ടത്. ഇതു രണ്ടിനും കഴിയാത്തിടത്താണ് ഒരു വിഭാഗം അബദ്ധങ്ങള്‍ പറയുന്നതും അതിനെ എതിര്‍ക്കാന്‍ മറുവിഭാഗത്തിന് കഴിയാതെ പോകുന്നതും. ഞാന്‍ വേദങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരാളാണ്. ഞാനറിഞ്ഞിടത്തോളം ഗോമാംസം കഴിക്കരുതെന്ന് വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടില്ല. മഹര്‍ഷിമാര്‍വരെ അതിഥി സത്കാരത്തിന്റെ ഭാഗമായി ഗോമാംസം വിളമ്പിയിട്ടുണ്ട്. അവര്‍ ഭക്ഷിച്ചിട്ടുമുണ്ട്. അതേപോലെ ഗോവിനെ വധിക്കുന്നവനെ വധിക്കണമെന്ന ശാസനയും വേദഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും ഞാന്‍ മനസ്സിലാക്കിയിട്ടില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ നടക്കുന്നത് അറിവില്ലായ്മയാണ്. അല്ലെങ്കില്‍ വാശി. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ വാശി, അല്ലെങ്കില്‍ അജ്ഞാനപ്രചരണത്തെ തടയാന്‍ പൊതുസമൂഹത്തിന് കഴിയുന്നില്ല. അതിന്റെ കാരണമാണ് നമ്മള്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട്. സ്വത്വാനേഷ്വണം ശാസ്ത്രീയമായി നടത്താനുള്ള വിദ്യാഭ്യാസം നമുക്കു ലഭിക്കുന്നില്ല. അതു നമ്മുടെ രാജ്യത്തിന്റെ ദുര്‍ഗതിയാണ്. മറ്റു രാജ്യങ്ങളില്‍ അങ്ങനെയല്ല. അവര്‍ കുട്ടികളില്‍ തൊട്ട് അന്വേഷണത്വര നിറയ്ക്കുകയാണ്. അതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കലാണ് അവരുടെ വിദ്യാഭ്യാസരീതികള്‍. കുട്ടികളെ ചോദ്യം ചോദിക്കാനും ഉത്തരങ്ങള്‍ സ്വയം കണ്ടെത്താനും അവര്‍ പരിശീലിപ്പിക്കുന്നു, നിര്‍ഭാഗ്യവശാല്‍ നമ്മുടെ വിദ്യാഭ്യാസം എന്നാല്‍ പരീക്ഷയെഴുത്താണ്. ലോകത്തിനു മുന്നില്‍ നമ്മള്‍ ഇക്കാര്യങ്ങളില്‍ വളരെ പിന്നിലാണ്, കേരളം അതിലേറെ പിന്നിലും.

സത്യത്തില്‍ ഇപ്പോള്‍ അബദ്ധപ്രചരണം നടത്തുന്നവരോട് എനിക്ക് തോന്നുന്നത് അവരുടെ അറിവില്ലായ്മ ഓര്‍ത്തുള്ള സഹതാപമാണ്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി, പൊതുസമൂഹത്തെ എന്തുകൊണ്ട് വേദ-പുരാണങ്ങള്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നതാണ്. പുരാണേതിഹാസങ്ങള്‍ പഠിക്കുന്നവരെയും ഹൈന്ദവ പൈതൃകങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്നവരെയും പിന്തിരിപ്പന്‍മാരും കൊള്ളരുതാത്തവരുമാക്കുകയാണ്. അതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. പൊതുസമൂഹത്തിന് വേദ-പുരാണേതിഹാസങ്ങളില്‍ അറിവുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരുവിഭാഗം നടത്തുന്ന അസഹിഷ്ണുതയെ ചെറുക്കാന്‍ കഴിയുമായിരുന്നു.ഹിന്ദു മതത്തിന്റെ പേരിലാണ് ഇപ്പോള്‍ പല അസഹിഷ്ണുതപരമായ പ്രവര്‍ത്തികളും നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഹിന്ദു മതം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ ആരാണ് ഈ മതം സ്ഥാപിച്ചത്? എതാണ് ഈ മതത്തിന്റെ അടിസ്ഥാനഗ്രന്ഥം? അങ്ങനെയൊന്നുണ്ടോ? വേദങ്ങളെന്നു ചിലര്‍ പറയുന്നു. വേദങ്ങള്‍ ജനസഞ്ചയത്തിലെ ഒരു ചെറുവിഭാഗമായ ബ്രാഹ്മണരില്‍ ഒരു ചെറിയവിഭാഗം മാത്രം പഠിച്ചിരുന്ന ഒന്നാണ്. കുറെക്കാലം കഴിഞ്ഞപ്പോള്‍ അതിന്റെ അര്‍ത്ഥങ്ങള്‍ പോലും മറന്നു. പിന്നീട് സായിപ്പന്‍മാര്‍ വന്നാണ് വേദങ്ങള്‍ തര്‍ജ്ജമ ചെയ്തതും പിന്നീടുള്ളവര്‍ അതുവഴി വേദങ്ങളെ അറിയുന്നതും.

വേദങ്ങളക്കാള്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ളത് പുരാണങ്ങള്‍ക്കും ഇതിഹാസങ്ങള്‍ക്കുമാണെന്നു പറയാം. എന്നാല്‍ അവയെയും നമ്മളിന്നു തഴഞ്ഞിരിക്കുകയാണ്. ഈ തഴയല്‍ തന്നെയാണ് അവയെക്കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങള്‍ പ്രചരിക്കാന്‍ കാരണവും. അബദ്ധങ്ങള്‍ ഉയരുമ്പോള്‍ അവയെ ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുകയാണ് വേണ്ടത്. അതിനുള്ള മനോഭാവം നമുക്കുണ്ടാകണം.

ഹൈന്ദവ സംസ്‌കാരത്തെ മതമായി ചിത്രീകരീച്ചത് ബ്രീട്ടീഷുകാരാണ്. അവര്‍ക്ക് മുമ്പ് ഹിന്ദുമതം എന്നൊരു ഐഡിയ നമുക്കിവിടെ ഉണ്ടായിരുന്നില്ല. അതേ സമയം ഹിന്ദു സംസ്‌കാരവും ഹിന്ദു പൈതൃകവും ഇവിടെ ഉണ്ടായിരുന്നു. അത് സിന്ധുനദീതടവാസവുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്. ബ്രിട്ടീഷുകാര്‍ സെന്‍സെസ് എടുക്കുമ്പോള്‍ ക്രിസ്ത്യന്‍ മതവിഭാഗക്കാരിലും മുസ്ലിം മതവിഭാഗക്കാരിലും പാഴ്‌സികളിലും ബുദ്ധമതക്കാരിലുമൊന്നും പെടാത്തെവരെയെല്ലാം കൂട്ടി ഹിന്ദു എന്നു പറഞ്ഞതല്ലാതെ അങ്ങനെയൊരു മതം ഇല്ല. ഇന്നിപ്പോള്‍ ഹൈന്ദവമതം എന്നുണ്ടെങ്കില്‍ അത് ഉണ്ടാക്കിയത് ബ്രിട്ടീഷുകാരാണെന്നു പറയേണ്ടിവരും. പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ പോലും ഹിന്ദു മതത്തെക്കുറിച്ച് പറയുന്നുപോലുമില്ല.

എന്തുകൊണ്ട് പശുവിനെ സംരക്ഷിക്കണം എന്നു പറയുന്നതിനെ മറ്റൊരുതരത്തില്‍ നമുക്ക് നോക്കി കാണാവുന്നതാണ്. പുരാണത്തിലെ ശ്രീകൃഷ്ണ കഥയില്‍ ഗോകുലവും ഗോപാലകരുമൊക്കെയുണ്ട്. ഗോകുലം എന്നാല്‍ ഗോക്കളുടെ (പശുക്കളുടെ) കുലം, ഗോവര്‍ദ്ധനം എന്നാല്‍ ഗോക്കളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്ന ഒരു മല, ഗോപാലകര്‍ എന്നാല്‍ ഗോക്കളെ പാലിക്കുന്നവര്‍; ഇങ്ങനെയൊരു വംശം ഉണ്ടായിരുന്നുവെന്നു പറയുന്നു. കൃഷിക്കാര്‍ ഉണ്ടായിരുന്നതുപോലെ തന്നെ ഗോപാലന്മാരും ഉണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം പശു അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നൊരു മൃഗമായിരുന്നു. ജീവിതമാര്‍ഗവുമായിരുന്നു. വീട്ടിലെ ഒരംഗം തന്നെയായിരുന്നു ആ മൃഗവും. അതുകൊണ്ടു തന്നെ വല്ലാത്തൊരു സെന്റിമെന്റല്‍ അപ്രോച്ച് ആയിരുന്നു അവര്‍ക്ക് പശുക്കളോടുണ്ടായിരുന്നത്. അതിനെ കൊല്ലാനോ ഉപദ്രവിക്കാനോ അവര്‍ ശ്രമിച്ചിരുന്നില്ല.ഈയൊരു സംസ്‌കാരത്തെ ഇപ്പോഴുള്ളവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നു പറയാന്‍ കഴിയില്ല. ഹൈന്ദവപാരമ്പര്യം എന്താണെന്നു അവര്‍ പഠിക്കാത്തതുകൊണ്ട് / അവരെ പഠിപ്പിക്കാത്തതുകൊണ്ട് പറ്റുന്ന അബദ്ധങ്ങളാണ്. യഥാര്‍ത്ഥ ഹൈന്ദവ സംസ്‌കാരത്തെ കുറിച്ച് അവരെ പഠിപ്പിക്കാതെ ബ്രിട്ടീഷുകാരും മറ്റു മതങ്ങളും തടഞ്ഞതുകൊണ്ടുള്ള പ്രശ്‌നങ്ങളാണ്. അവരോട് എനിക്ക് തോന്നുന്നത് സഹതാപമാണ്. സമൂഹവും അവരെ ശത്രുതയോടെയല്ല കാണേണ്ടത്. അവരുടെ അറിവില്ലായ്മയെ തിരുത്താനുള്ള സഹിഷ്ണുതയാണ് കാണിക്കേണ്ടത്. ഗാന്ധിജി അഹിംസയില്‍ ഊന്നി പ്രവര്‍ത്തിച്ചപ്പോള്‍ അഹിംസയല്ല, ഹിംസയാണ് വേണ്ടതെന്നു കമ്യൂണിസ്റ്റുകാര്‍ പരിഹസിച്ചിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ മനോഭാവം അവരെ എതിര്‍ക്കുകയെന്നതല്ലായിരുന്നു. അവരുടെ അറിവില്ലായ്മ കൊണ്ടല്ലേ അങ്ങനെ പറയുന്നത്, അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടതെന്നായിരുന്നു ഗാന്ധിജി നിലപാട് എടുത്തത്. ഇവിടെയും നമ്മള്‍ പുലര്‍ത്തേണ്ടത് ഇത്തരം മനോഭാവമാണ്.

ഹൈന്ദവ പുരാണേതിഹാസങ്ങളും വേദങ്ങളുമൊക്കെ പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണം. അതില്‍ മതമൌലികവാദം കാണാന്‍ ശ്രമിക്കരുത്. കൃത്യമായ അറിവ് ഇവയെക്കുറിച്ച് ഉണ്ടെങ്കില്‍ മാത്രമെ നമുക്ക് ശാസ്ത്രീയമായ അടിത്തറയില്‍ നിന്നുകൊണ്ടു തര്‍ക്കങ്ങളിലും വാദങ്ങളിലും ഏര്‍പ്പെടാന്‍ സാധിക്കൂ. പക്ഷേ ഇത്തരം വിദ്യാഭ്യാസം സ്വായത്തമാക്കാനുള്ള സര്‍വകലാശാലകള്‍ നമുക്കില്ല എന്നതും പോരായ്മയാണ്. ഇക്കാര്യങ്ങളിലൊക്കെ നാം ഇനിയും മുന്നേറാനുണ്ട്.

ഇന്ത്യയുടെ സെക്കുലറിസം തകരുന്നു എന്നു വിഷമിക്കുന്നവരും ചിലപ്പോള്‍ ചരിത്രം അഭിപ്രായങ്ങളിലൂടെ മാത്രം മനസ്സിലാക്കോയവരായിരിക്കണം. ഏറെ നാളത്തെ കൂടിയാലോചനകള്‍ക്കുശേഷം എഴുതിയ ഇന്ത്യന്‍ ഭരണഘടനയില്‍ സെക്യുലറിസം എന്നൊരു വാക്ക് ഉണ്ടായിരുന്നില്ല. ഇതു പിന്നീട് ഇന്ദിരാ ഗാന്ധിയാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ വളരെ തെറ്റിദ്ധാരണാജനകമായ രീതിയിലാണ് ഈ വാക്ക് നമ്മള്‍ ഉപയോഗിക്കുന്നത്. യൂറോപ്പില്‍ സെക്യുലറിസം എന്നാല്‍ മതനിഷേധമാണ്. ഇവിടെ എല്ലാ മതങ്ങളെയും സ്വീകരിക്കലാണ്. പ്രത്യേകിച്ച് പുറത്തുനിന്നു വന്ന മതങ്ങളെ. അതില്‍ തന്നെ ഒരു കുഴപ്പം ഉള്ളത്, ഹിന്ദുമതം കുഴപ്പം പിടിച്ചതും പിന്തിരിപ്പനും ബാക്കിയെല്ലാം നല്ലതുമെന്ന തരത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നതാണ്. ഒരുതരം കൊളോണിയല്‍ അടിമത്ത മനോഭാവത്തിന്റെ ഫലമാണ് നമ്മുടെ സെക്യുലറിസം എന്ന കാപട്യം.

എതിര്‍ക്കേണ്ടതിനെ എതിര്‍ക്കണം. അതുപക്ഷേ അസഹിഷ്ണുതയെ അസഹിഷ്ണുത കൊണ്ടെന്നപോലെയാകരുത്. അവരുടെ വാദങ്ങളെ എതിര്‍ക്കാന്‍ നമുക്ക് അതേ വാദങ്ങളിലെ ശാസ്ത്രീയമായ അറിവ് ഉണ്ടാകണം. അതിനുവേണ്ടിയുള്ള വിദ്യാഭ്യാസമാണ് നമ്മള്‍ തേടേണ്ടത്. ഇപ്പോള്‍ അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെങ്കിലും അത് കൊണ്ടുവരേണ്ടതുണ്ട്. അറിവ് നേടിയെടുത്തവര്‍ പോലും അതു പങ്കുവയ്ക്കാതെ സ്വാര്‍ത്ഥചേരികളില്‍ നിലയുറപ്പിക്കുമ്പോള്‍ സ്വയം അറിവു നേടേണ്ടുന്നതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories