TopTop
Begin typing your search above and press return to search.

അവര്‍ക്ക് ഭഗത്സിംഗും 'രാജ്യദ്രോഹി'; ലുധിയാനയിലെ ജനചേതന പുസ്തകശാല അടിച്ചുതകര്‍ത്തപ്പോള്‍

അവര്‍ക്ക് ഭഗത്സിംഗും രാജ്യദ്രോഹി; ലുധിയാനയിലെ ജനചേതന പുസ്തകശാല അടിച്ചുതകര്‍ത്തപ്പോള്‍

പുരോഗമന സാഹിത്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലുധിയാനയിലെ ജനചേതന, ഹിന്ദുത്വ സാമൂഹിക വിരുദ്ധര്‍ അടിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് സംഘടനയ്ക്ക് വേണ്ടി ആനന്ദ് സിംഗ് പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ രൂപം.

2017 ജനുവരി രണ്ടിന്, പുരോഗമന സാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമായ ജനചേതന ഒരു സംഘം ഹിന്ദുത്വ ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. പുസ്തകക്കടയുടെ മാനേജരായ ബിന്നിയെ അവര്‍ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും അവരുടെ രക്ഷക്കായി എത്തിയ മറ്റ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഈ ഫാസിസ്റ്റ് ആക്രമണം വെറും കാഴ്ചക്കാരെ പോലെ നോക്കി നിന്ന പോലീസിന്റെ മുന്നില്‍ വച്ചാണ് സംഭവിച്ചത് എന്ന യാഥാര്‍ത്ഥ്യമാണ് ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്നത്. പിന്നീട്, ഈ ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്നതിന് പകരം, അവിടെ ജനചേതന പുസ്തകശാലയുടെ മാനേജര്‍ ബിന്നിയെയും അവിടെ സന്നിഹിതരായിരന്ന ടെക്‌സ്റ്റൈല്‍സ് ഹോസിയറി കര്‍മാകാര്‍ യൂണിയന്റെ പ്രസിഡന്റ് ലഖ്വീന്ദര്‍, കാര്‍ഘാന മസ്തൂര്‍ യൂണിയന്റെയും സത്ബീര്‍ നൗജവാന്‍ ഭാരത് സഭയുടെയും പ്രവര്‍ത്തകനായ ഗുര്‍ജീത്(സമര്‍) എന്നിവരെ കസ്റ്റഡിയിലെടുക്കുകയും പുസ്തകക്കട പൂട്ടിയ്ക്കുകയുമാണ് ചെയ്തത്. എന്നാല്‍, ജനകീയ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരെ പെട്ടെന്ന് മോചിപ്പിക്കുകയും വിവിധ സംഘടനകളും തൊഴിലാളി യൂണിയനുകളും നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് പുസ്തകക്കട വീണ്ടും തുറക്കാനും പോലീസ് നിര്‍ബന്ധിതരായി.

ജനചേതന, 'ഹൈന്ദവവിരുദ്ധ സാഹിത്യം' പ്രചരിപ്പിച്ചുകൊണ്ടും 'ഇന്ത്യ വിരുദ്ധ പ്രത്യയശാസ്ത്രം വിളമ്പിക്കൊണ്ടും' യുവാക്കളെ മസ്തിഷ്‌കപ്രക്ഷാളനം' നടത്തുന്നതായി' ഹിന്ദുത്വ ഗുണ്ടകള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഭഗത്സിംഗ് എഴുതിയ 'ഞാന്‍ എന്തുകൊണ്ട് ഒരു നിരീശ്വരവാദിയായി', രാധ മോഹന്‍ ഗോകുല്‍ജി എഴുതിയ 'ഈശ്വര്‍ കെ ബഹിഷ്‌കാര്‍' തുടങ്ങിയ സാഹിത്യകൃതികള്‍ സമര്‍പ്പിച്ച അവര്‍, 'നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുകയും,' 'മതവികാരം വൃണപ്പെടുത്തുകയും' ചെയ്യുന്നതിന്റെ പേരില്‍ ജനചേതനയ്‌ക്കെതിരെ എഫ്‌ഐആര്‍ ഇടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുസ്തകക്കടയിലെ ഒരു നിത്യസന്ദര്‍ശകയായ ശിവാനി, പുരോഗമനപരവും വിപ്ലവകരവുമായ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാനുള്ള ജനചേതനയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ തീരുമാനച്ച വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് ഈ സംഭവപരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നത്. രോഷാകുലരായ അവളുടെ മാതാപിതാക്കള്‍ പരാതിയുമായി ഹിന്ദുത്വ ഗുണ്ടകളെ സമീപിച്ചതോടെ അവരുടെ സ്ഥിരം രീതിയില്‍ ജനചേതനയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ചില ബഹുജന സംഘടനകള്‍ പ്രതിഷേധനങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ജനുവരി മൂന്നിന്, ഹിന്ദുത്വ ഗുണ്ടകളുടെ ആക്രമണത്തിലും പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചുകൊണ്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളും തൊഴിലാളികളും ജനാധിപത്യ അവകാശ പ്രവര്‍ത്തകരും പ്രകടനം നടത്തുകയും ലുധനിയാന അഞ്ചാം ഡിവിഷന്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ഗുണ്ടകള്‍ക്കെതിരെയും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആക്രമണകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എസിപി 24 മണിക്കൂര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് പുസ്തകക്കടയുടെ താക്കോല്‍ ജനചേതന പ്രതിനിധികള്‍ക്ക് മടക്കി നല്‍കാന്‍ പോലീസ് നിര്‍ബന്ധിതമായി. ടെക്‌സ്‌റ്റൈല്‍ ഹോസിയറി കമാഗാര്‍ യൂണിയന്‍, പഞ്ചാബ് സ്റ്റുഡന്‍സ് യൂണിയന്‍, നൗജവാന്‍ ഭാരത് സഭ, ഇന്‍ക്വിലാബി കേന്ദ്രം പഞ്ചാബ്, ഡെമോക്രാറ്റിക് എംപ്ലോയീസ് ഫ്രണ്ട്, താര്‍ക്ക്ഷീല്‍ സൊസൈറ്റി പഞ്ചാബ്, ലോക് ഏകതാ സംഘാതന്‍, മോള്‍ഡര്‍ ആന്റ് സ്റ്റീല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഡെമോക്രാറ്റിക് ലോയേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് പ്രകടനത്തിലും പ്രതിഷേധത്തിലും പങ്കെടുത്തത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍, വര്‍ദ്ധിച്ചുവരുന്ന കൃത്യതയോടെ ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന യുക്തിചിന്തയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും നേരെയുള്ള സ്ഥിരമായ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവങ്ങളും. രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ചാബില്‍ ഹിന്ദു മൗലീകവാദികള്‍ക്ക് അത്ര പിന്തുണയില്ല എന്നതുകൊണ്ട് തന്നെ ഈ സംഭവം വളരെ അപകടകരമാകുന്നു. തങ്ങളുടെ വിഷലിപ്ത ആശയങ്ങള്‍ പഞ്ചാബില്‍ പ്രചാരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെ അടിത്തട്ടില്‍ ജനകീയ കൂട്ടായ്മകള്‍ ഉണ്ടാകേണ്ടത് സമയത്തിന്റെ ആവശ്യമാണ്. വിപ്ലവകരവും ജനാധിപത്യപരവും പുരോഗമനപരവുമായ ആശയങ്ങളോട് ഫാസിസ്റ്റ് ശക്തികള്‍ക്ക് ഭയമാണെന്ന് ഈ സംഭവം വീണ്ടും വ്യക്തമാക്കുന്നു. ഇത്തരം ആശയങ്ങള്‍ അടങ്ങുന്ന എഴുത്തികള്‍ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള അതിന്റെ ദൗത്യം ജനചേതന തുടരുകതന്നെ ചെയ്യും.


Next Story

Related Stories