UPDATES

ഇന്ത്യ

യുപിയില്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താന്‍ യോഗിയുടെ ഹിന്ദു യുവവാഹിനി

ആദിത്യനാഥ് അധികാരമേറ്റതോടെ ഹിന്ദു യുവവാഹിനി തീവ്രഹിന്ദു നിലപാടുകള്‍ സംസ്ഥാനത്ത് പതിന്മടങ്ങായി ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതോടെ, 2002ല്‍ അദ്ദേഹം സ്ഥാപിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടന തീവ്രഹിന്ദു നിലപാടുകളുമായി മുന്നോട്ടു പോകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കുന്നതിന് നേരത്തെ സ്ഥിതിഗതികള്‍ എതിരായിരുന്നുവെന്നും ഇപ്പോള്‍ അനുകൂല അന്തരീക്ഷമാണ് സംജാതമായിരിക്കുന്നതെന്നും അവര്‍ വിലയിരുത്തുന്നു. ആദിത്യനാഥ് അധികാരമേറ്റതോടെ ഹിന്ദു യുവവാഹിനി സംസ്ഥാനത്തെ മുഖ്യശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഇതോടെ തീവ്രഹിന്ദു നിലപാടുകള്‍ സംസ്ഥാനത്ത് പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പശുസംരക്ഷണ സംഘങ്ങള്‍, പുവാലവിരുദ്ധ സംഘങ്ങള്‍, മതപരിവര്‍ത്തനത്തിനെതിരായ പ്രതിഷേധം ഉള്‍പ്പെടെയുള്ളവ സംഘടിപ്പിച്ചുകൊണ്ട് പലപ്പോഴും നിയമവാഴ്ചയ്ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദു യുവവാഹിനി. അതൊകൊണ്ട് തന്നെ തീവ്രവാദികള്‍ എന്നും നിയമവിരുദ്ധര്‍ എന്നുമുള്ള ആരോപണം സംഘടനയുടെ സ്ഥാപനം മുതല്‍ നേരിടുന്നുണ്ട്. ആദിത്യനാഥ് അധികാരത്തില്‍ എത്തിയതോടെ സംഘടനയുടെ ഊര്‍ജ്ജം വര്‍ദ്ധിച്ചിട്ടുണ്ട്. ജില്ലകള്‍ തോറും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെ കണ്ടെത്താനും ചുമതലകള്‍ വിഭജിച്ച് നല്‍കാനുമാണ് സംഘടന ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്ന് സംഘടനയുടെ പടിഞ്ഞാറന്‍ യുപി മേഘലയുടെ തലവന്‍ നാഗേന്ദ്ര സിംഗ് തോമര്‍ പറയുന്നു. മുന്‍ ഭരണകാലങ്ങളില്‍ സംഘടന ഒരുപാട് പീഢനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചപ്പോഴൊക്കെ സംഘടനയുടെ പ്രവര്‍ത്തകര്‍ ബലിയാടാക്കപ്പെടുകയും യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയുമാണ് ഉണ്ടായതെന്ന് തോമര്‍ വിശദീകരിക്കുന്നു. ഇനി അതിന് മാറ്റം വരും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. സംസ്ഥാനത്ത് പൂവാല വിരുദ്ധ സംഘങ്ങള്‍ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇത്. ഇറച്ചി കടകള്‍ തീവെക്കുന്നത് വ്യാപകമായിരിക്കുകയും ചെയ്യുന്നു.

തോമറും മറ്റ് നേതാക്കളും പ്രവര്‍ത്തകരുമായി ഇടപഴകുമ്പോള്‍ നടത്തുന്ന ആശയവിനിമയങ്ങളില്‍ നിന്നും സംഘടനയുടെ ഭാവി പരിപാടികള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. തന്റെ പ്രദേശത്തെ ദളിത് സമുദായത്തിലെ നിരവധി അംഗങ്ങളെ ക്രിസ്തുമതത്തിലേക്ക് മാറ്റി എന്നൊരു പ്രവര്‍ത്തകന്‍ പരാതിപ്പെട്ടപ്പോള്‍, ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇത് കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മതം മാറുന്നവരെ തിരിച്ചറിയുകയും അവരെ പഴയ മതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യണം എന്നതായിരുന്നു തോമറിന്റെ മറുപടി. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമികവല്‍ക്കരണം ചെറുക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. നേപ്പാളില്‍ നിന്നും ഗോരഖ്പൂര്‍ വഴി രാജ്യത്തെ വിഭജിക്കുന്നതിനായി നിരവധി പേര്‍ കടന്നു കയറുന്നുണ്ടെന്നും അതുവഴി കന്നുകാലി കള്ളക്കടത്തും കള്ളനോട്ടും മനുഷ്യക്കടത്തും വര്‍ദ്ധിക്കുകയാണെന്നും സംഘടന രൂപീകരിക്കുന്ന വേളയില്‍ ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇന്ത്യയെ വിഭജിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പള്ളികളും മദ്രസകളും ആരാധനാലയങ്ങളും സ്ഥാപിക്കപ്പെടുന്നതെന്നും അന്ന് ആദ്ദേഹം ആരോപിച്ചിരുന്നു.

സ്ഥാപിതമായ അന്ന് മുതല്‍ ഒരു ഗൂഢസംഘമായാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അധികാരികളെ വിവരം അറിയിക്കാറുണ്ടെങ്കിലും എപ്പോഴും അവരെ വിശ്വസിക്കാറില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ശാരീരിക ആക്രമണങ്ങള്‍ക്ക് മുതിരാന്‍ ഒരു മടിയും ഇവര്‍ക്കില്ല. യോഗി മോശം ശക്തികള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പലപ്പോഴും നിയമലംഘനം നടത്തേണ്ടി വരുമെന്നുമാണ് ഇവര്‍ ഇതിന് നല്‍കുന്ന വ്യാഖ്യാനം. സ്ത്രീ സാന്നിധ്യം ഇല്ലാത്ത ഒരു സംഘടന കൂടിയാണിത്. യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയത് ആഘോഷിക്കുന്നതിനായി ഷെഹരന്‍പൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിജയ യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. യുപിയില്‍ ജീവിക്കണമെങ്കില്‍ യോഗി പറയുന്നത് കേള്‍ക്കണം, മുള്ളയുടെയും ഖ്വാസിയുടെയുമല്ല മറിച്ച് വീര ശിവജിയുടേതാണ് ഈ രാജ്യം തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ആഘോഷങ്ങള്‍ നടന്നയിടങ്ങളിലൊക്കെ മുഴങ്ങി. യോഗി ഭയരഹിതനും അങ്ങേയറ്റം ദേശഭക്തനുമാണ് എന്ന് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ സാധാരണ പ്രവര്‍ത്തകരുമായി ഇടപഴകുന്നതില്‍ നേതാക്കള്‍ അസ്വസ്ഥരാണ്. ആദിത്യനാഥിനെ അധിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ ഭാരവാഹികളുമായി മാത്രം സംസാരിച്ചാല്‍ മതിയെന്നാണ് അവര്‍ പറയുന്നത്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചതാണ് അദ്ദേഹം വിവാദപുരുഷനാവാന്‍ കാരണമെന്നും അനുയായികള്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ ജനപിന്തുണ ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി ആദിത്യനാഥിനെ താറടിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്നുമാണ് അവര്‍ പറയുന്നത്. മുഴുവന്‍ മുസ്ലീങ്ങളുടെയും ശത്രുവല്ല മഹാരാജ് എന്ന് അനുയായികള്‍ വിശേഷിപ്പിക്കുന്ന ആദിത്യനാഥ് എന്നാണ് സംഘടനയുടെ മീററ്റ് ഭാരവാഹിയായ സച്ചിന്‍ മിത്തല്‍ പറയുന്നത്. ഒരു വിഭാഗം മുസ്ലീങ്ങള്‍ തീവ്രവാദികളാണ്. മറ്റ് മതങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല. അവര്‍ക്കെതിരെ മാത്രമാണ് ആദിത്യനാഥ് പോരാടുന്നതെന്നും മിത്തല്‍ വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍