TopTop
Begin typing your search above and press return to search.

മലയാളി എന്ന വഷളന്‍ ഹിപ്പോക്രാറ്റ്

മലയാളി എന്ന വഷളന്‍ ഹിപ്പോക്രാറ്റ്

ജെ. ബിന്ദുരാജ്

മലയാളിയുടെ ഇരട്ടത്താപ്പും ഹിപ്പോക്രസിയുമൊക്കെ എപ്പോഴും എവിടെയുമുണ്ട്. ചിലപ്പോഴൊക്കെ അത് മറനീക്കി പുറത്തുവരുമ്പോള്‍ നമുക്ക് ലജ്ജ അനുഭവപ്പെടുമെങ്കിലും നാണം മറയ്ക്കാന്‍ രാഷ്ട്രീയ കോണകങ്ങളുണ്ടെങ്കില്‍ കുഴപ്പമില്ല. അത് വേഗം എടുത്തണിഞ്ഞ് ഹിപ്പോക്രാറ്റുകളെപ്പോലും താമസംവിനാ പിന്തുണയ്ക്കും നമ്മള്‍. ഉദാഹരണത്തിനായി പൂരത്തിനായി കമ്യൂണിസ്റ്റ് നേതാവ് നിലകൊണ്ടാല്‍ അത് തൃശൂരുകാരുടെ സാംസ്‌കാരിക ഉത്സവമാകും. അതല്ലെങ്കില്‍ അത് വെടിക്കെട്ടും ശബ്ദമലിനീകരണവും ആനകള്‍ക്കെതിരായ ക്രൂരതയുമാകും. ഈ മനുഷ്യര്‍ നടത്തുന്ന വൈകൃതങ്ങളൊക്കെ നോക്കി നില്‍ക്കുന്ന നിഷ്പക്ഷരായവര്‍ക്ക് വെടിക്കെട്ട്, ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കുമെതിരെയുള്ള ക്രൂരതയാണ്. ആന എഴുന്നെള്ളിപ്പ് ചങ്ങലയ്ക്കിട്ട ഒരു വന്യമൃഗത്തിന്റെ ജീവന് സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും നേര്‍ക്കു നടത്തുന്ന കടന്നുകയറ്റമാണ്. നമ്മുടെ ഹിപ്പോക്രസി പോലും രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു!

മലയാളിയുടെ ഈ ഹിപ്പോക്രസി അവന്റെ രക്തത്തിലുള്ളതാണ് മനസ്സില്‍ തെല്ലും വേദനയോ സഹതാപമോ ഇല്ലാതെ പരിതപിക്കാനും അനുതപിക്കാനുമൊക്കെ അവനെ കണ്ടു പഠിക്കണം. ദു:ഖിക്കുക എന്നതല്ല ദു:ഖം രേഖപ്പെടുത്തുക എന്നതാണ് അവന്റെ സ്വഭാവം. മാന്‍ ഇന്‍ ബ്ലാക്ക് എന്ന പേരില്‍ ഒലിവര്‍ ഗോള്‍ഡ്‌സ്മിത്തിന്റെ പ്രശസ്തമായ ഒരു ലേഖനമുണ്ട്. തന്റെ മനസ്സിലെ നന്മ പുറത്തുകാണിക്കുന്നതിനു പോലും മടിക്കുകയും സ്വയം ഒരു ദുഷ്ടമനസ്സുള്ളവനായി മറ്റുള്ളവര്‍ക്കു മുന്നില്‍ നടിക്കുകയും ചെയ്യുന്ന ഒരാളാണ് അതിലെ പ്രതിപാദ്യ വിഷയം. ഗോള്‍ഡ്‌സ്മിത്ത് അയാളെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്; തന്റെ ഉള്ളിലുള്ള ദയാവായ്പില്‍ ലജ്ജിക്കുന്നവനാണ് അയാള്‍. സംശയം വേണ്ട. ഗോള്‍ഡ്‌സ് സ്മിത്ത് പച്ചയ്ക്ക് പരിഹസിക്കുന്നത് ഇംഗ്ലണ്ടിലെ ഹിപ്പോക്രാറ്റുകളായ ജനതയെ തന്നെയാണ്.

മറ്റുള്ളവരുടെ ദയാവായ്പും കരുണയുമൊക്കെ പ്രകടമാക്കുന്ന ഹിപ്പോക്രസി കണ്ട് ലജ്ജാവിവശനായ ഒരാള്‍ തന്റെ മനസ്സില്‍ സഹജീവികളോടുള്ള കരുണ പോലും മറച്ചുവയ്‌ക്കേണ്ടി വരുന്ന ഒരു അവസ്ഥയെയാണ് ഗോള്‍ഡ്‌സ്മിത്തിന്റെ കഥാപാത്രം പ്രതിനിധാനം ചെയ്യുന്നത്. ഇത് മാന്‍ ഇന്‍ ബ്ലാക്കിനു മാത്രം സംഭവിക്കുന്ന കാര്യമല്ല. മനസ്സില്‍ കാരുണ്യവും സഹജീവികളോടുള്ള അനുകമ്പയുമൊക്കെയുള്ള ഏതൊരാളും ഇന്ന് കേരളത്തിലും അത് മറച്ചുവയ്ക്കാന്‍ നിര്‍ബന്ധിതനാണ്. കാരണം ഇവിടെ കാരുണ്യം പോലും നന്നായി വിപണനം ചെയ്യപ്പെടുന്ന ഒരു വസ്തുവായി മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയാണ് മലയാളിയുടെ ഹിപ്പോക്രസിയിലും നല്ല വിപണന സാധ്യതയുണ്ടെന്ന് കണ്ടെത്തിയ ആദ്യ ബ്രാന്‍ഡ്. മറ്റുള്ളവര്‍ക്കു മുന്നില്‍ ലോട്ടറിയെടുക്കാന്‍ മടിയുള്ളവരും എന്നാല്‍ ലോട്ടറിയെടുക്കാന്‍ ആഗ്രഹിക്കുന്നവരുമായ ഒരു ജനത ഇവിടെയുണ്ടെന്ന തിരിച്ചറിവാണ് ഭാഗ്യക്കുറിയെ ഒരു ചാരിറ്റി സംരംഭമായി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതിനു കാരണം. കോടി രൂപ ലോട്ടറിയടിക്കണമെന്നുള്ള മോഹം സാക്ഷാത്ക്കരിക്കുന്നതിനൊപ്പം തന്നെ മറ്റുവര്‍ക്കുമുന്നില്‍ താനൊരു സഹായമന:സ്ഥിതിക്കാരാണെന്ന് തെളിയിക്കാന്‍ കൂടി അവനെ സഹായിക്കുന്നുണ്ട് ആ ലോട്ടറി.രാജാധികാരം ജനാധിപത്യത്തിനു വഴിമാറിയെന്നും ഇവിടെ രാജവാഴ്ച നിലനില്‍ക്കുന്നില്ലെന്നും അറിയാത്തവരല്ല കേരളത്തിലെ കമ്യൂണിസ്റ്റുകള്‍. ജന്മിത്ത വ്യവസ്ഥിതിക്കെതിരെ സമരത്തിനിറങ്ങുകയും ജീവത്യാഗങ്ങളിലൂടെ അവകാശങ്ങള്‍ പിടിച്ചുവാങ്ങുകയും ചെയ്തവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ പൂര്‍വികര്‍. പക്ഷേ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഐ-എം സ്ഥാനാര്‍ത്ഥി ഡോ. ടി എന്‍ സീമയ്ക്ക് രാജാധികാരത്തിന്റെ ഹാങ്ങോവര്‍ ഈ ജനാധിപത്യകാലത്തും നിലനില്‍ക്കുന്നുവെന്നതിന്റെ സൂചനയാണ് രാജകുടുംബത്തെ സന്ദര്‍ശിച്ച് വിഷു ദിനത്തില്‍ അവരുടെ വിഷുക്കൈനീട്ടവും ആശംസയുമൊക്കെ കൈപ്പറ്റി താന്‍ സായൂജ്യമടങ്ങിയെന്ന് അവര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നടത്തിയിരിക്കുന്ന കുമ്പസാരം. രാജവാഴ്ചയുടെ പഴകിയ അവശിഷ്ടങ്ങളായി നിലകൊള്ളുന്ന തമ്പുരാട്ടിമാരെ വിശേഷിക്കുമ്പോള്‍ അവരുടെ പേരിനു മുന്നില്‍ തിരുനാള്‍ എന്നുമൊക്ക കൂട്ടിച്ചേര്‍ത്ത് വിശേഷിപ്പിച്ച് തന്റെ പ്രജാ മനോഭാവവും വിധേയത്വവും കൂടുതല്‍ പ്രകടമാക്കുകയും ചെയ്തിരിക്കുന്നു അവര്‍. വോട്ട് ചെയ്യാന്‍ പോലും പോകാതെ ഇപ്പോഴും തങ്ങളുടെ സ്ഥാനം തട്ടിത്തെറിപ്പിച്ച ജനാധിപത്യ വ്യവസ്ഥയോടുള്ള കലിപ്പില്‍ കഴിയുന്ന ഈ തമ്പ്രാട്ടിമാരെ സന്ദര്‍ശിച്ച വിവരം സീമ ഇങ്ങനെ കൊട്ടിഘോഷിച്ചതിന്റെ രസതന്ത്രം വ്യക്തമാണ്; സവര്‍ണ മനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍ താന്‍ സ്വീകാര്യയായി മാറണമെന്നതാണ് അത്. ഹിപ്പോക്രസിയുടെ ഭീകരതയില്‍ തന്നെയാണതിനും സ്ഥാനം.

ആനയ്ക്ക് പൂരം വലിയ ഇഷ്ടമാണെന്ന് പ്രചരിപ്പിക്കുന്നവരാണ് തൃശൂരിലെ പൂരഭ്രാന്തന്മാര്‍. സ്വന്തം ഭ്രാന്തുകള്‍ നടത്താന്‍ വേണ്ടി ഒരു വനജീവിക്കു കൂടി ഭ്രാന്തുണ്ടെന്ന് പറയുന്നതാണ് ഏറ്റവും ദയനീയം. ഹിപ്പോക്രസിയുടെ ഭ്രാന്തമായ ഒരു തലമാണത്. കരിമ്പുപാടങ്ങളിലും കൃഷിയിടങ്ങളിലുമെത്തുന്ന ആനയെ ഭയപ്പെടുത്തി ഓടിക്കാനാണ് ശബ്ദവും പുകയും തീയും പറകൊട്ടലുമൊക്കെ പണ്ടുകാലം മുതലേ കര്‍ഷകര്‍ സ്വീകരിച്ചുപോന്നിരുന്നത്. ശബ്ദത്തോടും തീയോടുമൊക്കെയുള്ള വനജീവികളുടെ ഈ അലര്‍ജിയും ഭയവും കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ആന മേളം ആസ്വദിക്കുന്നുവെന്ന് പൂരഭ്രാന്തന്മാര്‍ തട്ടിവിടുന്നത്. അമിതമായ ശബ്ദവും കരിമരുന്നു പ്രയോഗവുമൊക്ക മൂലം ശരിക്കും ബുദ്ധിമുട്ടിലാകുന്ന ആനയുടെ നിസ്സഹായതയോടെയുള്ള രോഷപ്രകടനവും ചൂട് അകറ്റാനുമുള്ള ശ്രമവുമാണ് അതിന്റെ ചെവിയാട്ടല്‍. വരണ്ടുണങ്ങിയ ഒരു നിലത്ത് ചങ്ങലയില്‍ ഒരു വനജീവിയെ നിര്‍ത്തി, അതിനെ ആയുധങ്ങള്‍ ഉപയോഗിച്ച് നിയന്ത്രിച്ച് അതിനിഷ്ടമില്ലാത്ത കാര്യങ്ങളൊക്കെ അതിന്റെ ശരീരത്തില്‍ ചെയ്യുന്ന മനുഷ്യന്റെ നികൃഷ്ടതയാണ് വാസ്തവത്തില്‍ പൂരങ്ങള്‍. ആനയെ ചികിത്സിക്കാന്‍ പോലും പ്രാവീണ്യമുള്ള ഒരു നല്ല ഡോക്ടര്‍ പോലുമില്ലാത്ത കേരളത്തിലാണ് ആനപ്രേമികളെന്ന് വിളിക്കപ്പെടുന്ന കൂതറകളുടെ മേല്‍നോട്ടത്തില്‍ ഇവിടെ പൂരഭ്രാന്ത് അരങ്ങേറുന്നത്. ഈ ഭ്രാന്തന്മാരെ ചങ്ങലയ്ക്കിടാന്‍ കെല്‍പില്ലാത്ത ഭരണകൂടവും കോടതികളും പൂരം ഒരു ആചാരമാണെന്ന മട്ടില്‍ വ്യാഖ്യാനിച്ച് രാജ്യത്തെ നിയമങ്ങളെപ്പോലും അട്ടിമറിക്കുന്നിടത്താണ് വാസ്തവത്തില്‍ ഒരു സാധാരണ പൗരന്റെ ധര്‍മ്മബോധം ഉണരേണ്ടത്. പക്ഷേ അതുണ്ടാകുന്നില്ല. പൂരത്തെ ഇഷ്ടപ്പെടുന്ന ബന്ധുജനങ്ങളേയും സുഹൃത്തുക്കളേയും പോലും വിഷമിപ്പിച്ചുകൊണ്ട് നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ മലയാളി മനസ്സ് തയാറാകുന്നില്ല. അവനിലെ ഹിപ്പോക്രാറ്റ് പ്രതികരണശൂന്യതയെന്ന മൗനവല്‍മീകത്തില്‍ അഭയം തേടുന്നു.

സോളാര്‍ കേസ്സിലെ പ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രിക്കെതിരെ തെളിവു സഹിതം ആരോപണം ഉന്നയിക്കുമ്പോള്‍ കോടതി പോലും പറയുന്നത് സരിതയ്ക്ക് വിശ്വാസ്യതയില്ലെന്നാണ്. സരിതയെ തനിക്കറിയില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിന്നീട് തനിക്കവരെ അറിയാമെന്നും അവരെ കണ്ടിട്ടുണ്ടെന്നുമൊക്കെ തുറന്നുപറയുമ്പോള്‍ പോലും മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ കോടതി ചോദ്യം ചെയ്യുന്നില്ലെന്നതാണ് മറ്റൊരു ഹിപ്പോക്രസി. തമ്പാനൂര്‍ രവിയും ബെന്നി ബെഹാനാനുമൊക്കെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സരിതയുമായി നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഫോണ്‍ ചെയ്യുന്നതൊന്നും കോടതി കാണുന്നതേയില്ല. പകരം സോളാര്‍ കമ്മീഷനു മുന്നില്‍ രാത്രി വൈകുവോളം കുത്തിയിരുന്ന് സഹതാപം പിടിച്ചുപറ്റിയ മുഖ്യമന്ത്രിയാണ് മലയാളിയുടെ കണ്ണില്‍ പുണ്യവാളന്‍. കാര്യസാധ്യത്തിനായി പലരുമായും കിടപ്പറ പങ്കിടേണ്ടി വരുന്നവര്‍ വേശ്യകളും അവരെ ഉപേയാഗിച്ചവര്‍ മാന്യദേഹങ്ങളുമായി തുടരുന്ന നാടാണിത്.

മലയാളികള്‍ വിഷുക്കണി വയ്ക്കുമ്പോള്‍ അതിനകത്ത് തേങ്ങയ്ക്കും മാങ്ങയ്ക്കും നാണയത്തിനും കണിക്കൊന്നപ്പൂവിനുമൊക്കെയൊപ്പം ഒരു കണ്ണാടി വയ്ക്കാറുണ്ട്. പലരും ഇതിന്റെ പ്രതീകാത്മകമായ അര്‍ത്ഥമറിഞ്ഞൊന്നുമല്ല ഇതൊക്കെ ചെയ്യുന്നത്. തേങ്ങയും മാങ്ങയും ചക്കയുമൊക്കെ കാര്‍ഷികസമൃദ്ധിയിലേക്കു നടക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ നാണയം സമ്പാദ്യത്തിന്റെ ആവശ്യകതയാണ് വെളിവാക്കുന്നത്. കണ്ണാടി വാസ്തവത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്; തങ്ങളുടെ വരുംവര്‍ഷത്തിലെ നല്ല കാര്യത്തിനും ചീത്ത കാര്യത്തിനുമൊക്കെ ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് കണ്ണാടിയില്‍ തെളിയുന്ന നമ്മുടെ മുഖം. ഹിപ്പോക്രാറ്റായ മലയാളി കണ്ണാടിയില്‍ കാണുന്നത് അവന്റെ തന്നെ മുഖമാണ്. മഞ്ഞനിറമുള്ള വെളിച്ചത്തില്‍ തന്നെയാണ് അവന്റെ കണ്ണുകളെ മഞ്ഞപ്പ്; അതുകൊണ്ടു ഒരു കാലത്തും തെളിച്ചത്തിന് വഴിമാറുകയുമില്ല.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories