TopTop
Begin typing your search above and press return to search.

ഒരു ടാബ്ലോയിഡ് തകര്‍ത്ത ഹിരോറ്റാഡ ഓട്ടോടാക്കിയുടെ രാഷ്ട്രീയ ജീവിതം

ഒരു ടാബ്ലോയിഡ് തകര്‍ത്ത ഹിരോറ്റാഡ ഓട്ടോടാക്കിയുടെ രാഷ്ട്രീയ ജീവിതം

അഴിമുഖം പ്രതിനിധി

1998ല്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകളാണ് ഹിരോറ്റാഡ ഓട്ടോടാക്കിയെ ജപ്പാനില്‍ താരമാക്കിയത്. 'നോ വണ്‍ ഈസ് പെര്‍ഫെക്ട്' (ആരും പരിപൂര്‍ണരല്ല) എന്നത് കൈകാലുകളില്ലാതെ ജനിച്ച ഓട്ടോടാക്കിയുടെ ജീവിതകഥയാണ്. ജപ്പാന്‍ സമൂഹത്തില്‍ നേരിടേണ്ടിവന്ന സംഘര്‍ഷങ്ങളുടെ ആ കഥ ഓട്ടോടാക്കിക്ക് ബഹുമാന്യതയും ആരാധനയും നേടിക്കൊടുത്തു. ടെലിവിഷന്‍ ഷോകളില്‍ പതിവായി പങ്കെടുക്കാനുള്ള അവസരവും കൈവന്നു. പിന്നീട് സ്‌പോര്‍ട്‌സ് ജേണലിസത്തിലും അധ്യാപനത്തിലും തൊഴില്‍ നേടുകയും ചെയ്തു.

രണ്ടുവര്‍ഷം മുന്‍പ് തന്റെ ജന്മസ്ഥലമായ ടോക്യോയിലെ ഷിന്‍ജുകു പ്രദേശത്തെ തെരുവുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുവേണ്ടി ഓട്ടോടാക്കി ഒരു നോണ്‍ പ്രോഫിറ്റ് സംഘടന (എന്‍.ജി.ഒ) തുടങ്ങി. ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി അദ്ദേഹത്തെ പാര്‍ലമെന്റിലെ അപ്പര്‍ ഹൗസിലേക്ക് മത്സരിപ്പിച്ചേക്കുമെന്നും ഊഹാപോഹങ്ങളുയര്‍ന്നു.

ഇങ്ങനെ കഠിനാദ്ധ്വാനം കൊണ്ടു സമ്പാദിച്ച മാന്യതയും തൊഴിലുമാണ് ഒരു ടാബ്ലോയിഡ് വാര്‍ത്ത കൊണ്ടു തകര്‍ന്നത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ഓട്ടോടാക്കിക്ക് ഒരേസമയം അഞ്ചിലധികം വിവാഹേതരബന്ധങ്ങളുണ്ടെന്നായിരുന്നു വാര്‍ത്ത.

'ഷുകന്‍ ഷിന്‍ചോ'യിലെ റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി സംഭവം ശരിയാണെന്ന് ഓട്ടോടാക്കി സമ്മതിച്ചു. ഡിസംബറില്‍ ഒരു ഇരുപതുകാരിയുമായി പാരിസും ടുണീഷ്യയും സന്ദര്‍ശിച്ചതായും ഓട്ടോടാക്കി പറഞ്ഞു.2001ല്‍ വിവാഹിതനായശേഷം മറ്റ് നാലു ബന്ധങ്ങള്‍ കൂടിയുണ്ടായിരുന്നുവെന്നു പറഞ്ഞ ഓട്ടോടാക്കി അപമാനത്തില്‍നിന്നു രക്ഷപ്പെടാന്‍ തന്റെ വെബ്‌സൈറ്റിലൂടെ ശ്രമം നടത്തി. 'തന്റെ മൂല്യമില്ലായ്മ' ഏറ്റുപറഞ്ഞും 'പലര്‍ക്കും അസൗകര്യമുണ്ടാക്കിയതിന്' ക്ഷമ പറഞ്ഞും ഒരു സന്ദേശം നല്‍കുകയാണ് ഓട്ടോടാക്കി ചെയ്തത്.

'എന്നെ ഇതുവരെ പിന്തുണച്ചിട്ടുള്ള എന്റെ ഭാര്യയോടും കരിയറില്‍ എന്നെ സഹായിച്ച മറ്റുള്ളവരോടും ഞാന്‍ ക്ഷമയര്‍ഹിക്കാത്ത വഞ്ചന കാണിച്ചു.'

ഭാര്യയോടു സംസാരിച്ചതിനുശേഷം 'ജീവിതത്തിന്റെ ബാക്കി കാലം തെറ്റുതിരുത്താന്‍ ശ്രമിക്കാന്‍ സന്നദ്ധനാ'ണെന്നും ഓട്ടോടാക്കി പറയുന്നു.

അതേ പേജില്‍ ഓട്ടോടാക്കിയുടെ ഭാര്യ ഹിടോമിയുടേതായി വന്ന സന്ദേശം പരക്കെ വിമര്‍ശനത്തിനിടയാക്കി. 'ഈ സാഹചര്യം ഭാഗികമായി എന്റെകൂടി കുറ്റം കൊണ്ടാണെന്നു ഞാന്‍ കരുതുന്നു,' എന്നാണ് ആ സന്ദേശത്തിലുള്ളത്. അവരുടെ സന്ദേശത്തിലും മറ്റുള്ളവര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുണ്ട്.

'ഈ സന്ദേശങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ വളരെ അമര്‍ഷമുണ്ടാക്കി. പ്രത്യേകിച്ച് മുന്‍പ് ഓട്ടോടാക്കിയെ ബഹുമാനിച്ചിരുന്ന, ഇപ്പോള്‍ അയാളുടെ പ്രവൃത്തിമൂലം വഞ്ചിക്കപ്പെട്ടതായി തോന്നലുള്ള സ്ത്രീകള്‍ക്കിടയില്‍,' ഹൊക്കൈദോ ബന്‍കിയോ യൂണിവേഴ്‌സിറ്റിയിലെ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ അധ്യാപകനായ മകോട്ടോ വതനാബി പറയുന്നു.

'വേനല്‍ക്കാലത്ത് ഓട്ടോടാക്കിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ അങ്ങനെയൊരു പ്രസ്താവന നടത്താന്‍ ഹിടോമി നിര്‍ബന്ധിതയാകുകയായിരുന്നുവെന്നാണ് പൊതുവേ കരുതപ്പെടുന്നത്. വിവാഹേതരബന്ധങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തല്‍ തന്നെ വേണ്ടതിലേറെയായിരുന്നു. അയാളുടെ ഉത്തരവാദിത്തം കുറയ്ക്കാന്‍വേണ്ടി ഹിടോമിയുടെ കുറ്റമേല്‍ക്കല്‍ അതിനെ കൂടുതല്‍ വഷളാക്കി.'

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിച്ഛായയ്ക്കു മങ്ങലുണ്ടാക്കാന്‍ എല്‍ഡിപി ആഗ്രഹിക്കാത്തതിനാല്‍ പാര്‍ലമെന്റില്‍ കടന്നുകൂടാനുള്ള ഓട്ടോടാക്കിയുടെ മോഹം തല്‍ക്കാലം നടക്കാനിടയില്ല.'പാര്‍ട്ടി താരതമ്യേന പരുക്കേല്‍ക്കാന്‍ സാധ്യതയുള്ള അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ അവര്‍ക്കു പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് അവസരം കിട്ടാന്‍ സാധ്യതയില്ല,' വതനാബി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഓട്ടോടാക്കിയുടെ രാഷ്ട്രീയജീവിതം തുടങ്ങും മുന്‍പ് അവസാനിച്ചെന്നും പറയാനാകില്ല. കാരണം ശരീരം മുഴുവന്‍ കഴുകി വൃത്തിയാക്കുന്ന 'മിസ്‌ഗോഗി' എന്ന ജപ്പാനിലെ ഷിന്റോ ശുദ്ധീകരണ ആചാരം അനുഷ്ഠിച്ചശേഷം ശക്തരായി തിരിച്ചുവന്നിട്ടുള്ള പലരും ജപ്പാന്‍ രാഷ്ട്രീയത്തിലുണ്ട്.

'കുറച്ചുനാള്‍ നിശബ്ദനായിരിക്കുകയും നല്ല കാര്യങ്ങള്‍ ചെയ്യുകയും ടാബ്ലോയിഡുകളില്‍ പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്താല്‍ പൊതുജനം അദ്ദേഹത്തെ വീണ്ടും സ്വീകരിച്ചേക്കും,' വതനാബി അഭിപ്രായപ്പെടുന്നു.

'രാഷ്ട്രീയക്കാരനാകും മുന്‍പാണ് ഇതു സംഭവിച്ചത് എന്നതില്‍ ഓട്ടോടാക്കി ഭാഗ്യവാനാണ്. എങ്കിലും ബഹുമാന്യത തിരിച്ചുകിട്ടാന്‍ സമയമെടുക്കും. ആ സമയം വേണമെങ്കില്‍ മറ്റൊരു പുസ്തകമെഴുതാന്‍ ഉപയോഗിക്കാം.' വതനാബി പറഞ്ഞു.


Next Story

Related Stories