TopTop
Begin typing your search above and press return to search.

നര്‍ഗീസ് മാവല്‍വാല; പാക്കിസ്ഥാന്‍ ആഘോഷിക്കുകയാണ് ഈ സ്ത്രീയുടെ വിജയം

നര്‍ഗീസ് മാവല്‍വാല; പാക്കിസ്ഥാന്‍ ആഘോഷിക്കുകയാണ് ഈ സ്ത്രീയുടെ വിജയം

ടീം അഴിമുഖം

യു.എസില്‍ ഗുരുത്വ തരംഗങ്ങളുടെ ചരിത്രപ്രധാനമായ കണ്ടുപിടുത്തം നടന്നപ്പോള്‍ ആഘോഷങ്ങള്‍ ആരംഭിച്ചത് പാകിസ്ഥാനിലാണ്.

ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ നടത്തിയ ഒരു പരികല്‍പനയെ സാധ്യമാക്കിയതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ ഉണ്ടായ ഉന്മാദം, ചരിത്രപ്രധാനമായ ശാസ്ത്രീയ കണ്ടുപിടുത്തത്തിനായി ഒരു സംഘം ശാസ്ത്രജ്ഞരെ സഹായിച്ച കറാച്ചിയില്‍ ജനിച്ച MIT പ്രൊഫസര്‍ നര്‍ഗീസ് മാവല്‍വാലയെ അല്പം അത്ഭുതപ്പെടുത്തുകതന്നെ ചെയ്യുന്നു.

“ഇക്കാര്യത്തില്‍ ഇത്രയേറെ താത്പര്യമുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി-ഇതിന്റെ പിന്നിലെന്താണെന്ന് നിങ്ങള്‍ക്കൊന്നു പറഞ്ഞുതരാമോ?” ഡോണ്‍ പത്രത്തിന് നല്കിയ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ അവര്‍ ചോദിച്ചു.

ഈ കണ്ടുപിടുത്തം നടത്തിയ യു എസ് ആസ്ഥാനമായ LIGO Scientific Collaboration സംഘത്തിലെ ഒരംഗമായ അവരെ ജന്മനാട്ടില്‍ നവസാമൂഹ്യ മാധ്യമങ്ങളില്‍ കൊണ്ടാടുന്നതിനെയാണ് മാവല്‍വാല സൂചിപ്പിച്ചത്.

വാര്‍ത്തകള്‍ക്കും ഫെയ്സ്ബുക് പോസ്റ്റുകള്‍ക്കും കിട്ടിയ നൂറുകണക്കിന് പ്രതികരണങ്ങളില്‍ വായനക്കാര്‍ അവരുടെ വിജയത്തെ, ഉപഭൂഖണ്ഡത്തില്‍ അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ പലതുമായും ബന്ധിപ്പിച്ചു: പാകിസ്ഥാനി വേരുകള്‍, അവരുള്‍പ്പെട്ട പാഴ്സി സമുദായം, കറാച്ചിയിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്‍റിലെ അവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ പലതും.

ഒരു ഊര്‍ജതന്ത്രജ്ഞയാകുക എന്ന സ്വപ്നവുമായി പാകിസ്ഥാനിലെ ഒരു ന്യൂനപക്ഷ സമുദായത്തില്‍ വളര്‍ന്ന, പ്രശസ്തമായ വെല്ലസ്ലി കോളേജിലും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിലും എത്തിയ ഒരു സ്ത്രീയുടെ വിജയത്തിനു പിന്നില്‍ എന്തായിരിക്കും?

“സാമ്പ്രദായികമായ ലിംഗവിവേചനങ്ങള്‍ കൃത്യമായി പാലിച്ചിരുന്ന ഒരു കുടുംബത്തിലായിരുന്നില്ല ഞാന്‍ വളര്‍ന്നത്,”മാവല്‍വാല പറയുന്നു. “അതുകൊണ്ട് ഒരു സ്ത്രീക്ക് എന്തും ചെയാനാകുമെന്ന് കരുതിയാണ് ഞാന്‍ വളര്‍ന്നത്. അതെന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു.”

തന്റെ അച്ഛനമ്മമ്മാര്‍ ശാസ്ത്രജ്ഞരല്ലെന്നും അതുകൊണ്ടു താന്‍ ചെയ്യുന്ന ജോലിയെന്തെന്ന് കൃത്യമായി അറിയണമെന്നില്ലെന്നും അവര്‍ പറഞ്ഞു. “പക്ഷേ അവരെന്നും പിന്തുണ നല്കിയിരുന്നു. അവള്‍ക്കിതാണ് ചെയ്യാന്‍ ആഗ്രഹമെങ്കില്‍ നാം വഴിമാറിക്കൊടുക്കാം, അവള്‍ അത് ചെയ്യട്ടെ എന്നവര്‍ എപ്പോഴും കരുതിയിരുന്നു-വളരാന്‍ വേണ്ട ശക്തമായൊരു സാഹചര്യമായിരുന്നു അത്.”

“എന്റേതല്ലാത്ത അവരുടേതായ ഒരു സ്വപ്നത്തിനായി എന്തെങ്കിലും ചെയ്യാന്‍ ഒരിയ്ക്കലും സമ്മര്‍ദമുണ്ടായിട്ടില്ല,” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 30 വര്‍ഷമായി മാവല്‍വാല പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ല. അവരുടെ അടുത്ത ബന്ധുക്കളെല്ലാം വിദേശത്താണ്. എങ്കിലും തന്റെ യാത്രയെക്കുറിച്ച് പാകിസ്ഥാന്‍കാര്‍ അറിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.“എനിക്കുമേല്‍ അവിടെ ശ്രദ്ധ പതിഞ്ഞതിനാല്‍ പാകിസ്ഥാനിലെ ജനങ്ങള്‍ അറിയേണ്ടതെന്തെന്ന് ഞാന്‍ ശരിക്കും ആലോചിച്ചു. ആര്‍ക്കും വിജയിക്കാം- നിങ്ങളൊരു സ്ത്രീയോ, മത ന്യൂനപക്ഷത്തില്‍ പെട്ടയാളോ, സ്വവര്‍ഗാനുരാഗിയോ ആരുമാകട്ടെ. അതൊന്നും ഒരു പ്രശ്നമല്ല.”

“ആര്‍ക്കും അത്തരം കാര്യങ്ങള്‍ ചെയ്യാം. ഞാന്‍ അതിനു തെളിവാണ് കാരണം ഞാന്‍ അതെല്ലാമാണ്. അവസരങ്ങളുടെ ശരിയായ ചേര്‍ച്ചയില്‍ എനിക്കത് ചെയ്യാന്‍ കഴിഞ്ഞു.”

ഒരു രാജ്യമോ സ്ഥാപനമോ ആയുള്ള ബന്ധത്തിലുപരി ചോദ്യം ചെയ്യാനും അന്വേഷിക്കാനുമുള്ള തന്റെ മനസാണ് ലോകത്തെങ്ങുനിന്നുമുള്ള 1,000 ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ ഭാഗമായി ഈ വലിയ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്ന് വിശ്വസിക്കാനാണ് മാവല്‍വാല ഇഷ്ടപ്പെടുന്നത്.

“വളരുമ്പോള്‍ ജ്യോതിശാസ്ത്രം എന്നൊരു വിഷയമുള്ളതായേ എനിക്കറിയില്ലായിരുന്നു. ഊര്‍ജതന്ത്രം ഉള്ളതായി അറിയാം. പിന്നെ ഒരാകാശത്തില്‍ കൌതുകകരമായ കുറെ വസ്തുക്കളുള്ളതായും.”

“രാത്രിയിലെ ആകാശത്തെപ്പറ്റി പഠിക്കുമ്പോള്‍ ഞാന്‍ ഏറെ ചെറുപ്പമായിരുന്നു. ഞാന്‍ ക്ലിഫ്ടനില്‍ താമസിക്കുമ്പോള്‍ ഉല്‍ക്കാ മഴയുള്ള രാത്രികളില്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി നോക്കുമായിരുന്നു. പ്രപഞ്ചത്തെക്കുറിച്ച് എനിക്ക് തികഞ്ഞ അത്ഭുതം ഉണ്ടായിരുന്നു. പ്രപഞ്ചം ഉണ്ടായതെങ്ങനെ എന്നതിനെക്കുറിച്ചും ഞാന്‍ അത്യധികം തത്പരയായിരുന്നു. അത് രൂപപ്പെട്ടതിന്റെ കാരണം,ഇത്തരം കാര്യങ്ങളെക്കുറിച്ച്, കുട്ടിയായിരിക്കുമ്പോള്‍ പോലും ഞാന്‍ ഒരു തരത്തിലുമുള്ള മത വിശദീകരണങ്ങളിലും വിശ്വസിച്ചിരുന്നില്ല എന്നതുകൊണ്ടുമാണ്.”

കണ്ടുപിടിത്തത്തിന്റെ വിജയാഹ്ലാദങ്ങളില്‍ സഹപ്രവര്‍ത്തകരുമായി പങ്കുചേരുമ്പോഴും ‘ഒരു മഞ്ഞുമലയുടെ തുമ്പു മാത്രമാണു’ തങ്ങള്‍ കണ്ടതെന്ന് മാവല്‍വാല കരുതുന്നു.

“ഈ കണ്ടുപിടുത്തം ഒരു തുടക്കം മാത്രമാണ്. അത്ര വലുതായിരിക്കും എന്നു വിചാരിക്കാത്ത തമോഗര്‍ത്തങ്ങളെ നാം കണ്ടെത്തി. പക്ഷേ അവയെ കണ്ടെത്തിയതോടെ മറ്റ് പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടേണ്ടതായി വന്നു. എങ്ങനെയാണ് അവ അത്രയും വലുതായത്? ഓരോ കണ്ടുപിടിത്തവും ഉത്തരം കണ്ടത്തേണ്ട നിരവധി ചോദ്യങ്ങളിലേക്കാണ് നിങ്ങളെ നയിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണ് കണ്ടുപിടുത്തത്തിന്റെ അടുത്ത നിമിഷത്തില്‍ ഉണ്ടാകുന്നത്. അത് ശരിക്കും തമാശയാണ്.”


Next Story

Related Stories