TopTop
Begin typing your search above and press return to search.

1891 ഏപ്രില്‍ 14: ഡോ.അംബേദ്കര്‍ ജയന്തി

1891 ഏപ്രില്‍ 14: ഡോ.അംബേദ്കര്‍  ജയന്തി

ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങളുടെ വിമോചന നായകനും ഭരണഘടനാ ശില്‍പ്പിയുമായ ഡോ.അംബേദകര്‍ 1891 ഏപ്രില്‍ 14ന് ജനിച്ചു. നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയിലാണ് ഭീം റാവു രാംജി അംബേദ്‌കറുടെ ജനനം. കരസേനയില്‍ സുബേദാര്‍ ആയിരുന്ന രാംജി സ്‌ക്പാലിന്റേയും ഭീമാബായ് സക്പാലിന്റേയും മകനായി. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ നിന്നുള്ളവരാണ് അംബേദ്കറിന്റെ മാതാപിതാക്കള്‍. ദളിത് വിഭാഗമായ മഹര്‍ ജാതിയില്‍ പെട്ടവര്‍. കുട്ടിക്കാലം മുതല്‍ ജാതി വിവേചനത്തിന്റെ തീവ്രാനുഭവങ്ങള്‍. രമാബായും (1906-1935) സവിതയുമായിരുന്നു (1948-56) ജീവിത പങ്കാളികള്‍.

ബോംബെയിലെ എല്‍ഫിന്‍സ്റ്റന്‍ കോളേജിലെ ബിരുദ പഠനത്തിന് ശേഷം അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലുമായി ഉപരിപഠനം. ബറോഡ, കോലാപ്പൂര്‍ നാട്ടുരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് വിദേശത്ത് ഉപരിപഠനം നടത്തിയത്. 1916ല്‍ ദ കാസ്റ്റ്‌സ് ഇന്‍ ഇന്ത്യ ദെയര്‍ മെക്കാനിസം, ജെനസിസ്, ഡെവലപ്പ്‌മെന്റ് എന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുന്നു. 1920ല്‍ മൂക്‌നായക് എന്ന മാഗസിന്‍ തുടങ്ങുന്നു. നാഗ്പൂരില്‍ ആദ്യത്തെ അഖിലേന്ത്യാ അധസ്ഥിത ജാതി സമ്മേളനം സംഘടിപ്പിക്കുന്നു. 1924ല്‍ 'ബഹിഷ്‌കൃത് ഹിതകാരിണി' സഭ സ്ഥാപിച്ചു. പഠിക്കുക, പോരാടുക, സംഘടിക്കുക എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചു. 1926ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1927ല്‍ 'ബഹിഷ്‌കൃത് ഭാരത്' എന്ന പ്രസിദ്ധീകരണം തുടങ്ങി. അധസ്ഥിത ജാതിക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മഹദ് സത്യാഗ്രഹം. ജാതിപീഡനങ്ങളുടെ നിയമസംഹിതയായ മനുസ്മൃതി 1927 ഡിസംബര്‍ 25ന് അംബേദ്കറുടെ നേതൃത്വത്തില്‍ പൊതുസ്ഥലത്ത് വച്ച് കത്തിച്ചു. ക്ഷേത്ര പ്രവേശന പ്രക്ഷോഭങ്ങള്‍ക്കും പൊതു ജലസ്രോതസുകളില്‍ നിന്ന് വെള്ളം കുടിക്കുന്നതിനും ശേഖരിക്കുന്നതിനുമുള്ള അധസ്ഥിത ജാതിക്കാരുടെ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. അധസ്ഥിത ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും ഗവണ്‍മെന്റ് ജോലികളും ലഭിക്കാനുള്ള അവകാശം ഉയര്‍ത്തിക്കാട്ടി സൈമണ്‍ കമ്മീഷന് മെമ്മോറാണ്ടം നല്‍കി.

1931ല്‍ ബോംബെയില്‍ വച്ച് ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ എംകെ ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടി. അതേവര്‍ഷം ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഡോ.അംബേദ്കര്‍ പങ്കെടുത്തു. ഗാന്ധിയും അംബേദ്കറും തമ്മില്‍ വാഗ്വാദം. അംബേദ്കര്‍ മുന്നോട്ട് വച്ച് അധസ്ഥിതജാതിക്കാര്‍ക്ക് പ്രത്യേക മണ്ഡലം എന്ന ആശയത്തെ ഗാന്ധി എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് 1932ല്‍ പൂനെയിലെ യാര്‍വാദ ജയിലില്‍ ഗാന്ധി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി. ഒത്തുതീര്‍പ്പുകളുടെ ഭാഗമായി അംബേദ്കര്‍ പൂന കരാറില്‍ ഒപ്പ് വയ്ക്കുന്നു. "ഞാനൊരു ഹിന്ദുവായാണ് ജനിച്ചത്. ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല" എന്ന് 1935ല്‍ നാസികില്‍ വച്ച് അംബേദ്കര്‍ പ്രഖ്യാപിക്കുന്നു. 1936ല്‍ ലാഹോറില്‍ ജാത് പാത് തോഡക് മണ്ഡലില്‍ നടത്താനിരുന്ന പ്രസംഗം പിന്നീട് 'അനിഹിലേഷന്‍ ഓഫ് കാസ്റ്റ്' അഥവാ 'ജാതി ഉന്മൂലനം' എന്ന പേരില്‍ പുസ്തകരൂപത്തില്‍ വിഖ്യാതമായി. ഇന്ത്യയിലെ ജാതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന ഗ്രന്ഥമായി അത് മാറി. ജാതി ഉന്മൂലനം എന്നാല്‍ ഹിന്ദു മതത്തെ ഇല്ലാതാക്കുക എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നതെന്ന് അംബേദ്‌കര്‍ വ്യക്തമാക്കി. സംഘാടകര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് അദ്ദേഹം ആ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. 1936ല്‍ ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചു. ആ വര്‍ഷം ബോംബെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1942ല്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗം. 1946ല്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 'ആരായിരുന്നു ശൂദ്രര്‍?' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1947 ഓഗസ്റ്റ് 15ന് ശേഷം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രി. ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1949 നവംബറില്‍ ഭരണഘടനാ കരടിന് അംഗീകാരം. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി. അംബേദ്കര്‍ പിന്നീട് ബുദ്ധമത പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീകള്‍ക്ക് തുല്യ നീതിയും അവകാശങ്ങളും ഉറപ്പാക്കുന്ന ഹിന്ദു കോഡ് ബില്ലിന് രൂപം നല്‍കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. അംബേദ്കറിനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം. ഹിന്ദു കോഡ് ബില്‍ അടക്കമുള്ള വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് നെഹ്രു മന്ത്രിസഭയില്‍ നിന്ന് രാജി വച്ചു. 1951-52ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോംബെ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ജനവിധി തേടിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബുദ്ധിസ്റ്റ് പഠനങ്ങളില്‍ മുഴുകി. 1956 ഒക്ടോബറില്‍ നാഗ്പൂരില്‍ അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിച്ചു. ഡിസംബര്‍ ആറിന് അന്തരിച്ചു.


Next Story

Related Stories