TopTop
Begin typing your search above and press return to search.

1895 ജനുവരി അഞ്ച്: ജര്‍മ്മനിക്ക് സൈനികരഹസ്യം ചോര്‍ത്തിയെന്ന് ആരോപിച്ച് ഫ്രഞ്ച് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

1895 ജനുവരി അഞ്ച്: ജര്‍മ്മനിക്ക് സൈനികരഹസ്യം ചോര്‍ത്തിയെന്ന് ആരോപിച്ച് ഫ്രഞ്ച് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

1895 ജനുവരി അഞ്ചിന്, ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനായ ആല്‍ഫ്രഡ് ഡ്രെയ്ഫൂസിനെ പിരിച്ചുവിടുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒരു ജൂത ആര്‍ട്ടിലറി ക്യാപ്ടനായിരുന്ന ആല്‍ഫ്രഡ് ഡ്രെയ്ഫൂസ് (1859-1935) ജര്‍മ്മനിക്ക് സൈനീക രഹസ്യങ്ങള്‍ കൈമാറി എന്ന തെറ്റായ ആരോപണത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതോടെ 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഫ്രാന്‍സിനെ പിടിച്ചുകുലുക്കിയ ഡ്രെയ്ഫൂസ് ഇടപാടിന് തുടക്കം കുറിച്ചു. 1894ല്‍, ഡ്രെയ്ഫൂസിന്റെ കൈയക്ഷരത്തോട് സാമ്യമുള്ള ഒരു കീറിപ്പറിഞ്ഞ കത്ത് പാരീസിലെ ജര്‍മ്മന്‍ എംബസിയിലെ കുപ്പത്തൊട്ടിയില്‍ നിന്നും ഒരു ഫ്രഞ്ച് ചാരന്‍ കണ്ടെടുത്തതിനെ തുടര്‍ന്ന്, അദ്ദേഹത്തെ സൈനീക കോടതി വിചാരണ ചെയ്യുകയും വഞ്ചനാകുറ്റം ആരോപിക്കുകയും ഫ്രഞ്ച് ഗയാനയിലെ ഡെവിള്‍സ് ദ്വീപുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിനെ കുറ്റവാളിയായി പ്രഖ്യാപിച്ചതിന് ശേഷം പാരീസില്‍ നടന്ന ഒരു പൊതുചടങ്ങില്‍ വച്ച് അദ്ദേഹത്തിന്റെ അധികാരമുദ്രകള്‍ വലിച്ചുകീറുകയും വാള്‍ മുറിച്ചുകളയുകയും 'യൂദാസിന് മരണം, ഒരു ജൂതന് മരണം,' എന്ന് അലറി വിളിച്ചിരുന്ന ജനക്കൂട്ടത്തിന് നടുവില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

എന്നാല്‍ 1896ല്‍, പ്രതി ചാരപ്രവര്‍ത്തന സംഘത്തിന്റെ തലവനായ ജോര്‍ജസ് പിക്വാര്‍ട്ട് നടത്തിയ ഒരു അന്വേഷണത്തില്‍ മറ്റൊരു ഫ്രഞ്ച് സൈനീക മേജറായിരുന്ന ഫെര്‍ഡിനാന്റ് വാള്‍സിന്‍ എസ്റ്റര്‍ഹാസിയാണ് യഥാര്‍ത്ഥ കുറ്റവാളി എന്ന് തെളിഞ്ഞു. പുതിയ തെളിവുകള്‍ സൈനീക മേധാവികള്‍ ബോധപൂര്‍വം മറച്ചുവെച്ചതിനെ തുടര്‍ന്ന്, വെറും രണ്ടു ദിവസം നീണ്ടു നിന്ന വിചാരണയ്‌ക്കൊടുവില്‍ എസ്റ്റര്‍ഹാസിയെ സൈനീക കോടതി ഏകകണ്ഠമായി കുറ്റവിമുക്തനാക്കി. കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡ്രെയ്ഫൂസിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ സൈന്യം ആരോപിച്ചു. ഡ്രെയ്ഫൂസിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ചില കാര്യങ്ങള്‍ മറച്ചുവെക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. 1898 ജനുവരി 13ന് പ്രമുഖ ഫ്രഞ്ച് ദിനപ്പത്രമായ ലെ ഔറോറില്‍ വിശ്രുത എഴുത്തുകാരനായ എമിലി സോള എഴുതിയ ജ അക്കൂസെ എന്ന തുറന്ന കത്തിനെ തുടര്‍ന്നായിരുന്നു പൊതുചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. കേസ് പുനഃപരിശോധിക്കണമെന്ന് പൊതുപ്രവര്‍ത്തകര്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി.

1899ല്‍, മറ്റൊരു വിചാരണയ്ക്കായി ഡ്രെയ്ഫൂസിനെ ഫ്രാന്‍സിലേക്ക് മടക്കിക്കൊണ്ടുവന്നു. 1894 മുതല്‍ 1906 വരെ നീണ്ടുനിന്ന സംഭവവികാസങ്ങള്‍ ഫ്രാന്‍സിനെ രണ്ടായി വിഭജിച്ചു: കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള സൈനീക അനുകൂല 'ഡ്രെയ്ഫൂസാര്‍ഡ്‌സ് വിരുദ്ധരും' പൗരോഹിത്യത്തെ എതിര്‍ക്കുന്ന റിപബ്ലിക്കന്‍ അനുകൂലികളായ 'ഡ്രെയ്ഫൂസാര്‍ഡ്‌സു' ആയി ഫ്രഞ്ച് ജനത വിഭജിക്കപ്പെട്ടു. പുതിയ വിചാരണ മറ്റൊരു ശിക്ഷാവിധിയിലേക്ക് നയിക്കുകയും അദ്ദേഹത്തെ പത്തുവര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്‌തെങ്കിലും ഡ്രെയ്ഫൂസീന് മാപ്പുനല്‍കുകയും സ്വതന്ത്രനാക്കുകയും ചെയ്തു. പിന്നീട് ഡ്രെയ്ഫൂസിനെതിരായ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് വിവരിക്കപ്പെട്ടു. 1906ല്‍ ഡ്രെയ്ഫൂസിനെതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിക്കപ്പെടുകയും ഫ്രഞ്ച് സൈന്യത്തിലെ ഒരു മേജറായി അദ്ദേഹത്തെ പുനഃപ്രവേശിപ്പിക്കുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധക്കാലത്ത് മുഴുവന്‍ തന്റെ സേവനം രാജ്യത്തിന് സമര്‍പ്പിച്ച അദ്ദേഹം ഒരു ലഫ്റ്റനന്റ് കേണല്‍ ആയാണ് വിരമിച്ചത്്. ഡ്രെയ്ഫൂസ് ഇടപാട് ഒരു മനുഷ്യന് നേരിടേണ്ടി വന്ന ദുരന്തം എന്ന നിലയ്ക്ക് മാത്രമല്ല, രാഷ്ട്രീയവും മതപരവും ദേശീയ സ്വത്വത്തിന്റെ അടിസ്ഥാനത്തിലുമുള്ള നിരവധി പ്രശ്‌നങ്ങളുടെ പേരില്‍ ഫ്രാന്‍സിനെ ആഴത്തില്‍ വിഭജിച്ചു.


Next Story

Related Stories