TopTop
Begin typing your search above and press return to search.

അധികാരപ്രമത്തനായ ഒരു ഏകാധിപതിയുടെ സ്വേച്ഛാഭരണമല്ല ഫാസിസം; ഇന്ത്യ കരുതിയിരിക്കുക

അധികാരപ്രമത്തനായ ഒരു ഏകാധിപതിയുടെ സ്വേച്ഛാഭരണമല്ല ഫാസിസം;  ഇന്ത്യ കരുതിയിരിക്കുക

ഒരു രാഷ്ട്രീയ മുന്നേറ്റം എന്ന നിലയില്‍ ഫാസിസം ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെട്ടത് 1919 മാര്‍ച്ച് 23 ന് ഇറ്റലിയിലെ മിലനില്‍ ആയിരുന്നു. സാന്‍ സെപാല്‍കോ പിയാസയിലെ മിലന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കോമേഴ്‌സ്യല്‍ അലയന്‍സിന്റെ മീറ്റിംഗ് റൂമില്‍ വിരമിച്ച പട്ടാളക്കാര്‍, പുരോഗമനവാദികള്‍, വ്യവസായികള്‍ എന്നിവരടങ്ങിയ നൂറോളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുസോളിനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആദ്യത്തെ പേര് ഫാസിഡികൊമ്പാറ്റിമെന്റോ എന്നായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നേരിട്ട തൊഴിലില്ലായ്മയും ഭരണ അസ്ഥിരതയും പരിഹരിക്കുവാന്‍ പുതിയ ഒരു ദിശയിലേക്ക് ഇറ്റലിയെ നയിക്കുവാന്‍ മുസോളിനിയും കൂട്ടരും തീരുമാനിച്ചു. ദേശീയതയ്ക്കുവേണ്ടി സോഷ്യലിസത്തിനെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു ഫാസിഡികൊമ്പാറ്റിമെന്റോയുടെ പ്രഖ്യാപിത ലക്ഷ്യം.

പതിനെട്ടു വയസില്‍ വോട്ടവകാശം, സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷ, പുതിയ ഭരണഘടന, എട്ട് മണിക്കൂര്‍ ജോലി, പള്ളിയുടെ സമ്പത്ത് പിടിച്ചെടുക്കല്‍ എന്നിങ്ങനെ യുദ്ധാനന്തരദുരിതങ്ങള്‍ അനുഭവിക്കുന്ന ഒരു ശരാശരി ഇറ്റലിക്കാരനെ സ്വാധീനിക്കുവാന്‍ പോരുന്ന ജനപ്രിയ കര്‍മ്മപരിപാടികള്‍ രണ്ട് മാസത്തിനകം മുസ്സോളിനി പ്രഖ്യാപിച്ചു. അങ്ങനെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുതകും വിധം പുരോഗമനപരമായി തോന്നുന്ന ആശയങ്ങളുമായി മുസോളിനി ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിച്ചു. ഏതാണ്ട് മൂന്നു വര്‍ഷത്തിനുള്ളില്‍ ഇറ്റലിയുടെ ഭരണം അദ്ദേഹം കൈപ്പിടിയിലൊതുക്കി. പതിനൊന്നു വര്‍ഷത്തിനു ശേഷം ഫാസിസ്റ്റ് പാര്‍ട്ടിയുടെ അതേ കാഴ്ചപ്പാടുമായി ഹിറ്റലറുടെ നേതൃത്വത്തില്‍ നാസി പാര്‍ട്ടി ജര്‍മനിയിലും അധികാരത്തിലെത്തി. രണ്ടും പേരും വെറും ഏകാധിപതികളായിരുന്നില്ല, വലിയൊരു സമൂഹത്തിന്റെ പിന്തുണയുള്ള നേതാക്കന്മായിരുന്നു. ഫാസിസ്റ്റ് മുന്നേറ്റങ്ങളുടെ പ്രധാന പ്രത്യേകതകളില്‍ ഒന്ന് ഇത് തന്നെയായിരുന്നു. അധികാരപ്രമത്തനായ ഒരു ഏകാധിപതിയുടെ സ്വേച്ഛാഭരണമല്ല ഫാസിസം. മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട ജനതയുടെ പിന്തുണയോടെയുള്ള ഭൂരിപക്ഷ ഭരണമാണ് ഫാസിസം.

ഫാസിസ്റ്റ് ആശയം ജനമനസുകളില്‍ കയറിപ്പറ്റിയത് പ്രധാനമായും രണ്ടു വഴികളിലൂടെയായിരുന്നു. ആശയവിദ്യാഭ്യാസസംവിധാനം (Indoctrination) വഴിയും സംഘടിതമായ പ്രചാരണം വഴിയും (Propaganda). നേതാവ് അവസാന അത്താണിയാണെന്ന് ഒരേസമയം ഭയവും പ്രതീക്ഷയും നല്‍കുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളും ചുമരുകളിലെല്ലാം പ്രത്യക്ഷമായി. അതിവൈകാരികമായി മുസോളിനിയും ഹിറ്റ്‌ലറും പ്രസംഗിക്കുമായിരുന്നു. ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് ഇരുവര്‍ക്കും ഹരമായിരുന്നു. ഫാസിസം എല്ലാകാലത്തും വൈകാരിക അടിത്തറയില്‍ പണിതുയര്‍ത്തുന്ന സൗധമാണ്.

Benito Mussolini adolf hitler

ഒന്നാംലോക മഹായുദ്ധത്തിനു ശേഷം തൊഴില്‍, സാമ്പത്തികമേഖലകള്‍ക്ക് ഏറ്റ പ്രഹരം മാത്രമല്ല പുതിയ ഒരു ആശയത്തിലേക്ക് നീങ്ങുവാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. തകര്‍ന്നടിഞ്ഞുപോയ ഒരു പ്രൗഡസംസ്‌കാരത്തിന്റെ നൊസ്റ്റാള്‍ജിയ മിക്ക രാജ്യങ്ങളിലേയും ഉപരിവര്‍ഗ്ഗത്തിന്റെ ഉള്ളില്‍ കിടന്നിരുന്നു. പുരാതന റോമന്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള സ്മരണകള്‍ മുസോളിനിയും കൂട്ടരും പേറിനടന്നപ്പോള്‍ കോളനികള്‍ കൈവിട്ടുപോയ നഷ്ടബോധത്തിലായിരുന്നു സ്‌പെയിനിലെ ദേശീയവാദികളുടെ നേതാവും പിന്നീട് ഫാസിസ്റ്റ് ഏകാധിപതിയുമായിത്തീർന്ന ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ. ആസ്ട്രിയന്‍ ദേശീയവാദികളും കത്തോലിക്ക സഭയും ചേര്‍ന്ന് ഏഞ്ചല്‍ബെര്‍റ്റ് ഡോല്‍ഫസിന്റെ നേതൃത്തില്‍ ഫാസിസത്തിലേക്കു നീങ്ങിയത് 1934ല്‍ ആയിരുന്നു. ഗ്രീസ്, ഹംഗറി, ഫ്രാന്‍സ്, നോര്‍വേ, ഫിന്‍ലാന്‍ഡ്, പോളണ്ട്, റുമാനിയ തുടങ്ങിയ ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ പല കാലഘട്ടങ്ങളിലായി ദേശീയവാദികളുടെ പിടിയില്‍ ഫാസിസത്തിലേക്ക് വഴുതി വീണു.

ഉപരിവര്‍ഗ്ഗത്തിന്റെ നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ തിരികെപ്പിടിക്കുവാന്‍ ശക്തമായ ഒരു ദേശരാഷ്ട്രം ആവശ്യമായിരുന്നു. യുദ്ധത്തിന്റെ കെടുതികളും വിദ്യാഭ്യാസത്തിന്റെ കുറവും നേരിട്ട സമൂഹത്തിലേക്ക് ഭൂതകാലത്തേക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും ദേശീയമുദ്രാവാക്യങ്ങളുമായി കടന്നുവന്ന ഫാസിസ്റ്റ് ഭരണാധികാരികളെ പൗരന്മാര്‍ അവസാനരക്ഷാമാര്‍ഗം എന്ന നിലയില്‍ ആശ്ലേഷിക്കുകയായിരുന്നു എന്ന് അമേരിക്കന്‍ തത്ത്വചിന്തകന്‍ എറിക് ഹോഫര്‍ തന്റെ The True Believer എന്ന വിഖ്യാത ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നു.

ഫാസിസ്റ്റ് ഭരണത്തിന്റെ പ്രവര്‍ത്തന രീതികള്‍ മിക്ക രാജ്യങ്ങളിലും സമാനമായിരുന്നു. പട്ടാളക്കാരെ മഹത്വവത്കരിക്കുക, പൊതുജനത്തെ ഡ്രില്ലുകളും ആയുധപരിശീലനവും നല്‍കി മിലിട്ടറൈസ് ചെയ്യുക, തീവ്രദേശീയത കുത്തിവച്ച് അനുയായികളെ അമിതദേശാഭിമാനികളാക്കുക, ശക്തമായ ദേശരാഷ്ട്രം കെട്ടിപ്പടുക്കുക, ശാസ്ത്രീയ പഠനരീതിയേക്കാള്‍ ആശയങ്ങള്‍ പാഠനവിഷയമാക്കുക, (Indotcrination instead of education) പാരമ്പര്യത്തില്‍ ദുരഭിമാനം വര്‍ദ്ധിക്കും വിധമുള്ള മിത്തുകളും കെട്ടുകഥകളും പഠനവിഷയങ്ങളാക്കുക എന്നിവയായിരുന്നു മുസോളിനിയുടെ പ്രവര്‍ത്തന രീതികള്‍. അതിനോടൊപ്പം കമ്യൂണിസ്റ്റുകള്‍ എന്നൊരു നിതാന്തശത്രു ഉണ്ടെന്നും അതിനെതിരേ യുദ്ധം ചെയ്യുകയാണ് ദേശസ്‌നേഹിയായ ഇറ്റാലിയന്‍ പൗരന്റെ കടമയെന്നും ഫാസിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. പൊതുവെ ശാന്തപ്രകൃതക്കാരായിരുന്ന ഇറ്റാലിയന്‍ ജനതയെ അടിമുടി മാറ്റുവാന്‍ മുസോളിനിയുടെ ഫാസിസ്റ്റ് അക്കാദമിയും ബലില്ല അവഗാര്‍ഡിസ്‌കി എന്ന ബാല ആയുധപരിശീലന കളരിയും ചേര്‍ന്ന് ആവിഷ്‌കരിച്ച വിദ്യാഭ്യാസ പരിശീലന പദ്ധതികള്‍ക്ക് കഴിഞ്ഞു. ഫാസിസത്തോട് വിയോജിപ്പുള്ളവരേയും കമ്യൂണിസ്റ്റുകളേയും മുസോളിനിയുടെ അനുയായികളായിരുന്ന ബ്ലാക് ഷേര്‍ട്ട്‌സ് എന്ന മിലിറ്റന്റുകള്‍ പരസ്യമായി നേരിടുവാന്‍ ആരംഭിച്ചു. റോമന്‍ ആശംസകളും ദേശഭക്തസൂക്തങ്ങളും വികാരം ഉണര്‍ത്തുന്ന കാല്പനികദേശഭക്തഗാനങ്ങളും ഉരുവിട്ടുകൊണ്ട് ഫാസിസ്റ്റുകള്‍ ഇറ്റാലിയന്‍ തെരുവുകള്‍ സ്വന്തമാക്കി. യുദ്ധകാലത്തെക്കാള്‍ ഭീകരമായ ഒരു കാലഘട്ടത്തിലേക്ക് യൂറോപ്പ് പ്രവേശിച്ചു.

രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുമ്പോഴേക്കും നാസി പാര്‍ട്ടി ഏതാണ്ടു 110 ലക്ഷം പേരെ ജര്‍മനിയിലും ഫാസിസ്റ്റ് പാര്‍ട്ടി ആറു ലക്ഷം പേരെ ഇറ്റലിയിലും കൊന്നൊടുക്കി. യുദ്ധത്തിന്റെ ഒടുവില്‍ രണ്ട് ഏകാധിപതികളും പരാജയം സമ്മതിച്ചു. മുസോളിനിയെ ശത്രുക്കള്‍ കൊന്നു കെട്ടിതൂക്കി, ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തു. ലോകം കണ്ട ക്രൂരന്മാരായ രണ്ടു ഭരണാധികള്‍ നിരാശ്രയരും അധികാരനിഷ്‌കാസിതരുമായി ലോകം വിട്ടു. 1945-നു ശേഷം ഒന്നാം ഫാസിസ്റ്റ് മുന്നേറ്റത്തിന് അന്ത്യം സംഭവിച്ചു.

ഇറ്റലിയില്‍ പിന്നീട് ഫാസിസ്റ്റ് പാര്‍ട്ടിക്കും, ജര്‍മ്മനിയില്‍ ഫാസിസ്റ്റ് അനുകൂലികള്‍ക്കും ഒരു പ്രതിനിധിപോലും ഭരണതലത്തില്‍ ഇല്ലാതെ പതിറ്റാണ്ടുകള്‍ കടന്നു പോയി. പക്ഷേ, ഹൈബര്‍നേറ്റ് ചെയ്ത് കിടന്നിരുന്ന ഫാസിസ്റ്റ് ആശയം അനുകൂല സാഹചര്യങ്ങള്‍ക്ക് വേണ്ടി തക്കം പാര്‍ത്തിരിക്കുകയായിരുന്നു എന്ന് തൊണ്ണൂറുകള്‍ തെളിയിച്ചു.

ഫാസിസത്തിന്റെ പുനര്‍ജനനം

49 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി, 1994ല്‍ ഫാസിസ്റ്റുകൾ ആണെന്നവകാശപ്പെട്ടുകൊണ്ട് ഗിന്‍ഫ്രാങ്കോ ഫിനിയുടെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്‌മെന്റ് (Movimento Sociale Italiano- MSI) എന്ന രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പിലൂടെ ഭരണത്തില്‍ പ്രാതിനിധ്യം നേടി. ഫാസിസ്റ്റ് പാര്‍ട്ടി ഉദയം ചെയ്ത ഇറ്റലിയില്‍ ഉപപ്രധാനമന്ത്രി ഗുസപ്പേ തത്താറെല്ലെ ഉള്‍പ്പടെ നാലു മന്ത്രിമാര്‍ മുസോളിനിയുടെ പിന്തുടര്‍ച്ചക്കാരാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലെത്തി. 1999-ലെ ഓഷ്വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് സന്ദര്‍ശനവും 2003-ലെ ഇസ്രയേല്‍ സന്ദര്‍ശനവും ഫിനിയില്‍ വലിയൊരു മനം മാറ്റത്തിന് മുഖാന്തരമായി. 2004-ല്‍ ഉപപ്രധാനമന്ത്രിയായും 2008ല്‍ സ്പീക്കര്‍ ആയും വിജയിച്ച ഫിനി പിന്നീട് മുസോളിനിയെയും മുസോളിനി പാസാക്കിയ ഇറ്റാലിയന്‍ വംശീയ നിയമങ്ങളേയും തള്ളിപ്പറഞ്ഞു എങ്കിലും നവഫാസിസത്തിന്റെ വളര്‍ച്ചക്ക് ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു അദ്ദേഹം.

ഈ കാലഘട്ടത്തിനുള്ളില്‍ ഉറങ്ങിക്കിടന്ന ഫാസിസ്റ്റ് ആശയം ഇറ്റലിയില്‍ മാത്രമല്ല യൂറോപ്പിലെ മിക്ക രാജ്യങ്ങളും അഭൂതപൂര്‍വ്വമായ വളര്‍ച്ച നേടി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജര്‍മനിയില്‍ നാസിസം ഇറ്റലിയിലെ ഫാസിസത്തേക്കാള്‍ മെച്ചപ്പെട്ട നിലയിലാരുന്നു. 1948-ല്‍ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ MSI വെറും 1.9 ശതമാനം വോട്ടുകളാണ് നേടിയതെങ്കില്‍ ജര്‍മ്മനിയില്‍ പതിനഞ്ച് ശതമാനം നാസികളെ അവശേഷിപ്പിച്ചുകൊണ്ടാണ് ഹിറ്റ്‌ലര്‍ യുഗം അവസാനിച്ചത്.

വംശീയതയും കത്തോലിക്ക മൗലികവാദവും കുടിയേറ്റവിരുദ്ധ ദേശീയതയും മുന്നോട്ട് വച്ച നാഷണല്‍ ഫ്രണ്ട് എന്ന നവ ഫാസിസ്റ്റ് പാര്‍ട്ടി 1983 വരെ ഫ്രാന്‍സില്‍ നിര്‍ണായക ശക്തിയായിരുന്നില്ല. 1983-ലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയ നാഷണല്‍ ഫ്രണ്ട് 1984-ലെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ വരെ നേടിയെടുത്തു. നാഷണല്‍ ഫ്രണ്ടിന്റ അനിഷേധ്യ നേതാവ് ജീന്‍ മാരി ലീ പെന്‍ പ്രായാധിക്യം മൂലം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഏതാണ്ട് പതിനഞ്ച് ശതമാനം ഫ്രഞ്ചുകാരെ നവഫാസിസത്തിന്റെ അനുകൂലികളായി വളര്‍ത്തിയെടുത്തിരുന്നു.

1962-ലെ ഹിറ്റ്‌ലറുടെ ജന്മദിനത്തില്‍, തീവ്രവലതുപക്ഷ പാര്‍ട്ടി ആയിരുന്ന ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടി പിളര്‍ത്തി കോളിന്‍ ജോര്‍ദാന്‍ നാഷ്ണല്‍ സോഷ്യലിസ്റ്റ് മൂവ്‌മെന്റ് എന്ന പേരില്‍ നിയോനാസികളാണെന്ന് തുറന്ന് പറഞ്ഞുകൊണ്ട് ദേശീയവാദവുമായി മുന്നിട്ട് ഇറങ്ങിയത് ബ്രിട്ടണിലെ നവഫാസിസത്തിന്റെ ദിശയിലെ നിര്‍ണായകമായ കാല്‍വെയ്പ്പ് ആയിരുന്നു. കേരള കോണ്‍ഗ്രസ് മോഡലില്‍ വളരുകയും പലവട്ടം പിളരുകയും ചെയ്തുകൊണ്ട് പല രൂപത്തില്‍ അവര്‍ ബ്രിട്ടണിലെ രാഷ്ട്രീയഭൂപടത്തില്‍ നിലനില്‍ക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കുവാന്‍ ഫാസിസ്റ്റുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും അമിതദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒട്ടനവധി സംഘടനകള്‍ ബ്രിട്ടണില്‍ അനുയായികളെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടണിലേക്ക് എത്തിയ ആദ്യകാല കുടിയേറ്റക്കാര്‍ പ്രധാനമായും കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ളവരായിരുന്നു. തദ്ദേശീയരുമായി പ്രായേണ എളുപ്പം ഇഴുകുച്ചേര്‍ന്ന അവര്‍ സമൂഹത്തിന്റെ ഭാഗമായി. പക്ഷേ, എഴുപതുകള്‍ക്ക് ശേഷം പണ്ടത്തെ കോളനിരാജ്യങ്ങളില്‍ നിന്നും ബ്രിട്ടണിലേക്ക് കുടിയേറ്റം വര്‍ദ്ധിച്ചു. അവര്‍ വേറേ സമൂഹമായി നിലനില്‍ക്കുകയും തദ്ദേശീയര്‍ക്ക് പരിചിതമല്ലാത്ത ആചാരങ്ങളും വിശ്വാസങ്ങളും ഭാഷകളും കൊണ്ടുവരികയും അതു നിലനിര്‍ത്തുകയും ചെയ്തു. ദേശീയസ്വത്വം (Identiy) ചോദ്യം ചെയ്യപ്പെട്ട സ്വദേശീയരില്‍ കുടിയേറ്റവിരുദ്ധവികാരം വര്‍ദ്ധിച്ച് വരുവാന്‍ ഇത് ഇടയാക്കി. സാമ്പത്തിക തകര്‍ച്ചയും തൊഴില്‍ നഷ്ടവും വര്‍ദ്ധിച്ച നികുതിയും കുടിയേറ്റവിരുദ്ധ വികാരം വളര്‍ത്തുവാന്‍ ഇടവരുത്തി. പരസ്യമായി ഫാസിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ചുരുക്കമാണെങ്കിലും കുറ്റിയേറ്റവിരുദ്ധരും ഇസ്ലാമോഫോബിയ പുലര്‍ത്തുന്നവരും വംശീയവികാരം പേറുന്നവരും ഇന്ന് ബ്രിട്ടണില്‍ കുറവല്ല.

Jean Marie Le Pen-France fransisco franco

യൂറോപ്പിലെ ഫാസിസത്തിന്റെ ഉദയവും ഉയര്‍ത്തെഴുന്നേല്‍പ്പും തമ്മില്‍ പ്രകടമായ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് വിരോധവും ജൂതവൈര്യവും എല്ലാ ഫാസിസ്റ്റ് അനുകൂലികളും തുടക്കത്തില്‍ പുലര്‍ത്തിയിരിന്നു; തെറ്റാവരങ്ങള്‍ ഉള്ള മഹാനായ ഒരു നേതാവ് എല്ലാ ഫാസിസ്റ്റ് രാജ്യങ്ങളിലും ഭരണത്തില്‍ എത്തി. എന്നാല്‍ ഫാസിസത്തിന്റെ പുനര്‍ജനനത്തില്‍ കുടിയേറ്റ വിരുദ്ധവികാരവും(ആന്റി ഇമിഗ്രേഷന്‍) ഇസ്ലാം വിരോധവുമാണ് മുന്നിട്ട് നില്‍ക്കുന്നത്. വിരമിച്ച പട്ടാളക്കാരും കച്ചവടക്കാരും ആദ്യകാലഫാസിസത്തിന്റെ മുഖ്യപ്രായോജകര്‍ ആയിരുന്നുവെങ്കില്‍ രണ്ടാം വട്ട ഫാസിസം യുവജനങ്ങളുടെ ഇടയിലാണു വളരുന്നത്.

ഫാസിസം ഇന്ത്യയില്‍

പാശ്ചാത്യലോകത്ത് ഉദയം ചെയ്യുകയും അരനൂറ്റാണ്ടിനു ശേഷം പുനര്‍ജനനം നടക്കുകയും ചെയ്ത ഫാസിസത്തിന്റെ വളര്‍ച്ച അടുത്തകാലത്ത് ഇന്ത്യയിലെ രാഷ്ട്രീയ രംഗം ദര്‍ശിച്ചുകൊണ്ടിരിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇന്ത്യന്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ യൂറോപ്പിലെ ഒന്നാംഘട്ട ഫാസിസവുമായി കൂടുതല്‍ സാമ്യമുള്ളതാണെന്ന് കരുതാവുന്നതാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട സവര്‍ണ ഹിന്ദുക്കളുടെ സുവര്‍ണ്ണഘട്ടത്തിന് കോളനികാലത്തോടെ ഭംഗം വന്നു തുടങ്ങി. സമൂഹത്തിലെ സവര്‍ണാധിപത്യം നിലനിര്‍ത്തുവാന്‍ ഹിന്ദുത്വവികാരം ഉണര്‍ത്തുകയാണ് നല്ലതെന്ന് ആർഎസ്എസ് -ജനസംഘ് നേതൃത്വം കരുതി.

കൊളോണിയല്‍ ഭരണത്തിനെതിരെ ഇന്ത്യന്‍ ദേശീയ വികാരം ഉയരുന്ന കാലത്ത് തന്നെയാണ് ഹിന്ദു ദേശീയതയെ വളര്‍ത്തുവാന്‍ ഹിന്ദുത്വവാദികള്‍ ശ്രമം തുടങ്ങിയതെങ്കിലും ജനമനസുകളില്‍ സ്വാധീനം നേടുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആര്‍എസ്എസ്, കാക്കി യൂണിഫോം ധരിച്ച് ദണ്ഡ് അഭ്യാസം നടത്തുന്ന കേഡറുകളായത്, ആര്‍എസ്എസ്സിന്റെ സ്ഥാപക നേതാവ് കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ഗുരു ഡോ. മുഞ്ഞേയുടേ ഇറ്റലി സന്ദര്‍ശനത്തിനു ശേഷമാണ്. മുസോളിനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി മടങ്ങി എത്തിയ ഡോ. മുഞ്ഞേ, ഫാസിസ്റ്റ് അക്കാദമിയേപ്പോലെ നാസിക് കേന്ദ്രമാക്കി ബൊണ്‍സാലെ മിലിട്ടറി കോളേജ് സ്ഥാപിച്ചു. ഹൈന്ദവ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനം വേണമെന്ന് നിഷ്‌കര്‍ഷിച്ചു. പലതരം പ്രവര്‍ത്തനങ്ങള്‍ നടത്തി ഹിന്ദുക്കളെ സൈനികവത്കരിക്കുവാന്‍ ശ്രമിച്ചുവെങ്കിലും മുഞ്ഞേയുടെയും ഹെഡ്‌ഗേവാറിന്റേയും തന്ത്രങ്ങള്‍ ഫലിച്ചില്ല. മതേതരജനാധിപത്യ വിശ്വാസികളായ ദേശസ്‌നേഹികളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനത കൊളോണിയല്‍ ഭരണത്തിനെതിരെ സമരത്തിന് തയ്യാറാവുകയായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുചേരാതെ ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുന്ന അവസരവാദനയം സ്വീകരിക്കുകയും ദേശീയ ചിഹ്നങ്ങളെ അംഗിക്കരിക്കാതെ വര്‍ഗീയത വളര്‍ത്തുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയ രംഗത്ത് ഒരു സ്വാധീനവും ഇല്ലാത്ത സംഘടനയായി അവർ പതിറ്റാണ്ടുകള്‍ നിലകൊണ്ടു. മൂന്നു നിറങ്ങള്‍ ചേരുന്നത് അശുഭകരമാണെന്നും അതിനാല്‍ ത്രിവര്‍ണ പതാക തള്ളിക്കളഞ്ഞ് കാവിക്കൊടി ദേശീയ പതാകയായി അംഗീകരണമെന്നും അവര്‍ വാദിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ ഒരു സംഭാവനയും നല്‍കാതെ ഹിന്ദുത്വവാദികള്‍ പതിറ്റാണ്ടുകള്‍ അപ്രസക്തരായിരുന്നു.

പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിയും കുടുംബവാഴ്ചയും കോര്‍പ്പറേറ്റുകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സമൂഹത്തിലെ സാമ്പത്തിക അസമത്വവും ഒന്നാം ലോകമഹായുദ്ധാനന്തരം ഇറ്റലിയില്‍ നിലനിന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിനു സമാനമാക്കി ഇന്ത്യയെ മാറ്റി. അത്തരമൊരു ഘട്ടത്തില്‍ നരേന്ദ്ര മോദിയുടെ ദേശീയരാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം മുസോളിനിയുടെ ഇറ്റലിയിലെ ഉയര്‍ച്ച പോലെയായിരുന്നു.

കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഇന്ത്യന്‍ ജനതക്ക് മുസോളിനിയെപോലെ തീവ്രദേശസ്‌നേഹം പ്രചരിപ്പിക്കുകയും ഹിറ്റ്‌ലറിനെപ്പോലെ വൈകാരികമായി പ്രസംഗിക്കുകയും യൂറോപ്യന്‍ ഫാസിസ്റ്റുകളെപ്പോലെ പട്ടാളത്തെ മഹത്വവത്കരിക്കുകയും ചെയുന്ന മോദിയിൽ കണ്ടത് തങ്ങളുടെ രക്ഷകനെയാണ്. ഹിന്ദുത്വവാദികളെ മാത്രമല്ല, നല്ലൊരു ശതമാനം വലതുപക്ഷ ചിന്താഗതിക്കാരുടെ മനസിലും മോദി കയറിപ്പറ്റി. കര്‍ഷകരുടേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും പട്ടാളക്കാരുടെയും ഫാക്ടറി തൊഴിലാളുകളുടേയും കൂടെ നില്‍ക്കുന്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നത് മുസോളിനെയെപ്പോലെ മോദിയും ആസ്വദിച്ചു. മോദിയെപ്പോലെ ഹിറ്റ്‌ലറും തന്റെ ചിത്രങ്ങള്‍ അച്ചടിച്ച കലണ്ടറുകള്‍ വിതരണം ചെയ്യുന്നതില്‍ ശുഷ്‌കാന്തി കാണിച്ചിരുന്നു. ഒന്നാം ലോകമഹാ യുദ്ധകാലത്ത് നാല്‍പത് വെടിയുണ്ടവരെ ഏറ്റിട്ടുണ്ടെന്നു മുസോളിനി പ്രസംഗിക്കുമായിരുന്നു. സമാനമായി മോദിയുടെ ഭൂതകാലത്തെ ദുരിതജീവിതവും വീരപ്രവര്‍ത്തികളും വര്‍ണിക്കുന്ന ധാരാളം ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. നേതാവിനെ മുന്‍ നിര്‍ത്തിയുള്ള ഫാസിസത്തിന്റെ മുന്നേറ്റം ഇന്ത്യയില്‍ വിജയം കണ്ടു തുടങ്ങി.

ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളും കോര്‍പ്പറേറ്റ് തിങ്ക് ടാങ്കുകളും മോദിയുടെ സാമൂഹിക ഇടപാടുകള്‍ രൂപകല്പന ചെയ്തു. ഇപ്പോള്‍ രാജ്യത്തിന് ഒരു നേതാവ് ഉണ്ട് എന്ന് നിഷ്പക്ഷരെക്കൊണ്ടു പോലും പറയിക്കുവാനുതകും വിധം ഒരു ദിവ്യ പരിവേഷത്തില്‍ നേതാവിനെ പ്രദര്‍ശിപ്പിക്കുവാനും പ്രൊപ്പഗന്‍ഡകള്‍ ഇറക്കി. മോദിക്കെതിരെ സംസാരിക്കുന്നവര്‍ രാജ്യത്തിനെതിരെ സംസാരിക്കുന്നവര്‍ ആണെന്ന് വിശ്വസിക്കുവാന്‍ അനുകൂലികളെ പഠിപ്പിച്ചു.

ഹിറ്റലറിന്റേയും മുസോളിനിയുടേയും ആദ്യപാദ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴത്തെ മോദിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് സമാനമായി കാണാവുന്നതാണ്. ഇന്‍ഡോക്ട്രിനേഷന്‍ രംഗത്തും മോദി നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിച്ചു. കെട്ടുകഥകളും അന്ധവിശ്വാസങ്ങളും മിത്തുകളും സത്യമാണെന്ന് വിശ്വസിക്കുന്നവരെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉപദേശകന്മാരായും വൈസ് ചാന്‍സലര്‍മാരായും നിയമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വേച്ഛാധിപതിയായിരുന്നെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ ഭഗവത്ഗീത പഠിപ്പിക്കുമായിരുന്നുവെന്നു പരസ്യമായി പറഞ്ഞ സുപ്രീം കോടതി ജഡ്ജി ഇന്ത്യയില്‍ ഉണ്ടായി. മഹാഭാരതം സീരിയലിലൂടെ ശ്രദ്ധേയനായ, ബി ഗ്രേഡ് സിനിമ നടന്‍ ഗജേന്ദ്ര ചൗഹാന്‍ ഭാരതത്തിന്റെ അഭിമാനമായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായി. ഉന്നത സങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐഐടികളില്‍ വേദസംസ്‌കൃതം പഠിപ്പിക്കണം എന്ന് പറയുന്ന ഒരു മാനവവിഭശേഷി മന്ത്രി ഇന്ത്യക്കുണ്ടായി. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഉന്നത സമിതികളില്‍ അംഗങ്ങളാകുവാന്‍ മഹാഭാരതം വിവര്‍ത്തനം ചെയ്തവരും (ബിബേക് ദിബ്രോയി) ജോതിഷികളും (ആര്‍. ഗോപാലസ്വാമി) യോഗ്യത നേടി. ക്യാബിനറ്റ് പദവിയുള്ള തട്ടിപ്പ് ബാബമാരേയും സര്‍വ്വരോഗസംഹാരിയായി യോഗയും ഇന്ത്യക്കാര്‍ക്ക് മുകളില്‍ വച്ചുകെട്ടപ്പെട്ടു.

സംവരണ വിരുദ്ധപ്രചരണം നടത്തുവാനും ദേവസ്വം ബോര്‍ഡുകള്‍ വഴി ക്ഷേത്രത്തിലെ വരുമാനം കവര്‍ന്നെടുക്കുന്നു എന്ന കള്ളം വിശ്വസിക്കുവാനും ഏറ്റെടുക്കുവാനും കേരളത്തില്‍ പോലും പ്രചാരകരെ ലഭിച്ചു.

ഭിന്നസ്വരമുള്ളവരെ നാടുകടത്തുയോ നിശബ്ദമാക്കുകയോ ചെയ്യുന്നതും ഫാസിസ്റ്റുകളുടെ ആദ്യകാല പ്രവര്‍ത്തികള്‍ ആയിരുന്നു. അവരെ ഉന്മൂലനം ചെയ്യുന്നതിലേക്ക് നീങ്ങുന്ന രണ്ടാം ഘട്ടം അതിവിദൂരമല്ല. പ്രൊപ്പഗന്‍ഡയിലൂടെയും ഇന്‍ഡോക്ട്രിനേഷനിലൂടേയും അനുയായികളെ അതിലേക്ക് എത്തിക്കുന്ന സമയം വരെ കാത്തിരുക്കേണ്ടിവരും, അതാണ് ചരിത്രം. വിളക്കിച്ചേര്‍ക്കാനാകത്തവിധം ആഴമുള്ള ഒരു വിടവ് ഇന്ത്യക്കാരുടേ ഇടയില്‍ സൃഷ്ടിക്കുന്നതിന് ഹിന്ദുത്വവാദികള്‍ക്ക് സാധിച്ചുകൊണ്ടിരിക്കുന്നു. അന്യമത വിദ്വേഷം ആത്മീയ ആചാര്യന്മാര്‍ വഴി പ്രചരിപ്പിക്കപ്പെടുന്നു. നാളെ അതു നൂറും അറുപതും മുപ്പതും മേനിയായായി വിളയും.

ചുരുക്കത്തില്‍ യൂറോപ്യന്‍ ഫാസിസം അതിന്റെ എല്ലാ ഭീകരതകളോടും കൂടി തകര്‍ന്നടിഞ്ഞ് ചരിത്രമായി. പ്രായേണ അപകടം കുറഞ്ഞ മറ്റൊരു രൂപത്തില്‍ ഇപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. പക്ഷേ, ഇന്ത്യന്‍ ഫാസിസം ഒന്നാംഘട്ട യൂറോപ്യന്‍ ഫാസിസത്തിന്റെ രൂപത്തിലാണ് വളര്‍ന്ന് കൊണ്ടിരിക്കുന്നത് എന്നത് ആശങ്കാകുലമായ ഒരു യാഥാര്‍ത്ഥ്യമാണ്.

റഫറന്‍സസ്

1. Paxton, Robert O. The Anatomy of Fascism.

2. Merkl, Peter H. tSronger than ever,

3. Gregor, A. James. The Search for Neofascism: The Use and Abuse of Social Science. Cambridge

(എഞ്ചിനീയറും യാത്രികനും എഴുത്തുകാരനുമായ സജി മാര്‍ക്കോസ് ബഹറിനില്‍ താമസിക്കുന്നു)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories