TopTop
Begin typing your search above and press return to search.

പ്രിയ അമേരിക്കക്കാരേ, നിങ്ങള്‍ ഒരു ഹിറ്റ്ലറെ വിജയിപ്പിക്കരുത്

പ്രിയ അമേരിക്കക്കാരേ, നിങ്ങള്‍ ഒരു ഹിറ്റ്ലറെ വിജയിപ്പിക്കരുത്

റിക്ക് നോവാക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

'പ്രിയപ്പെട്ട അമേരിക്കക്കാരെ,' എന്ന അഭിസംബോധനയോടെ കഴിയാഴ്ച അവസാനം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട കത്തിന് 'ജര്‍മ്മനിയിലെ ജനത' എന്നതിനപ്പുറം ആര് അയച്ചു എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നുമില്ല. പക്ഷെ, അതില്‍ കൃത്യമായ ഒരു സന്ദേശമുണ്ട്: ട്രംപിനെ തിരഞ്ഞെടുക്കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സ്വന്തമായി ഒരു അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉണ്ടാവും.

'ചെല്ലൂ, വലിയ വായില്‍ സംസാരിക്കുന്ന, ന്യൂനപക്ഷങ്ങളെ വെറുക്കുന്ന, തന്റെ എതിരാളികളെ തുറങ്കലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, ജനാധിപത്യത്തിന് പുല്ലുവില കല്‍പിക്കുന്ന, എല്ലാ പ്രശ്‌നങ്ങളും സ്വയം പരിഹരിക്കും എന്ന് അവകാശപ്പെടുന്ന ഒരാള്‍ക്ക് വോട്ടു ചെയ്യൂ. ഇതില്‍ കൂടുതല്‍ എന്താണ് സംഭവിക്കാനുള്ളത്? ആശംസകള്‍,' #BeenThereDoneThat എന്ന ഹാഷ് ടാഗോടു കൂടിയ സന്ദേശത്തില്‍ പറയുന്നു.

'ജര്‍മ്മനിയിലെ ജനങ്ങളുടെ' ഒപ്പോടുകൂടിയത് എന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ഞായറാഴ്ചത്തെ സന്ദേശം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. പക്ഷെ, ഇത്തരം താരതമ്യങ്ങളെ കുറിച്ച് ജര്‍മ്മന്‍ ജനത ചിന്തിക്കുന്നതിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണോ ഇത്?

ആയിരിക്കാം എന്നാണ് ഉത്തരം: ആണെന്നും അല്ലെന്നും പറയാം. അല്ലെങ്കില്‍ ഇത്തരം സന്നിഗ്ധഘട്ടങ്ങളില്‍ ജര്‍മ്മന്‍കാര്‍ പ്രയോഗിക്കുന്നത്‌പോലെ പോലെ 'ജെയ്ന്‍' (Jein) എന്നും പറയാം.

ആധുനിക ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ താരതമ്യങ്ങള്‍ അപൂര്‍വമായി മാത്രമാണ് ലളിതമായി സ്വീകരിക്കപ്പെടുന്നത്.

'യൂറോപ്പ്, യുഎസ് അല്ലെങ്കില്‍ ഇസ്രായേല്‍ എന്നിവടങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ജര്‍മ്മന്‍ പൊതുജീവിതത്തില്‍ ഹിറ്റ്‌ലര്‍ താരതമ്യങ്ങള്‍ തുലോം വിരളമാണ്,' എന്ന് ഒരു ഇ-മെയില്‍ പ്രതികരണത്തില്‍ ജര്‍മ്മന്‍ ചരിത്രകാരനായ തോമസ് വെബര്‍ പ്രതികരിച്ചു. അബെര്‍ദീന്‍ സര്‍വകലാശാലയിലെ പ്രൊഫസറായ വെബെര്‍ ഹിറ്റ്ലറെയും ജര്‍മ്മനിയുടെ നാസി ഭൂതകാലത്തെയും കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചയാളാണ്.

ഹിറ്റ്‌ലര്‍ താരതമ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജര്‍മ്മന്‍കാര്‍ വിമുഖരാവുന്നതിന് രണ്ട് കാരണങ്ങളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'ജര്‍മ്മന്‍കാരെ സംബന്ധിച്ചിടത്തോളം, രാജ്യം കണ്ട എല്ലാ കുറ്റകൃത്യങ്ങളുടെയും ചിഹ്നമാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍,' അദ്ദേഹം എഴുതി. 'ഹിറ്റ്‌ലറെ പോലെ ദുഷ്ടനാവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല,' എന്നാണ് രാജ്യത്തിന്റെ പൊതു ചിന്ത. 'ഹിറ്റ്‌ലര്‍ക്ക് അമിത ഊന്നല്‍ (ട്രംപിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍) നല്‍കുന്നത് ക്ഷമാപണത്തിന് തുല്യമാകുമെന്നും തേര്‍ഡ് റീഷെയുടെ കുറ്റകൃത്യങ്ങളില്‍ ജര്‍മ്മന്‍ ഉപരിവര്‍ഗ്ഗത്തിനും സാധാരണ ജര്‍മ്മന്‍കാര്‍ക്കുമുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ശ്രദ്ധ തിരിക്കുമെന്നും ജര്‍മ്മന്‍കാര്‍ ആശങ്കപ്പെടുന്നു.'

തത്ഫലമായി, ഗൗരതരമായ വസ്തുനിഷ്ഠ സംവാദങ്ങള്‍ അവസാനിക്കുന്നതിനും പ്രത്യയശാസ്ത്ര ചെളിവാരിയെറിലിന്റെ തുടക്കത്തിനും ഹിറ്റ്‌ലര്‍ താരതമ്യം വഴിവെക്കും എന്ന പൊതുധാരണയാണ് രണ്ടാമത്തെ കാര്യം. മാത്രമല്ല ഇത്തരം താരതമ്യങ്ങള്‍ പലരുടെയും നില, പ്രത്യേകിച്ചും ഉന്നത പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ നില പരുങ്ങലിലാക്കും. ഇറാക്കിനെതിരെ യുദ്ധവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിന്റെ പേരില്‍ ജോര്‍ജ്ജ് ഡബ്ല്യു ബുഷിനെ ഹിറ്റ്‌ലറിനോട് ഉപമിച്ച അന്നത്തെ നീതിന്യായ സെക്രട്ടറി ഹെര്‍ത്ത ഡ്യുബ്ലര്‍-ജിമെലിന് 2002ല്‍ തല്‍സ്ഥാനം രാജിവെക്കേണ്ടി വന്നു.

എന്നാല്‍ ചില ഘട്ടങ്ങളില്‍ ഹിറ്റ്‌ലര്‍ താരതമ്യം ന്യായീകരിക്കത്തക്കതാണെന്ന് ജര്‍മ്മന്‍കാര്‍ സമ്മതിക്കും.

അമേരിക്കക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അല്‍പം അതിശയോക്തി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി, കഴിഞ്ഞയാഴ്ച വൈറലായ കത്തിന്റെ രചയിതാവ് ഞായറാഴ്ച ഒരു ട്വിറ്റര്‍ അഭിമുഖത്തില്‍ തന്റെ താരതമ്യത്തെ ന്യായീകരിച്ചു.

'മൊത്തം ജര്‍മ്മന്‍കാര്‍ക്കുവേണ്ടി സംസാരിക്കുന്നത് അഹങ്കാരമാണെന്ന് തീര്‍ച്ചയായും കണക്കാക്കപ്പെടാം. മറ്റ് ജനതയ്ക്ക പകരം ഒരു ജര്‍മ്മന്‍കാരന്‍ ഇങ്ങനെ സംസാരിക്കുന്നത് പരിഹാസ്യമായി തോന്നാം. അത് ശരിയുമാണ്. പക്ഷെ, എനിക്ക് ചിലത് പറയാനുണ്ട്,' എന്ന് തന്റെ വ്യാപാരബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ഭയത്താല്‍ ശരിയായ പേര് വെളിപ്പെടുത്താന്‍ ഭയന്ന് മറ്റൊരു പേരില്‍ കത്ത് പ്രസിദ്ധീകരിച്ച ജര്‍മ്മന്‍ രചയിതാവ് പറഞ്ഞു.

ഹിറ്റ്‌ലര്‍ അധികാരത്തിലെത്തുന്നത് തടയാന്‍ എന്തുകൊണ്ട് തന്റെ പൂര്‍വീകര്‍ക്ക് കഴിഞ്ഞില്ല എന്ന ചോദ്യം വിദേശയാത്രകളിലെല്ലാം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് 1972ല്‍ ജനിച്ച അദ്ദേഹം പറയുന്നു. '30കളിലും 40 കളിലും എങ്ങനെയാണ് ജര്‍മ്മന്‍കാര്‍ ഹിറ്റ്‌ലറെ പിന്തുണച്ചതെന്ന ചോദ്യം ജര്‍മ്മനിക്ക് പുറത്ത് സഞ്ചരിക്കുമ്പോഴൊക്കെ എന്റെ നേരെ ഉയരാറുണ്ട്. 'എങ്ങനെയാണ് ആളുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതിരിക്കുക?' അവര്‍ മിക്കപ്പോഴും ചോദിച്ചു. വളരെക്കാലം എനിക്കാ ചോദ്യത്തിന്റെ അര്‍ത്ഥം പിടികിട്ടിയില്ല,' ഞായാറാഴ്ച ട്വിറ്ററിലെ ഒരു തുടര്‍ കത്തില്‍ അദ്ദേഹം എഴുതി.

ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍, ഡൊണാള്‍ഡ് ട്രംപിന്റെ കാര്യത്തില്‍ ജര്‍മ്മന്‍കാര്‍ക്ക് അസ്വസ്ഥത ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ജൂലൈയില്‍ നടത്തിയ ഒരു അഭിപ്രായ സര്‍വെയില്‍ വെറും 6.3 ശതമാനം ജര്‍മ്മന്‍കാര്‍ മാത്രമാണ് ട്രംപിനെ പ്രസിഡന്റായി അംഗീകരിക്കുന്നത്. കുടിയേറ്റക്കാരെ കുറിച്ചും സ്ത്രീകളെ കുറിച്ചുമുള്ള ട്രംപിന്റെ പരാമര്‍ശവും യുഎസിനും മെക്‌സിക്കോയ്ക്കുമിടയില്‍ മതില്‍ കെട്ടാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും തങ്ങളില്‍ ഞെട്ടലുളവാക്കിയതായി ഭൂരിപക്ഷവും പറയുന്നു.ട്രംപ് തിരഞ്ഞെടുക്കപ്പെടേണ്ട ആളല്ലെന്ന് ജര്‍മ്മന്‍കാര്‍ വ്യാപകമായി നിരീക്ഷിക്കുന്നതായി പോസ്റ്റ് അയച്ച ഒരു ഇ-മെയിലില്‍ ചരിത്രകാരനായ വെബര്‍ ഊന്നിപ്പറയുന്നു. 'ന്യൂനപക്ഷങ്ങളെ വെറുക്കുന്ന, തന്റെ എതിരാളികളെ തുറങ്കലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, ജനാധിപത്യത്തോട് പുച്ഛമുള്ള, എല്ലാ പ്രശ്‌നങ്ങളും സ്വയം പരിഹരിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന ഒരാളാണ് ട്രംപ് എന്ന കാര്യത്തില്‍ ഏകദേശം അഭിപ്രായസമന്വയമുണ്ട്.'

ഹിറ്റ്‌ലര്‍ അധികാരത്തിലേക്ക് വളര്‍ന്നതിന്റെ അനന്തരഫലത്തിന് സമാനമായിരിക്കും ട്രംപിന്റെ പ്രസിഡന്റ് വാഴ്ച എന്ന് സൂചിപ്പിച്ചുകൊണ്ട് ആഴ്ചയുടെ അവസാനം വൈറലായ പോസ്റ്റിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ വെബര്‍ സന്ദേഹിയായി. 'യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ പോലെ തന്നെ ജര്‍മ്മനിയിലും പൊതുവായി പ്രകടിപ്പിക്കപ്പെടുന്ന ലളിതമായ ഒരു വികാരമല്ല അത്.'

ഹിറ്റ്‌ലര്‍ താരതമ്യത്തെ കുറിച്ച് അമേരിക്കന്‍ ചരിത്രകാരന്മാരെക്കാള്‍ ശ്രദ്ധാപൂര്‍വമാണ് മറ്റ് ജര്‍മ്മന്‍ ചരിത്രകാരന്മാരും പ്രതികരിച്ചത്. ഒരു വാണീജ്യ പത്രമായ ഹാന്‍ഡെല്‍ ബ്ലാറ്റിനോട് സംസാരിക്കവെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ക്ലോസ് ഷൂബെര്‍ട്ട് പറയുന്നു: 'തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അഹങ്കാരചിത്തനാണ് ട്രംപ്.'

യുഎസിലെ സാമ്പത്തിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളും ഹിറ്റ്‌ലറെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ച ജര്‍മ്മനിയുടെ വെയ്മര്‍ റിപബ്ലിക്കും തമ്മില്‍ താരതമ്യം ചെയ്യുന്നത് നമ്മെ എവിടെയും എത്തിക്കില്ലെന്ന് ഷൂബെര്‍ട്ട് പറയുന്നു.

എന്നാല്‍ ഷൂബെര്‍ട്ടിന്റെ വാദവുമായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ വെബര്‍ അനുകൂലിക്കണമെന്നില്ല. ഇത്തരത്തിലുള്ള വിശാലമായ താരതമ്യങ്ങള്‍ക്ക് അപകടകരമായ ഫലങ്ങള്‍ ഉണ്ടാവുമെന്ന് വെബര്‍ വിശ്വസിക്കുന്നു.

'ഹിറ്റ്‌ലര്‍ താരതമ്യത്തിന് അമിത താരതമ്യത്തില്‍ ഒരു 'പുലി വരുന്നേ പുലി' നിലവിളിയുടെ അപകടം നിലനില്‍ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഹിറ്റ്‌ലര്‍ താരതമ്യം ആവശ്യമായി വരുമ്പോള്‍ ആരും അത് ഗൗരതരമായി എടുക്കില്ല,' വെബര്‍ വാദിക്കുന്നു.

'എന്താണ് അവരുടെ കുഴപ്പം എന്ന് തിരിച്ചറിയാതെ, ഹിറ്റ്‌ലറുമായി ന്യായമില്ലാത്ത താരതമ്യം ചെയ്യപ്പെടുന്ന ആളുടെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കുകയും അവരോട് അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യും എന്നതാണ് മറ്റൊരു അപകടം.'


Next Story

Related Stories