TopTop
Begin typing your search above and press return to search.

ഈ പെൺകുട്ടി ഇനി എന്തു ചെയ്യണം? ഒരു എച്ച്.ഐ.വി ബാധിതയോട് നമ്മൾ ചെയ്യുന്നത്

ഈ പെൺകുട്ടി ഇനി എന്തു ചെയ്യണം? ഒരു എച്ച്.ഐ.വി ബാധിതയോട് നമ്മൾ ചെയ്യുന്നത്

രാകേഷ് സനല്‍

'എനിക്കൊരു സ്വപ്‌നമുണ്ട്, ഒരു ഐ എ എസുകാരിയാകണം. എന്നെ പോലൊരാള്‍ക്ക് സമൂഹത്തില്‍ സ്വന്തമായി ഐഡന്റി നേടിയെടുക്കാന്‍ ഇത്തരമൊരു നേട്ടമേ ഉപകരിക്കൂ. അതിനെനിക്ക് ആദ്യമെന്റെ ഡിഗ്രി പൂര്‍ത്തിയാക്കണം. പക്ഷേ...'

അക്ഷരയുടെ പാതിയില്‍ മുറിഞ്ഞ വാക്കുകള്‍പോലെ അവളുടെ സ്വപ്‌നവും ഇടയില്‍ തകര്‍ന്നുപോകരുത്. അതിനു സമൂഹമേ, നിങ്ങളാണ് ഉറപ്പ് തരേണ്ടത്.

അക്ഷര ആര്‍ എന്ന പെണ്‍കുട്ടിയെ എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത്? മലയാളിക്ക് ഈ പെണ്‍കുട്ടിയെ ഓര്‍മ കാണും. 2003 ല്‍ ആണ് അവള്‍ ആദ്യമായി നമുക്ക് മുന്നിലൊരു വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടത്. എച്ച് ഐ വി ബാധിതയായതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടിയതിന്റെ പേരില്‍. മാതാപിതാക്കളില്‍ നിന്നായിരുന്നു അവള്‍ക്കാ അസുഖം പകര്‍ന്നു കിട്ടിയത്. പക്ഷേ നന്നേ ചെറുപ്രായത്തില്‍ തന്നെ ആ തെറ്റിന് അവള്‍ ഒരുപാട് അനുഭവിച്ചു.

ഒരു പതിറ്റാണ്ടിനു മുന്നത്തെ കാര്യമാണത്. അന്ന് നമ്മുടെ സമൂഹം കുറച്ചുകൂടി ഇടുങ്ങിയതായിരുന്നെന്ന് സമാധാനിക്കാം.ഇന്ന് കാര്യങ്ങൾ ഒരുപാട് മാറിയെന്നും നാം കരുതുന്നു. എന്നാലത് പൂര്‍ണമായും ശരിയല്ലെന്ന് അക്ഷരയുടെ ഇപ്പോഴത്തെ അനുഭവം തന്നെ തെളിയിക്കുന്നു.

പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊട്ടിയൂര്‍ എല്‍ പി സ്‌കൂളില്‍ അക്ഷരയ്ക്കും അനുജനും ഒരു വര്‍ഷത്തോളം പഠിപ്പു മുടങ്ങിയെങ്കിലും പിന്നീട് ആ തെറ്റ് തിരുത്തപ്പെടുകയും ആ കുട്ടികള്‍ പഠിക്കുകയും ചെയ്തു.

അക്ഷര മിടുക്കിയായിരുന്നു, പഠനത്തിലും മറ്റു കലാകായികപ്രവര്‍ത്തനങ്ങളിലും. അവള്‍ ഒരിടത്തു നിന്നും മാറ്റി നിര്‍ത്തപ്പെട്ടില്ല. അവളെ എല്ലാവരും ചേര്‍ത്തു പിടിച്ചു. സഹതാപത്തിന്റെ പേരിലല്ല, അത്തരം സ്‌നേഹം അവള്‍ നന്ദിപൂര്‍വം നിരസിച്ചിരുന്നു. തന്റെ കുഴപ്പം കൊണ്ടല്ലാതെ വന്നുചേര്‍ന്നൊരു അസുഖം. അതിന്റെ പേരില്‍ ആരാലും മാറ്റി നിര്‍ത്തപ്പെടേണ്ടവളല്ല, നിങ്ങളില്‍ ഒരാളാണ് ഞാനെന്നും അക്ഷര മറ്റുള്ളവരെ ബോധ്യപ്പെടുത്തിയത് ആ കുട്ടിയുടെ വിജയങ്ങള്‍ കൊണ്ടായിരുന്നു.

പക്ഷേ...ഇപ്പോള്‍, സ്വപ്‌നത്തിലേക്ക് ചിറകുവച്ചു പറന്നു പോകുന്നതിനിടയില്‍ അവള്‍ വീണ്ടും തടയപ്പെട്ടിരിക്കുന്നു. കുറ്റം പഴയതു തന്നെ.

കണ്ണൂര്‍ വിറാസ് കോളേജില്‍ ബി എ സൈക്കളോജി വിദ്യാര്‍ത്ഥിനിയാണിപ്പോള്‍ അക്ഷര. അവളുടെ ഇഷ്ട സബജ്കറ്റ്. ഒന്നാം സെമസ്റ്റര്‍ പൂര്‍ത്തിയാകുന്നു. വീട്ടില്‍ നിന്നും എട്ടുമണിക്കൂറോളം യാത്ര ഉള്ളതിനാല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നാണ് പഠനം.

കോളേജില്‍ അഡ്മിഷന് എത്തുമ്പോള്‍ തന്നെ ഞാന്‍ എന്നെക്കുറിച്ച് എല്ലാം അറിയിച്ചിരുന്നു. കോഴിക്കോട് സര്‍വകലാശാലയുടെ കീഴിലുള്ള ഒരു കോളേജില്‍ ഞാനിതുപോലെ എല്ലാം തുറന്നു പറഞ്ഞതാണ്. പക്ഷേ അവര്‍ക്കെന്നെ അവിടെ അഡ്മിറ്റ് ചെയ്യാന്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് അറിയിച്ചു. അതിവിടെയും ആവര്‍ത്തിക്കുമോയെന്ന് ഭയന്ന് ഒന്നും മിണ്ടാതിരിക്കാന്‍ ശ്രമിച്ചില്ല. ഞാനൊരു കുറ്റവാളിയൊന്നും അല്ല, ഉപദ്രവകാരിയുമല്ല. ശാസ്ത്രത്തെക്കുറിച്ച് തികഞ്ഞ അവബോധമുള്ളൊരു സമൂഹത്തിലാണല്ലോ ഇന്നു ഞാന്‍ ജീവിക്കുന്നത്. അവര്‍ക്ക് എന്നെ മനസിലാകേണ്ടതാണ്. എന്റെ ആലോചനകള്‍ ശരിയായിരുന്നു. വിറാസില്‍ എനിക്ക് അഡിമിഷന്‍ കിട്ടി. മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും എന്നെക്കുറിച്ച് അറിയാമായിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ലായിരുന്നു. നാട്ടില്‍ നിന്നുള്ള ഒരു കുട്ടി അവിടെ പഠിക്കുന്നുണ്ട്. അയാള്‍ക്ക് മാത്രമാണ് എന്നെ അറിയാവുന്നത്. എനിക്കിങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് എല്ലാവരോടും പറഞ്ഞു നടക്കേണ്ടതില്ലെന്നു തോന്നിയതുകൊണ്ടുമാത്രമാണ്, സഹപാഠികളോടും ഹോസ്റ്റലിലെ സഹമുറിയരോടും ഒന്നും പറയാതിരുന്നത്; അക്ഷര പറയുന്നു.

കോളേജിലെ ദിവസങ്ങള്‍ വേഗം കടന്നുപോകുന്നു. പരസ്പരം എല്ലാവരും മാനസികമായി അടുത്തിരിക്കുന്നു. ഈയൊരു ദിവസങ്ങളിലാണ് അക്ഷര സുഹൃത്തുക്കളില്‍ ചിലരോട് തന്റെ ജീവിതകഥ പങ്കുവച്ചത്. എങ്ങനെയായിരിക്കും അവര്‍ പ്രതികരിക്കുകയെന്ന ചെറിയ ഭയം അക്ഷരയ്ക്കുണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. എങ്ങനെയായിരുന്നോ എന്നോട് അതുവരെ പെരുമാറിയിരുന്നത് അതിനേക്കാള്‍ സ്‌നേഹം എന്റെ കൂട്ടുകാര്‍ക്ക് ഉണ്ടായി. അവര്‍ എനിക്കൊപ്പം നടന്നു, ഞങ്ങള്‍ ഒരുപാത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ചു. കളിചിരികള്‍ പങ്കുവച്ചു...ഒന്നും മാറിയില്ല; അക്ഷര ഓര്‍ക്കുന്നു.

എന്നാല്‍ ആ സന്തോഷം പെട്ടെന്നെങ്ങനെ അസ്തമിച്ചു?ജനുവരി 26 ന് കോളേജില്‍ നിന്നും രണ്ട് അധ്യാപികമാര്‍ കൊട്ടിയൂരുള്ള അക്ഷരയുടെ വീട്ടിലെത്തി. അവര്‍ അക്ഷരയുടെ അമ്മയോട് സംസാരിക്കാനായിരുന്നു എത്തിയത്.

അക്ഷര കോളേജ് ഹോസ്റ്റലില്‍ നിന്നും മാറി താമസിക്കാന്‍ തയ്യാറാകണം. എന്തിന്? അക്ഷരയുടെ അമ്മ രമ ആശ്ചര്യപ്പെട്ടു.

രണ്ടു കുട്ടികള്‍ ഹോസ്റ്റലില്‍ നിന്നും ഒഴിഞ്ഞുപോയിരിക്കുന്നു. ഒരാള്‍ അക്ഷരയുടെ സഹമുറിയയാണ്, മറ്റൊരാള്‍ അടുത്ത മുറിയില്‍ താമസിക്കുന്നയാളും. അധ്യാപികമാര്‍ കാരണം വിശദീകരിച്ചു തുടങ്ങി. ആ കുട്ടികള്‍ പോകാന്‍ കാരണം അക്ഷരയാണ്. എച്ച് ഐ വി പോസിറ്റീവ് ആയൊരു കുട്ടിക്കൊപ്പം താമസിക്കുന്നതില്‍ അവര്‍ക്ക് ഭയമുണ്ട്. ആ കുട്ടികളുടെ മാതാപിതാക്കളും കോളേജ് മാനേജ്‌മെന്റിനെ തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ അക്ഷര അവിടുന്ന് മാറുന്നതാണ് നല്ലത്.

അക്ഷരയേയും അമ്മയേയും ഞെട്ടിക്കുന്ന വാക്കുകളായിരുന്നു അത്. തന്റെ കൂട്ടുകാര്‍ തന്നെ പേടിച്ച് താമസം മാറ്റിയിരിക്കുന്നു.

മറുപടി പറയാനോ ഒന്നും ചോദിക്കാനോ അക്ഷരയ്ക്കായില്ല. പക്ഷേ അമ്മയുടെ വാക്കുകളിടറി, തന്റെ കുഞ്ഞിനെ എന്തിന് നിങ്ങള്‍ ഓടിച്ചുവിടുന്നു. ആ അമ്മയ്ക്ക് അത് സഹിക്കാന്‍ പറ്റില്ലായിരുന്നു. അധ്യാപികമാര്‍ വീണ്ടും അനുനയങ്ങള്‍ പറഞ്ഞു. ഒരു കുട്ടിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ സന്ധിസംഭാഷണം നടത്തുകയാണ് കോളേജ് മാനേജ്‌മെന്‍റ്. പക്ഷേ അക്ഷരയുടെ കാര്യത്തില്‍, ഏകപക്ഷീയമായ നീക്കങ്ങള്‍ തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ ഭയന്നു. അതാണ് ദൂതരെ അയച്ചത്. സ്വമനസാലെ ഹോസ്റ്റലില്‍ നിന്നും മാറി താമസിക്കുകയാണെന്ന് അക്ഷര എഴുതി നല്‍കിയാല്‍ അവര്‍ നിരപരാധികളാകും. അക്ഷര അങ്ങനെ ചെയ്യണമെങ്കില്‍ അമ്മ പറയണം, അമ്മയെക്കൊണ്ട് അതിനുവേണ്ടി നിര്‍ബന്ധം ചെലുത്തിക്കുക എന്നതായിരുന്നു അധ്യാപികമാരുടെ ചുമതല. അന്നവര്‍ക്കതില്‍ വിജയിക്കാനായില്ല.

നിങ്ങളെന്തിനാണ് അക്ഷരയെ ഇപ്പോഴും വെയിലത്ത് നിര്‍ത്തിയിരിക്കുന്നത്?

പക്ഷേ ശ്രമം തുടര്‍ന്നു. അക്ഷരയുടെ അമ്മ കോളേജിലേക്ക് വിളിപ്പിക്കപ്പെട്ടു. മാനേജ്‌മെന്റിന്റെ ആളുകള്‍ ചുറ്റുംകൂടിയിരുന്ന് ആ സാധു സ്ത്രീയുടെ തലച്ചോറ് ഇളക്കി മറിച്ചു. പക്ഷേ ആ അമ്മയ്ക്ക് തന്റെ മകള്‍ അപമാനിയതായി ഇറങ്ങിപ്പോകുന്നത് ഓര്‍ക്കാനേ കഴിയുമായിരുന്നില്ല. എന്നാല്‍ ഇതെല്ലാം കണ്ടും കേട്ടുമിരുന്ന അക്ഷരയുടെ സഹനത്തിന്റെ പരിധി കടന്നു.


ഹോസ്റ്റല്‍ മാറാന്‍ എനിക്ക് സമ്മതമാണ്; അക്ഷര എഴുതി നല്‍കി. പലരുടെയും മുഖത്ത് സന്തോഷം കൊണ്ടുവന്ന തീരുമാനം. ആ അമ്മയുടെയും മകളുടെയും മനസ് മാത്രം ആരും കണ്ടില്ല.

മാനേജ്‌മെന്റ് മറ്റൊരു സൗകര്യം അക്ഷരയ്ക്ക് ഒരുക്കി കൊടുത്തു. അവള്‍ക്ക് വേറൊരിടത്ത് താമസസൗകര്യം ഒരുക്കി. ഹോപ്പ് ചാരിറ്റബിള്‍ കേന്ദ്രത്തില്‍. വൃദ്ധരും മാനസികാസ്വസ്ഥ്യമുള്ളവരും പാര്‍ക്കുന്നിടം. ഹോപ്പിലെ പണി തീരാത്തൊരു ബില്‍ഡിംഗിന്റെ രണ്ടാം നിലയിലായിരുന്നു അക്ഷരയുടെ മുറി. ആ മുറിയില്‍ മാത്രം വെട്ടമുണ്ട്. മുകള്‍ നിലയില്‍ മാറ്റാരുമില്ല. അവിടെയവള്‍ ഒറ്റയ്ക്ക്. ഒരു പെണ്‍കുട്ടിക്ക് കോളേജ് മാനേജ്‌മെന്റ് ഒരുക്കി കൊടുത്ത സൗകര്യം!

അവിടുത്തെ അന്തേവാസികളും ജീവനക്കാരും ആയിരുന്നില്ല എന്റെ പ്രശ്‌നം. അവര്‍ സാധുക്കള്‍, സ്‌നേഹമുള്ളവള്‍. പക്ഷേ അവിടെ നിന്നാല്‍ എനിക്ക് പഠിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഞാനിവിടെ നിന്നിറങ്ങി. വീട്ടില്‍ നിന്നും കോളേജിലേക്ക് നാലുമണിക്കൂറിനടത്ത് യാത്രയുണ്ട്. അതും ബുദ്ധമുട്ടാണ്. ഹോപ്പില്‍ നിന്നാല്‍ ഞാന്‍ മനസികമായി തകരും. എന്റെ മുന്നില്‍ വഴികളടയുകയാണ്; അക്ഷരയുടെ ജീവിതത്തില്‍ നിന്ന് ആദ്യമായി ആത്മവിശ്വാസം ചോരുന്നതുപോലെ. പഠിക്കണമെന്നത് എന്റെ വാശിയാണ്. എന്റെ സ്വപ്‌നങ്ങളിലേക്ക് കരുത്തോടെ കടന്നു ചെല്ലണം. പക്ഷേ അകാരണമായി ഞാന്‍ തടയപ്പെടുകയാണെങ്കില്‍? ഇതാണ് അവസ്ഥയെങ്കില്‍ പഠനം നിര്‍ത്തേണ്ടി വരും. ഞാന്‍ തോറ്റുപോയെന്നു കരുതരുത്. ജയിക്കാന്‍ വേണ്ടി തന്നെയാണ്. നോക്ക്, നിങ്ങള്‍ എന്നെയോര്‍ത്ത് സഹതപിക്കരുത്, എനിക്കത് ഇഷ്ടമല്ല. സഹതാപം വേണ്ട എത്രയോ ജനങ്ങള്‍ ഈ നാട്ടിലുണ്ട്. എന്നെയും കുടുംബത്തെ ദത്തെടുക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നൂ. എന്തിന്? എനിക്ക് വീട്ടില്‍ നിന്നും നല്ല ഭക്ഷണം കിട്ടുന്നു. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ജീവിക്കാന്‍ കഴിയുന്നു. പിന്നെ എന്തിനാണിത്തരം സ്‌നേഹം കാണിക്കുന്നത്. എന്റെ മേല്‍ താത്പര്യമുള്ളവരാണെങ്കില്‍ എന്നെ പഠിക്കാന്‍ അനുവദിക്കൂ. എന്നെ മാനസികമായി തകര്‍ക്കാതിരിക്കൂ.

എനിക്കറിയേണ്ടത് ആര്‍ക്കാണ് ഞാന്‍ ഹോസ്റ്റലില്‍ താമസിക്കുന്നതിന് എതിര്‍പ്പുള്ളതെന്നാണ്. അന്ന് ടീച്ചര്‍മാര്‍ വന്നുപോയതിനുശേഷം കുറച്ചു ദിവസത്തേക്ക് കോളേജില്‍ പോയില്ല. വീണ്ടുമെത്തുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ ഒരുഭാവഭേദവുമില്ലാതെ തന്നെ എന്നെ സ്വീകരിച്ചു. ഞങ്ങള്‍ക്കിടയില്‍ ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്നെനിക്കു തോന്നി. ഇനി ഞാന്‍ എങ്ങനെയാണിവരോട് നിങ്ങള്‍ക്കെന്നെ ഭയമാണോയെന്നു ചോദിക്കുന്നത്. ഞാന്‍ കാരണം നിങ്ങള്‍ താമസം മാറുകയാണോയെന്നു ചോദിക്കേണ്ടത്? അവരിതാ എനിക്കൊപ്പം ഇരിക്കുന്നു, എനിക്കൊപ്പം ഭക്ഷണം കഴിക്കുന്നു, എന്നെ ഉപദ്രവിക്കുന്നു (തമാശയ്ക്കാണുകേട്ടോ)...അപ്പോളാരാണ് ഞാന്‍ മാറണമെന്ന് പറഞ്ഞത്?

ഞാന്‍ ഒന്നും ചോദിക്കാതെ തന്നെ ഹോസ്റ്റലിലെ റൂംമേറ്റ് എന്നോട്ടു പറഞ്ഞത്, അവള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്, അതുകൊണ്ട് മെഡിക്കല്‍ കോളേജിന് അടുത്തായി ഒരിടത്തേക്ക് താമസം മാറ്റുകയാണെന്നാണ്. അവളുടെ സംസാരത്തിലോ ഭാവത്തിലോ ഒന്നും മറച്ചുവയ്ക്കുന്നതായി എനിക്കു തോന്നിയില്ല.

ഒരുപക്ഷേ ഈ കുട്ടികള്‍ അവരുടെ മതാപിതാക്കളോട് എന്റെ കാര്യം പറഞ്ഞിരിക്കാം. അവരതുകേട്ട് ഭയന്നുപോയിട്ടുണ്ടാവും. ആ ഭയം മാനേജ്‌മെന്റിനെ അറിയിക്കുകയുമുണ്ടായിട്ടുണ്ട്.

മാാനേജ്‌മെന്റ് ഈ കാര്യത്തില്‍ നിരപരാധികളായി പെരുമാറുകയാണ്. അവര്‍ക്കെന്നോട് ഒരു വിദ്വേഷമോ അവഗണനയോ ഇല്ലെന്നും അതേസമയം മറ്റുകുട്ടികളുടെ കാര്യം കൂടി നോക്കണ്ടേയെന്നും ചോദിക്കുന്നു. എനിക്കു മനസിലാകാത്തത് അതാണ്. ഞാന്‍ കാരണം മറ്റു കുട്ടികള്‍ക്കെന്താണ് സംഭവിക്കാന്‍ പോകുന്നത്? എന്റെ സഹോദരി എച്ച് ഐ വി നെഗറ്റീവ് ആണ്. ഇരുത്തിരണ്ട് വയസായി അവള്‍ക്ക്. എന്റെ അമ്മയുടെ കൂടെയല്ലേ അവള്‍ ഇക്കാലമത്രയും ജീവിച്ചത്. എന്തു സംഭവിച്ചു അവള്‍ക്ക? എന്റെ നാട്ടിലാര്‍ക്കാണ് ഞാന്‍ കാരണം എച്ച് ഐ വി പകര്‍ന്നത്? എന്റെ നാട്ടുകാര്‍ക്കോ എന്റെ സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കോ അന്നത്തെ അധ്യാപകര്‍ക്കോ ഇല്ലാത്ത ഭയവും ആശങ്കയും നിങ്ങള്‍ക്കു മാത്രം?

ക്ലാസ് മുറിയില്‍ ഒരുമിച്ചിരുന്ന് പഠിക്കുമ്പോഴോ, പുറത്തിറങ്ങി നടക്കുമ്പോഴോ ഉണ്ടാകാത്ത പ്രശ്‌നം ഹോസ്റ്റല്‍ മുറിയില്‍ എത്തുമ്പോള്‍ മാത്രം എങ്ങനെ സംഭവിക്കുന്നു?

അതിനെന്റെ പ്രിന്‍സിപ്പല്‍ ഗംഭീരമായൊരു ഉത്തരം തന്നു; രാത്രികാലങ്ങളിലാണ് എച്ച് ഐ വി വൈറസ് പടരുന്നതത്രേ!

ഞാന്‍ അവരോടു പറഞ്ഞു, നമ്മുടെ കോളേജില്‍ എയ്ഡ്‌സ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാം. ഒട്ടേറ പേരുടെ പേടിയും സംശയങ്ങളും മാറിക്കിട്ടും. എച്ച് ഐ വിക്കാരെ രാത്രികാലങ്ങളില്‍ ഭയക്കേണ്ടതില്ലെന്ന തെറ്റിദ്ധാരണകള്‍ ഉള്‍പ്പെടെ.

അതൊന്നും ആര്‍ക്കും വേണ്ട...അവര്‍ക്കെല്ലാം അവരുടേതായ കണ്ടെത്തലുകളുണ്ട്, ശരികളും.ആ ശരികള്‍ ഇപ്പോള്‍ തെറ്റിക്കുന്നത് എന്റെ ലക്ഷ്യങ്ങളാണ്. ഐ എ എസ്സുുകാരിയാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നതുപോലും അതിന്റെ പിന്നില്‍ മറ്റൊരു ഉദ്ദേശംവച്ചുകൊണ്ടാണ്. എനിക്കറിയാം, സാധാരണ ഒരു ജോലിയാണ് കിട്ടുന്നതെന്നിരിക്കട്ടെ, ഞാനിനിയും ഇത്തരം വിവേചനങ്ങള്‍ നേരിടും, അല്ലെങ്കില്‍ ആരുമാരുമറിയാതെ ജീവിച്ചു മരിച്ചുപോകും. അതുപോര, എച്ച് ഐ വി പോസിറ്റീവ് ആയ ഞാന്‍ ഇതാ ഒരു ഐഎഎസ് കാരിയായിരിക്കുന്നു. ആ നേട്ടം എനിക്ക് അഹങ്കരിക്കാനല്ല, മറ്റുള്ളവരെ പ്രചോദിപ്പിക്കാനാണ്. ഇതുപോലെ അസുഖബാധിതരായവരെ, മറ്റേതെങ്കിലും വൈകല്യം വന്നവരെ, എല്ലാവരോടും എനിക്ക് പറയണം; ശ്രമിച്ചാല്‍ സാധിക്കാത്തതായി ഒന്നും ഈ ലോകത്തില്ലെന്ന്. അതാണ് എന്റെ ലക്ഷ്യം.

ഞാനിപ്പോള്‍ എന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. തികഞ്ഞ ആത്മവിശ്വസത്തോടെ. എന്നാല്‍ എനിക്കത് എഴുതാന്‍ കഴിയുമോയെന്ന് അറിയില്ല. ഇനി ജീവിതത്തില്‍ ഏതെങ്കിലും പരീക്ഷ എഴുതാന്‍ പറ്റുമോയെന്നും അറിയില്ല. എന്നെ അറിയുന്നവര്‍ക്കെല്ലാം അറിയാം, ഞാന്‍ വളരെ ബോള്‍ഡാണെന്ന്. അതേ ഞാനങ്ങനെ തന്നെയാണ്. പക്ഷേ നിങ്ങള്‍ എന്റെ സാഹചര്യത്തിലേക്ക് വന്നു നിന്നു ചിന്തിക്കൂ. എന്റെ കഴിവുകള്‍ ഉപയോഗിച്ചാണ് ഇവിടെവരെ എത്തിയത്. എന്നിട്ടും എനിക്കൊരു പങ്കുമില്ലാത്തൊരു കുറ്റം (അതൊരു കുറ്റമോ തെറ്റോ ആണോ?) ചുമത്തപ്പെട്ട് ഞാന്‍ ആട്ടിയിറക്കപ്പെടുന്നൂ. മാനേജ്‌മെന്റ് എന്നോട് ഇവിടെ തന്നെ പഠിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശരിയാണ്, ഞാനീ കോളേജ് വിട്ടുപോകാന്‍ അവര്‍ക്ക് ഒരാഗ്രവുമില്ല. അതൊരു സൗകര്യമല്ലേ. ഒരു തരം സഹതാപം. ഞാനിവിടെ പഠിക്കുന്നതുകൊണ്ട് കുഴപ്പമില്ലെങ്കില്‍ ഹോസ്റ്റലില്‍ താമസിച്ചാല്‍ വേറെന്തു കുഴപ്പമാണ് ഉണ്ടാവുക? അതിനെന്താണ് ഉത്തരം പറയാത്തത്? ഇപ്പോള്‍ കാണിക്കുന്നത് വിവേചനമാണ്. ചിലര്‍ ചോദിച്ചേക്കാം, നിനക്കെന്താണ് ഹോസ്റ്റലില്‍ നിന്നു മാത്രം പഠിക്കണമെന്ന് ഇത്രവാശി? അവര്‍ വേറെ താമസസൗകര്യം ഒരുക്കി തന്നതല്ലേയെന്നും. അവരെന്നെ അഹങ്കാരിയെന്നു വിളിക്കുമായിരിക്കും. വിളിച്ചോട്ടേ. പക്ഷേ ഒരു തെറ്റും ചെയ്യാതെ നിങ്ങളെ ഒരിടത്തു നിന്നും മാറ്റി നിര്‍ത്തിയാല്‍ അതു സഹിക്കുമോ? അവഗണയുടെ വേദന എന്താണെന്നു മനസിലാക്കിയിട്ടുണ്ടോ? നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പേടിയുണ്ടാക്കുന്നൊരു വസ്തുവാണന്നു കേട്ടാല്‍ അതു സഹിക്കുമോ? ഇല്ല, ഒരിക്കലുമില്ല. അതു തന്നെയാണ് എന്റെ കാര്യത്തിലും.

കളക്ടറുടെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. അവരുടെ ന്യായങ്ങളെ ജയിക്കൂ. അങ്ങനെയാണെങ്കില്‍ ആ കോളേജിലേക്ക് പിന്നെ ഞാന്‍ പോവില്ല. മറ്റെവിടെയെങ്കിലും പഠിക്കാന്‍ ചേരും. അവരുമെല്ലാം എന്നെ ഭയക്കുന്നവരാണെങ്കില്‍ പഠനമേ ഞാന്‍ നിര്‍ത്തും. അല്ലാതെ പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

ഈ റിപ്പോര്‍ട്ടിനൊപ്പം എന്റെ യഥാര്‍ത്ഥ പേരും ചിത്രവും നല്‍കുന്നതിന് ചില നിയമതടസങ്ങളുണ്ട്. പക്ഷേ ഇവിടെ ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം എന്റെ ചിത്രവും പേരും പരസ്യപ്പെടുത്താന്‍ ആവശ്യപ്പെടുകയാണ്. എന്തിനുവേണ്ടിയാണെന്നോ. എല്ലാവരും എന്നെ അറിയണം. ഞാനാരാണെന്നു മനസിലാക്കണം. നാളെ കുറേപ്പേര്‍ ആദ്യമെന്നെ ഒന്നുമറിയാതെ സ്‌നേഹിക്കുക. പിന്നീട് എല്ലാമറിയുമ്പോള്‍ പേടിക്കുക, അതുവേണ്ട. സഹിക്കാന്‍ പറ്റില്ല.

ഞാന്‍ ഇതാണ്...ഞാനിങ്ങനൊരാളാണ്...ഇതറിഞ്ഞിട്ടും നിങ്ങള്‍ക്കെന്നോട് സൗഹൃദം തോന്നുന്നുണ്ടോ?

(എഡിറ്റര്‍; തന്റെ ഐഡിന്റിറ്റി വെളിപ്പെടണമെന്ന് അക്ഷരയുടെ ആവശ്യപ്രകാരമാണ് യഥാര്‍ത്ഥപേരും ചിത്രവും ചേര്‍ത്തിരിക്കുന്നത്. എച്ച് ഐ വി ബാധിതരായവരുടെ പേരോ ചിത്രങ്ങളോ പ്രസിദ്ധപ്പെടുത്തുന്നതിന് നിയമം തടസം പറയുന്നുണ്ട്. എന്നാല്‍ തന്റെ കാര്യത്തില്‍ മറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരും തന്നെ തിരിച്ചറിയണമെന്നും അതിനാല്‍, പേരും ചിത്രവും പ്രസിദ്ധപ്പെടുത്താന്‍ സ്വമനസാലെ അഴമുഖത്തിന് അനുമതി നല്‍കിയിരിക്കുന്നുവെന്നും അക്ഷര വ്യക്തമാക്കുന്നു)

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories