TopTop

'എന്ത് മോദി, ഞാന്‍ ബിജെപിക്കാരനല്ല, അയാളെ 25 തവണ ചെരിപ്പൂരി അടിച്ചു'; എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശിവസേന എംപി

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പ് കൊണ്ടടിച്ച ശിവസേന എംപിക്കെതിരെ വ്യാപക പ്രതിഷേധം. സംഭവത്തില്‍ ശിവസേന തങ്ങളുടെ എംപി രവീന്ദ്ര ഗെയ്ക്ക്വാദിനോട്‌ വിശദീകരണം ചോദിച്ചു. തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാന്‍ കഴിയാത്ത യാത്രക്കാരുടെ പട്ടിക ഉണ്ടാക്കാന്‍ എയര്‍ ഇന്ത്യയും തീരുമാനിച്ചു.

എംപിമാര്‍ തങ്ങളുടെ അധികാരാവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെയാണ് ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചു. ശിവസേനാ എംപിക്കെന്തിരെ ബിജെപിയും രംഗത്തെത്തി.

താന്‍ 25 പ്രാവശ്യത്തിലധികം തവണ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പു കൊണ്ട് അടിച്ചു എന്നാണ് എംപി തന്നെ അവകാശപ്പെട്ടത്.

60-കാരനായ ഡ്യൂട്ടി മാനേജര്‍ ആര്‍ ശിവ്കുമാറിനാണ് എംപിയുടെ മര്‍ദ്ദനമേറ്റത്. വിമാനത്തിലെ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമായാണ് മര്‍ദ്ദിച്ചത്. ബിസിനസ് ക്ലാസ് ടിക്കറ്റെടുത്ത തനിക്ക് എക്കോണമി ക്ലാസ് ടിക്കറ്റാണ് തന്നത് എന്ന് പറഞ്ഞാണ് ശിവസേന എംപി, ജീവനക്കാരനോട് കയര്‍ത്തതും മര്‍ദ്ദിച്ചതും. എന്നാല്‍ ഈ വിമാനത്തില്‍ എക്കോണമി ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശിവകുമാറിന്റെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. സംഭവത്തെ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അപലപിച്ചു. സംഭവം അന്വേഷിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.പൂനെയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള എംപിയാണ് രവീന്ദ്ര ഗെയ്ക്വാദ്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച ഗെയ്ക്‌വാദ് ജീവനക്കാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ നേരെ ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്ന് കസ്റ്റമര്‍ റിലേഷന്‍ മാനേജറായ ശിവ്കുമാര്‍ വിമാനത്താവളത്തില്‍ നിന്നെത്തി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ശ്രീകുമാറിനെ ഗെയ്ക്‌വാദ് മര്‍ദ്ദിച്ചത്. ശ്രീകുമാറിനെ താന്‍ ചെരിപ്പുകൊണ്ട് 25 തവണ അടിച്ചതായി രവീന്ദ്ര ഗെയ്ക്‌വാദ് പറഞ്ഞു. തന്നോട് മോശമായി പെരുമാറിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഗെയ്ക്‌വാദ് പറയുന്നത്.

'താങ്കള്‍ക്ക് പ്രായം കൂടുതലാണ്, ബിപി കൂട്ടാതെ പതുക്കെ സംസര്‍ക്കൂ എന്നു ഞാന്‍ പറഞ്ഞു. വീണ്ടും മോശമായി സംസാരിച്ചപ്പോള്‍ ഞാനൊരു എംപിയാണ്, ഇങ്ങനെ സംസാരിക്കരുത് എന്നു പറഞ്ഞപ്പോള്‍, എന്ത് എംപി, ഞാന്‍ മോദിയോട് സംസാരിച്ചോളാം എന്നാണ് എന്നോട് മറുപടി പറഞ്ഞത്. അപ്പോഴാണ്‌ ഞാന്‍ അടിച്ചത്. ഞാന്‍ ഇവിടെ വന്നിട്ടുള്ളത് നിങ്ങളുടെ തെറിവിളി കേള്‍ക്കാനല്ല, ഞാന്‍ ബിജെപിക്കാരനുമല്ല' ഗെയ്ക്ക്വാദ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.സംഭവത്തില്‍ എയര്‍ ഇന്ത്യയും ശിവകുമാറും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എംപിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ എന്ന് ശിവകുമാര്‍ പ്രതികരിച്ചു. തന്നെ മര്‍ദ്ദിച്ചതു കൂടാതെ ജീവനക്കാരുടെ മുമ്പാകെ നാണം കെടുത്തുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ളയാളാണ് ഗെയ്ക്ക്വാദ്. ഡല്‍ഹി മഹാരാഷ്ട്ര സദനില്‍ നോമ്പ് സമയത്ത് മുസ്ലീം ജീവനക്കാരന്റെ വായില്‍ ഗെയ്ക്ക്വാദ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ചപ്പാത്തി കുത്തിക്കയറ്റിയ സംഭവം ഏറെ വിവാദമായിരുന്നു. മോശം ഭക്ഷണം തന്നു എന്നാരോപിച്ചായിരുന്നു ഇത്.

Next Story

Related Stories