TopTop
Begin typing your search above and press return to search.

അവധിക്കാലം ഇനി സൗദി അറേബ്യയില്‍

അവധിക്കാലം ഇനി സൗദി അറേബ്യയില്‍

ആദം ടെയ്‌ലര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

സൗദി അറേബ്യ എന്നു കേള്‍ക്കുമ്പോള്‍ അവിടെയൊരു അവധിക്കാലം ചെലവിടാം എന്നു കരുതുന്ന പടിഞ്ഞാറന്‍ നാട്ടുകാര്‍ കുറവായിരിക്കും. അമേരിക്കക്കാരുടെയും യൂറോപ്പുകാരുടെയും സ്വപ്‌നത്തിലുള്ള അവധിക്കാലത്തിനു ചേര്‍ന്നതല്ല ഈ പേഴ്‌സ്യന്‍ ഗള്‍ഫ് രാജ്യത്തിന്റെ രീതികള്‍. യാഥാസ്ഥിതിക ഇസ്ലാം നിയമം അനുസരിച്ചുപ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന് മദ്യം നിഷിദ്ധമാണ്. വനിതകള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏറെയാണു താനും.

എങ്കിലും സൗദി രാജവംശം അവരുടെ ഭാവി സാമ്പത്തികപ്രതീക്ഷകള്‍ വിനോദസഞ്ചാരമേഖലയില്‍ കൊരുത്തിടുകയാണ്. വിനോദസഞ്ചാരം രാജ്യത്തിന്റെ രണ്ടാമത്തെ പ്രധാനപ്പെട്ട സാമ്പത്തികമേഖലയാണെന്നാണ് ഒരു സൗദി ഉദ്യോഗസ്ഥന്‍ കഴിഞ്ഞ വര്‍ഷം വിശേഷിപ്പിച്ചത്. എണ്ണയുടെ ആശ്രിതത്വത്തില്‍നിന്ന് രാജ്യത്തെ വിമുക്തമാക്കാനുള്ള വിഷന്‍ 2030 പദ്ധതിയില്‍ വിനോദസഞ്ചാരമേഖലയിലെ നിക്ഷേപം 2020 ആകുമ്പോഴേക്ക് 46 ബില്യണ്‍ ഡോളറാക്കാനാണ് നീക്കം. ഇപ്പോള്‍ ഇത് എട്ടുമില്യണ്‍ ഡോളര്‍ മാത്രമാണ്.

തീരപ്രദേശങ്ങള്‍ വിനോദസഞ്ചാരപദ്ധതികള്‍ക്കു വിട്ടുകൊടുക്കാനും മ്യൂസിയങ്ങളിലും മറ്റ് ചരിത്രസ്ഥലങ്ങളിലും കൂടുതല്‍ നിക്ഷേപം നടത്തി രാജ്യാന്തര നിലവാരമുള്ള പദ്ധതികളാണ് നടപ്പാക്കുക. എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്ക് വാതില്‍ തുറന്നിടുമെന്നാണ് സൗദി നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന മൂഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.അത് നിര്‍ണായകമായ കാര്യമാണ്. ഇസ്ലാം വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ മെക്കയും മദീനയും സൗദിയിലാണ്. തീര്‍ത്ഥാടകരുടെ കാര്യത്തില്‍ ഇപ്പോള്‍ത്തന്നെ മുന്‍നിരയിലുള്ള സൗദിയിലെ സഞ്ചാരവ്യവസായം വളര്‍ന്നുകൊണ്ടിരിക്കുകയുമാണ്. 2014ലാണ് സൗദി ഏറ്റവുമധികം സഞ്ചാരികളെ കണ്ടത്. 18 മില്യണ്‍ വരുന്ന ഇവരില്‍ ഏറെയും തീര്‍ത്ഥാടകരായിരുന്നു.

മറ്റുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മെക്കയ്ക്കും മദീനയ്ക്കും പുറത്ത് രാജ്യത്തിന്റെ വിനോദസഞ്ചാരമേഖല ദുര്‍ബലവുമാണ്. സൗദിയെ സംബന്ധിച്ച് വിനോദസഞ്ചാരം ആദായകരമല്ല. തീര്‍ത്ഥാടകര്‍ പണം ചെലവഴിക്കുന്നതില്‍ വളരെ പിന്നിലാണ്. സൗദിയുടെ മൊത്തം സാമ്പത്തിക ഉത്പാദനത്തില്‍ വിനോദസഞ്ചാരത്തിന്റെ സംഭാവന വെറും 2.5 ശതമാനമാണ്. എണ്ണപ്പണമാണ് 50 ശതമാനവും. തുര്‍ക്കിയില്‍പ്പോലും വിനോദസഞ്ചാരത്തിന്റെ പങ്ക് അഞ്ചു ശതമാനമാണ്. മറ്റു രാജ്യങ്ങളില്‍ പത്തു ശതമാനത്തില്‍ കൂടുതലും.

ലോകബാങ്കിന്റെ കണക്കനുസരിച്ച് 2014ല്‍ സൗദിയുടെ വിനോദസഞ്ചാര മേഖല സമ്പാദിച്ചത് 9.3 ബില്യണ്‍ മാത്രമാണ്. അതേ വര്‍ഷം ഖത്തര്‍, യുഎഇ തുടങ്ങിയ ചെറുരാജ്യങ്ങള്‍ സമ്പാദിച്ചതിലും കുറവ്. കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളുടെ വരുമാനത്തിന്റെ അടുത്തെങ്ങുമെത്തുന്നില്ല സൗദി.

വിനോദസഞ്ചാരത്തില്‍നിന്നു വരുമാനം കൂട്ടാനുള്ള സൗദിയുടെ ശ്രമം പുതിയതല്ല. ഈ ആശയം വര്‍ഷങ്ങള്‍ക്കുമുന്‍പേയുള്ളതാണെന്ന് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ സൗദി വിദഗ്ധന്‍ ടോബി മറ്റീസെന്‍ പറയുന്നു. 'സൗദിയിലെ അടിസ്ഥാനയാഥാര്‍ത്ഥ്യങ്ങള്‍ രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രമാകുന്നതില്‍ നിന്നു തടയുന്നു. നിലവിലുള്ള മതപരവും സാമൂഹികവുമായ നിയമങ്ങള്‍ മാറ്റാതെ അത് സാധ്യവുമല്ല.'

വിശാലമായ വിനോദസഞ്ചാര കാഴ്ചപ്പാട് അവിടെയില്ലെന്ന് സൗദി രാജഭരണത്തിനുമറിയാം. രാജ്യത്ത് ഇസ്ലാമിക് മ്യൂസിയമില്ലെന്നതിനെപ്പറ്റി മുഹമ്മദ് രാജകുമാരന്‍ അഭിമുഖത്തില്‍ പറഞ്ഞു. 'മുസ്ലിമല്ലാത്ത ഒരാള്‍ സൗദി സന്ദര്‍ശിക്കുകയും ഇസ്ലാമിനെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍ അവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുന്ന സെന്ററുകളോ മ്യൂസിയങ്ങളോ ഇവിടെയില്ല.' രാജ്യത്ത ജൂത, ക്രിസ്റ്റിയന്‍ കേന്ദ്രങ്ങളെയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തലത്തിലേക്കു വളര്‍ത്താനാകുമെന്ന് രാജകുമാരന്‍ ചൂണ്ടിക്കാട്ടി.

'യൂറോപ്യന്‍ സംസ്‌കാരത്തിന്റെ പല പ്രധാനസ്ഥലങ്ങളും ഇവിടെയുണ്ട്. സൗദി സംസ്‌കാരത്തിന്റെ പ്രധാന ഘടകങ്ങളും'.വിനോദസഞ്ചാര വികസനം പണത്തിനുവേണ്ടി മാത്രമല്ലെന്ന് സൗദി ടൂറിസം, നാഷനല്‍ ഹെറിറ്റേജ് കമ്മിഷന്‍ തലവനും മുഹമ്മദ് രാജകുമാരന്റെ സഹോദരനുമായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു. തദ്ദേശീയരില്‍ സൗദി സംസ്‌കാരത്തെപ്പറ്റി അഭിമാനം ഉണര്‍ത്താനും മറ്റുള്ളവരെ ഇത് കാണിച്ചുകൊടുക്കാനുമുള്ള അവസരമാണ്. ഷിയ എതിരാളിയായ ഇറാനില്‍നിന്നും സുന്നിവിഭാഗത്തിലെ തീവ്രവാദികളില്‍നിന്നും സമ്മര്‍ദം നേരിടുന്ന ഇക്കാലത്ത് രാഷ്ടീയ ഭൂമിശാസ്ത്ര ലക്ഷ്യങ്ങളും വിനോദസഞ്ചാരത്തിനു നിറവേറ്റാനാകും.

എണ്ണപ്പണത്തില്‍നിന്നു മോചനം നേടാനുള്ള സൗദിയുടെ മറ്റു പല പദ്ധതികളെയുംപോലെ വിനോദസഞ്ചാരമേഖലയിലെ വികസനവും നടപ്പാകുന്നതാണോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. രാജ്യത്തെ യാഥാസ്ഥിതിക മത വ്യവസ്ഥയാണ് പതിവുപോലെ ഇവിടെയും തടസം.

'പടിഞ്ഞാറന്‍, റഷ്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കണമെങ്കില്‍ മദ്യവും ബിക്കിനികളും ഉണ്ടായേ തീരൂ,' വാഷിങ്ടണിലെ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലെ മുതിര്‍ന്ന അനലിസ്റ്റ് ബ്രൂസ് റീഡല്‍ പറയുന്നു. ' സൗദി മതപണ്ഡിതര്‍ അത് അംഗീകരിക്കില്ല. അതുകൊണ്ടുതന്നെ പണമുള്ള വന്‍ വിപണികള്‍ സൗദിയിലേക്കു വരില്ല.'


Next Story

Related Stories