TopTop
Begin typing your search above and press return to search.

ഇതാണ് ഹോളണ്ട്; മെക്സിക്കോയുടെ വിധി നേരത്തെ എഴുതിയവര്‍

ഇതാണ് ഹോളണ്ട്; മെക്സിക്കോയുടെ വിധി നേരത്തെ എഴുതിയവര്‍

ടീം അഴിമുഖം

ജീവിതത്തോട് ഇത്രയും അടുത്ത് നില്‍ക്കുന്ന മറ്റൊരു കായിക വിനോദവും ഉണ്ടാവില്ല, ഫുട്ബോള്‍ പോലെ. ജീവിതത്തില്‍ എല്ലാം നേടി എന്ന് അഹങ്കരിക്കുകയും അഭിമാനം കൊള്ളുകയും ചെയ്ത് ഇനി സ്വസ്ഥം എന്ന് വിചാരിക്കുമ്പോഴായിരിക്കും വിധി അല്ലെങ്കില്‍ പ്രകൃതി ഒരു മാരകരോഗമായോ അപകടമായോ ഇഷ്ടപ്പെട്ടവരുടെ വേര്‍പ്പാടായോ മനുഷ്യ ജീവിതത്തില്‍ ഇടപെടുന്നത്. പന്തുകളിയിലും ഇത് ബാധകമാണ്. ജയിച്ചു എന്ന് വിചാരിക്കുന്ന നിമിഷം കാര്യങ്ങള്‍ എല്ലാം തലകീഴായി മറിയുന്നു. പിന്നെ മുന്നില്‍ സംഭവിക്കുന്നതിന് നിശബ്ദം സാക്ഷ്യം വഹിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

കളിയുടെ 58-ആം മിനുട്ട് മുതല്‍ 87-ആം മിനുട്ട് വരെ ഹോളണ്ടിനെതിരെ ജയിച്ച ടീമായിരുന്നു മെക്‌സിക്കോ. വെറും മൂന്ന് മിനുട്ട് കൂടി കഴിഞ്ഞാല്‍ ചരിത്രത്തില്‍ രണ്ടേ രണ്ട് തവണ, അതായത് 1970 ലും 86ലും എത്തിപ്പിടിച്ച നേട്ടത്തിലേക്ക് വീണ്ടും എത്തിച്ചേരാര്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. അതായത് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന വലിയ നേട്ടം. പക്ഷെ ആ മൂന്ന് മിനുട്ട് എല്ലാം തകര്‍ത്തുകളഞ്ഞു. സമനില ഗോള്‍ വന്നത് നിശ്ചിത സമയം തീരാന്‍ മൂന്ന് മിനുട്ട് ശേഷിക്കെ. വിജയ ഗോള്‍ പിറന്നതാകട്ടെ പരിക്ക് സമയം തീരാന്‍ രണ്ട് മിനുട്ട് മാത്രം ബാക്കി നില്‍ക്കെ. അതുവരെ മുന്നിട്ടു നിന്ന ടീമിനെ അധിക സമയത്ത് പൊരുതാനുള്ള ഒരു അവസരം പോലും നല്‍കാതെ വിധി കീഴടക്കി കളഞ്ഞു.താരതമ്യേന സംഭവരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് കളിയുടെ ഗതി മാറിയ നിമിഷങ്ങള്‍ ഉണ്ടായത്. 58-ആംമിനുട്ടില്‍ ഡച്ച് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നും കിട്ടിയ പന്ത് പെനാല്‍ട്ടി ബോക്‌സില്‍ നിന്നും എണ്ണം പറഞ്ഞ ഒരു ഷോട്ടിലൂടെ ഡോസ് സാന്റോസ് വലയിലെത്തിച്ചപ്പോള്‍ മെക്‌സിക്കോ ഒരു ഗോളിന് മുന്നിലായി. ഗോള്‍ വീണ് രണ്ട് മിനുട്ട് നേരത്തേക്ക് അത്യാവേശത്തില്‍ മെക്‌സിക്കോ കത്തികയറിയപ്പോള്‍ ഹോളണ്ടിനെ വിടാതെ പിന്തുടരുന്ന ഭാഗ്യദോഷം ബ്രസീലിലും ആവര്‍ത്തിക്കും എന്ന് തോന്നി. എന്നാല്‍ അതുവരെ കണ്ട ഹോളണ്ടിനെയല്ല പിന്നീട് മൈതാനത്ത് കണ്ടത്. മുറിവേറ്റ സിംഹത്തെ പോലെ അവര്‍ തുടരെ തുടരെ ആക്രമണം അഴിച്ചു വിട്ടപ്പോള്‍ കോര്‍ണറുകളിലും ഒച്ചോവ എന്ന ഗോളിയുടെ മനസാന്നിധ്യത്തിലും അഭയം തേടുകയായിരുന്നു മെക്‌സിക്കോ. എണ്ണം പറഞ്ഞ നാലു സേവുകള്‍ ഒച്ചോവ നടത്തുകയും സമയം കൈവിട്ട് പോവുകയും ചെയ്തപ്പോള്‍ ലാറ്റിന്‍ അമേരിക്കന്‍ മണ്ണ് യൂറോപ്യന്‍ ടീമുകളുടെ കുരുതിക്കളം ആവുകയാണെന്ന് തോന്നിച്ചു.

ആദ്യ പകുതിയില്‍ വെറും ഒരു കോര്‍ണര്‍ മാത്രം സമ്പാദിക്കാന്‍ കഴിഞ്ഞ ഓറഞ്ച് പട രണ്ടാം പകുതിയില്‍ നേടിയെടുത്തത് ഒമ്പത് കോര്‍ണറുകള്‍. ഇതില്‍ അവസാനത്തെ കോര്‍ണര്‍ മെക്‌സിക്കന്‍ സ്വപ്‌നങ്ങളെ തട്ടിത്തെറിപ്പിച്ചു. ആര്യന്‍ റോബന്‍ എടുത്ത കിക്ക് പിന്നിലേക്ക് ഹെഡ് ചെയ്തിടുമ്പോള്‍ ബോക്‌സിന് പുറത്തു നിന്നും ഓടിയെത്തിയ വെഴ്‌സിലി സ്‌നൈഡറെ തടയാന്‍ മെക്‌സിക്കന്‍ കളിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. സ്‌നൈഡറുടെ കനത്ത ഷോട്ട് മെക്‌സിക്കന്‍ വലയുടെ ഇടതു മൂലയില്‍ തുളച്ച് കയറുമ്പോള്‍ അതുവരെ ഗ്യാലറിയില്‍ നിശബ്ദമായിരുന്ന ഓറഞ്ച് കടല്‍ ആര്‍ത്തിരമ്പി. അതോടെ മെക്‌സിക്കോയുടെ വിധി എഴുതപ്പെട്ടിരുന്നു. ആറു മിനിട്ട് നീണ്ട പരിക്ക് സമയത്തും ആക്രമണങ്ങളുടെ അല തീര്‍ത്തുകൊണ്ടിരുന്ന ഹോളണ്ടിന് നാലാം മിനിട്ടില്‍ ആര്യന്‍ റോബന്റെ മുന്നേറ്റത്തെ ബോക്‌സില്‍ കാല്‍വച്ച് വീഴ്ത്തി മെക്‌സിക്കന്‍ ക്യാപ്റ്റന്‍ മാര്‍ക്കോസ് പെനാല്‍ട്ടി സമ്മാനിച്ചു. വാന്‍പേഴ്‌സിക്ക് പകരം ഇറങ്ങിയ ഹുണ്ടലാര്‍ ലക്ഷ്യം കണ്ടപ്പോള്‍ മെക്‌സിക്കോ വിധിയുടെ കളികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു. ഏതായാലും പെനാല്‍ട്ടിയെ കുറിച്ചും റോബന്റെ അഭിനയപാടവത്തെ കുറിച്ചും ഉള്ള ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ചര്‍ച്ചകളുടെ ഫലം എന്തായാലും ഹോളണ്ട് വരുന്ന ശനിയാഴ്ച ഗ്രീസിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ആദ്യമായി സ്ഥാനം പിടിച്ച കോസ്റ്റാറിക്കയെ നേരിടും.ഇരു ടീമുകള്‍ക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാതെയാണ് ഹോളണ്ട്-മെക്‌സിക്കോ മത്സരത്തിന്റെ ഒന്നാം പകുതി അവസാനിച്ചത്. എന്നാല്‍ കൂടുതല്‍ നീക്കങ്ങള്‍ നടത്തിയതും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും മെക്‌സിക്കോയായിരുന്നു. ഹോളണ്ട് മുന്നേറ്റം തുടങ്ങുന്നിടത്ത് തന്നെ തടുക്കുക എന്ന തന്ത്രമാണ് മെക്‌സിക്കോ സ്വീകരിച്ചത്. അതോടൊപ്പം മിഗ്വല്‍ ലിയൂണിന് എത്ര അകലത്തില്‍ നിന്നും ഗോള്‍ പോസ്റ്റിനെ ലക്ഷ്യം വയ്ക്കാനുള്ള ലൈസന്‍സും നല്‍കിയിരുന്നു. അവരുടെ ഈ തന്ത്രം ഫലിച്ചു എന്ന് ആദ്യ പകുതി തെളിയിച്ചു. അതുകൊണ്ട് തന്നെ സന്തുലിതമായ ഒരു ഡച്ച് മുന്നേറ്റം കാണുന്നതിന് 37-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഉറച്ച മെക്‌സിക്കന്‍ പ്രതിരോധത്തില്‍ തട്ടി ആ നീക്കവും പാളി.

ഹോളണ്ടിനെതിരെ കൃത്യമായ ഗെയിം പ്ലാനോടെ ആയിരുന്നു മെക്‌സിക്കോ ആദ്യ പകുതിയില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ റോബിന്‍ വാന്‍പേഴ്‌സിക്ക് കിട്ടുന്ന ത്രൂ പാസുകള്‍ ഉണ്ടാക്കാവുന്ന ആഘാതത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള മെക്‌സിക്കന്‍ കോച്ച് ഹെരേര മിഗ്വല്‍ ആ പഴുത് അടച്ചുള്ള പ്രതിരോധമാണ് തീര്‍ത്തത്. അതു കൊണ്ടുതന്നെ ഒന്നാം പകുതിയില്‍ വാന്‍പേഴ്‌സിക്ക് കിട്ടിയ ത്രൂ പാസുകള്‍ വെറും രണ്ട് എണ്ണം. ആദ്യത്തേത് നിയന്ത്രിക്കാന്‍ ഡച്ച് ക്യാപ്റ്റന് കഴിയാതിരുന്നപ്പോള്‍ രണ്ടാമത്തേത് മെക്‌സിക്കന്‍ ഡിഫന്റര്‍ റോഡ്രിഗസ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി.എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ വീണതോടെ മെക്‌സിക്കോ അവരുടെ കളിയുടെ പദ്ധതി അപ്പാടെ പൊളിച്ചെഴുതി. ഹോളണ്ടിന്റേത് പോലെ ഒരു ആക്രമണനിരയെ പ്രത്യാക്രമണമില്ലാതെ പ്രതിരോധത്തിലൂന്നി തളച്ചിടാന്‍ അവര്‍ എടുത്ത തീരുമാനമാണ് കളിയുടെ ഗതിയെ മാറ്റി മറിച്ചത്. പ്രത്യേകിച്ചും ഗോള്‍ നേടിയ ഡോസ് സാന്റോസിനെ പിന്‍വലിച്ച് പ്രതിരോധ ഭടനെ ഇറക്കിയപ്പോള്‍ തന്നെ അവര്‍ക്ക് പിഴച്ചു. എന്നാല്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്താനും ഫോമിലല്ലാതിരുന്ന ക്യാപ്റ്റന്‍ വാന്‍പേഴ്‌സിയെ പിന്‍വലിച്ച് ഹുണ്ടലാറിനെ ഇറക്കാനും ഡച്ച് കോച്ച് ലൂയി വാന്‍ ഗാല്‍ കാണിച്ച ധൈര്യം ഹോളണ്ടിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് നിര്‍ണായകമായി. ഇനി ഹോളണ്ടിനെ നേരിടുന്ന ടീമുകള്‍ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്ന്. ഇവര്‍ക്കെതിരെ ഗോള്‍ നേടരുത്. അതുവരെ അവര്‍ അടങ്ങിയൊതുങ്ങി കളിക്കും. എന്നാല്‍ തങ്ങള്‍ക്കെതിരെ ഗോള്‍ വീണാല്‍ അവര്‍ വെടികൊണ്ട പുലികളാവും. പിന്നെ പന്ത് തൊടാന്‍ പോലും നിങ്ങള്‍ക്ക് കിട്ടിയെന്നു വരില്ല. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് പിന്നില്‍ നിന്നും കയറി ഹോളണ്ട് വിജയം കൈപ്പിടിയില്‍ ഒതുക്കുന്നത്.

കോസ്റ്റാറിക്ക-ഗ്രീസ് മത്സരത്തില്‍ ആവേശരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഏഴാം മിനുട്ടില്‍ ക്യാപ്റ്റന്‍ റൂയിസിന്റെ ഗോളിലൂടെ കോസ്റ്റാറിക്കയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ പിന്നീട് പത്തുപേരായി ചുരുങ്ങിയ കോസ്റ്റാറിക്ക മെല്ലെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. നിശ്ചിത തൊണ്ണൂറ് മിനുട്ട് നേരവും ലീഡ് നിലനിറുത്തിയ കോസ്റ്റാറിക്ക മുന്നേറും എ്ന്ന കരുതിയ ഘട്ടത്തിലാണ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിട്ടില്‍ പാപ്പസ്ത്താതോ പൊളീസ് ഗ്രീസിന് ഗോളിലൂടെ ആയുസ് നീട്ടിക്കൊടുത്തത്. അധികസമയത്തും ആര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. ഷൂട്ടൗട്ടില്‍ ഗ്രീസിന്റെ നാലാം കിക്കെടുത്ത ഗെകാസിന്റെ അടി തടുത്ത കോസ്റ്റാറിക്കന്‍ ഗോള്‍ കീപ്പര്‍ നവാസാണ് അവരുടെ രക്ഷകനായത്. ടീമിനു വേണ്ടി ഉമാന്‍ എടുത്ത അഞ്ചാം കിക്ക് കോസ്റ്റാറിക്കന്‍ ഫുട്ബോള്‍ ചരിത്രത്തിലെ സുവര്‍ണ ലിപികളില്‍ എഴുതപ്പെടും.കൂളിംഗ് ടൈം എന്ന പുതിയ സമ്പ്രദായം ഈ മത്സരം മുതല്‍ ആരംഭിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ബ്രസീലിയന്‍ ചൂട് താങ്ങാനാവാതെ തളരുന്ന കളിക്കാരെ സഹായിക്കാനാണ് ഫിഫ പുതിയ രീതി പരീക്ഷിക്കുന്നത്. ഇരു പകുതിയുടേയും മുപ്പതാം മിനിട്ടില്‍ മൂന്നു മിനിട്ട് കളി നിറുത്തി വയ്ക്കുന്നതാണ് പുതിയ രീതി. ലാറ്റിന്‍ അമേരിക്കന്‍ ചൂടില്‍ ഉരുകുന്ന കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും ഇത് വലിയ ആശ്വാസമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.


Next Story

Related Stories