TopTop
Begin typing your search above and press return to search.

ഹൌ ടു ബി സിംഗിള്‍; ഫെമിനിസ്റ്റ് സിനിമയാണെന്നാണ് സങ്കല്‍പം

ഹൌ ടു ബി സിംഗിള്‍; ഫെമിനിസ്റ്റ് സിനിമയാണെന്നാണ് സങ്കല്‍പം

ആന്‍ ഹോര്‍നാഡേ
(വാഷിംഗ്ടന്‍ പോസ്റ്റ്)

പണ്ടു മുതലേയുള്ള റൊമാന്‍റിക് കോമഡി സങ്കല്‍പ്പങ്ങളെയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ സ്വാതന്ത്ര്യ, ലൈംഗിക ആശയങ്ങളെയും ഇണക്കി ചേര്‍ക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ച 'ഹൌ ടു ബി സിംഗിള്‍' (How to be Single) പക്ഷേ കുഴഞ്ഞുമറിഞ്ഞു കോലംകെട്ട ഒന്നായിപ്പോയി; ഇതിലെ ഡകോട്ട ജോണ്‍സന്‍റെ കഥാപാത്രം നായികാ സങ്കല്‍പ്പങ്ങളെ പുറകോട്ടടിക്കുന്നതും.

സെക്സ് ഇന്‍ ദി സിറ്റി, ബ്രിജ്ജെറ്റ് ജോണ്‍സ് ഡയറി എന്നിവയുടെ മാതൃകയില്‍ തുന്നിയെടുത്തെങ്കിലും- രണ്ടില്‍ നിന്നുമുള്ള എടുത്തുപറച്ചിലുകള്‍ വ്യക്തമാണ്- പെണ്‍കുട്ടികളുടെ ആവേശം വാരി വിതറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും നുരയുന്ന കോമഡിക്ക് പകരം അങ്ങേയറ്റം വിരസതയാണ് മുഴുനീളെ. ഒരു വ്യക്തി തന്‍റെ ജീവിതം രസകരമായി കരുപ്പിടിപ്പിക്കുന്ന കഥ ഇങ്ങനെ ജീവനില്ലാതെ പറയുന്നത് ഇതാദ്യമാണെന്ന് പറയേണ്ടി വരും.

ഡകോട്ട ജോണ്‍സണ്‍ ഇതില്‍ 'ആലീസ്' ആണ്. കോളേജ് പഠനത്തിന് ശേഷം തന്‍റെ ദീര്‍ഘകാല ബോയ്ഫ്രണ്ടില്‍ നിന്നൊരു ഇടവേള എടുത്ത് ന്യൂയോര്‍ക്കില്‍ എത്തുന്ന ആലീസ് കെട്ടുപാടുകളില്ലാതെ ജീവിതം ആസ്വദിക്കാനുള്ള പുറപ്പാടിലാണ്. ഡോക്ടറായ സഹോദരി മെഗിന്‍റെ (ലെസ്ലി മാന്‍) ലിവിങ്റൂമിലെ സോഫയില്‍ ഉറങ്ങി ന്യൂയോര്‍ക് വാസം ആരംഭിച്ച ആലീസിന് ഒരു നിയമസ്ഥാപനത്തില്‍ ജോലി കിട്ടുന്നു; അവിടെത്തന്നെ ഒരു പുതിയ കൂട്ടുകാരിയേയും. അച്ചടക്കമില്ലാത്ത, പാര്‍ട്ടിജീവിയായ റോബിന്‍ (റെബെല്‍ വില്‍സണ്‍) ആണുങ്ങളെ വശീകരിക്കുന്നതിനെ കുറിച്ചും ഒരു രാത്രി മാത്രം നീളുന്ന ബന്ധങ്ങളെ കുറിച്ചും വെള്ളമടിച്ചുള്ള ഹാങ്ഓവറിനെ കുറിച്ചുമൊക്കെ കണ്ണും മിഴിച്ചു കേട്ടിരിക്കുന്ന ആലീസിനെ പഠിപ്പിച്ചു.ഡകോട്ട ജോണ്‍സണു അമ്മയും നടിയുമായ മെലാനി ഗ്രിഫിത്തിനെ പോലെ നിഷ്കളങ്കമായ നര്‍മവും ടൈമിങ്ങുമില്ല. എന്നാല്‍ അറക്കാന്‍ കൊണ്ടുപോകുന്ന പശുക്കുട്ടിയുടേത് പോലുള്ള പരിഭ്രാന്തിയോടെ, മയങ്ങിയ കണ്ണുകളുമായി, ആലീസിന് വിശ്വസനീയത നല്‍കുന്നു അവര്‍. റൊമാന്‍റിക് കോമഡി സങ്കല്‍പ്പങ്ങളില്‍ വീണു പോകാതിരിക്കാനുള്ള ധീരത കാണിക്കുന്ന ഡകോട്ട ജോണ്‍സന്‍റെ കഥാപാത്രം തന്‍റെ ചുറ്റുപാടുമുള്ള ബഹളങ്ങളിലും ഒച്ചപ്പാടുകളിലും വഴങ്ങുന്നില്ല, ഭയപ്പെടുന്നുമില്ല.

നാടകീയമായ റൊമാന്‍റിക് കണ്ടുമുട്ടലുകളിലൂടെയാണ് ആലീസ് തന്‍റെ പുരുഷന്മാരെ പരിചയപ്പെടുന്നത്. പക്ഷേ 'ഹൌ ടു ബി സിംഗിള്‍' സ്ത്രീകളെ കുറിച്ചുള്ള സിനിമയാണ്. ഭ്രാന്തമായി സ്വയം വഞ്ചിക്കുന്നവര്‍ മുതല്‍ (ഡോ. മെഗ്) അങ്ങേയറ്റം ആശയറ്റു പുറകെ നടക്കുന്നവര്‍ വരെ (അസഹ്യമായ അതിശയോക്തിയിലൂടെ അലിസണ്‍ ബ്രീ അവതരിപ്പിച്ച, ഇന്‍റര്‍നെറ്റ് ഡേറ്റിങ് നടത്തുന്ന ലൂസി).

വിമാനങ്ങളില്‍ പ്രദര്‍ശിപ്പിക്കാവുന്ന രീതിയില്‍ ക്ലോസ്അപ്പ് നിറച്ച ദൃശ്യവിതാനത്തിലൂടെ 'ഹൌ ടു ബി സിംഗിള്‍' ഒരുക്കിയതു സംവിധായകന്‍ ക്രിസ്റ്റ്യന്‍ ഡിറ്റര്‍ ആണ്. ഫെമിനിസത്തിന്‍റെ മേലങ്കിയാണ് ചിത്രം അവകാശപ്പെടുന്നത്; ധൃതിയില്‍ തട്ടിക്കൂട്ടിയെടുത്ത അവസാനരംഗത്തെങ്കിലും. എന്നാല്‍ സ്ത്രീകളുടെ വ്യക്തിത്വത്തിന്‍റെയും സ്വത്വത്തിന്‍റെയുമൊക്കെ ഒരു വികലാനുകരണം മാത്രമാണ് ഈ സിനിമ. ശ്രദ്ധിച്ച് നോക്കിയാല്‍ മനസിലാവും, ഇതിലെ ആണ്‍കഥാപാത്രങ്ങള്‍ക്കാണ് മുഴുവന്‍ സിമ്പതിയും കിട്ടുന്നത്; എങ്ങാനും അവര്‍ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ തന്നെ അവയൊക്കെ വളരെ നിസ്സാരങ്ങളാണ്. ഡെയ്മോണ്‍ വായസ് ജൂനിയര്‍, ആന്‍ഡെര്‍സ് ഹോം, നികോളാസ് ബ്രൌന്‍, ജെയ്സണ്‍ മാന്‍റ്സൂക്കാസ് ഇവര്‍ക്കൊക്കെയാണ് അതിനവസരം കിട്ടിയിട്ടുള്ളത്. ജേയ്ക് ലൂസിയാവട്ടെ, 2014ല്‍ ഇറങ്ങിയ 'ഒബ്വിയസ് ചൈല്‍ഡി'ല്‍ ചെയ്ത പോലെ വിരക്തനും ക്ഷമാശീലനുമായ സ്വപ്നാടനക്കാരനായി സ്വയം ആവര്‍ത്തിക്കുന്നു.സത്യത്തില്‍ എല്ലാവരും തന്നെ അവരവരുടെ സ്ഥിരം രീതിയിലുള്ള കഥാപാത്രങ്ങളായാണ് 'ഹൌ ടു ബി സിംഗിളി'ല്‍ വരുന്നത്. ലെസ്ലി മാന്‍ മുന്‍കോപക്കാരിയായി വലിഞ്ഞു മുറുകി, ഒരുപാട് സ്വയംബോധത്തോടെ. റെബെല്‍ വില്‍സണ്‍ സെക്സിയായി, ഒന്നിലും ശ്രദ്ധയുറയ്ക്കാതെ നടക്കുന്ന പെണ്‍കുട്ടിയായി (സിനിമയിലെ സെക്സുമായി ബന്ധപ്പെട്ട മിക്ക ദ്വയാര്‍ഥ തമാശകളും റെബെല്‍ വില്‍സന്‍റെ കഥാപാത്രമായ റോബിന്‍റേതാണ്; ഒരെണ്ണമൊഴിച്ച്. അത് തുടക്കത്തില്‍ കാണിക്കുന്ന, ഹോം ഉള്‍പ്പെട്ട ഒരു ഗ്രാഫിക് തമാശ രംഗമാണ്).

ഡകോട്ട ജോണ്‍സന്‍റെ ആലീസിനു വേണ്ടത്ര വ്യക്തതയില്ല. 'ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ' യിലെ പല വികാരങ്ങളുള്ള മസോക്കിസ്റ്റിന്‍റെ ഊര്‍ജത്തിന്‍റെയോ തെളിച്ചത്തിന്‍റെയോ അടുത്തുപോലും ആലീസ് എത്തുന്നില്ല. പ്രചോദിതമായ ചലനങ്ങളിലൂടെയല്ല, മറിച്ച് "എന്നെ നോക്കൂ, ഞാന്‍ പറയുന്നതു കേള്‍ക്കൂ" എന്നു വിളിച്ചുപറയുന്ന മട്ടിലുള്ള പ്രസംഗങ്ങളിലൂടെയാണ്, ആലീസില്‍ നമ്മള്‍ പതുക്കെയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സന്തോഷകരം എന്നു വിശേഷിപ്പിക്കാനാവാത്ത, എന്നാല്‍ തൃപ്തിപ്പെടുത്തുന്ന അവസാനത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന രീതിയില്‍ പുറകിലേയ്ക്ക് രൂപപ്പെടുത്തിയ സിനിമയാണ് 'ഹൌ ടു ബി സിംഗിള്‍'. അങ്ങനെയൊരു അന്ത്യത്തിന് വേണ്ടി വന്ന കൃത്രിമത്വവും ക്ലീഷേകളും വിരസതയുമൊക്കെയാണ് അതിനു കൊടുക്കേണ്ടി വന്ന വില.


Next Story

Related Stories