TopTop
Begin typing your search above and press return to search.

ഹോളിവുഡിലെ 'സൌന്ദര്യ ചികിത്സ'; ചില രഹസ്യങ്ങള്‍

ഹോളിവുഡിലെ സൌന്ദര്യ ചികിത്സ; ചില രഹസ്യങ്ങള്‍

സ്റ്റെഫാനി മേരി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

എല്ലാ ശനിയാഴ്ചകളിലും രാവിലെ തന്‍റെ അയഞ്ഞ ചാരനിറമുള്ള സ്യൂട്ടും ധരിച്ച് ടിവി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ മുപ്പതുവര്‍ഷം മുന്‍പത്തെ ആ തിരക്ക് പിടിച്ച ദിവസം മുതല്‍ ഇന്ന് വരെ പീ വീ ഹെര്‍മന് എന്ന കഥാപാത്രത്തിനു ഒരു തരിമ്പ്‌ പോലും മാറ്റം ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്ന നെറ്റ് ഫ്ലിക്സ് ചിത്രം പീ വീസ് ബിഗ്‌ ഹോളിഡേ കാണുമ്പോള്‍ നാം ചിലപ്പോള്‍ ഒന്ന് ഞെട്ടിയെക്കാം. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോള്‍ രൂബന്‍സ്- 1979-ല്‍ തന്‍റെ ആദ്യവേഷം അഭിനയിച്ച അതേ പോള്‍ രൂബന്‍സ്- കായകല്‍പ്പ ചികിത്സ നടത്തി തന്‍റെ യുവത്വം തിരിച്ചുപിടിച്ചോ എന്നുവരെ സംശയം തോന്നാം.

സത്യത്തില്‍ ഏതാണ്ട് അതങ്ങനെ തന്നെയാണ്.

പീ വീ എന്ന കഥാപാത്രത്തിന് വളരെ ചെറുപ്പം തോന്നിക്കുന്ന ഒരു മുഖമാണ് വേണ്ടിയിരുന്നത്. അതാകട്ടെ ഷൂട്ടിംഗ് സമയത്ത് ലഭിച്ചിരുന്നുമില്ല. അപ്പോഴാണ് അവിടെ സാങ്കേതികവിദ്യ ഇന്ദ്രജാലം കാണിച്ചത്. പോസ്റ്റ്‌ പ്രോഡക്ഷന്‍ സമയത്ത് ആവിശ്യമുള്ള പ്രായം ലഭിക്കുന്ന തരത്തില്‍ നടന് ഒരു റീ ടച്ച്‌ നല്‍കുകയാണ് സാങ്കേതിക വിദഗ്ധര്‍ ചെയ്തത്. കഴിഞ്ഞ പത്ത് വര്ഷത്തിലേറെ ആയി സൗന്ദര്യ ചികിത്സ എന്ന ഓമനപേരില്‍ ആണ് ഈ വിദ്യ അറിയപ്പെടുന്നത്. ഏറെ പരിശ്രമത്തിനു ശേഷം സ്വായത്തമാക്കാന്‍ സാധിക്കുന്ന കഴിവുകള്‍ വേണ്ട ഒന്നാണ് ഇത്. ഇത് ചെയ്യുന്ന കലാകാരന്മാര്‍ ആകട്ടെ, ഓരോ ഫ്രെയിമും സുന്ദരമാക്കാന്‍ മണിക്കൂറുകളോളം വിയര്‍പ്പൊഴുക്കുമ്പോഴും അദൃശ്യരായി തന്നെ തുടരുന്നു.

“എല്ലാം കൃത്യമായ ഒരു ഉത്പന്നത്തില്‍ നിങ്ങള്‍ ഒരിക്കലും ഞങ്ങളുടെ ജോലി തിരിച്ചറിയുകയില്ല .” ലോസ് ഏഞ്ചല്‍സില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഇഫക്റ്റ് കമ്പനിയായ ഫ്ളോലെസ് എഫ് എക്സില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോവാര്‍ഡ് ഷര്‍ എന്ന സാങ്കേതിക വിദഗ്ധന്‍ പറഞ്ഞു. “ഞങ്ങളുടെ ജോലി ആ ഫ്രെയ്മിനെ തികച്ചും സ്വാഭാവികമായ ഒന്നായി തോന്നിക്കാന്‍ സഹായിക്കുന്നു”.ആദ്യകാലങ്ങളില്‍, ഇത്തരം സാങ്കേതിക ഇടപെടലുകള്‍ പോപ്‌ താരങ്ങളുടെ സംഗീത ആല്‍ബങ്ങള്‍ക്കും കലാകാരന്മാര്‍ക്കും കൂടുതല്‍ “പ്രശസ്തി” ഉണ്ടാക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. പക്ഷെ കാലക്രമേണ ടിവി പരിപാടികളും , പരസ്യങ്ങളും, ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തുടങ്ങിയതോടെ ഇതിനു വ്യാപക പ്രശസ്തി ലഭിച്ചു. ഇപ്പോള്‍ പല നടീനടന്മാരും അവരുടെ കരാറില്‍ തന്നെ ഈ “സൗന്ദര്യ ചികിത്സയുടെ” വിവരണങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതിനുള്ള രഹസ്യ സ്വഭാവമാണ് ഇത്തരത്തില്‍ കരാറുകളില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ കാരണം. ഏതൊക്കെ ആളുകള്‍ക്ക് വേണ്ടി ഏതൊക്കെ ചിത്രത്തില്‍ ഇവ ഉപയോഗിച്ചു എന്ന വിവരം രഹസ്യമായി സൂക്ഷിക്കുകയാണ് സാങ്കേതിക പ്രവര്‍ത്തകര്‍ സാധാരണ ചെയ്യാറ്. അതുതന്നെയാണ് കരാറിലും ആവിശ്യപ്പെടുന്നത്. കഥയുടെ ഭാഗമായാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത് എങ്കില്‍ അവ വെളിപ്പെടുത്തുന്നതില്‍ വലിയ പ്രശ്നങ്ങള്‍ സാധാരണ ഉണ്ടാകാറില്ല. ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടനില്‍ വയസനില്‍ നിന്ന് ചെറുപ്പക്കാരന്‍ ആകുന്ന ബ്രാഡ് പിറ്റിനുപയോഗിച്ചത് ഈ സാങ്കേതിക വിദ്യയാണെന്ന് എല്ലാവര്ക്കും അറിയാം. ആന്‍റ്- മാനില്‍ മിഷേല്‍ ഡഗ്ലസിന്‍റെ മുഖത്ത് നിന്ന് മുപ്പതുവര്‍ഷത്തെ പ്രായം ഇല്ലാതാക്കാനും ഇതുപയോഗിച്ചിരുന്നു.

തന്റെ ചിത്രങ്ങളില്‍ ഇവ ഉപയോഗിച്ചിരുന്നു എന്ന് ചില നടീനടന്മാര്‍ തുറന്നു പറയുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. നേരത്തെ പരാമര്‍ശിച്ച ചിത്രത്തില്‍ രഹസ്യവും പണച്ചിലവേറിയതും ആയ ഈ സാങ്കേതിക വിദ്യയുടെ സഹായം താന്‍ തേടിയിരുന്നു എന്ന് രൂബന്‍സ് തന്നെ ന്യൂയോര്‍ക്ക് ടൈംസിലൂടെ പുറത്തുവിട്ടു. “ഞാന്‍ എന്‍റെ മുഖത്തെ പേശികള്‍ ദൃഢമാക്കുന്ന ശസ്ത്രക്രിയക്ക് വിധേയനായാല്‍ മതിയായിരുന്നു. എന്നാല്‍ നമുക്ക് ഏകദേശം രണ്ടു മില്ല്യന്‍ ഡോളര്‍ ലാഭിക്കാമായിരുന്നു. അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു.

ലോസ് ഏഞ്ചല്‍സില്‍ സ്കള്ളി ഇഫെക്റ്റ്സ് നടത്തുന്ന കല്ലിബങ്കറിന്റെ അഭിപ്രായ പ്രകാരം പരസ്യചിത്രങ്ങളും സംഗീത ആല്‍ബങ്ങളും ആണ് ടെലിവിഷനെക്കാളും ചലച്ചിത്രങ്ങളെക്കാളും കൂടുതല്‍ ഇത്തരത്തില്‍ ഉള്ള സാങ്കേതിക വിദ്യകളുടെ പ്രയോഗം കൂടുതലായി നടത്തുന്നത്.

“പരസ്യചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും നിങ്ങള്‍ക്ക് അവര്‍ ഒരു വസ്തുവിന്‍റെ ബിംബത്തെയോ ഉത്പന്നത്തെയോ ആണ് വില്‍ക്കുന്നത്. ചലച്ചിത്രങ്ങള്‍ കുറെക്കൂടി കലാമൂല്യമുള്ളവയാണ്.”

കുറഞ്ഞ ബജറ്റില്‍ വേഗത്തില്‍ തീര്‍ക്കേണ്ടുന്ന ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ ഉള്ള ചലച്ചിത്രത്തിലെ തുടര്ച്ചയിലുണ്ടാകുന്ന പിഴവുകള്‍ പരിഹരിക്കാന്‍ സാധിക്കും എന്നതും ഫ്ലോലെസിന്‍റെ പ്രത്യേകതയാണ്. ഉദാഹരണത്തിന്, ഒരു നടന് കുറച്ചുദിവസം ശബ്ദത്തിനു ഒരു ഇടര്‍ച്ച ഉണ്ടായിരുന്നു ഇന്നു കരുതുക. ചലച്ചിത്രങ്ങള്‍ കഥ നടക്കുന്ന അതേ ക്രമത്തില്‍ അല്ല ചിത്രീകരിക്കുക എന്ന് എല്ലാവര്ക്കും അറിയാമല്ലോ. അപ്പോള്‍ ചില സീനുകളില്‍ ശബ്ദത്തിനു ഈ ഇടര്‍ച്ചയും തൊട്ടടുത്ത സീനില്‍ ശരിയായ ശബ്ദവും ആകും ഉണ്ടാവുക. അങ്ങനെ വരുന്നത് കാണികളുടെ ശ്രദ്ധയെയും ആസ്വാദനത്തെയും നശിപ്പിക്കുന്നു.

ഇത് ഇത്തരം തുടര്‍ച്ചാ ക്രമീകരണത്തിന് വേണ്ടി മാത്രം അല്ല ഉപയോഗിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടല്ലോ. താരങ്ങളുടെ കണ്ണിനെ വിരൂപമാക്കിക്കൊണ്ട് തൂങ്ങിക്കിടക്കുന്ന കണ്‍തടങ്ങള്‍ സ്ക്രീനില്‍ ഇല്ലാതാക്കുക എന്നതും ഇതിന്‍റെ പ്രധാന ഉത്തരവാദിത്വങ്ങളില്‍ ഒന്നാണെന്ന് പല നടീനടന്മാരും പറയുന്നു. പേശികളുടെ മുറുക്കം കൂട്ടാനും, മുറിപ്പാടുകള്‍ മായ്ക്കാനും, പല്ലുകള്‍ ക്രമപ്പെടുത്താനും അലങ്കോലമായ മുടിയിഴകളെ വരുതിയിലാക്കാനും ഇതുപയോഗിക്കുന്നവരുമുണ്ട്. സാഹചര്യത്തിനനുസരിച്ചു ചിലപ്പോള്‍ ഒരു സംവിധായകന്‍, അല്ലെങ്കില്‍ ഒരു നിര്‍മാതാവ് അല്ലെങ്കില്‍ ഒരു താരം ആരുടെ അടുത്തുനിന്നു വേണമെങ്കിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം വരാം.

ഇത് ഒട്ടും തന്നെ ലളിതമല്ല. ധൃതിയില്‍ നടക്കുന്ന ഒന്നുമല്ല. ഓരോ ഫ്രെയിമും ഡിജിറ്റല്‍ രൂപത്തില്‍ ഹാന്‍ഡ്‌ പ്രിന്‍റ് ചെയ്തെടുക്കുകയാണ്. ന്യൂയോര്‍ക്കില്‍ പ്രധാനമായും മ്യൂസിക് വീഡിയോകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഷ്വല്‍ എഫെക്റ്റ് സാങ്കേതിക വിദഗ്ധന്‍ നതാന്യില്‍ വെസ്റ്റ്വീറിന് ഒരു നിമിഷം മാത്രമുള്ള; അതായത് ഒരു 24 ഫ്രെയിം വീഡിയോ ചെയ്യാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്ന് പറയുന്നു.

“ ഒരേ സമയം നിരവധി അപൂര്‍ണതകളിലാണ് നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത്. ഇത് വെറും ആരംഭമാണ്. ആദ്യകാഴ്ചകളില്‍ കുറിച്ചെടുക്കുന്ന മാറ്റങ്ങള്‍ വരുത്താന്‍ പിന്നെയും പിന്നെയും ഇവ ആവര്‍ത്തിക്കേണ്ടി വരും.

വീസ് ബിഗ്‌ ഹോളിഡേ എന്ന ചിത്രത്തിന് സാങ്കേതിക പിന്തുണ നല്കിയത് ലോസ് ഏഞ്ചല്‍സിലും വാന്‍കൂവറിലും പ്രവര്‍ത്തിച്ചുവരുന്ന വിറ്റാലിറ്റി വിഷ്വല്‍ എഫക്ട്സ് എന്ന കമ്പനിയാണ്. ഇതിന്‍റെ സഹസ്ഥാപകന്‍ ആയ ബോതത്തിന്റെ കണക്കില്‍ പത്തു ആളുകള്‍ അഞ്ചുമാസത്തോളം വിശ്രമമില്ലാതെ പണിയെടുത്താണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ് തീര്‍ക്കാന്‍ സാധിച്ചത്. സാധാരണ ഇതിനെക്കാള്‍ സമയമെടുതാണ് പല പ്രോജക്ടുകളും തീര്‍ക്കാറ്. അതുകൊണ്ട് തന്നെ ഈ പ്രോജക്ടിന്റെ നല്ല പേരു മുഴുവന്‍ അദ്ദേഹം കലാകാരനായ ലോയെന്ഗ് വോന്ഗ് സവുനിനു നല്‍കുന്നു. ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടനില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള അദ്ദേഹത്തിന്റെ പരിശ്രമമാണ് രൂബെന്സിന്റെ കൃത്യതയുള്ള കായകല്‍പ്പ പ്രതീതിക്ക് പിന്നില്‍.ഒരു രഹസ്യം പറയട്ടെ: പ്രായം കുറയ്ക്കുക എന്ന് പറഞ്ഞാല്‍ നെറ്റിയിലെ നാലുവരകള്‍ മായ്ക്കുകയോ ചുളിവുകള്‍ ഇല്ലാതാക്കുകയോ അല്ല. പലപ്പോഴും പല കലാകാരന്മാരും ആ വഴി തിരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ കൂടി.

നിങ്ങള്‍ മുഖത്തെ ചുളിവുകള്‍ മാത്രം മാറ്റുക എന്ന എളുപ്പവഴി സ്വീകരിക്കുന്നതിലൂടെ വ്യക്തികളുടെ സ്വാഭാവികമായ ഛായ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ബോതം പറഞ്ഞു. ആളുകള്‍ നടക്കുമ്പോഴും സംസാരിക്കുമ്പോഴും അവരുടെ മുഖത്ത് സ്വാഭാവികമായ ചുളിവുകളും വരകളും ഉണ്ടാകും. എന്നാല്‍ മുഖത്തെ പേശികളെ ദൃഡമാക്കുന്ന ശസ്ത്രക്രിയ ചെയ്തവര്‍ക്ക് ഈ ചുളിവുകള്‍ കാണില്ല. അത് പലപ്പോഴും അവരുടെ മുഖത്തെ നിര്‍വികാരത എന്ന അവസ്ഥയിലേക്കാണ് എത്തിക്കുക.

അതുകൊണ്ട് തന്നെ ബെഞ്ചമിന്‍ ബട്ടനുവേണ്ടി വോന്ഗ് സവുന്‍ വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചത്. എങ്ങിനെയാണ് ആളുകളില്‍ “പ്രായം” തോന്നിപ്പിക്കുക എന്നതിനെ കുറിച്ച് ഒരു പ്ലാസ്റ്റിക് സര്‍ജനുമായി അദ്ദേഹം സംസാരിച്ചു. പ്രായാമാകുംതോറും നമ്മുടെ തൊലി അയഞ്ഞു മുഖത്തിന്റെ അടിഭാഗത്തേക്ക് തൂങ്ങി താടിയെല്ലിനോട് ചേര്‍ന്നു ചുരുങ്ങി കിടക്കുന്നു. പ്രായം കുറവ് തോന്നിക്കാന്‍ ഈ ചുളിവുകള്‍ ഇല്ലാതാക്കി മുഖത്തിന്റെ അടിഭാഗത്തെ ഉയര്‍ത്തുകയാണ് ചെയ്യുക.

“ ഇത് ഒരു പ്ലാസ്റ്റിക്‌ സര്‍ജറി പോലെ തന്നെ ആണ്” ബോതം പറഞ്ഞു.

രൂബനു വേണ്ടി വരുത്തിയ മാറ്റങ്ങള്‍ എല്ലാം ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ളത് മാത്രമല്ല. ചമയത്തിന് നേതൃത്വം കൊടുത്ത വി നെയില്‍, രൂബനിന്റെ അധികം തൂങ്ങുന്ന തൊലിയെ ഇല്ലാതാക്കാന്‍ കഴുത്തിന്‌ പിറകില്‍ ഘടിപ്പിച്ച ക്ലിപ്പ്, പോസ്റ്റ്‌ പ്രോഡക്ഷന്‍ ജോലികളെ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

സത്യത്തില്‍ ചിന്തിച്ചു നോക്കുമ്പോള്‍ ഇത് ഏതു സാധാരണക്കാരനും അറിയേണ്ടുന്ന ഒന്നാണ്.” ഫ്ലോലെസിന്‍റെ ഭാഗമായ ഷൂര് പറഞ്ഞു. “ നാം പ്രത്യേകമായി ഒരു മേക് അപ്പ് ആര്‍ട്ടിസ്റ്റിനെയോ ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിനെയോ വാടകയ്ക്ക് എടുക്കുന്നതുപോലെയോ അല്ലെങ്കില്‍ ഒരു ഫോട്ടോഷൂട്ടിന് വേണ്ടി നല്ല വെളിച്ച സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പോലെയോ, അല്ലെങ്കില്‍ ഫോട്ടോയിലെ ചില കളറുകള്‍ ശരിയാക്കുന്നത് പോലെയോ മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഇതൊക്കെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രത്തിന്റെ വിവിധ ഭാഗങ്ങള്‍ പോലെയാണ്.

പിന്നെ എന്തുകൊണ്ടാണ് ഇത്രയേറെ രഹസ്യാത്മകത?

“ നിങ്ങള്‍ ഒരു വസ്തു റീ ടച്ച് ചെയ്യാന്‍ നല്‍കിയാല്‍, പിന്നീടു അത് ആദ്യമെങ്ങനെ ഇരുന്നു ഇപ്പോള്‍ എങ്ങനെ ആയി എന്നുള്ള താരതമ്യം പുറത്തുവരാന്‍ ഇഷ്ടപ്പെടുകയില്ല.” സത്യം തന്നെ അല്ലെ?

അതോടൊപ്പം, സ്വന്തം പ്രായാധിക്യം പുറത്തു വരുന്നത് നടീനടന്മാര്‍ക്കും അത്ര താത്പര്യം ഉള്ളകാര്യമല്ല. അതവരുടെ “ബിസിനസിനെ” തന്നെ ബാധിക്കും.

ഫോട്ടോഷോപ്പ് ചെയ്ത, സൗന്ദര്യ വര്‍ദ്ധക പരസ്യങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന ഒരു ചോദ്യം ഇവിടെയും പ്രസക്തമാണ്. നമ്മുടെ സിനിമാപ്രേമികള്‍ അയഥാര്‍ത്ഥവും അനാരോഗ്യകരവുമായ ഒരു സൗന്ദര്യ സങ്കല്‍പ്പത്തെയാണോ ആരാധിക്കുന്നതും സത്യമെന്ന് കരുതുന്നതും?

ഇതില്‍ ശരിയും തെറ്റുമുണ്ട്.ഒരു നാല്പ്പതടി ഉയരമുള്ള സ്ക്രീനില്‍ നടീനടന്മാരുടെ മുഖത്തെ ചുളിവുകളും വരകളും ഒട്ടും തന്നെ സ്വാഭാവികമെന്ന് തോന്നുകയില്ല. പത്തടി നീളമുള്ള മുഖച്ചുളിവുകള്‍ കാണുക അരോചകമാകും.

നാം ചലച്ചിത്രങ്ങളുടെ കാര്യമാണേ പറയുന്നത്.

“മാറ്റ് ഡാമോന്‍ ഒരു ബഹിരാകാശ സഞ്ചാരിയായി വേഷമിടുമ്പോള്‍, അദ്ദേഹം ഒരു യഥാര്‍ത്ഥ ബഹിരാകാശ സഞ്ചാരിയല്ല. അദേഹം വസിക്കുന്നത് ചൊവ്വയിലും അല്ല. വെസ്റ്റ്വീര്‍ പറഞ്ഞു. അതില്‍ അദ്ദേഹത്തെ സുന്ദരനാക്കാന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ നാം യഥാര്‍ത്ഥ ഒരു ബഹിരാകാശ സഞ്ചാരിയെയോ സ്വാഭാവികമായ ഒരു ജീവിതത്തെയോ അല്ല കാണുന്നത്. അത് അവര്‍ കാഴ്ച വയ്ക്കുന്ന പ്രകടനം മാത്രമാണ്. സഹായകരമായ സാങ്കേതിക വിദ്യകളോടെ നാം ഒരു കഥ പറയുക മാത്രമാണ്.

അതൊക്കെ പറയുമ്പോഴും ഈ വിവരങ്ങള്‍ പൊതു ജനം അറിയുന്നത് ഈ പ്രകടനത്തിന്റെ ആസ്വാദ്യതയെ ബാധിക്കുമോ?

“ഓ ദൈവമേ ശരിക്കും .” ബങ്കര്‍ പറഞ്ഞു. ഞാന്‍ ജനങ്ങളുടെ അടുത്ത് ചെന്ന്” നിങ്ങളുടേത് എത്ര മൃദുവായ ചര്‍മ്മമാണ് എന്നു പറയുമ്പോള്‍ അവര്‍ വിചാരിക്കും ഞാന്‍ എന്തോ കാര്യം സാധിക്കാന്‍ വേണ്ടിയാണ് പറയുന്നതെന്ന്. പക്ഷെ ഇതെന്റെ തൊഴിലാണ് എന്ന് പറയുമ്പോള്‍ അവര്‍ അമ്പരക്കുകയും ചെയ്യും.

ഇതിലൂടെ മറ്റുള്ള നടീനടന്മാര്‍ക്ക്- ജീവിതത്തിലും വെള്ളിത്തിരയിലും ഇത്തരം സാങ്കേതിക വിദ്യയിലൂടെ അബദ്ധങ്ങള്‍ പറ്റിയവര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കാനും അത് തുറന്നു പറയാനും സാധിക്കും. ബോതത്തിന്റെ നിരീക്ഷണത്തില്‍ വളരെയധികം പ്ലാസ്റ്റിക്‌ സര്‍ജറി നടത്തിയ മുഖങ്ങളെ പോസ്റ്റ് പ്രോഡക്ഷന്‍ സമയത്ത് കൃത്യമാക്കുക എന്നതാണ് ഏറെ ശ്രമകരമായ ജോലി. അവര്‍ മുന്‍കൂട്ടി “ചെയ്ത” ജോലിക്ക് മുകളിലൂടെ വേണം അവരുടെ നിലവിലെ പ്രായത്തെ കുറച്ചു കാണിക്കാന്‍.

ആര്‍ക്കൊക്കെവേണ്ടി , എങ്ങനെയൊക്കെ, ഏതൊക്കെ കഥാപാത്രങ്ങള്‍ തുടങ്ങിയ ഒരു വിവരവും പുറത്തു വിടാന്‍ അവര്‍ക്ക് നിര്‍വാഹമില്ല. അതൊക്കെ ആരുടേയും ശ്രദ്ധയില്‍ പെടാതെ കടന്നു പോയി. ഒരിക്കലും ഇക്കൂട്ടര്‍ക്ക് വേണ്ടി ഒരു ഓസ്കാര്‍ വിഭാഗം ഉണ്ടാവുക തന്നെയില്ല.

ഒടുവില്‍ ആളുകള്‍ ഇവര്‍ നിര്‍മിച്ചെടുത്ത “ശേഷം” രൂപങ്ങളെ മാത്രമേ കാണുകയുള്ളൂ. ബങ്കര്‍ പറഞ്ഞു. ഇത് ഒരു അടഞ്ഞ വാതിലിനിപ്പുറം നടക്കുന്ന ചടങ്ങുകള്‍ ആണല്ലോ.


Next Story

Related Stories