TopTop

കയറിക്കിടക്കാനൊരു വീടില്ല; ദുരിതപ്പെയ്ത്തില്‍ വിറച്ച് വയനാട്ടിലെ ആദിവാസി ജീവിതങ്ങള്‍

കയറിക്കിടക്കാനൊരു വീടില്ല; ദുരിതപ്പെയ്ത്തില്‍ വിറച്ച് വയനാട്ടിലെ ആദിവാസി ജീവിതങ്ങള്‍
മഴക്കാലം തുടങ്ങിയതോടെ വയനാട്ടിലെ ആദിവാസി ജീവിതങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകുന്നു. മഴയും തണുപ്പും കൂടാതെ കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ളൊരു വീടില്ല ഇവരില്‍ ഭൂരിഭാഗത്തിനും എന്നതാണ് പ്രശ്‌നം, പലയിടത്തും പാതി കെട്ടിയ നിര്‍ത്തിയ തറയോ, ഭിത്തിക്കൊപ്പം കെട്ടി നിര്‍ത്തിയ വീടോ കാണാം. ചിലപ്പോള്‍ അതും ഉണ്ടാവില്ല. പാതിവഴിയില്‍ കരാറുകാരന്‍ മുങ്ങിയതടക്കം പല കാരണങ്ങള്‍ കൊണ്ടും വീടെന്ന സ്വപ്നം ഈ പാവങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമായിട്ടില്ല. പക്ഷേ ഇതൊന്നും ആരും കാണില്ലെന്ന് മാത്രം.

വയനാടിന്റ പല ഭാഗങ്ങളിലും മഴ ശക്തി പ്രാപിച്ചു തുടങ്ങി. അനുവദിച്ച വീടുപണി പൂര്‍ത്തികരിച്ച് കിട്ടാത്തതിനാല്‍ താല്‍ക്കാലിക ഷെഡുകള്‍ കെട്ടി അതില്‍ ബാക്കിയുള്ള ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് ഇപ്പോള്‍ ആദിവാസികള്‍. വിവിധ കാരണങ്ങളാല്‍ പണി മുടങ്ങിയ ആയിരക്കണക്കിന് വീടുകളാണ് വയനാട്ടിലെ ഓരോ കോളനികളിലും ഉള്ളത്. ഉണ്ടായിരുന്ന വീടുകള്‍ പൊളിച്ചു മാറ്റി പുതിയ വീടിനുള്ള സ്ഥലം കണ്ടെത്തിയതിനാല്‍ ഇപ്പോള്‍ താമസിക്കാന്‍ പുതിയതുമില്ല പഴയതുമില്ല എന്ന അവസ്ഥയാണ് ഇവര്‍ക്ക്.

കേന്ദ്രസര്‍ക്കാര്‍ 2006-2007 വര്‍ഷത്തില്‍ നടപ്പാക്കിയ ബാക്ക്‌വാര്‍ഡ് റീജിയന്‍സ് ഗ്രാന്‍ഡ് ഫണ്ട് (ബി.ആര്‍.ജി.എഫ്) 2009-2010 വര്‍ഷത്തില്‍ ഇന്ദിര ആവാസ് യോജന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പ്രദേശത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നല്‍കിയത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും വീടു പണി മുടങ്ങുകയായിരുന്നു. ചിലത് തുടങ്ങി വെക്കാനോ തുടങ്ങി വെച്ചത് പൂര്‍ത്തീകരിക്കാനോ കഴിഞ്ഞിട്ടില്ല. വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ കല്ലുപാടി, എടത്തില്‍ എന്നി കോളനികളില്‍ എട്ടു വര്‍ഷം മുന്‍പ് കരാറുകാര്‍ ഉപേക്ഷിച്ചു പോയ വീടുകളുടെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. എടത്തില്‍ കോളനിയില്‍ തറ മാത്രം കെട്ടി നിര്‍ത്തി പണി പൂര്‍ത്തീകരിക്കാനാവാതെ നിരവധി വീടുകളാണ് ഉള്ളത്.
'വിട് ഒത്തിരി ആഗ്രഹിച്ചതാണ്. എന്നാല്‍ ഒന്നും കിട്ടിയില്ല. 2010ല്‍ ആണ് വീട് തരാമെന്ന് പറഞ്ഞത്. എന്നിട്ട് തറ മാത്രമാണ് കെട്ടി തന്നത്. ബാക്കി കിട്ടിയില്ല. പരാതിയുമായി സാറുമ്മാരെയൊക്കെ കണ്ടതാണ്. എന്നിട്ടും ഒന്നും കിട്ടിയില്ല.'
മുട്ടില്‍ കല്ലുപാടി കോളനിയിലെ ബാബുവും അമ്മിണിയും പറയുന്നു. കല്ലുപാടി കോളനിയില്‍ മേല്‍ക്കൂര ഇല്ലാതെയും തറ പോലും കെട്ടാതെയും നിരവധി വീടുകളാണ് ഉള്ളത്.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. പുല്‍പ്പള്ളി ദേവര്‍ഗദ്ദ കോളനിയില്‍ 10 വീടുകള്‍ ഏറെക്കാലമായി അനാഥമായി കിടക്കുകയാണ്. ചില വീടുകളിലെ പണികള്‍ പാതി വഴിയില്‍ നിലച്ചതിനാല്‍ കോളനി വാസികള്‍ മഴക്കാലമാകുന്നതോടെ കൂട്ടത്തോടെ ബന്ധു വീടുകളിലേക്ക് ചേക്കേറുന്ന അവസ്ഥയും ഉണ്ട്. ഈ പഞ്ചായത്തുകളില്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ നിരവധി വീടുകളാണ് ചോര്‍ന്നൊലിക്കുന്നതും. ചാറ്റല്‍ മഴ പെയ്താല്‍ പോലും വീടുകളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്.
'മഴക്കാലം പേടിയാണ്. തണുപ്പ് സഹിക്കാന്‍ പറ്റില്ല. വീട് ചോരുന്നതു കൊണ്ട് ചാണകം മെഴുകിയ തറയില്‍ വെള്ളം വീഴാതെ ഉള്ള പാത്രം നിരത്തിവെച്ച് നേരം വെളുക്കും വരെ കുത്തിയിരിക്കും.'
എന്ന് ആച്ചനഹള്ളി കോളനിയിലെ മഞ്ജു പറയുന്നു.
ജില്ലയില്‍ പ്രധാനമായും വലിയ കോളനികളായ ഇരുപ്പൂട്, തൃശ്ശിലേരി, കൊളവള്ളി, മരക്കടവ്, പാതിരി, ദേവര്‍ഗദ്ദ, ദാസനക്കര, മച്ചിമൂല, പാക്കം, ചേകാടി, വെളുകൊല്ലി എന്നിവടങ്ങളിലാണ് ചോര്‍ന്നൊലിക്കുന്ന പുരയില്‍ കഴിയുന്നവര്‍ ഏറെ അധിവസിക്കുന്നത്.

ആദിവാസികള്‍ക്കുള്ള ഭവന പദ്ധതി പ്രകാരം രണ്ടര ലക്ഷം രൂപയുടെ വീടാണ് പണിയേണ്ടത്. ഗുണഭോക്താവും കരാറുകാരനും വ്യവസ്ഥകളൊന്നും വെക്കാതെയാണ് പലപ്പോഴും പണി തുടങ്ങുക. അതുകൊണ്ടു തന്നെ പണി തുടങ്ങുന്നതിന് മുന്‍പോ പണി തുടങ്ങിയതിന് ശേഷമോ കൈപ്പറ്റിയ പണവുമായി കരാറുകാര്‍ മുങ്ങും. ഇതോടെ ഒരു തെളിവും അവശേഷിക്കാതെ വീടുപണി എങ്ങുമെത്താതെ അവസാനിക്കുകയാണ് പതിവ്. 'കേന്ദ്ര ഫണ്ട് പാസായി വരുന്ന പല പദ്ധതികളും കൃത്യമായ മോണിറ്ററിംഗ് കമ്മറ്റി ഇല്ലാതെയോ ചര്‍ച്ച നടത്താതെയോ ഏതെങ്കിലും കരാറുകാരനെ ഏല്‍പ്പിക്കും. ഒരു പഞ്ചായത്തു മെമ്പര്‍ എന്ന നിലയില്‍ പോലും അതിനെക്കുറിച്ച് ഒരു അറിയിപ്പും ലഭിക്കാറില്ല. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് പാസായി വരുന്ന വീടുകളുടെ തുകയും കരാറുമൊക്കെ കൃത്യമായി അറിയാറുണ്ട്. ആ പണം ഉപഭോക്താവിന്റ കൈയില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യാറുമുണ്ട്. എന്നാല്‍ ആദിവാസി ഭവനനിര്‍മ്മാണത്തിന് വരുന്ന ഇത്തരം ഫണ്ടുകള്‍ കരാറുകാര്‍ നേരിട്ട് ആദിവാസി സഹോദരങ്ങളുമായി ഇടപാടു നടത്തി വഞ്ചിക്കുകയാണ് ചെയ്യുന്നത്. കാര്യങ്ങള്‍ അറിഞ്ഞു നിയമ നടപടികളിലേക്ക് എത്തുമ്പോഴേക്കും കരാറുകാര്‍ മുങ്ങിയിട്ടുണ്ടാവും.
' മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കബനിഗിരിയിലെ മെമ്പര്‍ പി.വി.സെബാസ്റ്റ്യന്‍ പറയുന്നു.
കബനിഗിരി, മരക്കടവ് മേഖലകളില്‍ നിരവധി വീടുകളാണ് പണി പൂര്‍ത്തീകരിക്കാനാവാതെ മുടങ്ങി കിടക്കുന്നത്.

എടത്തില്‍ കോളനിയിലെ 30 കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ജലസേചന സൗകര്യമോ ഗതാഗത സൗകര്യം പോലും ഇല്ലാത്ത ഇടമാണ്. വാഹനങ്ങള്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പണിക്ക് ആവശ്യമായ സിമന്റും മണലും ഇഷ്ടികയുമെല്ലാം ഏറെ ദൂരം ചുമന്ന് വേണം എത്തിക്കാന്‍. ഇതെല്ലാം കോളനിക്കാര്‍ ചുമന്ന് പോലും എത്തിച്ചു നല്‍കിയെങ്കിലും വഴി സൗകര്യമില്ലാത്തതിനാല്‍ പണിനടക്കില്ലെന്ന ഒറ്റ കാരണം പറഞ്ഞ് കരാറുകാര്‍ മുങ്ങിയതോടെ ഈ 30 കുടുംബങ്ങളുടെയും വീടുപണി നിന്നു പോവുകയായിരുന്നു.
'പലരും പണിസാധനങ്ങളുടെ കുറവ് എന്ന ഒറ്റ കാരണം പറഞ്ഞാണ് പണി ഒഴിവാക്കി പോകുന്നത്. ഗുണഭോക്താവിനെയും കരാറുകാരെയും ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തി വേണം കാര്യങ്ങള്‍ നടപ്പിലാക്കാന്‍. പലയിടങ്ങളിലും എഗ്രിമെന്റു പോലും വെക്കുന്നില്ല. ചില ഉദ്യോഗസ്ഥരും ഇത്തരം പ്രവണതകള്‍ക്ക് കൂട്ടു നില്‍ക്കുന്നുണ്ട്. ആ രീതി മാറിയെ പറ്റു.'മുന്‍ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ശിവശങ്കരനും പറയുന്നു.

ഇന്ദിരാ ആവാസ് യോജനയിലൂടെ വീട് ലഭിച്ച വയനാട്ടിലെ മറ്റ് നിരവധി ആദിവാസി കുടുംബങ്ങളിലെ സ്ഥിതിയും വ്യത്യസ്തമൊന്നുമല്ല. തുടങ്ങിവെച്ച പണി പൂര്‍ത്തിയാക്കാതെ പോയത് വീണ്ടും ഏറ്റെടുക്കുക വന്‍ നഷ്ടമാണെന്ന് പറഞ്ഞ് മറ്റു കരാറുകാരും പണികള്‍ ഏറ്റെടുക്കാറില്ല. ഈ കോളനികളില്‍ താമസിക്കുന്ന ആദിവാസി ജനങ്ങള്‍ അവഗണന മടുത്ത് ട്രൈബല്‍ ഓഫീസ് മുഖേന പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും പലതിനും ഇനിയും തീരുമാനം ആയിട്ടില്ല.

' ഇത്തരം കാര്യങ്ങള്‍ പ്രൊമോട്ടര്‍മാരെകൊണ്ടും ആദിവാസി വികസന സമിതി അറിഞ്ഞും കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ആലോചിച്ചുവരികയാണ്. എഗ്രിമെന്റ് വെച്ചാലും ആദിവാസി സഹോദരന്‍മാര്‍ വീടു പണിക്കായി കൈയിലേക്ക് നേരിട്ടു വാങ്ങുന്ന പണം പോലും അവരെ വഞ്ചിച്ച് കരാറുകാര്‍ കൊണ്ടു പോകുന്ന അവസ്ഥ ഉണ്ട്. അതിന് ശക്തമായി നടപടി എടുക്കേണ്ടതിന് വേണ്ടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാരെയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരെയും ഇക്കാര്യങ്ങള്‍ ചുമതലപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്.'
വയനാട് ഡിസ്ട്രിക്റ്റ് മള്‍ട്ടി പര്‍പ്പസ്സ് ട്രൈബല്‍ സൊസൈറ്റി പ്രസിഡന്റും സംസ്ഥാന ആദിവാസി ഉപദേശക സമിതി അംഗവുമായ ഇ.എ.ശങ്കരന്‍ പ്രതികരിക്കുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പലയിടങ്ങളിലും ഹിയറിംഗ് നടത്താറുണ്ടെങ്കിലും ആ ഹിയറിംഗില്‍ പണി ഉടന്‍ തീര്‍ത്തു നല്‍കുമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കുന്നതോടെ ആ അധ്യായം വിണ്ടും അവിടെ അടയുകയാണ് പതിവ്. മേല്‍ക്കൂര ഇല്ലാത്ത വീടുകളുടെ പണി പൂര്‍ത്തിയാക്കി നല്‍കുക, തറ കെട്ടി വെച്ച വീടുകള്‍ ഏല്‍പ്പിച്ച കരാറുകാര്‍ തന്നെ പൂര്‍ത്തിയാക്കി നല്‍കുക എന്നിവയൊക്കെയാണ് ഈ കോളനി ജനതയുടെ പ്രധാന ആവശ്യം. എന്നാല്‍ കരാറുകാര്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാവാത്തത് ഈ പാവങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Next Story

Related Stories