TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രീ, അങ്ങയുടെ പോലീസിന്റെ തലയില്‍ ഇണങ്ങുക പൊന്‍തൂവലല്ല, വിഴുപ്പുകളാണ്

മുഖ്യമന്ത്രീ, അങ്ങയുടെ പോലീസിന്റെ തലയില്‍ ഇണങ്ങുക പൊന്‍തൂവലല്ല, വിഴുപ്പുകളാണ്

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പൊലീസിന്റെ തലപ്പാവിലേക്ക് ഒന്നു നോക്കണം, അതിലിപ്പോള്‍ ഒരു പൊന്‍തൂവല്‍ പോലും കാണാന്‍ കഴിയില്ല, ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും വിഴുപ്പുകള്‍ മാത്രമാണ് അങ്ങയുടെ പൊലീസുകാര്‍ തലയില്‍ താങ്ങിനില്‍ക്കുന്നത്. ഭരണം തുടങ്ങിയ സമയത്തെങ്ങാണ്ട് അങ്ങനെയൊരൊണ്ണം വച്ചു കൊടുത്തല്ലാതെ പിന്നീടെപ്പോഴെങ്കിലും അതിനുള്ള ഭാഗ്യം അങ്ങേയ്ക്കുണ്ടായിട്ടുണ്ടോ? സ്വയം ചോദിച്ചു നോക്കൂ.

ടിപി സെന്‍കുമാര്‍ എന്ന, മുഖ്യമന്ത്രിയുടെ കണ്ണില്‍ ഡിജിപി സ്ഥാനത്തിനു യോഗ്യനല്ലാത്ത ഐപിഎസുകാരനെ രായ്ക്കുരാമാനം പുറത്താക്കി പകരം ഏറെ പുകള്‍പെറ്റ ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയാക്കി നിയമിക്കുമ്പോള്‍, കുറെ വാഗ്ദാനങ്ങളും മലയാളിക്ക് നല്‍കിയിരുന്നു. തന്റെ ഭാര്യയ്ക്ക് ഏതു രാത്രിയിലും ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നതുപോലെ കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും സ്വതന്ത്രരും സുരക്ഷിതരുമായി ഈ നാട്ടില്‍ രാത്രിയിലും പകലും സഞ്ചരിക്കാന്‍ കഴിയുമെന്നായിരുന്നു ബെഹ്‌റയും മലയാളിയെ വിശ്വസിപ്പിച്ചത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിലും പൊലീസ് മേധാവിയിലും വിശ്വസിച്ചവരില്‍ ഒരാളായിരിക്കണം കഴിഞ്ഞ ദിവസം കൊച്ചി കായലില്‍ ചത്തു പൊങ്ങിയത്. കൊട്ടിയൂരിലെ ആ പെണ്‍കുട്ടിയും വാളയാറിലെ ആ രണ്ടു കുഞ്ഞുങ്ങളും കൊച്ചിയിലെ ആ സിനിമാനടിയുമെല്ലാം തങ്ങളെ സംരക്ഷിക്കാന്‍ ആരെല്ലാമോ ഉണ്ടെന്നു വിശ്വസിച്ചവരായിരിക്കണം. അവരെയെല്ലാം നിങ്ങള്‍ തോല്‍പ്പിച്ചു കളഞ്ഞു.

ഒരു സ്ത്രീ നഗരമധ്യത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കായലില്‍ പൊങ്ങിയതുമെല്ലാം മുഖ്യമന്ത്രിയുടെ കുഴപ്പം കൊണ്ടാണോ എന്നു ചോദിക്കരുത്, നേരിട്ടല്ലെങ്കിലും ഇവിടെ നടക്കുന്ന ഓരോ കുറ്റകൃത്യത്തിലും മുഖ്യമന്ത്രിക്കും പങ്കുണ്ട്, ഒരു ഭരണാധികാരിയെന്ന നിലയില്‍, കുറ്റങ്ങള്‍ തടയാന്‍ കഴിയാതെ പോകുന്നവന്‍ ചുമക്കേണ്ട പാപത്തിന്റെ പങ്ക്. രോഗം വന്നാല്‍ ചികിത്സിച്ചു മാറ്റുന്നവര്‍ മാത്രമല്ല ഡോക്ടര്‍, രോഗികള്‍ ഉണ്ടാകാതെ നോക്കുന്നവര്‍ കൂടിയാണ്. പൊലീസും അങ്ങനെ തന്നെയാണ് ആകേണ്ടത്. കുറ്റം നടന്നിട്ട് അന്വേഷിച്ചു കണ്ടുപിടിക്കുന്നതിലെ മിടുക്കിനേക്കാള്‍ വലുതാണ് കുറ്റങ്ങള്‍ ഉണ്ടാകാതെ നോക്കുക എന്നത്. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു കടമകളും നമ്മുടെ പൊലീസ് ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

ജിഷ വധക്കേസിലെ പ്രതിയെ പിടിച്ചു കൊണ്ടായിരുന്നു ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. മുഖ്യമന്ത്രിയായി പിണറായി വിജയനും കൂട്ടിനു ബെഹ്‌റയുടെ പൊലീസും ഉണ്ടെങ്കില്‍ കേരളത്തില്‍ മറ്റൊരു ജിഷ ഉണ്ടാകില്ലെന്നു ഉറപ്പു പറഞ്ഞവരൊക്കെ ഇപ്പോള്‍ എന്താണു പറയുന്നതെന്നറിയില്ല. മറവിയില്ലെങ്കില്‍ അവര്‍ പിണറായിയുടെ പൊലീസ് ഭരണത്തെ പുച്ഛിക്കുന്നുണ്ടാവും.

പിണറായി വിജയന്റെ വാക്കിനു മറുവാക്കില്ലാത്തവര്‍ സിപിഎമ്മില്‍ ഇപ്പോഴും ഉണ്ടായിരിക്കാം. പക്ഷേ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ അനുസരിക്കാന്‍ സര്‍ക്കാരിലും പൊലീസിലും എത്രപേര്‍ ഉണ്ട് എന്ന സംശയമാണ് കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയില്‍ ജനം ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സുരക്ഷിതമല്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറി എന്നത് ഒരു പ്രതിപക്ഷാരോപണമായി കാണരുത്. കണക്കുകള്‍ പറയുന്ന സത്യമാണത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനോട് തിരക്കിയാല്‍ മനസിലാകുന്ന സത്യം.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പറയാന്‍ ന്യായങ്ങളുണ്ടാകും. മിഷേലിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചതു മുതല്‍ ഓരോ സംഭവത്തിലും ആഭ്യന്തരവകുപ്പ് നടത്തിയ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടാനുണ്ടാകും. മാധ്യമങ്ങളും ജനങ്ങളുമെല്ലാം ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ ഇതൊക്കെ ചെയ്യൂ? സമൂഹത്തിന്റെ പ്രതികരണം രൂക്ഷമാകുമ്പോള്‍ പ്രഖ്യാപിക്കുന്ന അന്വേഷണങ്ങളില്‍ എന്ത് ആത്മാര്‍ത്ഥതയാണ്. ജനരോഷത്തെ ഭയന്നല്ല, ജനഹിതം അറിഞ്ഞു തീരുമാനങ്ങള്‍ എടുക്കുന്നവനാണ് നല്ല ഭരണാധികാരി.

വാളയാറില്‍ പതിമൂന്നൂകാരി കൊല്ലപ്പെട്ടപ്പോള്‍, ആ കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്നറിഞ്ഞിട്ടുപോലും പൊലീസ് എന്തു ചെയ്തു. അതേ വീട്ടില്‍ തന്നെ മറ്റൊരു പെണ്‍കുട്ടിയും ഉണ്ടെന്ന ബോധം പോലും ഒരു പൊലീസുകാരനും തോന്നിയില്ല. ഒടുവില്‍ ആ ഒമ്പതുകാരിയേയും കഴുത്തില്‍ മുറുകിയ കുരുക്കഴിച്ച് താഴെ കിടത്തിയപ്പോള്‍ ഏതെങ്കിലുമൊരു പൊലീസുകാരന്റെ നെഞ്ചു പിടഞ്ഞിരുന്നോ? ഈ കുഞ്ഞിനെ മരണത്തിലേക്ക് വിട്ടു കളഞ്ഞതും ഞങ്ങളും കൂടി ചേര്‍ന്നാണല്ലോ എന്നാര്‍ക്കെങ്കിലും കുറ്റംബോധം തോന്നിയോ? ഉണ്ടാവില്ല; ചേട്ടാ എന്നു വിളിച്ചു പോയതിനു ചെവിക്കല് അടിച്ചു തകര്‍ക്കാനും ആണും പെണ്ണും ഒരുമിച്ചരിക്കുന്നതു കാണുമ്പോള്‍ രക്തയോട്ടം കൂടുന്നവര്‍ക്കു കാവല്‍ നില്‍ക്കാനും തോന്നുന്ന മനോവികാരം ഒരു പെണ്‍കുട്ടി തൂങ്ങിയാടുന്നതു കണ്ടാലോ കായലില്‍ മരിച്ചു പൊങ്ങുന്നതുകണ്ടാലോ തോന്നില്ല. അല്ലായിരുന്നെങ്കില്‍ ജനം കൈചൂണ്ടുന്നതിനു മുമ്പു തന്നെ തങ്ങളുടെ കര്‍ത്തവ്യം അവര്‍ നിറവേറ്റുമായിരുന്നു.

ചില കണക്കുകള്‍ മുഖ്യമന്ത്രി ശ്രദ്ധിക്കണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ എട്ടുമാസം കൊണ്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ത്രീപീഡനക്കേസുകളില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായത്. ഇതില്‍ പ്രത്യേകിച്ചു ശ്രദ്ധിക്കേണ്ട കാര്യം, സ്ത്രീകള്‍ക്കെതിരേ ഉണ്ടായിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ കൂടുതലും ലൈംഗികപീഡനങ്ങളാണ്. 2016 മേയ് 25 മുതല്‍ 2017 ജനുവരി വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 2686 സ്ത്രീപീഡനക്കേസുകള്‍. ഈ സര്‍ക്കാരിന്റെ കാലത്തു ബലാത്സംഗ കേസുകളായി രജിസ്റ്റര്‍ ചെയ്തത് 1181 എണ്ണം. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ നടന്ന ബലാത്സംഗ കേസുകളുടെ എണ്ണം 644. മുതിര്‍ന്ന സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തത് 459 കേസുകള്‍. സ്ത്രീകളെ തട്ടിക്കൊണ്ടുപോയതിനു 114 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആകെ 3163 കേസുകള്‍ സ്ത്രീകള്‍ക്കെതിരേയുള്ള അക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.

ഈ കണക്കുകളൊന്നും ആരുടെയും ഭാവനയില്‍ വിരിഞ്ഞതല്ല. പൊലീസിനോട് തിരക്കിയാല്‍ അവര്‍ തരും ഇതേ കണക്ക്. കേസ് എടുത്തില്ലേ, പ്രതികളെ പിടിച്ചില്ലേ എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാം വരാം, കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് ഇതിനപ്പുറം നടന്നില്ലേ എന്നും ചോദിക്കാം. ശരിയാണ്. ആ ന്യായങ്ങളെല്ലാം അംഗീകരിക്കാം. കേസ് എടുത്തിട്ടും ശിക്ഷിച്ചിട്ടും, ദിവസം ഒരു സ്ത്രീ വീതം പീഡിപ്പിക്കപ്പെടുന്ന ഒരു നാടായി മാറിക്കഴിഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്നു പിണറായി വിജയന്‍ ഇടയ്‌ക്കെങ്കിലും ഒന്നു ചിന്തിക്കണം. കരയുന്നവന്റെ കണ്ണീരൊപ്പുന്നവന്‍ ഹൃദയമുള്ളവനാണ്, പക്ഷേ ഒരുവന് കരയാതിരിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നവനെയാണ് ഇച്ഛാശക്തിയുളളവനെന്നു വിളിക്കുന്നത്. അങ്ങ് സ്വയവും പിന്നെയിവിടുത്തെ പൊലീസിനോടും ഈ കാര്യം പങ്കുവയ്ക്കണം...

Next Story

Related Stories