TopTop
Begin typing your search above and press return to search.

അനുഭവകഥകളിലൂടെ ഒരു ജീവിത സഞ്ചാരം

അനുഭവകഥകളിലൂടെ ഒരു ജീവിത സഞ്ചാരം

മലയാള ചലച്ചിത്ര രംഗത്തെ ഇതിഹാസമാനമായ വ്യക്തിത്വം. കുഞ്ചാക്കോ. സംവിധാനം കുഞ്ചാക്കോ എന്നത് ഒരു കാലം അതിന്റെ അഭ്രപാളികളില്‍ നിത്യമുദ്രിതമാക്കിയ പേരാണ്. കുട്ടനാട് പുളിങ്കുന്നു ദേശത്ത് മാളിയംപുരയ്ക്കല്‍ മാണിചാക്കോയുടെയും ഏലിയാമ്മയുടെയും മൂത്തപുത്രനായ കുഞ്ചാക്കോ. അദ്ദേഹത്തിന്റെ ജീവിതം മലയാള സിനിമയുടെ കൂടി ചരിത്രമാകുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ വേണ്ടത്ര അടയാളപ്പെടുത്തിയിട്ടില്ലാത്ത സമാനതകളില്ലാത്ത വ്യക്തിത്വം. പ്രതിഭയും സംരഭകത്വവും ഒടുങ്ങാത്ത അന്വേഷണ തൃഷ്ണയും നിത്യനൂതനത്വം തേടിയുള്ള യാത്രയിലെ സംഘര്‍ഷങ്ങളെ സംഗീതമാക്കാന്‍ കഴിയുന്ന വ്യക്തിത്വവിശേഷവും മുദ്രചാര്‍ത്തിയ കുഞ്ചാക്കോയുടെ ജീവിതം പുത്തന്‍ തലമുറയ്ക്ക് അത്ര പരിചിതമാവില്ല. അദ്ദേഹത്തിന്റെ കാലത്തില്‍ ജീവിച്ചവരില്‍ ഏറെപ്പേര്‍ ഇപ്പോള്‍ നമുക്കൊപ്പമുണ്ടാകാന്‍ തരമില്ല.കുഞ്ചാക്കോയുടെ ജീവിതം അഴിമുഖത്തിനായി പകര്‍ത്തി തുടങ്ങുകയാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. ജോസി ജോസഫ്. ഇന്നു മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും അഴിമുഖത്തില്‍ വായിച്ചു തുടങ്ങുക

മനോഹരമായ ഒരു കളിപ്പാട്ടം ഒരു കുഞ്ഞിലുണര്‍ത്തുന്ന നിഷ്‌കളങ്ക കൗതുകത്തോടെ, നവോദയ സ്റ്റുഡിയോയുടെ ഓഫീസ് മുറിയില്‍, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ നിര്‍മാണത്തിരക്കുകള്‍ക്കിടയില്‍ നിന്നുകൊണ്ട് ജിജോ പറഞ്ഞു. ''ഉമ്മ, സീത, നീലിസാലി, ഉണ്ണിയാര്‍ച്ച, കൃഷ്ണകുചേല, പാലാട്ടുകോമന്‍, ഭാര്യ, റബേക്ക, കടലമ്മ, പഴശിരാജ, അയിഷ, ശകുന്തള....

വെളുത്ത കോട്ടണ്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, ഉത്സാഹ പ്രഹര്‍ഷത്തോടെ കൈകള്‍ വിടര്‍ത്തി നിന്ന്, മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന 3ഡി വിസ്മയ ചിത്രത്തിന്റെ സംവിധായകനായ ജിജോ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തിയത് വെറും സിനിമാ പേരുകളായിരുന്നില്ല, ഒരു ചരിത്രമായിരുന്നു. മലയാള ചലച്ചിത്ര വ്യവസായത്തിന് ഉറച്ച അടിത്തറ പാകിയ, കാലത്തിന് മുന്‍പേ നടന്ന, അതിജീവനത്തിന്റെ വിരേതിഹാസം രചിച്ച, പക്ഷെ മലയാള സിനിമാ ചരിത്രം ഒട്ടാകെ വിസ്മരിച്ച, കുഞ്ചാക്കോയുടെ ജീവചരിത്രത്തിന്റെ അത്മസ്പന്ദനങ്ങളിലേക്കുള്ള താക്കോല്‍ വാക്കുകളായിരുന്നു അവ.

(കുഞ്ചാക്കോ)

ഓര്‍മകളിരമ്പുന്ന മനസ്സിനെ അതിന്റെ കളിമ്പങ്ങള്‍ക്ക് വിട്ടുകൊടുക്കുംവിധം ഒരു നിമിഷം ജിജോ നിശ്ബദനായി നിന്നു; ഒരു മാന്ത്രിക കോട്ടയ്ക്ക് മുന്നിലെന്ന വിധം. ഓര്‍മകള്‍ ആ മായികസൗധത്തിന്റെ വാതിലുകള്‍ ഓരൊന്നായി തുറന്നു. മറവിയുടെ മാറാലക്കെട്ടുകള്‍ വകഞ്ഞുമാറ്റിക്കൊണ്ട് വിസ്മയചരിത്രങ്ങളുടെ നിധിപേടകങ്ങള്‍ തുറക്കപ്പെട്ടു. അത്ഭുതാദരങ്ങളോടെ മാത്രം സ്മരിക്കുവാന്‍ കഴിയുന്ന മലയാള സിനിമാചരിത്രത്തിലെ അനര്‍ഘനിമിഷങ്ങള്‍. കുട്ടനാടിന്റെ ചതുപ്പുകളില്‍ നിന്ന് കുതിച്ചുയരുന്ന ജീവിതസമരത്തിന്റെ നാള്‍വഴികള്‍. അതിജീവനത്തിന്റെ പോരാട്ടവഴികള്‍ വീണ്ടെടുക്കപ്പെടേണ്ട ചരിത്രവഴികള്‍. അനുഭവകഥകളുടെ ഊര്‍ജപ്രവാഹത്തിലൂടെ കുഞ്ചാക്കോ അനശ്വരത പുല്‍കുകയായിരുന്നു അപ്പോള്‍.

*****

ഒരു ബാലതാരമായി കീര്‍ത്തിനേടി, ഒന്നാംക്ലാസില്‍ പഠിക്കാനെത്തുന്ന ഒരു പൂര്‍വകാലമുണ്ട് ജിജോയ്ക്ക്. ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത 1962 ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഭാര്യ' എന്ന ചലചിത്രത്തിലാണ് ഒരു ബാലതാരമായി ജിജോയുടെ അരങ്ങേറ്റം. സിനിമയിലേക്കുള്ള ആ ജ്ഞാനസ്‌നാനപ്പെടലിനെക്കുറിച്ച്, നര്‍മ്മ മധുരമായ ഒരോര്‍മ്മ ജിജോയ്ക്കുണ്ട്. താരാരാധനയുടെ കൗതുകകരമായ ആ ഓര്‍മ ഇങ്ങനെ-

''പിടക്കോഴിക്ക് അങ്കവാലും പൂവുമുണ്ട്... പൂവന്‍കോഴി മുട്ടയിടും...'' ജിജോയ്ക്ക് ചുറ്റുംകൂടിനിന്ന് ആ കുട്ടികള്‍ ആര്‍ത്തുവിളിച്ചു. അത് ഒരു ബാലതാരത്തിന് അവന്റെ സഹപാഠികള്‍ നല്‍കിയ സ്വീകരണമായിരുന്നു. ഭാര്യ എന്ന സിനിമയില്‍ സത്യന്‍ അഭിനയിച്ച ബെന്നി എന്ന കഥാപാത്രത്തിന്റെ മകനായി അഭിനയിച്ച ജിജോയുടെ കഥാപാത്രം ആ സിനിമയില്‍ പാഠപുസ്തകത്തിലെ ഒരു ഭാഗം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ''പൂവന്‍കോഴിയ്ക്ക് അങ്കവാലും പൂവുമുണ്ട്. പിടക്കോഴി മുട്ടയിടും'' എന്ന ഈ പാഠഭാഗം അക്കാലത്ത് ജനപ്രിയമായി തീര്‍ന്നു. അതിന്റെ രസകരമായ പാരഡിയാണ് ആ കൊച്ചുകുട്ടികള്‍ കൂവിത്തിമര്‍ത്ത പൂവന്‍കോഴി മുട്ടയിടും എന്ന സംഭാഷണ ഭാഗം.എന്നാലിന്ന് ഈ ഓര്‍മ്മകളില്‍ നിന്ന് ജിജോ നെയ്‌തെടുക്കുന്നത് കുഞ്ചാക്കോ എന്ന സംവിധായക പ്രതിഭയുടെ ചലചിത്രഭാഷയുടെ സര്‍ഗശേഷികളെക്കുറിച്ചാണ്.

കുട്ടനാട് പുളിങ്കുന്നു ദേശത്ത് മാളിയംപുരയ്ക്കല്‍ മാണിചാക്കോയുടെയും ഏലിയാമ്മയുടെയും മൂത്തപുത്രനായിരുന്ന കുഞ്ചാക്കോ അക്കാലത്തെ മെട്രിക്കുലേഷന്‍ വരെയാണ് പഠിച്ചത്. പുളിങ്കുന്നില്‍ ആദ്യയാത്രാബോട്ട് സര്‍വീസ് കൊണ്ടുവന്ന മാണി ചാക്കോയുടെ മകനും സംരംഭകത്വ വഴിയിലൂടെയായിരുന്നു യാത്ര. എന്നാല്‍ കര്‍ക്കശകാരനും വിട്ടുവീഴ്ച്ചയില്ലാത്ത പിതാവുമായിരുന്ന മാണിചാക്കോ കുഞ്ചാക്കോയുടെ തന്നിഷ്ടങ്ങളിലും കുസൃതികളിലും വശംകെട്ടു. എതിര്‍പ്പുകളോട് വാശിയോടെ പോരടിക്കുക, പ്രതിബന്ധങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക-കുഞ്ചാക്കോയ്ക്ക് ജന്മസിദ്ധമായിരുന്നു ഈ ഗുണങ്ങള്‍.

(മാണിചാക്കോ)

ഒരിക്കല്‍ പുളിങ്കുന്നിലെ പ്രശ്‌നക്കാരനായിരുന്ന ജന്മിയെ ഒതുക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കുഞ്ചാക്കോ കണ്ടെത്തിയ മാര്‍ഗം നവീനവും വിചിത്രവുമായിരുന്നു. ടിയാന്റെ ആടിനെ പാലത്തില്‍ കെട്ടിതൂക്കി കുഞ്ചാക്കോ. ഇത്തരം നാടന്‍ പ്രയോഗങ്ങളുടെ ഉസ്താദായിരുന്നു കുഞ്ചാക്കോ. പിതാവായ മാണി ചാക്കോയാകട്ടെ ഇതൊന്നും വെച്ചുപൊറിപ്പിക്കാത്ത കര്‍ശക്കശകാരനും. ചമ്പക്കുളം വള്ളംകളിക്ക് മാണിചാക്കോ സകുടുംബം വലിയ കെട്ടുവളളത്തില്‍ ആര്‍ഭാടങ്ങളോടെയാണ് എല്ലാക്കൊല്ലവും പോകുന്നത്. എല്ലാവരും അണിഞ്ഞൊരുങ്ങി ഇറങ്ങിയപ്പോള്‍ കുഞ്ചാക്കോയെ മാത്രം കാണുന്നില്ല. പനിപിടിച്ച വിധം മൂടിപ്പുതച്ച് കിടക്കുന്ന കുഞ്ചാക്കോയെ കണ്ട് അയ്യോ പാവം എന്ന് സങ്കടപ്പെട്ട് എല്ലാവരും ചമ്പക്കുളത്തിന് പുറപ്പെട്ടു. വള്ളംകളി നടക്കുന്നയിടത്ത് സൗകര്യപ്രദമായി വള്ളം കെട്ടിയിട്ട് കളികാണാന്‍ ഒരുങ്ങുകയാണ് മാണിചാക്കോയും കുടുംബവും. ''ദേ...നോക്കിയെ'' എന്നാരോ അത്ഭുത സ്വരത്തില്‍ വിളിച്ചുകൂവി. ആറ്റിന്റെ നടുക്ക് ഒരു കൊച്ചുവള്ളത്തില്‍ കടിച്ചുപിടിച്ചിരുന്ന് വള്ളംകളി രസിക്കുകയാണ് കുഞ്ചാക്കോ. അന്നു രാത്രി പാതിരാനേരത്ത് ആ കൊച്ചുവള്ളം കോടാലികൊണ്ട് കീറിമുറിച്ചു മാണി ചാക്കോ!

ഇത്തരമൊരാള്‍ സിനിമയിലേക്ക് എങ്ങനെ വന്നു എന്ന ചോദ്യം സ്വാഭാവികം.

''അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത് കണ്ടു നിന്ന ബാല്യകൗമാരങ്ങളാണ് എന്നെ സിനിമാ സംവിധാന മോഹിയാക്കിയത്'' ജിജോ ഒരു മന്ദസ്മിതത്തോടെ പറഞ്ഞു. 'അച്ഛന്‍' എന്നാണ് കുടുംബാംഗങ്ങളെല്ലാവരും കുഞ്ചാക്കോയെ വിളിച്ചിരുന്നത്. ബോബന്‍ കുഞ്ചാക്കോയുടെ സംബോധന മറ്റെല്ലാവരും എറ്റെടുക്കുകയായിരുന്നു. സ്നേഹബന്ധങ്ങള്‍ ഇഴചേര്‍ന്ന ഒരു കൂട്ടുകുടുംബമായിരുന്നു കുഞ്ചാക്കോയുടേത്. എല്ലാവരും എല്ലാവരുടെയും എല്ലാം എല്ലാവരുടെയുമായ ഒരു ദൃഢബന്ധമായിരുന്നു അത്.


(ജിജോ)

നല്ല വായനാശീലമുണ്ടായിരുന്ന കുഞ്ചാക്കോയ്ക്ക് സിനിമയിലേക്കുള്ള വഴി എളുപ്പമായിരുന്നിരിക്കണം. സിനിമകള്‍ കണ്ട് സിനിമ പഠിക്കുക അന്ന് എളുപ്പമായിരുന്നില്ലല്ലോ. നല്ലൊരു സാഹിത്യാസ്വാദകനായിരുന്ന കുഞ്ചാക്കോയ്ക്ക് സിനിമകള്‍ക്ക് കഥകള്‍ കണ്ടെത്തുക എളുപ്പമായിരുന്നു. പക്ഷെ, ആ കഥകള്‍ എങ്ങനെ ആഖ്യാനം ചെയ്യണം എന്ന കണ്ടെത്തല്‍ ഒരു സ്വയം കണ്ടെത്തല്‍( self discovery) തന്നെയായിരുന്നു. ഓരോ സിനിമകളിലായി അച്ഛന്‍ സിനിമയുടെ വ്യാകരണം സ്വയം കണ്ടെത്തുകയായിരുന്നു.

ഒരു ഉത്തരം ജിജോ ചൂണ്ടിക്കാണിച്ചു. ഗാനങ്ങള്‍ക്കും ഗാനചിത്രീകരണങ്ങള്‍ക്കും ഏറ്റവും അധികം പ്രാധാന്യം നല്‍കിയിരുന്നു കുഞ്ചാക്കോ. തീയേറ്റര്‍ റിലീസിന് മുന്‍പേ തിരക്കഥ രചനയുടെ വേള മുതല്‍ ചര്‍ച്ചകളുടെയും അഭിപ്രായമാരായലുകളുടെയും നിരവധി സന്ദര്‍ഭങ്ങള്‍ പിന്നിട്ടാണ് ഉദയാ സ്റ്റുഡിയോയില്‍ ഒരു സിനിമ രൂപംകൊണ്ടിരുന്നത്. തോട്ടക്കാരന്‍ മുതല്‍ മാനേജര്‍ വരെ, മക്കളും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ സദസിന് മുന്നില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ ഒരു സിനിമ ചിത്രീകരണത്തിന് തെരഞ്ഞെടുക്കു. സിനിമ ചിത്രീകരിച്ചു കഴിഞ്ഞാല്‍ സ്റ്റുഡിയോയില്‍ തന്നെയുള്ള പ്രിവ്യൂ തീയറ്ററില്‍ ഒരു വലിയ ആസ്വാദക സംഘം അതു കാണും.

എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്, ഉമ്മ എന്ന സിനിമയിലെ ഗാനരംഗം പ്രിവ്യൂ കണ്ടതിനെ കുറിച്ചുള്ള ഒരു സംഭവകഥ. മുഖ്യകഥാപാത്രമായി തിക്കുറിശിയും നായികയായി ബി.എസ്. സരോജയും അഭിനയിച്ച ഈ ചിത്രത്തിലാണ് സ്നേഹജാന്‍ എന്ന പേരില്‍ കെ.പി. ഉമ്മര്‍ നായകനായി അഭിനയിക്കുന്നത്. ബി.എസ്. സരോജ അഭിനയിക്കുന്ന ആ ഗാനരംഗത്തിലെ അല്പം ദൈര്‍ഘ്യമുള്ള ഒരു ഷോട്ട് അതിമനോഹരമായിരിക്കുന്നു എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ, മനോഹരമായ ആ ഷോട്ടിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയാണ് കുഞ്ചാക്കോ ചെയ്തത്. അത് എന്തിന് എന്ന് അത്ഭുതപ്പെട്ടവര്‍ക്ക് കുഞ്ചാക്കോ നല്‍കിയ മറുപടി, സിനിമയില്‍ ഏറ്റവും നല്ല ഷോട്ടുകളാണ് ചുരുക്കേണ്ടത് എന്നാണ്. അത് അല്പം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന മോഹത്തോടെ വേണം പ്രേക്ഷകര്‍ തീയറ്റര്‍ വിട്ടുപോകാന്‍.


(1978ല്‍ പ്രസിദ്ധീകരിച്ച കുഞ്ചാക്കോ സ്മരണികയില്‍ നടി ഷീല കുഞ്ചാക്കോയെ കുറിച്ച് എഴുതിയ അനുസ്മരണ കവിത)

പാട്ട് കമ്പോസ് ചെയ്യുന്ന വേളയില്‍ തന്നെ കുഞ്ചാക്കോ ആ പാട്ടിന്റെ ജാതകം കുറിക്കും-ഇത് ഹിറ്റ്! അതൊന്നുപോലും തെറ്റിയിട്ടുമില്ല. സംഗീതത്തിന്റെ ഹരിശ്രീ അറിഞ്ഞുകൂടാത്ത കുഞ്ചാക്കോയ്ക്ക് ഉണ്ടായിരുന്ന ഈ ഇന്റ്യൂഷന്‍ പിന്നീട് ഒരാളില്‍ ഞാന്‍ അതേപടി കണ്ടിട്ടുണ്ട്-ഫാസില്‍!. താളമോ ശ്രുതിയോ തിരിച്ചറിയാന്‍ കഴിയാത്ത ഫാസില്‍ പാട്ടിന്റെ ട്യൂണ്‍ കേള്‍ക്കുമ്പോഴേ പറയും, ഇത് ഹിറ്റ്!. ഫാസില്‍ നവോദയയ്ക്കുവേണ്ടി ആദ്യമായി സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ ജെറി അമല്‍ദേവിന്റെ ഗാനങ്ങളുടെ ജാതകം ഫാസില്‍ കുറിച്ചത് അങ്ങനെയാണ്!

*****

പൂച്ചാക്കല്‍ ഒളവെയ്പില്‍, തേയ്ക്കനാട് പാറായില്‍ കുടുംബത്തിന്റെ പ്രൗഢപാരമ്പര്യത്തിന്റെ പ്രതിരൂപമായി, എന്റെ വാക്കുകള്‍ക്ക് സാകൂതം ചെവികൊടുത്തിരുന്ന എലിസബത്ത് എന്ന സുമി കുഞ്ചാക്കോ തരകന്റെ മനസ് ആര്‍ദ്രമാക്കുന്നത് ആ മുഖത്ത് തെളിഞ്ഞു കണ്ടു. മറവികളുടെ മാറാലകള്‍ വകഞ്ഞുമാറ്റി തിരതള്ളിത്തെളിയുന്ന പൊന്നോര്‍മ്മകളുടെ ശോഭയായിരുന്നു അത്. മക്കളായ ഞങ്ങള്‍പോലും മഹാനായ ആ കലാകാരന്റെ ഓര്‍മകളോട് നീതിപുലര്‍ത്തിയില്ലല്ലോ എന്നൊരു വിഷാദവും ആ ശോഭയില്‍ പതുക്കെ കലര്‍ന്നു.

ദൃഢവും കൃത്യതയുമുള്ളതുമായ വാക്കുകളില്‍ സുമി കുഞ്ചാക്കോ തരകന്‍ തന്റെ അപ്പനായ കുഞ്ചാക്കോയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

''പണംവാരി പടങ്ങളുടെ സൃഷ്ടികര്‍ത്താവായി മാത്രം കുഞ്ചാക്കോ എന്ന സംവിധായകനെ കേരളം കണ്ടു എന്നത് ഒരു വിധി വൈപരീത്യം തന്നെ. 1960 ല്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ഉമ്മ എന്ന ചിത്രം മുതല്‍ തന്നെ സ്ത്രീകേന്ദ്രീകൃതമായ കഥകള്‍ തന്റെ സിനിമകള്‍ക്കുവേണ്ടി തിരഞ്ഞെടുക്കുന്നതില്‍ കുഞ്ചാക്കോ ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് നായികാ കഥാപാത്രങ്ങളുടെ പേരുകളില്‍ ഇത്രയധികം ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ വേറെ ആരെങ്കിലുമുണ്ടോ? ഉമ്മ, സീത, ഉണ്ണിയാര്‍ച്ച, ഭാര്യ, റബേക്ക, ശകുന്തള, തിലോത്തമ, അനാര്‍ക്കലി, സൂസി, തുമ്പോലാര്‍ച്ച-അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍. പുരുഷകോയ്മയുടെ ആ പുഷ്പകാലത്താണ് ഈ ചലച്ചിത്രനാമങ്ങള്‍ എന്നോര്‍ക്കണം.തോറ്റുകൊണ്ട് ജയിക്കുന്ന സ്ത്രീ കുഞ്ചോക്കയുടെ സിനിമയില്‍ ഉണ്ട് എന്നത് ഇക്കാലം തിരിച്ചറിയപ്പെടേണ്ട സത്യമാണ്.''.

സുമി കുഞ്ചാക്കോ തരകന്‍ തന്റെ സ്വകാര്യ ശേഖരത്തില്‍ നിന്ന് വിലമതിക്കാനാകാത്ത ഒരു ഫയല്‍ എനിക്ക് തന്നു. കുഞ്ചാക്കോയുടെ ഇരുപതാം ചരമവാര്‍ഷിക ദിനത്തില്‍ തേയ്ക്കനാട്ട് പാറായിലെ ആനി തരകനും അബ്രഹാം തരകനും വേണ്ടി തയ്യാറാക്കിയ മരിക്കാത്ത സ്മരണകളുടെ ഏടുകളായിരുന്നു അത്. 1976 ല്‍ കുഞ്ചാക്കോയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ച ന്യൂസ് പേപ്പറുകളുടെയും അനുസ്മരണ ലേഖനങ്ങളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പികളായിരുന്നു അതിലുണ്ടായിരുന്നത്.

കുഞ്ചാക്കോ തന്റെ മകള്‍ സുമിക്ക് എഴുതിയ കത്തും ആ കൈയ്യക്ഷരത്തിന്റെ ദൃഢതയും സൗന്ദര്യവും കുഞ്ചാക്കോയിലെ കലാകാരനെ വെളിപ്പെടുത്തുന്നു. എന്നാല്‍ '' എല്ലാ നന്മകളും എന്റെ പൊന്നുമോള്‍ക്ക് അച്ഛന്‍ വാരി എറിഞ്ഞു തരികയാണ്'' എന്ന വാചകത്തിലെ അസാധാരണത കുഞ്ചാക്കോയുടെ മറ്റൊരു മുഖമാണ് വെളിപ്പെടുത്തുന്നത്. പെണ്‍മക്കള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയ, തന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തികളില്‍ അവരെ പങ്കാളികളാക്കിയ, കാലത്തിന്റെ മുന്‍പേ നടന്ന സ്‌നേഹസമ്പന്നനായ ഒരു പിതാവിന്റെ മുഖമാണിത്. അതുകൊണ്ടാവാം അച്ഛനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആ മുഖം ജ്വലിച്ചു നിന്നത്.

(കുഞ്ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ നടന്ന അനുസ്മരണ സമ്മേളനത്തിന്റെ അറിയിപ്പ്)

(അടുത്തഭാഗം ഫെബ്രുവരി 21ന്)


പ്രഫ. ജോസി ജോസഫ്

പ്രഫ. ജോസി ജോസഫ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും. മാധ്യമ പഠന വിഭാഗം വകുപ്പ് അധ്യക്ഷന്‍, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍, ചങ്ങനാശ്ശേരി.

Next Story

Related Stories