Top

വര്‍ഷാവര്‍ഷം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചാല്‍ എങ്ങനെ അതിജീവിക്കും? 'തുടരുന്ന പ്രകൃതിദുരന്തങ്ങള്‍; വേണം തിരുത്തലുകള്‍'/ ഡോക്യുമെന്ററി

2018ലെ മഹാപ്രളയത്തില്‍ നിന്ന് അതിജീവിച്ച് ഒരു വിധം കരകയറാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കേരളത്തിനെ ഞെട്ടിച്ചുകൊണ്ടാണ് 2019 ഓഗസ്റ്റില്‍ വീണ്ടും പ്രളയമെത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയും പ്രളയവും ഉരുള്‍പൊട്ടലും ആഞ്ഞടിച്ചപ്പോള്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു, പ്രളയം ഇനി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

2018 ഓഗസ്റ്റില്‍ നൂറ്റാണ്ടിലെ ഏററവും വലിയ പ്രളയം കേരളത്തില്‍ മുക്കിയപ്പോള്‍, ഇടുക്കിയിലെയും വയനാട്ടിലെയും മലകള്‍ ഇടിഞ്ഞുതാഴ്ന്നപ്പോള്‍ നമ്മുടെ പരസ്ഥിതി ദുര്‍ബലമാണെന്ന ആദ്യ സൂചന ലഭിച്ചു. അതോടൊപ്പം മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തിറങ്ങുന്ന അതി തീവ്രമഴ പശ്ചിമഘട്ടത്തിന് താങ്ങാവുന്നതിനുമപ്പുറമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

2018ല്‍ മധ്യകേരളത്തെയാണ് പ്രളയവും മഴയും തകര്‍ത്ത് എറിഞ്ഞതെങ്കില്‍ ഇത്തവണ വയനാട് ഉള്‍പ്പടെയുള്ള വടക്കന്‍ കേരളത്തിലാണ് ദുരന്തം പെയ്തിറങ്ങിയത്. 2019 ഓഗസ്റ്റ് 08ന് മണിക്കൂറുകളുടെ വിത്യാസത്തിലാണ് വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും ദുരന്തം മണ്ണിടിച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ആ പ്രദേശത്തെ അപ്പാടെ തകര്‍ത്തത്.

പ്രളയവും ഉരുള്‍പൊട്ടലും പോലുള്ള ദുരന്തങ്ങള്‍ വാര്‍ഷിക സംഭവങ്ങളായാല്‍ കേരളം എങ്ങനെ അതിനെ അതിജീവിക്കും? രണ്ടാം പ്രളയം ഉയര്‍ത്തുന്ന സുപ്രധാന ചോദ്യം ഇതാണ്. ദുരന്തത്തെ തടയുക എളുപ്പമല്ല, എന്നാല്‍ അതിനെ നേരിടാനും അതിജീവിക്കാനും നമ്മുക്ക് സാധിക്കുമെന്നാണ് ജപ്പാനും, ഇന്ത്യോനേഷ്യപോലുള്ള രാജ്യങ്ങളുടെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.

ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ക്കുള്ള പ്രതിവിധി, ദുരന്തത്തെ മറികടക്കാന്‍ ശാസ്ത്രീയവും ദീര്‍ഘവീഷണമുള്ളതുമായ നടപടികള്‍ സ്വീകരിക്കുകയെന്നതാണ്. 2019-ല്‍ കേരളത്തില്‍ സംഭവിച്ച പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പ്രദേശവാസികളും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പരിസ്ഥിതി ശാസ്ത്രജ്ഞരും, സാമ്പത്തിക ശാസ്ത്രജ്ഞരും, വിദഗ്ദ്ധരും ഒക്കെ നടത്തിയ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ചേര്‍ത്ത്‌ അഴിമുഖം തയ്യാറാക്കിയ ഡോക്യുമെന്ററി കാണാം.. 'തുടരുന്ന പ്രകൃതിദുരന്തങ്ങള്‍ വേണം തിരുത്തലുകള്‍'


Next Story

Related Stories