TopTop

അസംബ്ലി തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ്സിനെ വെല്ലുവിളിക്കുന്നത് പാർട്ടിയിലെ പോര്

അസംബ്ലി തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസ്സിനെ വെല്ലുവിളിക്കുന്നത് പാർട്ടിയിലെ പോര്

മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി തെരഞ്ഞെടുപ്പുകളിലേക്ക് ഇനി ആഴ്ചകളുടെ ദൂരമേയുള്ളൂ. 2014ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയമാണ് നേടിയിരുന്നത്. തിരിച്ചുപിടിക്കുന്നതിലേക്ക് എത്തിയില്ലെങ്കിലും മികച്ചൊരു മത്സരം കാഴ്ച വെക്കാൻ കോൺഗ്രസ്സിന് ഇവിടങ്ങളിൽ കഴിയുമോയെന്ന സന്ദേഹമുണര്‍ത്തുന്ന തരത്തിലുള്ള വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവായ സഞ്ജയ് നിരുപം ആണ്. ഹരിയാനയിലും ഒരു മുതിർന്ന നേതാവ് തന്നെയാണ് കോൺഗ്രസ്സിനെ ചുറ്റിക്കുന്നത്. അശോക് തൻവാർ പ്രതിഷേധമറിയിച്ച് എല്ലാ ഭാരവാഹിത്വത്തിൽ നിന്നും ഒഴിഞ്ഞിരിക്കുകയാണ്. സോണിയ ഗാന്ധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ വാക്കുകൾക്ക് ചെവി നൽകാൻ പോലും തയ്യാറായില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

2014ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മാത്രമല്ല, ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിന് ഈ രണ്ടു സംസ്ഥാനങ്ങളിൽ‌ അനക്കമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ യാഥാർത്ഥ്യം നിലനിൽക്കെയാണ് മുതിർന്ന നേതാക്കൾ തന്നെ രംഗത്തിറങ്ങിയുള്ള ചെളിയേറ് നടക്കുന്നത്. 2014ൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് നേടിയത് 42 സീറ്റുകൾ മാത്രമായിരുന്നു. ബിജെപിക്ക് 122 സീറ്റും ശിവസേനയ്ക്ക് 63 സീറ്റും ഇവിടെ നേടാൻ കഴിഞ്ഞിരുന്നു. ഹരിയാനയിൽ‌ 2014ൽ 47 സീറ്റാണ് ബിജെപി നേടിയത്. നാഷണൽ ലോക്ദൾ 19 സീറ്റ് നേടി. ഇതിനും താഴെ 15 സീറ്റ് മാത്രമാണ് കോൺഗ്രസ്സിന് ലഭിച്ചത്.

താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ നിര്‍ത്താഞ്ഞതാണ് മഹാരാഷ്ട്രയിൽ സഞ്ജയ് നിരുപത്തെ പ്രകോപിപ്പിച്ചത്. ഒറ്റയാളെ മാത്രമേ മുംബൈയിൽ താൻ നിർദ്ദേശിച്ചുള്ളൂവെന്നും അതുപോലും നിരാകരിക്കപ്പെട്ടുവെന്നും അദ്ദേഹം പരാതി പറയുന്നു. വ്രണിതനായ നിരുപം പ്രതിഷേധമറിയിച്ച് വ്യാഴാഴ്ച തുടർച്ചയായി ട്വീറ്റുകളിട്ടു. താൻ പ്രചാരണത്തിനിറങ്ങില്ലെന്ന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതാണെന്നും അത് തന്റെ അവസാന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടിയോട് ഗുഡ്ബൈ പറയാൻ സമയമായിട്ടില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. എന്നാൽ നേതൃത്വം തന്നോട് പെരുമാറുന്ന രീതി വെച്ചു നോക്കിയാല്‍ പാർട്ടി വിടുന്ന നാൾ അധികം ദൂരെയല്ലെന്നു താക്കീതും അദ്ദേഹം നൽകുന്നുണ്ട്. വലിയ പരിക്കാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ്സിന്റെ പ്രചാരണത്തിന് ഇദ്ദേഹത്തിന്റെ പരസ്യമായ പ്രഖ്യാപനത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

താൻ നൽകിയ 13 നിർദ്ദേശങ്ങൾ ഹൈക്കമാൻഡ് നിരാകരിച്ചെന്നാണ് ഹരിയാനയിൽ അശോക് തൻവാർ പറയുന്ന പരാതി. തന്റെ കത്തിനോട് നേതാക്കളാരും പ്രതികരിച്ചില്ല. ഇത് പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം ചോർത്തിയെന്നും അദ്ദേഹം പറയുന്നു. ബിജെപിക്ക് എളുപ്പത്തിൽ ജയിച്ചു കയറാവുന്ന വിധത്തിൽ ടിക്കറ്റ് വിതരണം നടന്നെന്നും ഇദ്ദേഹത്തിന് ആരോപണമുണ്ട്.

ഈ കത്തിനു പിന്നാലെ ബുധനാഴ്ച തൻവാറും കൂട്ടരും സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ സമരം നടത്തി. സീറ്റ് വിതരണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു.

5 കോടി രൂപ വീതം വാങ്ങിയാണ് കോൺഗ്രസ് ഹരിയാനയിലെ ഓരോ അസംബ്ലി സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദർ സിങ് ഹൂദയെയാണ് ഇദ്ദേഹം ലാക്കാക്കുന്നതെന്ന് വ്യക്തമാണ്. ഹൂദയാകട്ടെ തൻവാറിനെതിരെ ശക്തമായ ആക്രമണവുമായി എത്തിയിട്ടുണ്ട്. പാർട്ടിയുടെ ഇന്നത്തെ ദുസ്ഥിതിക്ക് കാരണം തൻവാറാണെന്നുവരെ അദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്രയിലാണെങ്കിൽ ഇനിയും പ്രശ്നങ്ങൾ നിരവധിയാണ് പാർട്ടിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് നടി ഊർമിള കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിക്ഷിപ്ത താൽപര്യക്കാരുടെ ആഭ്യന്തര രാഷ്ട്രീയം പാർട്ടിയെ നശിപ്പിക്കുന്നുവെന്ന ആരോപണവും അവർ ഉന്നയിക്കുകയുണ്ടായി. പുതിയ യുവനേതാവായി ദേശീയ തലത്തിൽ തന്നെ അവതരിപ്പിക്കപ്പെടുന്ന മിലിന്ദ് ദിയോറ സഞ്ജയ് നിരുപമിന്റെ കടുത്ത ശത്രുവാണ്.


Next Story

Related Stories