TopTop

"എനിക്കൊരു മോനുണ്ടായിരുന്നുവെന്നും മരിച്ചുപോയെന്നും ഇടയ്ക്കിടെ ആരെങ്കിലും വിളിച്ച് ഓര്‍മ്മിപ്പിക്കും"

"എനിക്കൊരു മോനുണ്ടായിരുന്നുവെന്നും മരിച്ചുപോയെന്നും ഇടയ്ക്കിടെ ആരെങ്കിലും വിളിച്ച് ഓര്‍മ്മിപ്പിക്കും"

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. സെപ്തംബര്‍ 25ന് നടന്ന അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരിച്ചെങ്കിലും ജീവനും മരണത്തിനുമിടയില്‍ കിടന്ന് ഒക്ടോബര്‍ രണ്ടിനാണ് ബാലു മരിച്ചത്. അതേസമയം ആരാധകരുടെ പ്രിയ ബാലുവിന്റെ മരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. മരണത്തില്‍ ദുരൂഹതയില്ലെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പറയുന്നുണ്ടെങ്കിലും കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരികിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മകള്‍ തേജസ്വി മരിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബാലഭാസ്‌കറും മരിച്ചു. അപകടമുണ്ടാക്കിയ വേദനയും സഹിച്ച് ഭാര്യ ലക്ഷ്മി മാത്രം ബാക്കിയായി. തൃശൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം. തൃശൂരില്‍ നിന്നുള്ള രാത്രി യാത്രയിലും അപകടത്തിലും സാമ്പത്തിക ഇടപാടുകളിലുമെല്ലാം ബാലഭാസ്‌കറിന്റെ പിതാവ് സംശയം ഉന്നയിച്ചതോടെയാണ് അപകടത്തിന് ദുരൂഹത കൈവന്നത്.

ഏഴ് മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടം എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡ്രൈവറായ അര്‍ജുനാണ് വാഹനം ഓടിച്ചതെന്നും ആസൂത്രിതമല്ലെന്നും കാണിച്ച് ഉടന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് അവര്‍. എന്നാല്‍ കുടുംബം സംതൃപ്തരല്ലാത്തതിനാല്‍ അവരുടെ ആവശ്യപ്രകാരം സിബിഐയ്ക്ക് അന്വേഷണം കൈമാറാനാണ് ആലോചന. ബാലുവില്‍ നിന്നും കോടികള്‍ കൈപ്പറ്റിയിട്ടുള്ള ഗുരുവായൂരിലെ ഒരു ഡോക്ടറിലാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ സംശയം പറഞ്ഞിരുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ഇയാളുടെ ബന്ധുവാണെന്ന സംശയവും ഉയര്‍ന്നു. അതേസമയം അപടകം നടക്കുമ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നെന്നും ബാലുവാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് അര്‍ജുന്‍ പറഞ്ഞത്.

ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും അറസ്റ്റിലായ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും വാര്‍ത്തകള്‍ വന്നു. കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘടാകനായിരുന്നു. കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെയും സംശയമുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലഭാസ്‌കറിന്റെ അപകടക്കേസ് അന്വേഷിക്കുന്ന സംഘം സ്വര്‍ണക്കടത്ത് കേസ് പ്രതികളെയും ചോദ്യം ചെയ്തിരുന്നു. വിഷ്ണുവിനെ ബാലഭാസ്‌കറിന് ചെറുപ്പത്തില്‍ തന്നെ പരിചയമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞതായും പ്രകാശന്‍ തമ്പിയെ എട്ട് വര്‍ഷം മുമ്പ് ഒരു ആശുപത്രിയില്‍ വച്ച് ബാലു പരിചയപ്പെട്ടതാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമാണ് തനിക്കുള്ളതെന്നാണ് സി കെ ഉണ്ണി അഴിമുഖത്തോട് പ്രതികരിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടാഴ്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതുവരെയും അതിനെക്കുറിച്ചൊന്നും അറിയാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം സ്ഥലത്തില്ലെന്നാണ് അറിഞ്ഞത്. തിരികെയെത്തുമ്പോള്‍ തീരുമാനമറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിലും തങ്ങള്‍ക്കൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അത് ഡിആര്‍ഐയുടെ രഹസ്യ അന്വേഷണത്തിലിരിക്കുകയാണ്. അതിനെക്കുറിച്ച് നമ്മോടൊന്നും വെളിപ്പെടുത്തില്ല. എനിക്ക് പോകേണ്ടത് പോയി. ഇടയ്ക്കിടയ്ക്ക് ഇതുപോലെയാരെങ്കിലും എനിക്കൊരു മോനുണ്ടായിരുന്നുവെന്നും മരിച്ചുപോയെന്നും വിളിച്ച് ഓര്‍മ്മിപ്പിക്കും- ഉണ്ണി കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories