TopTop

വെള്ളപ്പൊക്കം: മാധ്യമപ്രവർത്തകരോട് കയർത്ത് നിതീഷ് കുമാർ; അമേരിക്കയിലും വെള്ളം പൊങ്ങിയില്ലേയെന്ന് ചോദ്യം

വെള്ളപ്പൊക്കം: മാധ്യമപ്രവർത്തകരോട് കയർത്ത് നിതീഷ് കുമാർ; അമേരിക്കയിലും വെള്ളം പൊങ്ങിയില്ലേയെന്ന് ചോദ്യം

ബിഹാർ സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതം സംബന്ധിച്ച ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാറിൽ മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ‌ വെള്ളപ്പൊക്കമുണ്ടായില്ലേയെന്നും അമേരിക്കയിൽ എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോയെന്നും അദ്ദേഹം ചോദിച്ചു. പാറ്റ്ന നഗരത്തിൽ വെള്ളപ്പൊക്ക ദുരിതത്തിൽ പെട്ട് ജനങ്ങൾ വലയുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമായില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഭക്ഷണവും കുടിവെള്ളവുമില്ലാതെ ആയിരങ്ങളാണ് കുടുങ്ങിക്കിടന്നത്.

ബിഹാറിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ 40 പേരാണ് വെള്ളപ്പൊക്കത്തിൽ പെട്ട് മരണമടഞ്ഞത്. ചില സ്ഥലങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. ആശയവിനിമയ സംവിധാനങ്ങളൊന്നും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നില്ല. വൈദ്യുതിബന്ധങ്ങളുമില്ല.

പാറ്റ്നയിലെ ചിലയിടങ്ങളിൽ വെള്ളമുള്ളത് മാത്രമാണോ ബിഹാറിന്റെ പ്രശ്നമെന്ന് കോപാകുലനായ നിതീഷ് ചോദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുന്നുണ്ടെന്നും ആരും വെറുതെയിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ വെള്ളക്കെട്ടുകൾ ഇല്ലാതാക്കാൻ വാട്ടർ പമ്പുകൾ ഉപയോഗിക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. "ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തമാണ്," നിതീഷ് ചൂണ്ടിക്കാട്ടി.


Next Story

Related Stories