Top

"ഗാന്ധിജിയെക്കുറിച്ച് പറയും മുമ്പ് ബിജെപി സത്യത്തിന്റെ പാതയിലെത്തണം": പ്രിയങ്ക ഗാന്ധി

ഗാന്ധിജിയെക്കുറിച്ച് പറയും മുമ്പ് ബിജെപി സത്യത്തിന്റെ പാതയിലെത്തണം: പ്രിയങ്ക ഗാന്ധി

മഹാത്മാഗാന്ധിയെക്കുറിച്ച് വാചാലരാകും മുമ്പ് ബിജെപി സത്യത്തിന്റെ പാത പിന്തുടരണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് നടത്തിയ മൗനജാഥയിൽ പങ്കെടുക്കുന്നതിനു മുമ്പായി സംസാരിക്കുകയായിരുന്നു അവർ.

"സത്യത്തിന്റെ പാത പിന്തുടരുകയെന്നത് ഗാന്ധിജിയുടെ ശീലമായിരുന്നു. ബിജെപി ആദ്യം സത്യത്തിന്റെ പാത പിന്തുടരണം, എന്നിട്ട് ഗാന്ധിജിയെക്കുറിച്ച് സംസാരിക്കട്ടെ," പ്രിയങ്കയുടെ വാക്കുകള്‍.

ഉത്തർപ്രദേശ് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെക്കാലമായി ഓരംതള്ളപ്പെട്ടിട്ടുള്ള കോൺഗ്രസ്സിന്റെ ശക്തിപ്രകടനം കൂടിയായിരുന്നു ഈ മൗനജാഥ. സംസ്ഥാനത്തെ ബിജെപിയുടെ മുതിർന്ന നേതാവായ സ്വാമി ചിന്മയാനന്ദ് ബലാൽസംഗക്കേസിൽ പിടിക്കപ്പെട്ടതിനു ശേഷം ഇരയായ പെൺകുട്ടിയെ സർക്കാർ വേട്ടയാടുന്നതിനെതിരെ കോൺഗ്രസ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് നടത്തിയ സമരങ്ങളിൽ എൺപതോളം നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്.

തങ്ങൾക്കെതിരായ അക്രമങ്ങളിൽ സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ സംസ്ഥാന സർക്കാർ അവരെ അടിച്ചമർത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ഇതിനെതിരെ തങ്ങൾ പ്രക്ഷോഭം നടത്തുമെന്നും അവർ പറഞ്ഞു.


Next Story

Related Stories