ആദ്യഘട്ടം കുത്തിവെപ്പിനുള്ള കോവിഡ് വാക്സിന് കേരളത്തിലെത്തി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്നുള്ള കോവിഷീല്‍ഡ് വാക്സിനുമായി ആദ്യ വിമാനം കൊച്ചിയിലാണെത്തിയത്. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്സിനും കോഴിക്കോട്ടേക്കുള്ള 1.19 ലക്ഷം ഡോസ് വാക്സിനുമാണ് രാവിലെ 10.45ന് മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തില്‍ എത്തിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജിയണല്‍ വാക്സിന് സ്റ്റോറിലേക്കു കൊണ്ടുവരുന്ന വാക്സീന് ഇന്നു തന്നെ സമീപ ജില്ലകളിലേക്കും അയക്കും. കോഴിക്കോട്ടേക്കുള്ള വാക്സിനും റോഡ് വഴി അയയ്ക്കും. വൈകിട്ട് ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തേയ്ക്കുള്ള വാക്സീന് എത്തും. തിരുവനന്തപുരത്ത് 1.34 ലക്ഷം ഡോസാണ് എത്തുന്നത്.
കൊച്ചിയില്‍ നിന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സീനേഷന് കേന്ദ്രങ്ങളിലേക്കും, തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷന് കേന്ദ്രങ്ങളിലേക്കും, കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്സിന് നല്‍കും. എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11, എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ 9 വീതം 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്. പ്രതിദിനം 100 പേര്‍ക്കാണ് വാക്സിന് നല്‍കുന്നത്.