ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം ആനന്ദിന്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. സാഹിത്യകാരന് വൈശാഖന് അദ്ധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്.സാംസ്കാരിക വകുപ്പുമന്ത്രി എ.കെ ബാലനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പുരസ്ക്കാരം പ്രഖ്യാപിച്ചത്.
നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. പി. സച്ചിദാനന്ദന് എന്ന ആനന്ദ് 1936 -ല്‍ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിര്‍മിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. 2016 ലെ കൊച്ചിന് മുസിരിസ് ബിനലെയില്‍ അദ്ദേഹം ശില്പ്പങ്ങള് പ്രദര്‍ശിപ്പിച്ചിരുന്നു.
നോവല്‍, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനു ലഭിച്ച യശ്പാല്‍ അവാര്‍ഡും, അഭയാര്‍ത്ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യന്‍ എന്നീ പുസ്തകങ്ങള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാകുന്നത് വയലാര്‍ അവാര്‍ഡും ഗോവര്‍ദ്ധനന്റെ യാത്രകള്‍ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടി. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവര്‍ത്തനത്തിന് 2012-ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.